2026 ജനുവരി 4, ഞായറാഴ്ച
കർത്താവിന്റെ പ്രത്യക്ഷീകരണം—മഹോത്സവം
Sailko, CC BY 3.0, Wikimedia Commons വഴി
ഹേറോദേസ് രാജാവിന്റെ കാലത്ത്, യൂദയായിലെ ബേത്ലഹേമിൽ യേശു ജനിച്ചപ്പോൾ, ഇതാ, കിഴക്കുനിന്നു ജ്ഞാനികൾ ജറുസലെമിൽ എത്തി ചോദിച്ചു: “യഹൂദരുടെ രാജാവായി ജനിച്ച ശിശു എവിടെയാണ്? അവന്റെ നക്ഷത്രം ഉദിക്കുന്നത് ഞങ്ങൾ കണ്ടു; അവനെ വണങ്ങാൻ ഞങ്ങൾ വന്നിരിക്കുന്നു.” ഇതു കേട്ടപ്പോൾ ഹേറോദേസ് രാജാവ് ഏറെ അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും അസ്വസ്ഥമായി. മത്തായി 2:1–3
കിഴക്കുനിന്നുള്ള വിദേശികൾക്ക് രാജാധിരാജന്റെ ജനനം വെളിപ്പെടുത്താൻ ദൈവം ഒരു നക്ഷത്രത്തെ ഉപയോഗിച്ചത് എന്തുകൊണ്ടാണ്? മറിയത്തിനും യൗസേപ്പിനും ഇടയന്മാർക്കുപോലും സദ്വാർത്ത അറിയിക്കാൻ ദൈവം ഒരു ദൂതനെ അയച്ചു. എന്നാൽ ജ്ഞാനികളോട് സംസാരിക്കാൻ അവർക്കു മനസ്സിലാകുന്ന ഒരു മാധ്യമം—ഒരു നക്ഷത്രം—ഉപയോഗിക്കാനാണ് ദൈവം തിരഞ്ഞെടുത്തത്.
പേർഷ്യയിലെ ഒരു പുരോഹിതവർഗമായിരുന്ന ജ്ഞാനികൾ ജ്യോതിഷം, ജ്യോതിശാസ്ത്രം, സ്വപ്നവ്യാഖ്യാനം, ജ്ഞാനത്തിന്റെയും ഭാവിപ്രവചനത്തിന്റെയും മറ്റു രീതികൾ എന്നിവയിൽ പ്രാവീണ്യമുള്ളവരായിരുന്നു. മത്തായിയുടെ സുവിശേഷത്തിൽ പരാമർശിക്കുന്ന മൂന്നു ജ്ഞാനികളും രാത്രിയിലെ ആകാശത്തെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്ന ജ്യോതിഷവിദഗ്ധരായിരുന്നുവെന്നതു വ്യക്തമാണ്. ക്രിസ്തു ജനിച്ച രാത്രിയിൽ അവർ അസാധാരണമായ ഒരു കാര്യം കണ്ടെത്തി: ആകാശത്ത് ഒരു പുതിയ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. അതു വലിയ പ്രാധാന്യമുള്ള ഒരു അടയാളമാണെന്ന് അവർ അറിഞ്ഞു. അവരുടെ വിശ്വാസമനുസരിച്ച്, ഒരു പുതിയ നക്ഷത്രത്തിന്റെ പ്രത്യക്ഷപ്പെടൽ ഒരു പുതിയ രാജാവിന്റെ ജനനം വിളിച്ചറിയിക്കുന്നതായിരുന്നു.
ഈ നക്ഷത്രം കേവലം ഒരു ആകാശപ്രതിഭാസമായിരുന്നില്ല; ലോകത്തിലേക്ക് കടന്നുവന്ന് എല്ലാ ജനതകളെയും—യഹൂദരെയും വിജാതീയരെയും ഒരുപോലെ—രക്ഷകനിലേക്കു നയിക്കുന്ന ക്രിസ്തുവിന്റെ പ്രകാശത്തെയാണ് അതു പ്രതീകപ്പെടുത്തിയത്. എളിയ യഹൂദ ഇടയന്മാരെ നവജാതനായ രാജാവിന്റെ അടുക്കലേക്കു ദൈവം ആകർഷിച്ചതുപോലെ, അവനെ ആരാധിക്കാൻ വിജാതീയരുടെ പ്രതിനിധികളെയും ആകർഷിച്ചു. കാരണം, മനുഷ്യരാശിയെ മുഴുവൻ രക്ഷിക്കാനാണ് യേശു വന്നത്.
വിജാതീയരെയും ഉൾപ്പെടുത്താനുള്ള ദൈവിക മുൻകൈ ഒരു പുതിയ ആശയമായിരുന്നില്ല; അബ്രാഹത്തിനു നൽകിയ ഒരു വാഗ്ദാനത്തിന്റെ പൂർത്തീകരണമായിരുന്നു അത്: “ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്നിൽ അനുഗ്രഹം കണ്ടെത്തും” (ഉല്പത്തി 12:3). എല്ലാ ജനതകളും കർത്താവിന്റെ അടുക്കലേക്കു വരുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രവാചകന്മാരും സങ്കീർത്തനങ്ങളും ഈ ആശയം ആവർത്തിക്കുന്നു (ഏശയ്യാ 2:2-4; സങ്കീർത്തനം 67 കാണുക). യേശുവിന്റെ പരസ്യശുശ്രൂഷയിൽ, അവൻ വിജാതീയരുടെ അടുക്കലേക്ക് എത്തിച്ചെല്ലുന്നതു നാം കാണുന്നു. അപ്പസ്തോലന്മാരുടെ നടപടികളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ഈ ദൗത്യം ആദിമസഭയിലും തുടർന്നു. എന്നാൽ യേശുവിന്റെ ജനനകാലത്ത്, തിരഞ്ഞെടുക്കപ്പെട്ട ജനതയെന്ന തങ്ങളുടെ സ്ഥാനത്തിനായിരുന്നു യഹൂദർ മുഖ്യമായും പ്രാധാന്യം നൽകിയിരുന്നത്. കർത്താവിന്റെ പ്രത്യക്ഷീകരണത്തിന്റെ വിവരണം, യേശുവിന്റെ ജീവിതാരംഭംമുതലേ വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ വിളി സാർവത്രികമായിരുന്നുവെന്നു വെളിപ്പെടുത്തുന്നു. അവന്റെ ദൗത്യം ഇസ്രായേലിനു മാത്രമല്ല, എല്ലാ മനുഷ്യർക്കും വേണ്ടിയായിരുന്നുവെന്ന് അതു വ്യക്തമാക്കുന്നു.
വിശുദ്ധിയിലേക്കുള്ള ഈ സാർവത്രിക വിളി നിമിത്തം, ക്രിസ്തുവിൽ വിശ്വസിക്കുകയും കത്തോലിക്കാ വിശ്വാസമനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന നാം, നമ്മിൽത്തന്നെ ഒതുങ്ങുന്ന ഒരു ചെറിയ ലോകം സൃഷ്ടിച്ച് ഒറ്റപ്പെട്ടവരോ പുറംലോകവുമായി ബന്ധമില്ലാത്തവരോ ആയിത്തീരുന്നത് ഒഴിവാക്കണം. പകരം, സഭയുടെ സാർവത്രിക ദൗത്യം പ്രതിഫലിപ്പിച്ചുകൊണ്ട്, എല്ലാവരെയും സ്വാഗതം ചെയ്യുകയും വിശാലമായ ലോകവുമായി ഇടപഴകുകയും ചെയ്യുന്ന വിധത്തിൽ നമ്മുടെ വിശ്വാസം ജീവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. കത്തോലിക്കരായിരിക്കുക എന്നതു കേവലം ഒരു സാംസ്കാരിക പൈതൃകമല്ല; എല്ലാവർക്കും ആവശ്യമായ നിത്യരക്ഷയ്ക്കുള്ള ആത്മീയ മാർഗമാണ് അത്. “എപ്പിഫനി” എന്ന വാക്കിന്റെ അർഥം “പ്രത്യക്ഷീകരണം” എന്നാണ്. ഓരോ ആത്മാവിന്റെയും രാജാവായിത്തീരുന്ന ക്രിസ്തു എല്ലാവർക്കും വെളിപ്പെടുത്തപ്പെടണം.
കർത്താവിന്റെ പ്രത്യക്ഷീകരണത്തിരുനാൾ ആഘോഷിക്കുമ്പോൾ, ഇനിയും വിശ്വസ്തരായ കത്തോലിക്കരായി ജീവിക്കുന്നവരായിട്ടില്ലാത്തവരുമായി വിശ്വാസത്തിന്റെ പ്രകാശം പങ്കുവയ്ക്കാൻ ദൈവം നിങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിച്ചേക്കാവുന്ന വഴികളോടു തുറവുള്ളവരായിരിക്കുക. മറ്റുള്ളവർക്ക് മനസ്സിലാക്കാനും സ്വീകരിക്കാനും കഴിയുന്ന രീതികളിൽ അവരെ ക്രിസ്തുവിലേക്ക് ആകർഷിച്ചുകൊണ്ട്, നാം ബേത്ലഹേമിലെ നക്ഷത്രംപോലെയാകണം. ദൈവകൃപയുടെ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടാൻ സന്നദ്ധരായി നമ്മെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി സമർപ്പിക്കുമ്പോഴാണ് ഇതു ഏറ്റവും നന്നായി സാധ്യമാകുന്നത്. എല്ലാ മനുഷ്യരെയും തന്നിലേക്ക് എങ്ങനെ ആകർഷിക്കണമെന്ന് ദൈവത്തിനു മാത്രമേ അറിയൂ. നാം നമ്മെത്തന്നെ അവിടുത്തെ ശുശ്രൂഷയ്ക്കായി സമർപ്പിക്കുമ്പോൾ, അവിടുന്ന് നമ്മെ പ്രചോദിപ്പിക്കുകയും മറ്റുള്ളവരെ അന്ധകാരത്തിൽനിന്ന് തന്റെ വിസ്മയകരമായ പ്രകാശത്തിലേക്കു നയിക്കുന്ന ആ തിളങ്ങുന്ന വെളിച്ചമായിത്തീരാൻ നമ്മെ ഉപയോഗിക്കുകയും ചെയ്യും.
എന്റെ കർത്താവും ലോകത്തിന്റെ പ്രകാശവുമായ അങ്ങ്, എല്ലാവരുടെയും ഏക രക്ഷകനായ അങ്ങയിലേക്ക് എല്ലാവരും ആകർഷിക്കപ്പെടേണ്ടതിന്, എല്ലാവർക്കും കാണാനാകുന്നവിധം ഉജ്ജ്വലമായി പ്രകാശിക്കാൻ ആഗ്രഹിക്കുന്നുവല്ലോ. ബേത്ലഹേമിനു മുകളിൽ തെളിഞ്ഞ ആ നക്ഷത്രംപോലെയാകാൻ, അങ്ങയുടെ തിരുമനസ്സുപോലെ എന്നെ ഉപയോഗിക്കണമേ. എല്ലാവർക്കും കാണാനായി അങ്ങയുടെ പ്രകാശം പ്രസരിപ്പിച്ചുകൊണ്ട് ഉജ്ജ്വലമായി പ്രകാശിക്കാൻ എനിക്കു ജ്ഞാനവും സ്നേഹവും ധൈര്യവും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കൂടുതൽ വായനയ്ക്ക്:
കർത്താവിന്റെ പ്രത്യക്ഷീകരണം—മഹോത്സവം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – വിശുദ്ധ എലിസബത്ത് ആൻ സെറ്റൺ, സന്ന്യാസിനി
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിൽ ഓർമദിനമായി ആഘോഷിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





