മലയാളം

സഹനത്തിലെ വിശ്വസ്തത

2025 ഓഗസ്റ്റ് 29, വെള്ളിയാഴ്ച

വിശുദ്ധ സ്നാപക യോഹന്നാന്റെ പീഡാനുഭവത്തിന്റെ ഓർമ്മ

ഇന്നത്തെ വായനകൾ

ചിത്രത്തിന് കടപ്പാട്: Adobe Stock

വീഡിയോ

ഹെറോദേസാണ് സ്നാപക യോഹന്നാനെ പിടികൂടി ബന്ധിച്ച് കാരാഗൃഹത്തിലടച്ചത്. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെറോദിയായെ അവൻ വിവാഹം ചെയ്തിരുന്നതിനാലായിരുന്നു ഇത്. യോഹന്നാൻ ഹെറോദേസിനോടു പറഞ്ഞിരുന്നു: “നിന്റെ സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് നിനക്കു നിയമാനുസൃതമല്ല.” ഹെറോദിയാ യോഹന്നാനോടു പക വച്ചുപുലർത്തുകയും അവനെ കൊല്ലാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അവൾക്ക് അതിനു കഴിഞ്ഞില്ല. മർക്കോസ് 6:17–19

വിശുദ്ധ സ്നാപക യോഹന്നാന്റെ പീഡാനുഭവത്തിനും മരണത്തിനും യേശുവിന്റെ പീഡാനുഭവത്തോടും മരണത്തോടും വലിയ സാദൃശ്യമുണ്ട്. അവർ ബന്ധുക്കളായിരുന്നു. മറിയം എലിസബത്തിനെ സന്ദർശിച്ചപ്പോൾ, അമ്മയുടെ ഉദരത്തിൽ ആനന്ദത്താൽ കുതിച്ചുചാടിയ യോഹന്നാൻ നമ്മുടെ കർത്താവിന്റെ ദിവ്യസാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞവരിൽ ഒരാളായിരുന്നു. കർത്താവിനു വഴിയൊരുക്കുക എന്ന തന്റെ ദൗത്യം ഏറ്റെടുത്തുകൊണ്ട് യോഹന്നാൻ വിശുദ്ധവും ലളിതവുമായ ജീവിതം നയിച്ചു. പഴയനിയമ പ്രവാചകന്മാരിൽ അവസാനത്തെയാളും ഏറ്റവും വലിയവനുമായിരുന്നു അദ്ദേഹം. സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ലെന്നാണ് യേശു അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത്. ഈ കാരണങ്ങളാൽ, യോഹന്നാന്റെ പീഡാനുഭവവും മരണവും ലോകരക്ഷകന്റെ മരണത്തോടു സാദൃശ്യമുള്ളവയും അതിന്റെ മുൻസൂചനയുമായിരുന്നുവെന്നതിൽ നാം ഒട്ടും അതിശയിക്കേണ്ടതില്ല.

യോഹന്നാൻ ദൈവത്തിന്റെ വിശുദ്ധനായ ഒരു മനുഷ്യനാണെന്നു വിശ്വസിച്ചിരുന്നതിനാൽ ഹെറോദേസ് അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. അദ്ദേഹം നിരപരാധിയാണെന്ന് അറിഞ്ഞിരുന്നതിനാൽ, ഒരു പരിധിവരെ മനസ്സില്ലാമനസ്സോടെയാണ് അവൻ അദ്ദേഹത്തെ തടവിലാക്കിയത്. അതുപോലെ, യേശുവിനെ മരണത്തിനു വിധിക്കുന്നതിനുമുമ്പ്, അവിടുന്ന് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നു പീലാത്തോസ് കണ്ടെത്തിയിരുന്നു. യേശു നിരപരാധിയാണെന്ന് പീലാത്തോസിന് അറിയാമായിരുന്നു. എങ്കിലും നമ്മുടെ കർത്താവിനെ ശിക്ഷിക്കാൻ തീരുമാനിക്കുന്നതിൽ തന്നെ നയിക്കാൻ അവൻ ഭയത്തെ അനുവദിച്ചു.

ഹെറോദേസിന്റെ നിയമവിരുദ്ധ ഭാര്യയായ ഹെറോദിയായുടെ വിദ്വേഷവും ഗൂഢാലോചനയും നിമിത്തമാണ് ഒടുവിൽ യോഹന്നാൻ കൊല്ലപ്പെട്ടത്. ഹെറോദിയായുടെ കോപമാണ് യോഹന്നാനെ വധിക്കാൻ ഹെറോദേസിനെ നിർബന്ധിച്ച ആയുധമായി മാറിയത്. അതുപോലെ, അക്കാലത്തെ മതനേതാക്കളുടെ അസൂയയും കോപവുമാണ് യേശുവിന്റെ മരണത്തിനു പ്രേരണയും ചാലകശക്തിയുമായത്. ഹെറോദേസിനെപ്പോലെ പീലാത്തോസും ആദ്യം നമ്മുടെ കർത്താവിനെ ശിക്ഷിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, യോഹന്നാനെ കൊല്ലാൻ ഹെറോദേസിനെ ഹെറോദിയായുടെ വിദ്വേഷം നിർബന്ധിച്ചതുപോലെ, നിയമജ്ഞരുടെയും ഫരിസേയരുടെയും അടങ്ങാത്ത വിദ്വേഷം യേശുവിനെ ശിക്ഷിക്കാൻ പീലാത്തോസിനെ നിർബന്ധിച്ചു.

യോഹന്നാന്റെ മരണശേഷം, അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലർ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകാൻ വന്നു. ഹെറോദേസ് ഇതിന് അനുമതി നൽകി; ഒരുപക്ഷേ, അവന്റെ കുറ്റബോധമായിരിക്കാം അതിനു കാരണം. നമ്മുടെ കർത്താവിന്റെ കാര്യത്തിലും അങ്ങനെതന്നെ സംഭവിച്ചു. യേശുവിന്റെ മൃതദേഹം സംസ്കരിക്കാനായി കല്ലറയിലേക്കു കൊണ്ടുപോകാൻ ചില ശിഷ്യന്മാർക്കും വിശുദ്ധ സ്ത്രീകൾക്കും പീലാത്തോസ് അനുമതി നൽകി.

അവസാനം, യേശുവിന്റെ മരണം പുറപ്പെടുവിച്ച സൽഫലങ്ങൾ അവിടുത്തേക്കെതിരെ ചെയ്ത കുറ്റകൃത്യത്തെ അനന്തമായി അതിശയിച്ചു. യോഹന്നാന്റെ കാര്യത്തിലും അങ്ങനെതന്നെ. ഒരു രക്തസാക്ഷിയെന്ന നിലയിൽ ക്രിസ്തുവിനു സാക്ഷ്യം നൽകിക്കൊണ്ട് അദ്ദേഹം ചിന്തിയ രക്തം, തന്റെ പരസ്യശുശ്രൂഷയിൽ ചെയ്ത എല്ലാറ്റിനെയും അതിശയിക്കുന്ന ആത്മീയഫലങ്ങൾ പുറപ്പെടുവിച്ചുവെന്ന് നമുക്ക് ഉറപ്പിക്കാം.

നമ്മിൽ ഓരോരുത്തരും നമ്മുടെ കർത്താവിനെ അനുകരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. അതിനാൽ വിശുദ്ധ സ്നാപക യോഹന്നാനിൽനിന്നും നാം പ്രചോദനം ഉൾക്കൊള്ളണം. ഇരുവരും നിരപരാധികളായിരുന്നെങ്കിലും വളരെയധികം സഹിച്ചു. ചിലരുടെ വിദ്വേഷം ഉണ്ടായിരുന്നിട്ടും ഇരുവരും സത്യം സംസാരിച്ചു. പിതാവിന്റെ പദ്ധതിയനുസരിച്ച് ഇരുവരും തങ്ങളുടെ ജീവൻ അർപ്പിച്ചു. യേശു യോഹന്നാന്റെ രക്ഷകനായിരുന്നു; യോഹന്നാനാകട്ടെ, നമ്മുടെ കർത്താവിന്റെ മുന്നോടിയും ദാസനും മാത്രമായിരുന്നു.

സ്നാപക യോഹന്നാന്റെ കർത്താവിനോട് ഐക്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം അനുകരിക്കാൻ ദൈവം നിങ്ങൾക്കു നൽകിയ ക്ഷണത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ദൗത്യത്തിനനുസരിച്ച് സത്യം പ്രഘോഷിക്കാൻ നിങ്ങൾ സ്വയം സമർപ്പിക്കുമ്പോഴാണ് ഈ അനുകരണം ആദ്യം യാഥാർഥ്യമാകുന്നത്. ദൈവം നിങ്ങൾക്ക് എന്തു ദൗത്യമാണ് നൽകിയിരിക്കുന്നത്? ധൈര്യത്തോടും കരുത്തോടും നിശ്ചയദാർഢ്യത്തോടും അവസാനംവരെയുള്ള വിശ്വസ്തതയോടുംകൂടെ സുവിശേഷം പ്രഘോഷിക്കാൻ അവിടുന്ന് നിങ്ങളെ എങ്ങനെയാണ് വിളിക്കുന്നത്? ആദ്യം യോഹന്നാനോടും പിന്നീട് നമ്മുടെ കർത്താവിനോടും ചെയ്ത അനീതിയെക്കുറിച്ചും വിചിന്തനം ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ, ജീവിതത്തിൽ നിങ്ങൾ നേരിട്ട ഏതൊരു അനീതിയെയും യോഹന്നാന്റെയും യേശുവിന്റെയും ജീവിതങ്ങളുടെ വെളിച്ചത്തിൽ കാണാൻ ശ്രമിക്കുക. അവർ അനീതിയിൽനിന്ന് ഓടിയൊളിച്ചില്ല. അതിനെ ഒരു ബലിയായി സ്വീകരിച്ച് സ്വർഗസ്ഥനായ പിതാവിന് അർപ്പിച്ചു. യേശുവിന്റെ ബലി ലോകത്തിന്റെ രക്ഷയ്ക്കു കാരണമായി; യോഹന്നാന്റേത് ആ മഹത്വപൂർണമായ അർപ്പണത്തിലുള്ള ഒരു പങ്കുചേരൽ മാത്രമായിരുന്നു. അവരോടൊപ്പം നിങ്ങളും നിങ്ങളുടെ അർപ്പണം നടത്തുക. പിതാവിന്റെ പദ്ധതിയോടുള്ള ആഴമായ സ്നേഹത്തോടും വിശ്വാസത്തോടുംകൂടെ അങ്ങനെ ചെയ്യാൻ മടിക്കരുത്.

മഹത്വപൂർണനായ കർത്താവേ, അങ്ങയുടെ ആഗമനത്തിനും മരണത്തിനും വഴിയൊരുക്കാൻ അങ്ങ് വിശുദ്ധ സ്നാപക യോഹന്നാനെ ക്ഷണിച്ചു. അദ്ദേഹം രക്തസാക്ഷിയായി തന്റെ ജീവൻ അർപ്പിച്ചു; ഈ ബലി സമൃദ്ധമായ സൽഫലങ്ങൾ പുറപ്പെടുവിച്ചു. എന്റെ ജീവിതദൗത്യം ധൈര്യത്തോടും കരുത്തോടുംകൂടെ വിശ്വസ്തതയോടെ നിറവേറ്റി, അദ്ദേഹത്തിന്റെ കാൽച്ചുവടുകൾ പിന്തുടരാനുള്ള കൃപ എനിക്കു നൽകണമേ. അനീതിയെ സ്വീകരിച്ച് അങ്ങേക്കുള്ള എന്റെ ആത്മീയ അർപ്പണമാക്കാൻ കഴിയേണ്ടതിന്, അതിനെ നേരിടുമ്പോൾ ഞാൻ ഒരിക്കലും പതറാതിരിക്കട്ടെ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കൂടുതൽ വായനയ്ക്ക് – രക്തസാക്ഷിയായ വിശുദ്ധ സ്നാപക യോഹന്നാന്റെ പീഡാനുഭവം—അനുസ്മരണം

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.