2025 സെപ്റ്റംബർ 23
വൈദികനായ പിയെത്രെൽചീനയിലെ വിശുദ്ധ പീയൂസിന്റെ ഓർമ്മദിനം
ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ആഴ്ചയിലെ ചൊവ്വാഴ്ചത്തെ വായനകൾ
ആരി ഷെഫർ, പൊതുസഞ്ചയത്തിലുള്ള ചിത്രം, വിക്കിമീഡിയ കോമൺസ് വഴി
യേശുവിന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കൽ വന്നു. എന്നാൽ ജനക്കൂട്ടം നിമിത്തം അവർക്ക് അവന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. “നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്ത് നിൽക്കുന്നു” എന്ന് അവനെ അറിയിച്ചു. അവൻ അവരോട് മറുപടി പറഞ്ഞു: “ദൈവവചനം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും.” ലൂക്കാ 8:19–21
ഈ ഭാഗത്തിലെ “സഹോദരന്മാർ” എന്ന പദം യേശുവിന് രക്തബന്ധത്തിലുള്ള സ്വന്തം സഹോദരന്മാർ ഉണ്ടായിരുന്നു എന്ന അർഥത്തിൽ മനസ്സിലാക്കേണ്ടതല്ലെന്ന് വ്യക്തമാണ്. യേശു മറിയത്തിന്റെ ഏകസന്താനമായിരുന്നു എന്നത് നമ്മുടെ വിശ്വാസത്തിലെ ഒരു സത്യമാണ്. അക്കാലത്ത്, വിശാലമായ കുടുംബവലയത്തിലുള്ള ബന്ധുക്കളെ “സഹോദരന്മാർ” എന്നു വിളിക്കുന്നത് പതിവായിരുന്നു. യേശുവിന്റെ അടുത്ത ബന്ധുക്കളെ വിശേഷിപ്പിക്കാൻ പ്രത്യേകിച്ചും ഈ പദം ഉപയോഗിക്കുമായിരുന്നു; ഒരുപക്ഷേ, രക്തബന്ധമില്ലെങ്കിലും അതേ ഗ്രാമത്തിൽ നിന്നുള്ളവരെയും അങ്ങനെ വിളിച്ചിരുന്നിരിക്കാം.
യേശുവിന്റെ ഈ ബന്ധുക്കൾ പുറത്തുനിന്ന് തങ്ങളുടെ വരവ് അറിയിച്ചപ്പോൾ, യേശു എന്തു ചെയ്യുമെന്നാണ് അവർ പ്രതീക്ഷിച്ചത്? അവിടുത്തെ “സഹോദരന്മാർ” അവിടുത്തെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കുന്നതിനായിരിക്കാം അവിടെ എത്തിയിരുന്നത്. യേശുവിന് സുബോധം നഷ്ടപ്പെട്ടുവെന്ന് അവിടുത്തെ ബന്ധുക്കളിൽ ചിലർ കരുതിയിരുന്നതായി സുവിശേഷങ്ങളിലെ മറ്റു ഭാഗങ്ങളിൽനിന്ന് നമുക്കറിയാം. അതിനാൽ, യേശു തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചപ്പോൾ കുടുംബവലയത്തിൽ ഉടലെടുത്ത ഒരു സംഘർഷം പരിഹരിക്കാനായിരിക്കാം ഈ സഹോദരന്മാർ അവിടെ വന്നത്.
യേശുവിന്റെ മറുപടി പരുഷമായിരുന്നില്ല. ഉപവിയുടെ പൂർണതയിൽ യേശു ജീവിച്ചു എന്ന വസ്തുതയിൽനിന്ന് ഇത് വ്യക്തമാണ്. എന്നാൽ യഥാർഥ ഉപവി എപ്പോഴും സത്യത്തിൽ അടിയുറച്ചതാണ്. ഈ സഹോദരന്മാരെ നയിച്ചിരുന്ന കേവലം മാനുഷികമായ ബന്ധങ്ങൾക്കും സംഘർഷങ്ങൾക്കും അതീതമായ ഒരു സത്യമാണ് യേശു പറഞ്ഞത്. “ദൈവവചനം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്നു പറഞ്ഞുകൊണ്ട്, തന്നെ ഭൗമികമായ കാഴ്ചപ്പാടിൽ മാത്രം നോക്കുന്നത് അവസാനിപ്പിക്കാൻ യേശു തന്റെ സഹോദരന്മാരെ ആഹ്വാനം ചെയ്യുകയായിരുന്നു. അവിടുത്തെ ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരും യേശുവിനെ സ്വർഗസ്ഥനായ പിതാവിന്റെ പുത്രനായി കാണാൻ പഠിക്കേണ്ടിയിരുന്നു. യേശുവിന്റെ ദൈവിക സ്വത്വം അംഗീകരിക്കുകയും പിതാവിന്റെ തിരുഹിതത്തിന് അനുസരണയോടെ കീഴടങ്ങുകയും ചെയ്യുന്നതാണ് അവിടുത്തോട് ഏറെ ആഴമുള്ള ഒരു ബന്ധം സ്ഥാപിച്ചത്. തന്റെ ഭൗമിക സഹോദരന്മാരുമായി യേശു ആഗ്രഹിച്ചിരുന്നത് അത്തരമൊരു ബന്ധമാണ്.
മറുവശത്ത്, യേശുവിന്റെ അമ്മയും എല്ലാ വിധത്തിലും പരിപൂർണയായിരുന്നു. പാപം ഉളവാക്കുന്ന ക്രമക്കേടിൽനിന്ന് അവൾ വിമുക്തയായിരുന്നു. പൂർണമായ ജ്ഞാനവും ഗ്രാഹ്യശക്തിയും നിറഞ്ഞിരുന്നതിനാൽ അവളുടെ മനസ്സും നിർമലമായിരുന്നു. അതിനാൽ, യേശു പറഞ്ഞത് അവളെ അറിയിച്ചപ്പോൾ അവൾ അത് മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്തിരിക്കണം.
നാം ദൈവവചനം കേൾക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും യേശുവിനെ ലോകത്തിലേക്കു കൊണ്ടുവരുന്നതിനാൽ നാം അവിടുത്തെ “അമ്മ” ആയിത്തീരുന്നുവെന്ന് വിശുദ്ധ ബീഡ് പറയുന്നു. ഇത് നമ്മെ യേശുവിന്റെ “സഹോദരന്മാരും” ആക്കുന്നു; കാരണം, നമ്മുടെ അനുസരണം നമ്മെയെല്ലാം സ്വർഗസ്ഥനായ പിതാവിന്റെ മക്കളാക്കുന്നു.
കൃപയുടെ പൂർണത എന്ന ദാനത്താൽ, തന്റെ പുത്രനുമായുള്ള ഐക്യം പ്രധാനമായും തങ്ങൾ ഇരുവരും പിതാവിന്റെ തിരുഹിതം അനുസരിച്ചതിന്റെ ഫലമാണെന്ന് നമ്മുടെ പരിശുദ്ധ അമ്മ പൂർണമായി മനസ്സിലാക്കിയിരിക്കണം. ദൈവപുത്രൻ തന്റെ ഉദരത്തിൽ ഉരുവാകുന്നത് അനുഭവിക്കുക മാത്രമല്ല അവൾ ചെയ്തത്; പിതാവിന്റെ തിരുഹിതത്തോടുള്ള അനുസരണത്തിലൂടെ അവിടുത്തെ തന്റെ ഹൃദയത്തിൽ ഗർഭം ധരിക്കുന്നതിന്റെ അഗാധമായ അനുഭവവും അവൾക്കുണ്ടായിരുന്നു. തന്റെ വിമലഹൃദയത്തിൽ യേശുവിനെ ഇങ്ങനെ “ഗർഭം ധരിച്ചത്” അവൾക്ക് സംശയലേശമെന്യേ വ്യക്തമായിരുന്നിരിക്കണം; അത് അവളുടെ ഏറ്റവും വലിയ ആനന്ദത്തിന്റെ കാരണവുമായിരുന്നിരിക്കണം. അതിനാൽ, തന്റെ പുത്രന്റെ ഈ ആത്മീയ മാതൃത്വത്തെ എല്ലാ ദാനങ്ങളിലുംവച്ച് ഏറ്റവും മഹത്തായ ദാനമായി, ശാരീരിക മാതൃത്വമെന്ന ദാനത്തെക്കാൾപോലും വിലമതിച്ച്, അവൾ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കണം.
യേശുവിന്റെ “അമ്മയും” “സഹോദരനും” ആയിരിക്കാൻ നിങ്ങളും ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. പിതാവിന്റെ തിരുഹിതത്തോടുള്ള അനുസരണത്തിലൂടെയാണ് ഈ വിശുദ്ധ വിളികളിൽ നിങ്ങൾ പങ്കുചേരുന്നത്. ദൈവം സംസാരിക്കുന്നത് എത്ര വ്യക്തമായി നിങ്ങൾ കേൾക്കുന്നു എന്നതും അവിടുന്ന് പറയുന്നതെല്ലാം എത്ര പൂർണമായി അനുസരിക്കുന്നു എന്നതുമാണ് അവിടുത്തോടുള്ള നിങ്ങളുടെ ആത്മീയ ഐക്യത്തിന്റെ ആഴം നിർണയിക്കുന്നത്. നമ്മുടെ സ്വാഭാവികമായ ജീവിതം കൃപയുടെ അതിസ്വാഭാവിക ജീവിതത്തിന് വഴിമാറിക്കൊടുക്കണം. നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം കൃപയുടെ മഹത്വപൂർണമായ ജീവിതം തേടാൻ തീരുമാനിക്കുക. അങ്ങനെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ദൈവപുത്രനെ ഗർഭം ധരിക്കുകയും സ്വർഗസ്ഥനായ പിതാവിന്റെ യഥാർഥ മക്കളായിത്തീരുകയും നമ്മുടെ കർത്താവിന്റെ ആത്മീയ സഹോദരനോ സഹോദരിയോ ആയിത്തീരുകയും ചെയ്യും.
എന്റെ ദൈവിക നാഥാ, അങ്ങയുടെ ഭൗമിക മാതാവിനോടുള്ള അങ്ങയുടെ സ്നേഹം എല്ലാ വിധത്തിലും പരിപൂർണമായിരുന്നു. പിതാവിന്റെ തിരുഹിതത്തോടുള്ള നിങ്ങൾ ഇരുവരുടെയും അനുസരണം മൂലമുള്ള ആത്മീയ ഐക്യം ആ ഭൗമിക ബന്ധത്തെ രൂപാന്തരപ്പെടുത്തുകയും ഉന്നതമാക്കുകയും ചെയ്തു. പിതാവ് അരുളിച്ചെയ്യുന്നതെല്ലാം കേൾക്കാനും അനുസരിക്കാനും എന്നെ സഹായിച്ചുകൊണ്ട് അങ്ങയുടെ ദൈവിക കുടുംബത്തിലേക്ക് എന്നെ അടുപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്കുള്ള നൊവേന – ചെറുപുഷ്പം
രണ്ടാം ദിവസം – സെപ്റ്റംബർ 23
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വൈദികനായ പിയെത്രെൽചീനയിലെ വിശുദ്ധ പിയോ (പാദ്രെ പിയോ)
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





