ജനുവരി 15, 2026
ആണ്ടുവട്ടത്തിലെ ഒന്നാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
ഗെയോർഗ് പെൻറ്സ്, CC0, വിക്കിമീഡിയ കോമൺസ് വഴി
“നീ ആരോടും ഒന്നും പറയാതിരിക്കാൻ ശ്രദ്ധിക്കുക. എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും നിന്റെ ശുദ്ധീകരണത്തിനായി മോശ നിർദേശിച്ച കാഴ്ച സമർപ്പിക്കുകയും ചെയ്യുക; അത് അവർക്ക് തെളിവായിരിക്കും.” മർക്കോസ് 1:44
അത്ഭുതങ്ങൾ നമ്മെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വിശ്വാസികൾ അത്ഭുതങ്ങൾക്കായി പ്രാർഥിക്കുന്നത് സാധാരണമാണ്. അവ ദൈവത്തിന്റെ മഹത്തായ കരുണയുടെ പ്രവൃത്തികളാണ്. എന്നാൽ നാം പ്രാർഥിക്കുന്ന അത്ഭുതങ്ങൾ എല്ലായ്‌പ്പോഴും ദൈവപദ്ധതിയുടെ ഭാഗമായിരിക്കണമെന്നില്ല. ഇന്നത്തെ സുവിശേഷത്തിൽ, തന്റെ അടുക്കൽ വന്ന് മുട്ടുകുത്തി, “അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും” (മർക്കോസ് 1:40) എന്നു പറയുന്ന ഒരു കുഷ്ഠരോഗിയെ യേശു സുഖപ്പെടുത്തുന്നു. അപ്പോൾ യേശുവിന്റെ തിരുഹൃദയം അനുകമ്പയാൽ നിറയുന്നു. അവിടുന്ന് കുഷ്ഠരോഗിയോട് പറയുന്നു: “എനിക്കു മനസ്സുണ്ട്. നീ ശുദ്ധനാകട്ടെ” (മർക്കോസ് 1:41). അയാൾ സുഖം പ്രാപിച്ചശേഷം, നമ്മെ ആശ്ചര്യപ്പെടുത്തിയേക്കാവുന്ന ഒരു കാര്യം യേശു ചെയ്യുന്നു: സൗഖ്യം ലഭിച്ചതിനെക്കുറിച്ച് ആരോടും പറയരുതെന്ന് അവിടുന്ന് അയാളോട് പറയുന്നു. എന്തുകൊണ്ടാണ് ഈ രഹസ്യസ്വഭാവം?
യേശു തന്റെ ദൈവികശക്തി വെളിപ്പെടുത്തിയശേഷം ആ അനുഭവം പരസ്യമാക്കരുതെന്ന് കൽപിക്കുന്ന ഈ രീതിയെ പലപ്പോഴും യേശുവിന്റെ “മിശിഹാരഹസ്യം” എന്നു വിശേഷിപ്പിക്കാറുണ്ട്. രഹസ്യം സൂക്ഷിക്കാനുള്ള ഈ ആഹ്വാനം പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളിൽ ഉടനീളം നാം കാണുന്നു. ഉദാഹരണത്തിന്, യേശുവാണ് ക്രിസ്തു എന്നു പത്രോസ് ഏറ്റുപറഞ്ഞശേഷം, “തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവിടുന്ന് അവർക്ക് കർശനനിർദേശം നൽകി.” (മർക്കോസ് 8:30). അതുപോലെ, രൂപാന്തരീകരണത്തിനുശേഷം അവിടുന്ന് പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോട് കൽപിക്കുന്നു: “മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ ഈ ദർശനത്തെക്കുറിച്ച് ആരോടും പറയരുത്” (മത്തായി 17:9). “അങ്ങ് ദൈവപുത്രനാണ്” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന പിശാചുക്കളെപ്പോലും യേശു നിശ്ശബ്ദരാക്കുന്നു. “അവിടുന്നാണ് മിശിഹാ എന്ന് അവ അറിഞ്ഞിരുന്നതിനാൽ, അവിടുന്ന് അവയെ ശാസിക്കുകയും സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു” (ലൂക്കാ 4:41).
രഹസ്യം സൂക്ഷിക്കുന്ന ഈ രീതി പ്രധാനപ്പെട്ട ഒരു സത്യം എടുത്തുകാണിക്കുന്നു: കുരിശിൽനിന്നും ഉത്ഥാനത്തിൽനിന്നും വേർപെടുത്തി, മിശിഹായെന്ന യേശുവിന്റെ വ്യക്തിത്വത്തെ പൂർണമായി മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. അവിടുത്തെ ശുശ്രൂഷയുടെ ഈ പ്രാരംഭഘട്ടത്തിൽ, അത്ഭുതങ്ങൾ പരസ്യമാക്കുന്നത് അവിടുത്തെ ദൗത്യത്തെ തെറ്റായി ചിത്രീകരിക്കാൻ ഇടയാക്കുമായിരുന്നു. കാരണം, പലരും രാഷ്ട്രീയമോ ഭൗമികമോ ആയ ഒരു മിശിഹായെയാണ് പ്രതീക്ഷിച്ചിരുന്നത്. യേശു ചില അവസരങ്ങളിൽ തന്റെ ദൈവികശക്തി വെളിപ്പെടുത്തിയത്, അവിടുത്തെ ദൗത്യത്തിന്റെ യഥാർഥ ലക്ഷ്യത്തിനുവേണ്ടിയല്ലാതെ ആ ശക്തിക്കുവേണ്ടി അവിടുത്തെ അന്വേഷിക്കാൻ പലരെയും പ്രേരിപ്പിച്ചു. ഈ രീതിയിൽനിന്ന് പാഠം ഉൾക്കൊണ്ട് ശരിയായ കാരണങ്ങൾക്കായി നാം യേശുവിനെ അന്വേഷിക്കണം.
അത്ഭുതങ്ങൾ ദൈവത്തിന്റെ കരുണയും ശക്തിയും വെളിപ്പെടുത്തുന്നുവെങ്കിലും, അവതന്നെയല്ല അന്തിമലക്ഷ്യമെന്ന് മിശിഹാരഹസ്യം നമ്മെ ഓർമിപ്പിക്കുന്നു. മറിച്ച്, ക്രിസ്തുവിന്റെ ദൗത്യത്തിന്റെ ആഴമേറിയ സത്യത്തിലേക്കാണ് അവ വിരൽചൂണ്ടുന്നത്. തന്റെ പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മനുഷ്യകുലത്തെ പിതാവുമായി അനുരഞ്ജിപ്പിക്കാനാണ് അവിടുന്ന് വന്നത്. ദൈവപദ്ധതി നമ്മുടെ രീതികൾക്കും സമയക്രമത്തിനും അനുസരിച്ചല്ല, അവിടുത്തെ രീതികൾക്കും സമയക്രമത്തിനും അനുസരിച്ചാണ് പൂർത്തിയാകുന്നതെന്ന് വിനയത്തോടെ അംഗീകരിച്ചുകൊണ്ട്, നമ്മുടെ സ്വന്തം ഇഷ്ടങ്ങളെക്കാൾ ദൈവഹിതത്തെ സ്വീകരിക്കാൻ ഈ സത്യം നമ്മെ വിളിക്കുന്നു.
നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? കനത്ത ഏതെങ്കിലും ഭാരം നേരിടുമ്പോൾ, ഇടപെട്ട് ആ സാഹചര്യം പരിഹരിക്കണമെന്നു നാം ദൈവത്തോട് അപേക്ഷിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. ചിലപ്പോൾ ദൈവം അങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നത്, അവിടുന്ന് നൽകാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫലം ഉളവാക്കുമെന്ന് തന്റെ ജ്ഞാനത്തിൽ കാണുമ്പോൾ മാത്രമാണ് അവിടുന്ന് അങ്ങനെ ചെയ്യുന്നത്. ആ ഫലം നമ്മുടെ രക്ഷയിലേക്കു നയിക്കുന്ന നമ്മുടെ ആത്മാക്കളുടെ വിശുദ്ധീകരണമാണ്.
ക്രിസ്തുവിന്റെ അനുയായികളാകാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, അവിടുന്ന് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കനുസരിച്ച് അവിടുത്തെ അനുഗമിക്കേണ്ടത് പ്രധാനമാണ്. “എന്നോട് ആനുകൂല്യങ്ങൾ ചോദിക്കൂ, ഞാൻ അവ നൽകാം” എന്നതല്ല സുവിശേഷസന്ദേശത്തിന്റെ കാതൽ. മറിച്ച്, “മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ” എന്നതാണ്. ശാരീരികസൗഖ്യത്തെക്കാളും ഭൗമികപ്രശ്നങ്ങളുടെ പരിഹാരത്തെക്കാളും പ്രധാനമാണ് പാപത്തിൽനിന്നുള്ള മോചനം. വാസ്തവത്തിൽ, തന്നിലുള്ള നമ്മുടെ ആശ്രയം ആഴപ്പെടുത്താൻ ദൈവം പലപ്പോഴും ശാരീരികരോഗങ്ങളെയും മറ്റു കുരിശുകളെയും ഉപയോഗിക്കുന്നു. കാരണം, അവ അവിടുത്തെ പീഡാനുഭവത്തോട് നമ്മെത്തന്നെ ഐക്യപ്പെടുത്താൻ അവസരം നൽകുന്നു. ഇത് ഭൗമികവും ക്ഷണികവുമായ പ്രതിഫലങ്ങളിലേക്കല്ല, കൂടുതൽ വിശുദ്ധിയിലേക്കും നിത്യമായ അനുഗ്രഹങ്ങളിലേക്കുമാണ് നയിക്കുന്നത്.
നിങ്ങളുടെ സ്വന്തം ജീവിതത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ദൈവത്തിന്റെ മറുപടി നിങ്ങൾ ആഗ്രഹിക്കുന്നതല്ലെങ്കിലും, അവിടുത്തെ ജ്ഞാനത്തിലും അവിടുന്ന് നിശ്ചയിക്കുന്ന സമയത്തിലും ആശ്രയിക്കാൻ നിങ്ങൾ തയ്യാറാണോ? ഭൗമികമായ ആനുകൂല്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ക്രിസ്തുവിന്റെ ദൗത്യത്തിലുള്ള നിങ്ങളുടെ വിശ്വാസം ആഴപ്പെടുത്താൻ തീരുമാനിക്കുക. നിങ്ങളുടെ രക്ഷയാണ് ദൈവത്തിന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് അറിഞ്ഞുകൊണ്ട്, പ്രത്യേകിച്ച് സഹനത്തിന്റെയോ അനിശ്ചിതത്വത്തിന്റെയോ നിമിഷങ്ങളിൽ, അവിടുത്തെ ഹിതം സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാകുക. അത്ഭുതങ്ങളിലൂടെയോ കുരിശുകളിലൂടെയോ കൃപയുടെ നിശ്ശബ്ദനിമിഷങ്ങളിലൂടെയോ ആയാലും, അവിടുത്തെ പദ്ധതി എപ്പോഴും അവിടുത്തോടുള്ള കൂടുതൽ ആഴമായ ഐക്യത്തിലേക്ക് നിങ്ങളെ നയിക്കുമെന്ന ഉറപ്പോടെ, ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കുക.
സർവശക്തനായ കർത്താവേ, അങ്ങേക്ക് എല്ലാം ചെയ്യാൻ കഴിയും. ചിലപ്പോൾ അങ്ങ് ഇടപെട്ട് കുരിശുകളായി മാറിയ ക്ലേശങ്ങൾക്ക് പരിഹാരം നൽകുന്നു. മറ്റു ചിലപ്പോൾ, അങ്ങയുടെ ജ്ഞാനം എന്റേതിനെക്കാൾ എത്രയോ ഉന്നതമാണെന്ന് അറിഞ്ഞുകൊണ്ട്, പ്രത്യാശയോടും ആശ്രയത്തോടുംകൂടെ ആ കുരിശുകൾ സ്വീകരിക്കാൻ അങ്ങ് എന്നെ വിളിക്കുന്നു. പൂർണഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കുമ്പോൾ അങ്ങ് എല്ലാം നന്മയ്ക്കായി പ്രവർത്തിപ്പിക്കുമെന്ന വിശ്വാസത്തോടെ, എന്റെ സ്വന്തം ഇഷ്ടത്തെക്കാൾ അങ്ങയുടെ ഹിതം അന്വേഷിക്കാൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജീവനുവേണ്ടി ഒൻപതു ദിവസത്തെ നൊവേന
ജീവനുവേണ്ടി 9 ദിനങ്ങൾ എന്നത് മനുഷ്യജീവന്റെ സംരക്ഷണത്തിനായുള്ള ഒരു നൊവേനയാണ്. ജീവന്റെ സംസ്കാരം വളർത്തിയെടുക്കാൻ സഹായിക്കുന്നതിനായി ഓരോ ദിവസത്തെയും പ്രാർത്ഥനാനിയോഗത്തോടൊപ്പം ഒരു ഹ്രസ്വവിചിന്തനവും നിർദേശിക്കപ്പെട്ട പ്രവർത്തനങ്ങളും നൽകിയിരിക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ



