മലയാളം

ഫലം പുറപ്പെടുവിക്കൽ

2026 മേയ് 6
ഉയിർപ്പുകാലം അഞ്ചാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

യേശു പഠിപ്പിക്കുന്നു

വീഡിയോ

“ഞാൻ നിങ്ങളിൽ വസിക്കുന്നതുപോലെ നിങ്ങളും എന്നിൽ വസിക്കുവിൻ. മുന്തിരിവള്ളിയിൽ നിലനിൽക്കുന്നില്ലെങ്കിൽ ശാഖയ്ക്ക് സ്വയം ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും കഴിയുകയില്ല. ഞാൻ മുന്തിരിവള്ളിയാണ്; നിങ്ങൾ ശാഖകളാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ധാരാളം ഫലം പുറപ്പെടുവിക്കും. എന്തെന്നാൽ, എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.” യോഹന്നാൻ 15:4–5

ജീവന്റെയും ഫലസമൃദ്ധിയുടെയും ഉറവിടം ഈശോയാണ്. എന്നിട്ടും, സ്വന്തം കഴിവുകൊണ്ട് ഫലം പുറപ്പെടുവിക്കാൻ നാം പലപ്പോഴും ശ്രമിക്കുന്നു. ക്രിസ്തുവിൽ വസിച്ചാൽ മാത്രമേ യഥാർഥത്തിൽ നല്ല ഫലം പുറപ്പെടുവിക്കാൻ കഴിയൂ. കാരണം, നമ്മുടെ ജീവിതത്തിലെ എല്ലാ നല്ല ഫലങ്ങളുടെയും ഉറവിടം അവിടുന്നാണ്.

നല്ല ഫലം പുറപ്പെടുവിക്കുന്നത്, അതായത് സത്പ്രവൃത്തികൾ ചെയ്യുന്നത്, അതുകൊണ്ടുമാത്രം നമ്മെ രക്ഷിക്കുന്നില്ല. ക്രിസ്തുവിലൂടെ ലഭിക്കുന്ന കൃപയുടെ ദാനമാണ് രക്ഷ. എന്നാൽ കൃപയുടെ ഫലങ്ങളായ സത്പ്രവൃത്തികൾ, അവിടുത്തോടുള്ള നമ്മുടെ ഐക്യത്തിന്റെ ആഴം വെളിപ്പെടുത്തുന്നു; ദൈവസ്നേഹത്താൽ രൂപാന്തരപ്പെട്ട ജീവിതത്തിന്റെ അനിവാര്യമായ പ്രകടനങ്ങളുമാണ് അവ. ആരോഗ്യമുള്ള മുന്തിരിവള്ളി സ്വാഭാവികമായി ധാരാളം മുന്തിരിപ്പഴങ്ങൾ പുറപ്പെടുവിക്കുന്നതുപോലെ, ക്രിസ്തുവിനോട് ഐക്യപ്പെട്ട ആത്മാവ് ദൈവമഹത്ത്വത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുമായി സമൃദ്ധമായ ആത്മീയഫലം പുറപ്പെടുവിക്കുന്നു. എല്ലാറ്റിനുമുപരിയായി ഈ ഫലം ഉപവിസ്നേഹമാണ്—നമ്മിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യം പ്രതിഫലിപ്പിക്കുകയും മറ്റുള്ളവരെ അവിടുത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന നിത്യമായ ദാനം.

ഒരു ഉപമയിലൂടെ ഇതു മനസ്സിലാക്കാം: മുന്തിരിവള്ളിക്ക് ആരോഗ്യവും മതിയായ പോഷണവും ലഭിക്കുമ്പോൾ അത് നല്ല മുന്തിരിപ്പഴങ്ങൾ പുറപ്പെടുവിക്കുന്നു. രോഗം ബാധിച്ചതോ വേണ്ടത്ര പോഷണം ലഭിക്കാത്തതോ ആയ വള്ളിയാകട്ടെ ഉപയോഗശൂന്യമായ മുന്തിരിപ്പഴങ്ങളായിരിക്കും പുറപ്പെടുവിക്കുക. ലോകത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും മാറ്റം വരുത്താൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് ഒരേയൊരു വഴിയേയുള്ളൂ: നമ്മുടെ കർത്താവിനോട് ഉറച്ചു ചേർന്നുനിൽക്കണം. അവിടുന്ന് നമ്മിൽ വസിക്കുന്നതുപോലെ നാം അവിടുത്തിലും വസിക്കണം. അപ്പോൾ അവിടുന്ന് നൽകുന്ന ആത്മീയപോഷണം നമ്മിലും നമ്മിലൂടെയും കൃപയുടെ സമൃദ്ധി ഉളവാക്കും.

നിങ്ങൾ സ്നേഹിക്കുന്നവരെക്കുറിച്ച് ചിന്തിക്കുക. അവർക്കുവേണ്ടി എന്തും ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾ എന്തായിരിക്കും ചെയ്യുക? ദീർഘകാല രോഗമോ സാമ്പത്തിക ബുദ്ധിമുട്ടോ അവർ വഹിക്കുന്ന ഭാരമേറിയ ഏതെങ്കിലും കുരിശോ പോലുള്ള അവരുടെ എല്ലാ സഹനങ്ങളും ലഘൂകരിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഇത്തരം ആഗ്രഹങ്ങൾ അവരോടുള്ള നമ്മുടെ കരുതൽ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, വിശ്വാസത്തിന്റെയും ദൈവകൃപയുടെയും ആത്മീയാനുഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ ലൗകികസുഖങ്ങൾപോലും മങ്ങിപ്പോകുന്നു. മറ്റുള്ളവരിൽ വിശ്വാസം ഉണർത്താനും അവരെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാനും അവിടുത്തെ സ്നേഹത്തിന്റെ ഉപകരണങ്ങളായി നമ്മെ ഉപയോഗിക്കാൻ ദൈവത്തെ അനുവദിക്കുന്നതാണ് നമുക്ക് അവർക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ.

മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റം വരുത്താനുള്ള ഏറ്റവും നല്ല മാർഗം, കർത്താവിനോട് നാം ഐക്യപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ആദ്യം സ്വന്തം ആത്മാവിനെ പരിപാലിക്കുകയാണ്. നാം ദിവസവും പ്രാർഥിക്കുകയും പ്രാർഥന കൂടുതൽ ആഴമുള്ളതാക്കാനും അതിനായി കൂടുതൽ സമയം നീക്കിവയ്ക്കാനുമുള്ള വഴികൾ തേടുകയും വേണം. നാം ദൈവകല്പനകളോട് വിശ്വസ്തരായിരിക്കണം; പതിവായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം; അനുരഞ്ജന കൂദാശ സ്വീകരിക്കണം; വിശുദ്ധ ലിഖിതങ്ങൾ വായിക്കുകയും ധ്യാനിക്കുകയും വേണം; വിശുദ്ധരുടെ ജീവിതങ്ങൾ പരിചയപ്പെടുകയും ക്രിസ്തുവിന്റെ സഭയുടെ പ്രബോധനങ്ങൾ അറിയുകയും വേണം. ഇവയെല്ലാം രണ്ടു ലക്ഷ്യങ്ങൾക്കുവേണ്ടിയാണ്: ഒന്നാമതായി, ഇവ നമ്മെ രൂപാന്തരപ്പെടുത്തുകയും ദൈവത്തോട് കൂടുതൽ പൂർണമായി ഐക്യപ്പെടുത്തുകയും ചെയ്യുന്നു. രണ്ടാമതായി, നമ്മുടെ ജീവിതത്തിൽ ഉപവിസ്നേഹം ഉളവാക്കാൻ ഇവ ദൈവത്തിന് ഇടം നൽകുന്നു. തന്റെ കരുണകൊണ്ട് മറ്റുള്ളവരെ സ്പർശിക്കാൻ അവിടുന്ന് നമ്മെ ഉപയോഗിക്കുന്ന മാർഗമാണിത്.

ഒടുവിൽ, നാം മറ്റൊരാൾക്കുവേണ്ടി ചെയ്യുന്ന എല്ലാ നന്മകളും ഇല്ലാതാകും; അതിലും ശ്രേഷ്ഠമായ നന്മയായ ഉപവിസ്നേഹം മാത്രം നിലനിൽക്കും. നമ്മുടെ ജീവിതകാലം മുഴുവനും അതിനപ്പുറം വരാനിരിക്കുന്ന ജീവിതത്തിലും ഉപവിസ്നേഹം മാത്രമേ നിലനിൽക്കൂ. സ്വർഗത്തിൽ ഉപവിസ്നേഹമെന്ന നിക്ഷേപം നമ്മോടൊപ്പമുണ്ടായിരിക്കുകയും നമ്മുടെ നിത്യാനന്ദമായിത്തീരുകയും ചെയ്യും. ആ ഉപവിസ്നേഹം സ്വീകരിച്ചവർ, നമ്മിലൂടെ ദൈവം തങ്ങൾക്കു നൽകിയ ദാനത്തെപ്രതി എന്നും നന്ദിയുള്ളവരായിരിക്കും.

നിങ്ങളുടെ ജീവിതത്തിൽനിന്ന് ഫലമായി പുറപ്പെടുന്ന ഉപവിസ്നേഹത്തെക്കുറിച്ചും അത് മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിനെക്കുറിച്ചും ഇന്ന് വിചിന്തനം ചെയ്യുക. അവരുടെ ജീവിതത്തിൽ മാറ്റം വരുത്താൻ ദൈവം നിങ്ങളെ ഉപയോഗിച്ച വ്യക്തമായ വഴികൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കു കഴിയുമോ? അവരുടെ ആത്മാവിനെ സ്പർശിക്കുകയും നമ്മുടെ ദിവ്യനാഥനോട് അവരെ കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്ന ഉപവിസ്നേഹപ്രവൃത്തികളെക്കുറിച്ച് പ്രത്യേകം ധ്യാനിക്കുക. ഈ ലക്ഷ്യത്തിൽ ദൃഷ്ടിയുറപ്പിക്കുക. കാരണം, ഇപ്രകാരം നിങ്ങൾ നല്ല ഫലം പുറപ്പെടുവിക്കുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതം ക്രിസ്തുവിലാണെന്നും അവിടുത്തെ ജീവൻ നിങ്ങളിലുണ്ടെന്നും നിങ്ങൾക്ക് ഉറപ്പോടെ അറിയാൻ കഴിയും.

യഥാർഥ മുന്തിരിവള്ളിയായ എന്റെ കർത്താവേ, അങ്ങ്, അങ്ങു മാത്രമാണ് എന്റെ ജീവിതത്തിലെ പോഷണത്തിന്റെ ഉറവിടം. അങ്ങ് എന്നെ നിലനിർത്തുകയും എന്റെ ജീവിതത്തിൽ ഉപവിസ്നേഹത്തിന്റെ നല്ല ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഞാൻ അങ്ങിൽ വസിക്കേണ്ടതിന് എന്നെ അങ്ങയോട് അടുപ്പിക്കുകയും എന്നിൽ വസിക്കുകയും ചെയ്യണമേ. അങ്ങ് അപ്രകാരം ചെയ്യുമ്പോൾ, നല്ല ഫലം സമൃദ്ധമായി പുറപ്പെടുവിക്കുകയും ആ നല്ല ഫലമായ ഉപവിസ്നേഹം എന്നിലൂടെ മറ്റുള്ളവരിലേക്ക് ഉദാരമായി ചൊരിയുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഉയിർപ്പുകാല പ്രാർഥനകൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.