മലയാളം

രചയിതാവും ഗുരുവും

2026 ജനുവരി 13
ആണ്ടുവട്ടത്തിലെ ഒന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

പോയിറ്റിയേഴ്സിലെ വിശുദ്ധ ഹിലരി, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം

സിനഗോഗിൽ ഏശയ്യായുടെ ഗ്രന്ഥം വായിക്കുന്ന ക്രിസ്തു — Ted, അനുമതി CC BY-NC 2.0

വീഡിയോ

യേശു തന്റെ അനുയായികളോടൊപ്പം കഫർണാമിൽ വന്നു. സാബത്തുദിവസം അവൻ സിനഗോഗിൽ പ്രവേശിച്ച് പഠിപ്പിച്ചു. അവന്റെ പ്രബോധനത്തിൽ ജനങ്ങൾ വിസ്മയിച്ചു; കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ് അവൻ അവരെ പഠിപ്പിച്ചത്. മർക്കോസ് 1:21–22

ഗഹനവും ചിന്തയെ വെല്ലുവിളിക്കുന്നതുമായ ഒരു പുസ്തകത്തെക്കുറിച്ചുള്ള പഠനത്തിൽ നിങ്ങൾ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കുക. പഠനത്തിനു നേതൃത്വം നൽകുന്നയാൾ ആ പുസ്തകം ആഴത്തിൽ വായിക്കുകയും അതിനെക്കുറിച്ചുള്ള നിരൂപണങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്; വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകിക്കൊണ്ട് അദ്ദേഹം വിവിധ വ്യാഖ്യാനങ്ങൾ പങ്കുവയ്ക്കുന്നു. കൂടുതൽ ആഴത്തിലുള്ള ധാരണയോടും അദ്ദേഹത്തിന്റെ മാർഗനിർദേശത്തോടുള്ള നന്ദിയോടുംകൂടെ നിങ്ങൾ മടങ്ങുന്നു. വർഷങ്ങൾക്കുശേഷം അതേ പുസ്തകത്തെക്കുറിച്ചുള്ള മറ്റൊരു പഠനത്തിൽ നിങ്ങൾ പങ്കെടുക്കുന്നതായി ഇപ്പോൾ സങ്കൽപ്പിക്കുക. എന്നാൽ ഇത്തവണ അതിനു നേതൃത്വം നൽകുന്നത് രചയിതാവുതന്നെയാണ്. രചനയുടെ പശ്ചാത്തലവും വാക്കുകളുടെ പിന്നിലെ ഉദ്ദേശ്യവും ഗ്രന്ഥത്തിന്റെ യഥാർഥ അർഥവും വിശദീകരിച്ചുകൊണ്ട് തികഞ്ഞ ആധികാരികതയോടെ സംസാരിക്കാൻ രചയിതാവിനു മാത്രമേ കഴിയൂ. പുസ്തകം എഴുതിയ വ്യക്തിയിൽനിന്നുതന്നെ അതിനെക്കുറിച്ചു കേൾക്കുന്നതിനോടു താരതമ്യം ചെയ്യാവുന്നതായി മറ്റൊന്നുമില്ല.

ദൈവത്തിന്റെ നിത്യപുത്രനായ യേശു സത്യത്തിന്റെ ഗുരു മാത്രമല്ല, പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊപ്പം അതിന്റെ സഹരചയിതാവുമാണ്. കാലത്തിന്റെ ആരംഭംമുതൽ ദൈവത്തിന്റെ സത്യം—അവിടുത്തെ നിത്യവചനം—സൃഷ്ടിയിലൂടെയും ഉടമ്പടികളിലൂടെയും നിയമത്തിലൂടെയും പ്രവാചകന്മാരിലൂടെയും ക്രമേണ വെളിപ്പെട്ടുവന്നിട്ടുണ്ട്. എന്നാൽ മാംസമായ വചനത്തിനു മാത്രമേ തന്നെത്തന്നെ പൂർണമായി വെളിപ്പെടുത്താൻ കഴിയുമായിരുന്നുള്ളൂ.

യേശു കഫർണാമിലെ സിനഗോഗിൽ പ്രവേശിച്ചപ്പോൾ അവിടുത്തെ പ്രബോധനം ജനങ്ങളെ വിസ്മയിപ്പിച്ചു. പണ്ഡിതരും ആദരണീയരുമായിരുന്നെങ്കിലും, നിയമജ്ഞർ തങ്ങളുടെ പൂർവികരുടെ പാരമ്പര്യങ്ങളെയും മറ്റുള്ളവരുടെ വ്യാഖ്യാനങ്ങളെയും ആശ്രയിച്ചാണ് പഠിപ്പിച്ചിരുന്നത്. യേശുവാകട്ടെ, ദൈവിക അധികാരത്തോടെ സംസാരിച്ചു. അവിടുത്തെ വാക്കുകൾ മറ്റുള്ളവരിൽനിന്നു സ്വീകരിച്ച വ്യാഖ്യാനങ്ങളായിരുന്നില്ല; പ്രത്യുത, സത്യത്തിന്റെ സജീവവും ആധികാരികവുമായ പ്രഘോഷണമായിരുന്നു. വിശ്വാസം സ്വീകരിക്കാൻ ഹൃദയം തുറന്നവർ മാനുഷിക ജ്ഞാനത്തെക്കാൾ എത്രയോ മഹത്തായ ഒന്ന് തിരിച്ചറിഞ്ഞു; അവർ ദൈവത്തിന്റെ സ്വരംതന്നെ അനുഭവിച്ചറിഞ്ഞു.

മനുഷ്യരെ രൂപാന്തരപ്പെടുത്തുന്ന ദൈവവചനത്തിന്റെ സ്വഭാവമാണ് ജനങ്ങളുടെ വിസ്മയം വെളിപ്പെടുത്തുന്നത്. യേശു ജനങ്ങൾക്കുവേണ്ടി വിശുദ്ധലിഖിതങ്ങൾ വ്യാഖ്യാനിക്കുക മാത്രമല്ല ചെയ്തത്; അവിടുന്ന് അവ നിറവേറ്റുകയും അവയുമായി തന്നെത്തന്നെ താദാത്മ്യപ്പെടുത്തുകയും ചെയ്തു. എല്ലാ സത്യത്തിന്റെയും രചയിതാവായ അവിടുത്തെ വാക്കുകൾക്ക്—അവിടുത്തെ വ്യക്തിത്വത്തിനുതന്നെ—വിമോചിപ്പിക്കാനും രൂപാന്തരപ്പെടുത്താനുമുള്ള ശക്തിയുണ്ടായിരുന്നു. തുടർന്നുള്ള വാക്യങ്ങളിൽ അവിടുന്ന് അശുദ്ധാത്മാവിനെ പുറത്താക്കിയപ്പോൾ ഈ ശക്തി ഉടനടി പ്രകടമായി. അവിടുത്തെ വചനം പഠിപ്പിക്കുക മാത്രമല്ല, ബന്ധനത്തിലായിരിക്കുന്നവരെ സൗഖ്യപ്പെടുത്തുകയും പുനരുദ്ധരിക്കുകയും ചെയ്തുകൊണ്ട് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ഇതു വെളിപ്പെടുത്തി.

യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തെപ്പോലെതന്നെ സത്യത്തെക്കുറിച്ചുള്ള ചോദ്യം ഇന്നും പ്രസക്തമാണ്. അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും പ്രത്യയശാസ്ത്രങ്ങളും നിറഞ്ഞുകവിയുന്ന ലോകത്തിൽ ആത്യന്തികമായി പ്രാധാന്യമുള്ളത് ഒന്നുമാത്രമാണ്: ദൈവം അരുളിച്ചെയ്യുന്നത്. നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ ആധികാരിക സ്വരം ഇന്ന് നമുക്ക് അത്യന്താപേക്ഷിതമാണ്. പതിതവും ക്രമരഹിതവുമായ നമ്മുടെ മനുഷ്യസ്വഭാവവും നമ്മുടെ ലോകത്തിൽ വ്യാപിച്ചുകിടക്കുന്ന എണ്ണമറ്റ തെറ്റായ പ്രത്യയശാസ്ത്രങ്ങളും ഉളവാക്കുന്ന ആശയക്കുഴപ്പം നീക്കാൻ അവിടുത്തെ നമുക്ക് ആവശ്യമാണ്.

ദൈവത്തിന്റെ സ്വരം നിങ്ങൾ തിരിച്ചറിയുന്നുണ്ടോ എന്ന് ഇന്നു വിചിന്തനം ചെയ്യുക. നിങ്ങളുടെ ജീവിതത്തിലും ചുറ്റുമുള്ള ലോകത്തിലും വെളിച്ചം വീശുന്ന, അവിടുത്തെ നിർണായകവും ആധികാരികവുമായ വചനം നിങ്ങൾക്കു പരിചിതമാണോ? ദൈവത്തിന്റെ വെളിപാടിൽ വീണ്ടും വീണ്ടും വിസ്മയഭരിതരാകാൻ നിങ്ങൾ നിങ്ങളെത്തന്നെ അനുവദിക്കുന്നുണ്ടോ? ആണ്ടുവട്ടകാലം ആരംഭിക്കുമ്പോൾ, യേശു തന്റെ പരസ്യശുശ്രൂഷയിൽ നൽകിയ ആധികാരികമായ അനേകം പ്രബോധനങ്ങൾ കേൾക്കുകയും ഹൃദയത്തിൽ സ്വീകരിക്കുകയും ചെയ്യേണ്ട ഒരു കാലഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. ശരിയായ വിധത്തിൽ സ്വീകരിക്കുമ്പോൾ അവിടുത്തെ വചനം സജീവവും രൂപാന്തരപ്പെടുത്തുന്നതുമാണ്. ലോകസ്ഥാപനംമുതൽ ഉറപ്പിക്കപ്പെട്ട സത്യം യേശു വെളിപ്പെടുത്താൻ തുടങ്ങുമ്പോൾ, നിങ്ങൾ കഫർണാമിലെ സിനഗോഗിലാണെന്നു സങ്കൽപ്പിക്കുക. ആ സത്യം നിങ്ങളെ സ്പർശിക്കാനും മാറ്റാനും നിത്യ മഹത്ത്വത്തിലേക്കു നയിക്കുന്ന പാതയിൽ നിങ്ങളെ പ്രവേശിപ്പിക്കാനും അനുവദിക്കുക.

ദൈവത്തിന്റെ നിത്യവചനമേ, അങ്ങാണ് എല്ലാ സത്യത്തിന്റെയും രചയിതാവും വെളിപ്പെടുത്തുന്നവനും. അങ്ങയുടെ ദൈവിക അധികാരത്തോടെ എന്നോടു സംസാരിക്കണമേ. എന്റെ ഹൃദയത്തെയും എനിക്കു ചുറ്റുമുള്ള ലോകത്തെയും ബാധിക്കുന്ന അനേകം തെറ്റുകൾ വെളിച്ചത്തുകൊണ്ടുവരണമേ. അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ അന്ധകാരം ഭേദിക്കുകയും ആശയക്കുഴപ്പം അകറ്റുകയും സത്യത്തിന്റെ പ്രഭാപൂരിതമായ പ്രകാശം എന്റെ പാതയിൽ ചൊരിയുകയും ചെയ്യണമേ. എല്ലാ വഞ്ചനകളിൽനിന്നും സ്വതന്ത്രനായി അങ്ങയുടെ വഴികളിലൂടെ നടക്കാൻ എന്നെ നയിക്കുകയും ജീവന്റെ പൂർണതയിലേക്ക് എന്നെ എത്തിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇന്നത്തെ വിശുദ്ധൻ – പോയിറ്റിയേഴ്സിലെ വിശുദ്ധ ഹിലരി, മെത്രാനും വേദപാരംഗതനും

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയ്ക്കുള്ള വായനകളുടെ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.