മലയാളം

അപരിചിതന്റെ സ്വരം

ഏപ്രിൽ 26, 2026
ഉത്ഥാനകാലത്തിലെ നാലാം ഞായർ (വർഷം A)—നല്ല ഇടയന്റെ ഞായർ
ഇന്നത്തെ വായനകൾ

നല്ല ഇടയൻ  ചിത്രം: Lawrence OP, അനുമതി CC BY-NC-ND 2.0.

വീഡിയോ

“തനിക്കുള്ളവയെയെല്ലാം പുറത്തിറക്കിയശേഷം അവൻ അവയ്ക്കു മുമ്പേ നടക്കുന്നു. ആടുകൾ അവന്റെ സ്വരം തിരിച്ചറിയുന്നതിനാൽ അവനെ അനുഗമിക്കുന്നു. എന്നാൽ അവ അപരിചിതനെ അനുഗമിക്കുകയില്ല; അപരിചിതരുടെ സ്വരം തിരിച്ചറിയാത്തതിനാൽ അവ അവനിൽനിന്ന് ഓടിയകലും.” യോഹന്നാൻ 10:4–5

കൊച്ചുകുട്ടികൾ പലപ്പോഴും അപരിചിതരെ ഭയപ്പെടാറുണ്ട്. ഉദാഹരണത്തിന്, തങ്ങൾക്കു ഭക്ഷണം നൽകുകയും തങ്ങളെ ചേർത്തുപിടിക്കുകയും തങ്ങളോടു സംസാരിക്കുകയും സ്നേഹം ചൊരിയുകയും ചെയ്യുന്ന അമ്മമാരുമായി ശിശുക്കൾ ഗാഢമായ ബന്ധം വളർത്തുന്നു. മുത്തച്ഛനോ മുത്തശ്ശിയോ, സ്വന്തം അപ്പൻപോലുമോ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുമ്പോൾ കുഞ്ഞ് കരയുന്നതും, പരിചിതവും സുരക്ഷിതവുമായ അമ്മയുടെ കരങ്ങളിൽ വീണ്ടും എത്തുന്നതുവരെ ആ കരച്ചിൽ തുടരുന്നതും സാധാരണമാണ്.

അപരിചിതരോടുള്ള ഒരു ശിശുവിന്റെ പ്രതികരണത്തിൽനിന്ന്, നല്ല ഇടയനായ യേശുവിനെക്കുറിച്ചുള്ള ഇന്നത്തെ സുവിശേഷം നമുക്കു നൽകുന്ന സന്ദേശം ഏറെ പഠിക്കാനാകും. ഒരു ശിശുവിനെപ്പോലെ, ആടുകളും തങ്ങളുടെ ഇടയന്റെ സ്വരവും സാന്നിധ്യവും പരിചയിച്ചറിയുന്നു. രാവും പകലും ഇടയൻ ആടുകളോടൊപ്പം വസിക്കുന്നു. അവൻ അവയെ വിളിക്കുന്നു, അവയോടു സംസാരിക്കുന്നു, അവയെ സുരക്ഷിതമായി കാക്കുന്നു, പച്ചപ്പുൽമേടുകളിലേക്കും ജലാശയങ്ങളിലേക്കും നയിക്കുന്നു. ഒരു അപരിചിതൻ അവയെ വിളിച്ചാൽ അവ ചെവിക്കൊടുക്കുകയില്ല; അപരിചിതനോടുള്ള ഒരു ശിശുവിന്റെ പ്രതികരണംപോലെയാണത്.

ജന്മനാ അന്ധനായ ഒരുവനെ സുഖപ്പെടുത്തിയശേഷം ഫരിസേയരിൽനിന്നു നേരിട്ട വിമർശനത്തിനുള്ള മറുപടിയായാണ് യേശു ഈ പ്രബോധനം നൽകുന്നത്. ആ മനുഷ്യനെ സുഖപ്പെടുത്തിയശേഷം യേശു പറഞ്ഞു: “കാണാത്തവർ കാണുകയും കാണുന്നവർ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന് വിധിക്കായിട്ടാണ് ഞാൻ ഈ ലോകത്തിലേക്കു വന്നത്” (യോഹന്നാൻ 9:39). ഇതു കേട്ട ഫരിസേയർ, തങ്ങൾ അന്ധരാണെന്നാണോ അവൻ സൂചിപ്പിക്കുന്നതെന്നു ചോദിച്ചു. അതിനു യേശു മറുപടി പറഞ്ഞു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്കു പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ ഇപ്പോൾ ‘ഞങ്ങൾ കാണുന്നു’ എന്നു നിങ്ങൾ പറയുന്നു. അതിനാൽ നിങ്ങളുടെ പാപം നിലനിൽക്കുന്നു” (യോഹന്നാൻ 9:41).

അപരിചിതനോടുള്ള ശിശുവിന്റെ പരിചയമില്ലായ്മ സഹജവും നിഷ്കളങ്കവുമാണ്. എങ്കിലും യേശു വിവരിക്കുന്ന ആഴമേറിയ ആത്മീയ യാഥാർഥ്യത്തെക്കുറിച്ച് അതു നമ്മെ പഠിപ്പിക്കുന്നു. ആടുകൾ തങ്ങളുടെ ഇടയന്റെ സ്വരം തിരിച്ചറിയുകയും അവന്റെ കരുതലിൽ വിശ്വസിച്ച് അവനെ അനുഗമിക്കുകയും ചെയ്യുന്നതുപോലെ, ദൈവത്തോടു ചേർന്നുനിൽക്കുന്ന ആത്മാവും അവിടുത്തെ സ്വരത്തോടു പ്രതികരിക്കുന്നു. ഇതിനു വിപരീതമായി, തങ്ങളുടെ മതപരമായ അറിവിൽ അഭിമാനിച്ചിരുന്ന ഫരിസേയർ യേശുവിനെ യഥാർഥ ഇടയനായി തിരിച്ചറിഞ്ഞില്ല. ഈ പരാജയം നിഷ്കളങ്കമായ അറിവില്ലായ്മയായിരുന്നില്ല; അവന്റെ ദൈവിക ദൗത്യത്തെ നിരസിച്ചതിൽ വേരൂന്നിയ, മനഃപൂർവമായ അന്ധതയായിരുന്നു അത്. സൗഖ്യം ലഭിച്ച അന്ധൻ വിശ്വാസത്തിന്റെ ലാളിത്യത്തോടെ യേശുവിന്റെ സ്വരം തിരിച്ചറിഞ്ഞു. എന്നാൽ സ്വന്തം ജ്ഞാനത്താൽ തങ്ങൾ ‘കാണുന്നു’ എന്ന് അവകാശപ്പെട്ട ഫരിസേയർ, നല്ല ഇടയന്റെ സ്വരം കേട്ട് അവനെ അനുഗമിക്കാൻ വിസമ്മതിച്ചതിനാൽ പാപത്തിൽ തുടർന്നു.

തങ്ങളുടെ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അന്യനായ ഒരാളായിട്ടാണ് ഫരിസേയർ യേശുവിനെ കണ്ടത്. അവർ അവനെ ഒരു ആൾമാറാട്ടക്കാരനെന്നു മുദ്രകുത്തി. ഒരു ശിശുവിന്റെ നിഷ്കളങ്കമായ പ്രതികരണത്തിൽനിന്നോ ആടുകളുടെ സ്വാഭാവികമായ പ്രതികരണത്തിൽനിന്നോ വ്യത്യസ്തമായി, യേശുവിനെ തിരിച്ചറിയാതിരുന്ന ഫരിസേയരുടെ അവസ്ഥ അഹങ്കാരത്തിൽനിന്നു ജനിച്ച പാപമായിരുന്നു. അവർതന്നെ സൃഷ്ടിച്ച അന്ധതയായിരുന്നു അത്; ആശ്വാസം പകരുന്നതും അതിസ്വാഭാവികമായി പരിചിതവുമായ ദൈവസ്വരത്തിനു നേരെ അതു അവരുടെ ഹൃദയങ്ങൾ അടച്ചുകളഞ്ഞു. യേശുവിന്റെ സ്വരം തിരിച്ചറിയുക എന്നാൽ കൃപയുടെ വിളിയോടു പ്രതികരിക്കുകയും അവന്റെ പ്രബോധനങ്ങളിൽ വിശ്വസിക്കുകയും അവൻ നൽകുന്ന ജീവന്റെ പൂർണതയിലേക്ക് അവനെ അനുഗമിക്കുകയും ചെയ്യുക എന്നതാണ്. അവന്റെ മാർഗനിർദേശം നമുക്ക് ആവശ്യമാണെന്ന് വിനയത്തോടെ സമ്മതിച്ചാൽ മാത്രമേ, ആടുകളെപ്പോലെ, പച്ചപ്പുൽമേടുകളിലേക്കും രക്ഷയിലേക്കും നമ്മെ നയിക്കാൻ അവനെ അനുവദിക്കാനാകൂ.

ദൈവം രാവും പകലും നിങ്ങളെ വിളിക്കുന്നു എന്ന യാഥാർഥ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ അവിടുത്തെ സ്വരം തിരിച്ചറിയുന്നുണ്ടോ? അതോ ഫരിസേയരെപ്പോലെ അവിടുത്തെ വിട്ടു പിന്തിരിയുന്നുവോ? നമ്മുടെ ജീവിതത്തിലുള്ള അവിടുത്തെ ദൈവികസാന്നിധ്യവുമായി ഉറ്റ പരിചയം വളർത്തുന്നതിലൂടെയാണ് നല്ല ഇടയനെ അനുഗമിക്കാൻ നാം തുടങ്ങുന്നത്. ഒരു ശിശു തന്റെ അമ്മയെ അറിയുന്നതുപോലെയോ ആടുകൾ തങ്ങളുടെ വിശ്വസ്തനായ ഇടയനെ അറിയുന്നതുപോലെയോ നാം അവിടുത്തെ അടുത്തറിയണം. നല്ല ഇടയന്റെ സ്വരം തിരിച്ചറിയാതിരുന്നാൽ നാം വഴിതെറ്റിപ്പോകുകയും സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയാത്തവരായിത്തീരുകയും ചെയ്യും. നമ്മെ നയിക്കാനും പരിപാലിക്കാനും നവജീവന്റെ സമൃദ്ധമായ പുൽമേടുകളിലേക്ക് എത്തിക്കാനും യേശു ആഗ്രഹിക്കുന്നു. അവനുമായി പരിചയം വളർത്തുകയും അവന്റെ സ്വരത്തിനു മാത്രം ചെവികൊടുക്കുകയും ചെയ്യുക. അപ്പോൾ അന്ധനായിരുന്ന ആ മനുഷ്യനെപ്പോലെ, വിശ്വാസത്തിന്റെ കണ്ണുകളിലൂടെ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ നിങ്ങൾ കാണാൻ തുടങ്ങും.

എന്റെ നല്ല ഇടയനായ യേശുവേ, രാവും പകലും അങ്ങ് എന്നെ വിളിക്കുന്നു. എന്നിട്ടും അങ്ങയുടെ സൗമ്യമായ സ്വരം കേട്ട് അതിനോടു പ്രതികരിക്കാൻ എത്രയോ തവണ ഞാൻ പരാജയപ്പെടുന്നു. എന്റെ സ്വന്തം പാപംമൂലമുണ്ടായ അന്ധതയിൽനിന്ന് എന്നെ മോചിപ്പിക്കണമേ. അങ്ങനെ വിനയത്തോടെ അങ്ങയിലേക്കു തിരിയാനും ആശ്വാസം പകരുന്ന അങ്ങയുടെ പരിചിതസ്വരം കേട്ട് അങ്ങയെ അനുഗമിക്കാനും എനിക്കു കഴിയട്ടെ. എന്റെ നല്ല ഇടയനായ യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

ഉയിർപ്പുകാല പ്രാർഥനകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.