മലയാളം

തിന്മയിൽനിന്ന് നന്മ

2026 മാർച്ച് 28
നോമ്പുകാലം അഞ്ചാം വാരത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

സെൻഹെദ്രിന്റെ വിധി: ഇവൻ കുറ്റക്കാരനാണ്! — ചിത്രകാരൻ:  നിക്കൊലൈ ഗേ

വീഡിയോ

മറിയത്തിന്റെ അടുക്കൽ വരുകയും യേശു ചെയ്തതു കാണുകയും ചെയ്ത യഹൂദരിൽ പലരും അവനിൽ വിശ്വസിക്കാൻ തുടങ്ങി. എന്നാൽ അവരിൽ ചിലർ ഫരിസേയരുടെ അടുക്കൽ ചെന്ന് യേശു ചെയ്ത കാര്യങ്ങൾ അവരെ അറിയിച്ചു. അതിനാൽ പ്രധാനപുരോഹിതന്മാരും ഫരിസേയരും സെൻഹെദ്രിൻ വിളിച്ചുകൂട്ടി പറഞ്ഞു: “നാം എന്താണു ചെയ്യാൻ പോകുന്നത്? ഈ മനുഷ്യൻ അനേകം അടയാളങ്ങൾ പ്രവർത്തിക്കുന്നു. നാം അവനെ വെറുതെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും. അപ്പോൾ റോമാക്കാർ വന്ന് നമ്മുടെ ദേശവും ജനതയും പിടിച്ചെടുക്കും.” യോഹന്നാൻ 11:45–48

യേശുവിന്റെ ജറുസലെമിലേക്കുള്ള വിജയപ്രവേശനം അനുസ്മരിക്കുന്ന ഓശാന ഞായറോടെ നാളെ നാം വിശുദ്ധവാരത്തിലേക്കു പ്രവേശിക്കുന്നു. ജറുസലെമിനു സമീപമുള്ള ബഥാനിയയിൽവച്ച് യേശു ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിനു തൊട്ടുപിന്നാലെയുള്ള സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷം വിവരിക്കുന്നത്. “ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ!” (യോഹന്നാൻ 12:13) എന്ന ആർപ്പുവിളികളോടെ സ്വീകരിക്കപ്പെട്ടുകൊണ്ട് അവിടുന്ന് കഴുതപ്പുറത്ത് ആ നഗരത്തിലേക്കു പ്രവേശിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പായിരുന്നു ഇത്.

തന്റെ ജീവിതത്തിന്റെ അവസാന മാസങ്ങളിൽ, തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയിരുന്നവരെ ഒഴിവാക്കാൻ യേശു പലപ്പോഴും പൊതുജനശ്രദ്ധയിൽനിന്ന് അകന്നുകഴിഞ്ഞു. എന്നാൽ രേഖപ്പെടുത്തിയിട്ടുള്ള തന്റെ അവസാന അത്ഭുതം പ്രവർത്തിക്കാനായി അവിടുന്ന് അല്പനേരത്തേക്കു പരസ്യമായി പ്രത്യക്ഷപ്പെട്ടു: ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ. ഈ അത്ഭുതമാണ് അവിടുത്തേക്കെതിരെ സജീവമായി ഗൂഢാലോചന നടത്താൻ ഫരിസേയരെ പ്രേരിപ്പിച്ച നിർണായക സംഭവമായത്. ദൃക്സാക്ഷികളിൽ ചിലർ ഇക്കാര്യം അധികാരികളെ അറിയിച്ചു. യേശുവിന്റെ വർധിച്ചുവരുന്ന ജനപ്രീതി യഹൂദർക്കെതിരെ റോമാക്കാരുടെ പീഡനത്തിന് ഇടയാക്കുമെന്ന് സെൻഹെദ്രിൻ ഭയപ്പെട്ടു.

മഹാപുരോഹിതനായ കയ്യാഫാസിന്റെ നിർദേശപ്രകാരം, ജനത കഷ്ടത അനുഭവിക്കുന്നതിനെക്കാൾ നല്ലത് യേശു മരിക്കുന്നതാണെന്ന് അവർ തീരുമാനിച്ചു. മഹാപുരോഹിതനെന്ന നിലയിൽ കയ്യാഫാസ്, താൻ അറിയാതെതന്നെ, യേശുവിന്റെ മരണത്തെക്കുറിച്ച് പ്രവചനാത്മകമായി പറഞ്ഞു: “ജനത്തിനുവേണ്ടി ഒരുവൻ മരിക്കുകയും ജനത മുഴുവൻ നശിക്കാതിരിക്കുകയും ചെയ്യുന്നതാണ് നിങ്ങൾക്കു നല്ലത്” (യോഹന്നാൻ 11:49–50). ഇതിനെക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് പഠിപ്പിക്കുന്നു: “ഭാവിസംഭവങ്ങൾ വെളിപ്പെടുത്താൻ പ്രവചനത്തിന്റെ ആത്മാവിന് ദുഷ്ടരായ മനുഷ്യരിലൂടെയും പ്രവർത്തിക്കാൻ കഴിയുമെന്ന് ഈ ഭാഗം കാണിക്കുന്നു” (യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള പ്രഭാഷണം 49).

ദൈവത്തിന്റെ സർവശക്തിക്ക് തന്റെ ദിവ്യപദ്ധതി നിറവേറ്റാൻ തിന്മനിറഞ്ഞ പ്രവൃത്തികളെപ്പോലും ഉപയോഗിക്കാൻ കഴിയുമെന്ന അറിവ്, സ്വന്തം ജീവിതത്തിൽ അനീതിയോ ദുഷ്ടതയോ നേരിടുമ്പോൾ നമുക്ക് ആശ്വാസമാകണം. യേശു ഒരിക്കലും സാഹചര്യങ്ങളുടെ ഇരയായിരുന്നില്ല; തന്റെ ദൗത്യം പൂർണമായും അവിടുത്തെ നിയന്ത്രണത്തിലായിരുന്നു. തന്നെ അറസ്റ്റുചെയ്തപ്പോൾ അവിടുന്ന് ശിഷ്യരെ ഓർമിപ്പിച്ചു: “എന്റെ പിതാവിനോട് അപേക്ഷിക്കാൻ എനിക്കു കഴിയില്ലെന്നും, ഈ നിമിഷംതന്നെ പന്ത്രണ്ടിലധികം വ്യൂഹം മാലാഖമാരെ അവിടുന്ന് എനിക്കു നൽകുകയില്ലെന്നും നിങ്ങൾ കരുതുന്നുവോ?” (മത്തായി 26:53).

സെൻഹെദ്രിനെയും റോമൻ അധികാരികളെയും അട്ടിമറിക്കാൻ മാലാഖമാരോട് ആജ്ഞാപിച്ച്, ബലപ്രയോഗത്തിലൂടെ ഒരു ഭൗമിക രാജാവായി അധികാരമേൽക്കാൻ യേശുവിനു കഴിയുമായിരുന്നു. എന്നാൽ അതിനുപകരം, കയ്യാഫാസിന്റെ ദുഷ്ടത തന്റെ പീഡാനുഭവത്തിനു തുടക്കമിടാൻ അനുവദിച്ചുകൊണ്ട് പിതാവിന്റെ തിരുഹിതത്തിനു കീഴടങ്ങാനാണ് അവിടുന്ന് തിരഞ്ഞെടുത്തത്. കയ്യാഫാസ് സ്വാർഥലക്ഷ്യത്തോടെ പ്രവർത്തിച്ചെങ്കിലും, വിശ്വാസത്തോടെ തന്നിലേക്കു തിരിയുന്ന എല്ലാവർക്കുമായുള്ള തന്റെ രക്ഷാപദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ദൈവം തന്റെ പരിപാലനയിൽ ഈ ദുഷ്പ്രവൃത്തി ഉപയോഗിച്ചു.

നമ്മുടെ ജീവിതത്തിലെ “വിശുദ്ധവാരങ്ങളിലേക്കു” പ്രവേശിക്കുമ്പോൾ ഈ ഉൾക്കാഴ്ച അത്യന്താപേക്ഷിതമാണ്—നമുക്ക് എല്ലായ്‌പ്പോഴും പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത പരീക്ഷണങ്ങളുടെയും സഹനത്തിന്റെയും അനീതിയുടെയും കാലങ്ങളാണവ. കുരിശുകൾ നേരിടുമ്പോൾ, അവയെ സന്തോഷത്തിനും സമാധാനത്തിനുമുള്ള തടസ്സങ്ങളായി കാണാൻ എളുപ്പമാണ്. എന്നാൽ റോമാ 8:28 നമ്മെ ഓർമിപ്പിക്കുന്നു: “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ ഉദ്ദേശ്യമനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, എല്ലാം നന്മയ്ക്കായി പ്രവർത്തിക്കുന്നു.” വിശുദ്ധവാരം ദൈവത്തിന്റെ കരുതലോടെയുള്ള പരിപാലനയിലായിരുന്നതുപോലെ, ഓരോ കുരിശും അനീതിയും കഷ്ടതയും അവിടുത്തെ പരിപാലനയ്ക്കുള്ളിലാണ്. നാം അവിടുന്നിൽ ആശ്രയിക്കുമ്പോൾ, നാം അനുഭവിക്കുന്ന തിന്മപോലും ദൈവത്തിന്റെ മഹത്ത്വത്തിലേക്കും നമ്മുടെ നന്മയിലേക്കുമുള്ള വഴിയായി രൂപാന്തരപ്പെടാം.

രക്ഷ കൈവരുത്താൻ ദുഷ്ടമനുഷ്യരുടെ പാപങ്ങളെപ്പോലും ഉപയോഗിച്ച ദൈവികപദ്ധതിയുടെ പരിപൂർണ ജ്ഞാനത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ ഇപ്പോൾ നേരിടുന്ന കുരിശുകളെയും സഹനങ്ങളെയും അനീതികളെയും കുറിച്ച് ചിന്തിക്കുക. കോപത്തിനോ നിരാശയ്ക്കോ വഴങ്ങുന്നതിനുപകരം, ദൈവത്തിന് അവയെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയുമെന്ന് വിശ്വസിക്കുക. നിങ്ങൾ ദൈവകൃപയിൽ നിലനിൽക്കുന്നെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ അവിടുന്ന് അനുവദിക്കുന്നതെല്ലാം അവിടുത്തെ സർവശക്തിയുടെയും സ്നേഹത്തിന്റെയും പ്രകടനമാണെന്നും, അവിടുത്തെ മഹത്ത്വത്തിനും നിങ്ങളുടെ നന്മയ്ക്കുമായി എല്ലാം പ്രവർത്തിപ്പിക്കുന്നതാണെന്നും വിശ്വസിക്കുക. വലിയ സഹനം തന്നെ കാത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് യേശു ജറുസലെമിലേക്കു മുഖം തിരിച്ചുറപ്പിച്ചതുപോലെ, നാമും നമ്മുടെ സ്വന്തം “ജറുസലെമിലേക്ക്”—നാം നേരിടുന്ന വെല്ലുവിളികളിലേക്കും ബുദ്ധിമുട്ടുകളിലേക്കും—കണ്ണുകൾ തിരിക്കുകയും ദൈവം എല്ലാം നന്മയ്ക്കായി പ്രവർത്തിപ്പിക്കുമെന്ന് വിശ്വസിക്കുകയും വേണം.

സർവശക്തനായ കർത്താവേ, അങ്ങയുടെ പിതാവിന്റെ തിരുഹിതം നിറവേറ്റുന്നതിൽനിന്ന് അങ്ങയെ പിന്തിരിപ്പിക്കാൻ ഒന്നിനും കഴിഞ്ഞില്ല. നല്ലവരെയും ദുഷ്ടരെയും ഉപകരണങ്ങളാക്കിക്കൊണ്ട് അനേകം ആത്മാക്കളെ രക്ഷിക്കുക എന്നതായിരുന്നു അങ്ങയുടെ ദൗത്യം. അങ്ങയുടെ നന്മയാൽ തിന്മയിൽനിന്നുപോലും അതിലും വലിയ നന്മ ഉളവാക്കിയതിനാൽ തിന്മ പരാജയപ്പെട്ടു. ഞാൻ സഹിക്കുന്ന ഓരോ അനീതിയും ഓരോ വേദനയും അങ്ങയുടെ പീഡാനുഭവത്തോടു ചേർത്തുവച്ച്, എന്റെ ജീവിതത്തിൽ അങ്ങയുടെ മഹത്ത്വവും വിജയവും സാക്ഷാത്കരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങനെ അങ്ങയെ അനുകരിക്കാനും പാപത്തിനും മരണത്തിനും മേലുള്ള അങ്ങയുടെ മഹത്തായ വിജയത്തിൽ പങ്കുചേരാനും എനിക്കു കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തിനാലാം ദിവസം ധ്യാനചിന്തകൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.