2026 നവംബർ 27
സാധാരണകാലം മുപ്പത്തിനാലാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
പ്രപഞ്ചരാജാവായ നമ്മുടെ കർത്താവ് യേശുക്രിസ്തു, രചന: Lawrence OP, CC BY-NC-ND 2.0.
യേശു ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: “അത്തിമരത്തെയും മറ്റെല്ലാ മരങ്ങളെയും നോക്കുവിൻ. അവയുടെ തളിരുകൾ വിടരുമ്പോൾ, വേനൽക്കാലം അടുത്തിരിക്കുന്നുവെന്ന് നിങ്ങൾതന്നെ കണ്ടു മനസ്സിലാക്കുന്നു. അതുപോലെ, ഇവ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിൻ.” ലൂക്കാ 21:29–31
ലൂക്കായുടെ സുവിശേഷത്തിൽ തന്റെ അവസാന പ്രഭാഷണം ഉപസംഹാരത്തിലേക്കു കൊണ്ടുവരുമ്പോൾ, അനുദിനജീവിതത്തിന്റെ ലാളിത്യത്തെയും നിത്യയാഥാർഥ്യങ്ങളുടെ അഗാധതയെയും ഒരുപോലെ സ്പർശിക്കുന്ന ഒരു ഉപമ യേശു നൽകുന്നു. പ്രഭാഷണം ശ്രവിച്ചുകൊണ്ടിരുന്നവർക്ക് അതു പരിചിതമായ ഒരു ദൃശ്യമായിരുന്നു: വേനൽക്കാലം അടുത്തിരിക്കുന്നുവെന്നു സൂചിപ്പിച്ചുകൊണ്ട് തളിരുകൾ വിടരാൻ തുടങ്ങുന്ന ഒരു അത്തിമരം. ജീവന്റെയും മാറ്റത്തിന്റെയും അടയാളങ്ങളെയും ദൈവം ഇടപെടുന്ന രീതിയെയും ശാന്തമായി ശ്രദ്ധിച്ചുകൊണ്ട് വിവേചിച്ചറിയുന്നതിന്റെ ഒരു ചിത്രം ഈ ഉപമ വരച്ചുകാട്ടുന്നു.
നമുക്കു ചുറ്റുമുള്ള ലോകത്തിലെ പ്രകൃതിയുടെ അടയാളങ്ങൾ വായിച്ചറിയുന്നതുപോലെ, സാർവത്രികതലത്തിലും നമ്മുടെ സ്വന്തം ജീവിതത്തിലും രക്ഷാചരിത്രത്തിന്റെ “ഋതുക്കൾ” വായിച്ചറിയാൻ യേശു നമ്മെ ക്ഷണിക്കുന്നു. മരങ്ങൾ തളിർക്കുന്നത് ഒരു പുതിയ കാലത്തിന്റെ വരവിനെ സൂചിപ്പിക്കുന്നതുപോലെ, ലോകത്തിലെ സംഭവങ്ങളും മനുഷ്യഹൃദയത്തിനുള്ളിലെ ചലനങ്ങളും ദൈവത്തിന്റെ പദ്ധതി ക്രമേണ വെളിപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. “ദൈവരാജ്യം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിൻ.” ഇത് അന്ത്യകാലത്തെക്കുറിച്ചുള്ള ഒരു പ്രസ്താവന മാത്രമല്ല; നമ്മുടെ കാലമുൾപ്പെടെ ചരിത്രത്തിന്റെ ഓരോ നിമിഷത്തിലും ദൈവം നിരന്തരം, നിശ്ശബ്ദമായി സമീപത്തുണ്ടെന്ന പ്രഖ്യാപനംകൂടിയാണ്.
തുടർന്ന് യേശു വിസ്മയകരമായ ഒരു പ്രഖ്യാപനം നടത്തുന്നു: “ആകാശവും ഭൂമിയും കടന്നുപോകും; എന്നാൽ എന്റെ വചനങ്ങൾ കടന്നുപോവുകയില്ല.” ആ ചുരുക്കം വാക്കുകളിൽ, സൃഷ്ടിയുടെ ദുർബലതയെയും ദൈവികസത്യത്തിന്റെ ശാശ്വതതയെയും അവിടുന്ന് നേർക്കുനേർ നിർത്തുന്നു. ഈ ലോകത്തിലുള്ളതെല്ലാം—പ്രപഞ്ചം മുഴുവനും—കടന്നുപോകുകയാണ്. എന്നാൽ അവിടുത്തെ വചനം കാലത്തിന്റെ അന്ത്യംവരെയും അതിനപ്പുറവും നിലനിൽക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ അവിടുത്തെ വചനമാണ് നങ്കൂരവും അടിത്തറയും ഇളകാത്ത പാറയും.
മാറ്റങ്ങൾ നമ്മെ അസ്വസ്ഥരാക്കിയേക്കാം. ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുന്ന ഒരു വയോധികൻ സന്തോഷവും അനുഗ്രഹവും നിറഞ്ഞ വർഷങ്ങളും ക്ലേശവും പോരാട്ടവും നിറഞ്ഞ വർഷങ്ങളും കാണുന്നു. ഭാവിയിലേക്കു നോക്കുന്ന യുവജനങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്. വരാനിരിക്കുന്ന പരീക്ഷണങ്ങളെക്കുറിച്ച് ഒരുപക്ഷേ അവർ ഭയപ്പെടുന്നുണ്ടാകാം; അതേസമയം, ഇനിയും കണ്ടിട്ടില്ലാത്ത അനുഗ്രഹങ്ങളെക്കുറിച്ച് പ്രത്യാശ പുലർത്തുകയും ചെയ്യുന്നു.
മാറ്റങ്ങൾ കൊണ്ടുവരുന്ന സന്തോഷകരവും വേദനാജനകവുമായ വെല്ലുവിളികളെ നേരിടുമ്പോൾ, ദൈവവചനമാകുന്ന പാറപോലെ ഉറച്ച അടിത്തറയിൽ മുറുകെപ്പിടിച്ചുകൊണ്ട് അവയെ നേരിടാനാണ് നാം ക്ഷണിക്കപ്പെടുന്നത്. യേശു തന്റെ പരസ്യശുശ്രൂഷയിലുടനീളം പഠിപ്പിച്ചതും വിശുദ്ധഗ്രന്ഥത്തിന്റെ കാനോനിൽ രേഖപ്പെടുത്തിയിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പിടിച്ചുനിൽക്കാൻ നമുക്കാവശ്യമായ സഹായം നൽകുന്നു.
ഒരു സാദൃശ്യം പറഞ്ഞാൽ, വിശുദ്ധഗ്രന്ഥത്തിലെ ഓരോ ഭാഗവും ഒരു മരത്തിലെ തളിർമൊട്ടുപോലെയാണ്. ചിലപ്പോൾ, നാം പാപത്തിൽ കുരുങ്ങിക്കിടക്കുമ്പോൾ ആ “തളിർമൊട്ട്” മാനസാന്തരത്തിനുള്ള ഒരു വിളിയായിരിക്കും. മറ്റു ചിലപ്പോൾ, ദുഃഖത്തിന്റെയോ പോരാട്ടത്തിന്റെയോ വേളയിൽ അത് ആശ്വാസത്തിന്റെ ഒരു വചനമായി വിടരും. അടുത്ത “കാലഘട്ടത്തിലേക്ക്” കടക്കാൻ ഈ ജീവിതത്തിൽ നമുക്കാവശ്യമായതെല്ലാം ദൈവവചനത്തിൽ കണ്ടെത്താം. നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും ഇച്ഛാശക്തിയെ ബലപ്പെടുത്തുകയും ആഗ്രഹങ്ങളെ ക്രമപ്പെടുത്തുകയും സ്വർഗത്തിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ ആന്തരികസമാധാനം നൽകുകയും ചെയ്യുന്ന സജീവമായ വചനമാണത്.
സമ്പത്ത്, ആരോഗ്യം, മനുഷ്യരുടെ അംഗീകാരം, ലൗകികസ്ഥാപനങ്ങൾ എന്നിങ്ങനെ കടന്നുപോകുന്ന കാര്യങ്ങളിൽ നാം പലപ്പോഴും ആശ്രയം വയ്ക്കുന്നു. അതിനു പകരം, നമ്മുടെ ജീവിതങ്ങളെ തന്റെ വചനത്തിൽ നങ്കൂരമിടാൻ യേശു നമ്മെ വിളിക്കുന്നു. ആ വചനത്താലാണ് ലോകം സൃഷ്ടിക്കപ്പെട്ടത്; അതേ വചനത്താലാണ് ലോകം വിധിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുക. അതിനാൽ, നാം വിളിക്കപ്പെട്ടിരിക്കുന്ന നിത്യലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചേരാൻ, വിശുദ്ധഗ്രന്ഥത്തിലൂടെയും സഭയുടെ സജീവമായ പാരമ്പര്യത്തിലൂടെയും കൈമാറപ്പെടുന്ന ദൈവവചനത്തിലൂടെയാണ് നമ്മുടെ ജീവിതത്തിന്റെ ദിനങ്ങളിലും വർഷങ്ങളിലും നാം വഴി കണ്ടെത്തേണ്ടത്.
ഇന്ന് നിങ്ങളുടെ സ്വന്തം ജീവിതത്തിലെ “തളിർമൊട്ടുകളെ”ക്കുറിച്ച് ധ്യാനിക്കുക. ദൈവം സമീപത്തുണ്ടെന്നും നിങ്ങളോടു സംസാരിക്കുകയും നിങ്ങളെ നയിക്കുകയും ചെയ്യുന്നുവെന്നും കാണിച്ചുതരുന്ന നിശ്ശബ്ദമായ അടയാളങ്ങൾ ഏതൊക്കെയാണ്? അവ തിരിച്ചറിയാൻ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? മാർഗദർശനവും പ്രത്യാശയുമായി നിങ്ങളുടെ ദിനത്തിലേക്കു കടന്നുവരുന്ന സജീവമായ ഒരു സ്വരമായി ദൈവവചനത്തെ നിങ്ങൾ കാണുന്നുണ്ടോ? ഇന്ന് അവിടുത്തെ വചനത്തിനു നിങ്ങളുടെ ഹൃദയം തുറക്കുക. കൂടുതൽ ആഴമായ ആശ്രയബോധത്തിലേക്കും നിലനിൽക്കുന്ന പ്രത്യാശയിലേക്കും അവിടുത്തെ രാജ്യത്തിന്റെ വരവിനായുള്ള ആനന്ദപൂർണമായ ഒരുക്കത്തിലേക്കും നിങ്ങളെ നയിക്കാൻ ആ വചനത്തെ അനുവദിക്കുക.
പിതാവിന്റെ നിത്യവചനമേ, ഒരിക്കലും തകരാത്ത പാറയും മങ്ങാത്ത പ്രകാശവും കടന്നുപോകാത്ത സത്യവും അങ്ങാണ്. എന്റെ ജീവിതത്തിൽ അങ്ങയുടെ സാന്നിധ്യത്തിന്റെ അടയാളങ്ങൾ വായിച്ചറിയാനും വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അങ്ങയുടെ വചനത്തിൽ എപ്പോഴും മുറുകെപ്പിടിക്കാനും എന്നെ സഹായിക്കണമേ. മാറ്റങ്ങൾ വരുമ്പോഴും എനിക്കു ചുറ്റുമുള്ള ലോകം മാറിമറിയുമ്പോഴും അങ്ങ് എന്റെ അടിത്തറയും സമാധാനവുമായിരിക്കണമേ. കടന്നുപോകുന്നവയിൽ ഒരിക്കലും ഞാൻ പ്രത്യാശ വയ്ക്കാതിരിക്കട്ടെ; പകരം, എപ്പോഴും അങ്ങിൽ നങ്കൂരമിട്ടു നിലകൊള്ളട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആഗമനകാല പ്രാർത്ഥനകളും ധ്യാനചിന്തകളും
വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ നേടൂ.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




