2025 ഒക്ടോബർ 23
ആണ്ടുവട്ടത്തിലെ ഇരുപത്തൊൻപതാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
കപ്പിസ്ത്രാനോയിലെ വിശുദ്ധ യോഹന്നാൻ, പുരോഹിതൻ—ഐച്ഛിക അനുസ്മരണം
വിശ്വരാജാവായ നമ്മുടെ കർത്താവ് യേശുക്രിസ്തു തയ്യാറാക്കിയത് Lawrence OP, ഉപയോഗാനുമതി CC BY-NC-ND 2.0.
യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഭൂമിയിൽ തീ കൊളുത്താനാണ് ഞാൻ വന്നത്. അത് ഇതിനകം ജ്വലിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എത്രയധികം ആഗ്രഹിക്കുന്നു! ഞാൻ സ്വീകരിക്കേണ്ട ഒരു സ്നാനമുണ്ട്. അതു പൂർത്തിയാകുന്നതുവരെ എന്റെ മനോവ്യഥ എത്ര വലുതാണ്!” ലൂക്കാ 12:49–50
നമ്മുടെ കർത്താവിന്റെ ഈ പ്രബോധനങ്ങളിൽനിന്ന് നമുക്കു പലതും ഉൾക്കൊള്ളാനുണ്ട്. “ഭൂമിയിൽ തീ കൊളുത്താനാണ് ഞാൻ വന്നത്…” എന്നു മാത്രമല്ല യേശു പറഞ്ഞത്. ഈ തീ “ജ്വലിക്കണം!” എന്നതാണ് തന്റെ ആഗ്രഹമെന്നും അവിടുന്ന് പറഞ്ഞു.
അഗ്നി ശക്തിയുള്ളതാണ്. ഉദാഹരണത്തിന്, ജ്വലിക്കുന്ന അഗ്നിക്ക് സ്വർണം എന്ന വിലയേറിയ ലോഹത്തെ ശുദ്ധീകരിക്കാൻ കഴിയും. ചൂടേറ്റ് സ്വർണം ദ്രാവകാവസ്ഥയിലാകുമ്പോൾ, മാലിന്യങ്ങൾ ഉപരിതലത്തിലേക്ക് ഉയർന്നുവരുന്നു; അങ്ങനെ അവ എളുപ്പത്തിൽ നീക്കം ചെയ്യാം. അഗ്നിക്ക് ദഹിപ്പിക്കാനും കഴിയും. ജ്വലിക്കുന്ന അഗ്നി എല്ലാം ദഹിപ്പിച്ചുകഴിയുമ്പോൾ ചാരം മാത്രമാണ് ശേഷിക്കുന്നത്. നമ്മുടെ ആത്മാക്കളിൽ ദൈവം നടത്താൻ ആഗ്രഹിക്കുന്ന ശുദ്ധീകരണത്തിന്റെ പ്രതീകമായി അഗ്നിയെക്കുറിച്ച് അനേകം മഹാവിശുദ്ധർ ചിന്തിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, കുരിശിന്റെ വിശുദ്ധ യോഹന്നാൻ ഈ പ്രതീകത്തെക്കുറിച്ച് ആഴത്തിൽ വിചിന്തനം ചെയ്തു. ദൈവവുമായുള്ള ഐക്യത്തിലേക്കു പ്രവേശിക്കുന്നത് ഒരു വിറകുകഷണം കത്തുന്നതുപോലെയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ആദ്യം, വിറകുകഷണം കത്തിത്തുടങ്ങുമ്പോൾ അത് പടപട ശബ്ദത്തോടെ പൊട്ടുന്നു. മരത്തിനുള്ളിലെ ഈർപ്പം, കറ തുടങ്ങിയ മാലിന്യങ്ങൾ മരം കത്തുന്നതുപോലെ കത്തുന്നില്ല എന്നതാണ് ഇതിനു കാരണം. എന്നാൽ, വിശുദ്ധ യോഹന്നാൻ വിശദീകരിക്കുന്നതുപോലെ, വിറകുകഷണം തുടർന്നും കത്തുമ്പോൾ ഒടുവിൽ അത് അഗ്നിയുമായി ഒന്നായിത്തീരുന്നു. ആദ്യം, വിറകുകഷണത്തിന്റെ ഒരു ഭാഗം മാത്രം കത്തുമ്പോൾ, അതിനെ അഗ്നിയിൽനിന്നു വേർതിരിച്ചറിയാൻ കഴിയും. എന്നാൽ വിറകുകഷണം മുഴുവനും തീജ്വാലകളിൽ അമരുകയും എല്ലാ മാലിന്യങ്ങളും കത്തിത്തീരുകയും ചെയ്യുമ്പോൾ, അഗ്നിയുമായി ഒന്നായിത്തീർന്ന ഒരു മരക്കഷണമാണ് അവിടെയുള്ളത്. അത് ജ്വലിക്കുകയും പ്രകാശവും ചൂടും പുറപ്പെടുവിക്കുകയും ചെയ്യുന്നു.
“ഭൂമിയിൽ തീ കൊളുത്താനുള്ള” തന്റെ ആഗ്രഹത്തെക്കുറിച്ചുള്ള യേശുവിന്റെ ഈ വാക്കുകൾ നാം ധ്യാനിക്കുമ്പോൾ, നമ്മുടെ ആത്മാക്കളെ ശുദ്ധീകരിക്കാനുള്ള അവിടുത്തെ ആഗ്രഹമായാണ് ആദ്യം ഇതിനെ കാണേണ്ടത്. ദൈവത്തിന്റെ പ്രഭയും മഹത്വവും പ്രസരിപ്പിച്ചുകൊണ്ട് അവിടുത്തോടു ഒന്നാകണമെങ്കിൽ, നമ്മുടെ ആത്മാക്കളിലുള്ള അനേകം മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടണം. നമ്മുടെ പാപങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ ദൈവത്തെ അനുവദിക്കുന്ന ഒരു പ്രക്രിയ ഈ ശുദ്ധീകരണത്തിൽ ഉൾപ്പെടുന്നു; അങ്ങനെ അവ കാണാനും നീക്കം ചെയ്യാനും കഴിയും. എന്നാൽ, ദൈവത്തിന്റെ ശുദ്ധീകരിക്കുന്ന സ്നേഹത്തിന്റെ ജ്വലിക്കുന്ന അഗ്നി നമ്മെ പൂർണ്ണമായി ദഹിപ്പിക്കാൻ നാം അനുവദിച്ചാൽ മാത്രമേ ഇതു സാധ്യമാകൂ.
പലപ്പോഴും ജീവിതത്തിൽ, വിശ്വാസയാത്രയിൽ ഒരു സാധാരണ നിലവാരത്തിൽ കഴിയുന്നതുകൊണ്ടുമാത്രം നാം തൃപ്തരാകുന്നു. നാം പ്രാർഥിക്കുന്നു, ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നു, നല്ലവരായിരിക്കാൻ ശ്രമിക്കുന്നു. എന്നാൽ നമ്മുടെ കർത്താവ് നമുക്കായി ആഗ്രഹിക്കുന്ന ജീവിതം ഇതല്ല. തന്റെ സ്നേഹത്തിന്റെ ജ്വലിക്കുന്ന അഗ്നിയിൽ അടിമുടി ദഹിക്കുന്ന ഒരു ജീവിതമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നമ്മുടെ ജീവിതങ്ങളിലൂടെ തന്റെ മഹത്വത്തിന്റെ പ്രഭ പ്രസരിപ്പിച്ചുകൊണ്ട് നമ്മോടു ഒന്നാകാൻ കഴിയുമാറ്, നമ്മുടെ പാപങ്ങളിൽനിന്ന് നാം അത്രയധികം ശുദ്ധീകരിക്കപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.
ജ്വലിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന അഗ്നിയുടെ ഈ പ്രതീകത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. എല്ലാ മാലിന്യങ്ങളും ഉപരിതലത്തിലേക്ക് ഉയർന്നുവരുന്നതുവരെ സ്വർണം ഉരുകുന്ന ദൃശ്യം മനസ്സിൽ കാണുക. അല്ലെങ്കിൽ, കുരിശിന്റെ വിശുദ്ധ യോഹന്നാൻ ഉപയോഗിക്കുന്ന വിറകുകഷണത്തിന്റെ പ്രതീകം മനസ്സിൽ കാണുക. നിങ്ങളിൽനിന്ന് ദൈവം ഇതിലുമേറെ ആഗ്രഹിക്കുന്നു. നിങ്ങളെ രൂപാന്തരപ്പെടുത്താനും നിങ്ങളുടെ ഭാവനയ്ക്ക് അതീതമായ വിധങ്ങളിൽ നിങ്ങളെ ഉപയോഗിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു. നമ്മുടെ കർത്താവിന്റെ കരുണയുടെ ജ്വലിക്കുന്നതും ശുദ്ധീകരിക്കുന്നതുമായ അഗ്നി നിങ്ങളെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുന്ന സമൂലമായ തീരുമാനം എടുക്കാൻ ഭയപ്പെടരുത്. ഇതു തുടങ്ങാൻ നാളെവരെ കാത്തിരിക്കരുത്—ഇന്നുതന്നെ ആ ജ്വാല തെളിയിക്കുക.
എന്നെ ശുദ്ധീകരിക്കുന്ന കർത്താവേ, അങ്ങയുടെ സ്നേഹത്തിന്റെ രൂപാന്തരപ്പെടുത്തുന്ന കരുണയാൽ എന്റെ ഹൃദയത്തിലും ആത്മാവിലും തീ കൊളുത്താൻ അങ്ങ് അതിയായി ആഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെ ഈ അഗ്നി ജ്വലിപ്പിക്കാൻ അങ്ങയെ അനുവദിക്കുന്നതിന് ആവശ്യമായ കൃപ എനിക്കു നൽകണമേ; അങ്ങനെ അത് യഥാർഥത്തിൽ ആളിക്കത്തുകയും എല്ലാറ്റിനെയും ദഹിപ്പിക്കുകയും ചെയ്യട്ടെ. ഈ അഗ്നിജ്വാല എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ എന്നെ ജ്വലിപ്പിക്കട്ടെ; അങ്ങനെ അങ്ങ് എന്റെ ജീവിതത്തിൽ ഉജ്ജ്വലമായി പ്രകാശിക്കുകയും അങ്ങയുടെ സ്നേഹത്തിന്റെ ഊഷ്മളത നമ്മുടെ ലോകത്തിലേക്കു പകരുകയും ചെയ്യുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
നിരാശാജനകമായ സാഹചര്യങ്ങൾക്കും പ്രതീക്ഷയറ്റ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും പ്രാർത്ഥിക്കാം, പ്രത്യേകിച്ച് ഒക്ടോബർ 19–27
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – കപ്പിസ്ത്രാനോയിലെ വിശുദ്ധ യോഹന്നാൻ, പുരോഹിതൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





