2026 ഒക്ടോബർ 15
കന്യകയും വേദപാരംഗതയുമായ ഈശോയുടെ വിശുദ്ധ ത്രേസ്യയുടെ ഓർമ്മ
ഇന്നത്തെ വായനകൾ
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം വാരത്തിലെ വ്യാഴാഴ്ചത്തെ വായനകൾ
ക്രിസ്തുവും ഫരിസേയരും, ഹാൻസ് ഷോയ്ഫെലൈൻ വരച്ച ചിത്രം
“നിയമപണ്ഡിതന്മാരേ, നിങ്ങൾക്കു ദുരിതം! ജ്ഞാനത്തിന്റെ താക്കോൽ നിങ്ങൾ എടുത്തുമാറ്റി. നിങ്ങൾതന്നെ പ്രവേശിച്ചില്ല; പ്രവേശിക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾ തടയുകയും ചെയ്തു.” യേശു അവിടം വിട്ടപ്പോൾ, നിയമജ്ഞരും ഫരിസേയരും അവനോടു ശത്രുതയോടെ പെരുമാറാനും പല കാര്യങ്ങളെക്കുറിച്ച് അവനെ ചോദ്യം ചെയ്യാനും തുടങ്ങി. കാരണം, അവൻ പറയുന്ന ഏതെങ്കിലും വാക്കിൽ അവനെ കുടുക്കാൻ അവർ പദ്ധതിയിടുകയായിരുന്നു. ലൂക്കാ 11:52–54
“ജ്ഞാനത്തിന്റെ താക്കോൽ എടുത്തുമാറ്റിയ” നിയമപണ്ഡിതന്മാരുടെ ഗുരുതരമായ വീഴ്ചയെക്കുറിച്ചാണ് യേശു സംസാരിക്കുന്നത്. ദൈവിക സത്യത്തിലേക്കുള്ള വഴി തുറക്കാനും ആത്മാക്കളെ ദൈവത്തിന്റെ രഹസ്യങ്ങളിലേക്കു നയിക്കാനും അവരെ നിത്യജീവനിലേക്കു വഴിനടത്താനും മതനേതാക്കന്മാരെ ഏൽപ്പിച്ചിരിക്കുന്ന കൃപയെയും ഉത്തരവാദിത്വത്തെയുമാണ് ഈ താക്കോൽ പ്രതീകപ്പെടുത്തുന്നത്. ക്ഷണിക്കാനും പഠിപ്പിക്കാനും വെളിച്ചം പകരാനും തങ്ങളുടെ സ്ഥാനം ഉപയോഗിക്കുന്നതിനുപകരം, ഈ പണ്ഡിതന്മാർ സത്യത്തെ മറച്ചുവെച്ചു. വിശ്വാസത്തിലൂടെയും എളിമയിലൂടെയും ദൈവരാജ്യത്തിൽ പ്രവേശിക്കാൻ അവർ സ്വയം വിസമ്മതിച്ചെന്നു മാത്രമല്ല, ആത്മാർഥമായി രക്ഷ അന്വേഷിച്ച മറ്റുള്ളവരെ തടസ്സപ്പെടുത്തുകയും ചെയ്തു.
ദൈവത്തിന്റെ നിയമം വളച്ചൊടിക്കുകയും മനുഷ്യർ കെട്ടിച്ചമച്ച പാരമ്പര്യങ്ങളുടെ ഭാരം ജനങ്ങളുടെമേൽ ചുമത്തുകയും ചെയ്തുകൊണ്ട്, ഫലത്തിൽ അവർ ഗ്രഹണത്തിന്റെ വാതിൽ പൂട്ടുകയും ദൈവവചനത്തിന്റെ സ്വരം അടക്കുകയും ചെയ്തു. സത്യത്തോടുള്ള ഇത്തരമൊരു വഞ്ചന ഇടർച്ചയ്ക്കും ആത്മീയ അന്ധതയ്ക്കും കാരണമാകുന്നു; അത് കഠിനമായ വിധിക്ക് അർഹമാണെന്ന് യേശു മുന്നറിയിപ്പു നൽകുന്നു.
സഭയിലും കുടുംബത്തിലും നമ്മുടെ സമൂഹങ്ങളിലും പഠിപ്പിക്കാനും നയിക്കാനുമുള്ള ദൗത്യം ഏൽപ്പിക്കപ്പെട്ടിരിക്കുന്ന നമുക്കെല്ലാവർക്കുമുള്ള സന്ദേശമാണ് ഈ വചനഭാഗം. നമ്മുടെ വിശ്വാസസത്യങ്ങൾ വളച്ചൊടിക്കാനോ അവയുടെ സാരാംശം ചോർത്തിക്കളയാനോ പാടില്ല. കേൾക്കുന്നയാൾക്ക് സന്ദേശം വെല്ലുവിളിയാകുമ്പോഴും, വ്യക്തതയോടും എളിമയോടും സ്നേഹത്തോടുംകൂടെ അവ വിശ്വസ്തതയോടെ കൈമാറണം.
പല വിധത്തിലും, സുവിശേഷത്തെ വളച്ചൊടിക്കുന്നത് അതിനെ പൂർണമായി തള്ളിക്കളയുന്നതിനെക്കാൾ മോശമാണ്. സുവിശേഷത്തെ തള്ളിക്കളയുന്നവർ തങ്ങളുടെ മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കുകയും അനുതപിക്കുകയും വേണം. എന്നാൽ വിശ്വാസം ഏറ്റുപറഞ്ഞിട്ട് അതിനെ മറ്റുള്ളവർക്കു തെറ്റായി അവതരിപ്പിക്കുന്നവർ രണ്ടുവിധത്തിലുള്ള പാപത്തിന് കുറ്റക്കാരാണ്—അവരിൽത്തന്നെയുള്ള യഥാർഥ വിശ്വാസത്തിന്റെ അഭാവവും അവർ മറ്റുള്ളവരിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പവും.
നിയമജ്ഞർക്കും ഫരിസേയർക്കും എതിരായ യേശുവിന്റെ വിമർശനം അവർ തോറായെയും പ്രവാചകഗ്രന്ഥങ്ങളെയും ജ്ഞാനസാഹിത്യത്തെയും വളച്ചൊടിച്ചതിനെക്കുറിച്ചായിരുന്നെങ്കിലും, വിശുദ്ധ പൗലോസ് ആദിമസഭയ്ക്ക് സമാനമായ ഒരു മുന്നറിയിപ്പു നൽകി. 2 കോറിന്തോസ് 11:1–15-ൽ, “മറ്റൊരു യേശുവിനെ” പ്രഘോഷിക്കുകയും “വ്യത്യസ്തമായൊരു സുവിശേഷം” പ്രസംഗിക്കുകയും ആദ്യം സ്വീകരിച്ചതിൽനിന്നു “വ്യത്യസ്തമായൊരു ആത്മാവ്” ഉള്ളവരായിരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് അദ്ദേഹം പറയുന്നു. അവരെ “വ്യാജ അപ്പസ്തോലന്മാർ, വഞ്ചകരായ പ്രവർത്തകർ” എന്ന് അദ്ദേഹം വിളിക്കുന്നു. “സാത്താൻ പ്രകാശത്തിന്റെ ദൂതനായി വേഷംമാറുന്നു” എന്നും അതിനാൽ “അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംമാറുന്നതിൽ” അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പൗലോസിന്റെ മുന്നറിയിപ്പിൽ ക്രിസ്തുവിന്റെതന്നെ മുന്നറിയിപ്പ് പ്രതിഫലിക്കുന്നു. പുറമേ ഭക്തരോ അപ്പസ്തോലിക ദൗത്യമുള്ളവരോ ആയി കാണപ്പെടുന്നവർ വാസ്തവത്തിൽ സൂക്ഷ്മവും എന്നാൽ മാരകവുമായ രീതികളിൽ സുവിശേഷത്തെ വളച്ചൊടിച്ചേക്കാം. ലൗകിക മനോഭാവങ്ങൾക്ക് കൂടുതൽ ആകർഷകവും ദുർവൃത്തികളോട് കൂടുതൽ വിട്ടുവീഴ്ച ചെയ്യുന്നതും മനുഷ്യന്റെ അഹങ്കാരത്തെ കൂടുതൽ തൃപ്തിപ്പെടുത്തുന്നതുമായ ഒരു സന്ദേശം അവർ അവതരിപ്പിച്ചേക്കാം. എന്നാൽ അതിൽ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുന്ന സത്യം ഇല്ല. അവരുടെ വാക്കുകൾ ഭക്തിനിർഭരവും അനുകമ്പയുള്ളതും സ്വാഗതം ചെയ്യുന്നതുമായി തോന്നിയേക്കാം. എന്നാൽ അവ ആത്മാക്കളെ സത്യത്തിന്റെ ഇടുങ്ങിയ പാതയിൽനിന്ന് അകറ്റുന്നെങ്കിൽ, അവ ദൈവത്തിൽനിന്നുള്ളവയല്ല.
ഇത്തരത്തിലുള്ള വഞ്ചന പ്രത്യേകിച്ച് അപകടകരമാണ്. കാരണം, അത് വിശുദ്ധിയുടെ പുറംമോടി അണിയുന്നു; അതിനെ തിരിച്ചറിയുക എല്ലായ്പ്പോഴും എളുപ്പവുമല്ല. ഇക്കാരണത്താൽ, ജാഗ്രത പാലിക്കാനും വിശ്വസ്തരായിരിക്കാനും എന്നേക്കുമായി കൈമാറപ്പെട്ട ആധികാരിക സുവിശേഷത്തിൽ ആഴത്തിൽ വേരൂന്നാനും വിശുദ്ധ പൗലോസ് ആഹ്വാനം ചെയ്യുന്നു. ഇതേ മുന്നറിയിപ്പ് ഇന്നും ബാധകമാണ്. സുവിശേഷത്തെ ദൈവിക വെളിപാടെന്നതിനു പകരം മനുഷ്യന്റെ ഒരു പദ്ധതിയായി പുനർരൂപപ്പെടുത്തുന്ന പ്രബോധനങ്ങളെക്കുറിച്ച് നാം ജാഗരൂകരായിരിക്കണം. ജ്ഞാനത്തിന്റെ താക്കോലിന്റെ വിശ്വസ്തരായ കാര്യസ്ഥരായി നിലനിൽക്കാനുള്ള കൃപയ്ക്കായി നാം എളിമയോടെ പ്രാർഥിക്കുകയും വേണം.
സുവിശേഷത്തിന്റെ സത്യം കാത്തുസൂക്ഷിക്കാനും കൈമാറാനും സഭയെ ഏൽപ്പിച്ചിരിക്കുന്ന മഹത്തായ ഉത്തരവാദിത്വത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങൾ മാതാവോ പിതാവോ അധ്യാപകനോ ശുശ്രൂഷകനോ ലോകത്തിൽ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്ന ഒരാളോ ആകട്ടെ, വാക്കിലും പ്രവൃത്തിയിലും വ്യക്തതയോടും സ്നേഹത്തോടും ധൈര്യത്തോടുംകൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ടോ എന്നു പരിചിന്തിക്കുക. നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങളാലല്ല, സഭയെ ഏൽപ്പിച്ചിരിക്കുന്ന രക്ഷാകരമായ സത്യത്താൽ മറ്റുള്ളവരെ നയിക്കാനുള്ള കൃപയ്ക്കായി പ്രാർഥിക്കുക. ആ സത്യം മാത്രമാണ് സ്വർഗരാജ്യത്തിലേക്കുള്ള താക്കോൽ!
സകല സത്യത്തിന്റെയും നാഥാ, അങ്ങയുടെ നിർമലവും വിശുദ്ധവുമായ വചനം മാത്രമാണ് നമുക്കാവശ്യമായ നിത്യവും രക്ഷാകരവുമായ സത്യം. ആ സത്യത്തെ വളച്ചൊടിക്കുന്ന എല്ലാറ്റിൽനിന്നും എന്നെ മോചിപ്പിക്കുകയും ഈ ലോകത്തിൽ വിശ്വസ്തമായി സാക്ഷ്യം വഹിക്കാനുള്ള ധൈര്യവും അനുകമ്പയും എനിക്കു നൽകുകയും ചെയ്യണമേ. അനുകമ്പയെക്കുറിച്ചുള്ള തെറ്റായ ധാരണകൊണ്ടോ ബലഹീനതകൊണ്ടോ ആശയക്കുഴപ്പംകൊണ്ടോ ഞാൻ ഒരിക്കലും സുവിശേഷത്തിന്റെ സാരാംശം ചോർത്തിക്കളയാതിരിക്കട്ടെ. അങ്ങയുടെ സ്നേഹത്തിന്റെയും കരുണയുടെയും വ്യക്തവും അചഞ്ചലവുമായ ഉപകരണമായി എന്നെ മാറ്റണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇന്നത്തെ വിശുദ്ധ – ഈശോയുടെ വിശുദ്ധ ത്രേസ്യ, കന്യകയും സഭയുടെ വേദപാരംഗതയും—അനുസ്മരണം
വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ നേടൂ.
ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ






