മലയാളം

ദൃഢനിശ്ചയത്തോടെ നിലകൊള്ളുക

2019 ജൂൺ 30, ഞായറാഴ്ച

ആണ്ടുവട്ടക്കാലത്തിലെ പതിമൂന്നാം ഞായർ, വർഷം C

ഇന്നത്തെ വായനകൾ

റോമാ സഭയിലെ ആദ്യ രക്തസാക്ഷികൾ – ഐച്ഛിക അനുസ്മരണം

യേശു സ്വർഗത്തിലേക്ക് എടുക്കപ്പെടാനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ, ജറുസലെമിലേക്കു പോകാൻ അവൻ ദൃഢനിശ്ചയം ചെയ്തു; തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.  ലൂക്കാ 9:51-52a

ജറുസലെമിലേക്കു യാത്ര ചെയ്യാനുള്ള തന്റെ ദൗത്യത്തിൽ യേശു “ദൃഢനിശ്ചയം ചെയ്തിരുന്നു.”  ഈ വാക്യത്തിന്റെ പ്രാധാന്യം എളുപ്പത്തിൽ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകാം.

ഈ വചനഭാഗത്തെക്കുറിച്ച് രണ്ടു കാര്യങ്ങൾ എടുത്തുപറയേണ്ടതുണ്ട്.  ഒന്നാമതായി, ലോകത്തിന്റെ പാപങ്ങൾക്കുവേണ്ടി അവൻ ഒടുവിൽ മരിക്കാനിരുന്ന സ്ഥലമായിരുന്നു ജറുസലെം.  കുരിശിലെ ബലിയിലൂടെ അവൻ മഹത്ത്വീകരിക്കപ്പെടേണ്ട സ്ഥലമായിരുന്നു അത്.  അതിനാൽ, അവിടേക്കു പോകുന്നത് അപകടകരമാണെന്ന് അറിയാമായിരുന്നതിനാൽ, യേശു ജറുസലെമിലേക്കു പോകാൻ ശിഷ്യന്മാർ ആഗ്രഹിച്ചില്ല.  എന്നാൽ, താൻ ഉടൻ സഹിക്കാനിരുന്ന പീഡകൾക്കപ്പുറം, താൻ അർപ്പിക്കാനിരുന്ന ബലിയുടെ ഭാവിമഹത്ത്വം യേശു കണ്ടു.

രണ്ടാമതായി, ജറുസലെമിലേക്കു പോയി തന്റെ ജീവൻ ബലിയർപ്പിക്കാനുള്ള തീരുമാനത്തിൽ യേശു “ഉറച്ചുനിന്നു” എന്നത് അവന്റെ ധൈര്യവും പരിപൂർണസ്നേഹവും വെളിപ്പെടുത്തുന്നു.  സമഗ്രമായ കാഴ്ചപ്പാട് അവന്റെ മനസ്സിലുണ്ടായിരുന്നതിനാൽ, തനിക്ക് എന്തു സംഭവിക്കുമെന്ന് അവൻ ഭയപ്പെട്ടില്ല.  അനേകം ആത്മാക്കളുടെ രക്ഷയെന്ന സദ്ഫലം അവൻ കണ്ടു; തന്റെ ദൈവികദൗത്യത്തിൽനിന്നു പിന്തിരിയാനുള്ള ഏതൊരു പ്രലോഭനത്തെയും അതു നിഷ്പ്രഭമാക്കി.

ലോകത്തിന്റെ രക്ഷയ്ക്കായി ജറുസലെമിൽ തന്റെ ജീവൻ ബലിയർപ്പിക്കാനുള്ള യേശുവിന്റെ ദൃഢനിശ്ചയത്തിൽനിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്.  തീർച്ചയായും, ഈ ബലിയുടെ ഫലം നാം തിരിച്ചറിയുകയും അതിന് എന്നും നന്ദിയുള്ളവരായിരിക്കുകയും വേണം.  എന്നാൽ, യേശുവിന്റെ പ്രവൃത്തികൾ അനുകരിക്കാനുള്ള ഒരു ക്ഷണമായും നാം അതിനെ കാണണം.  മറ്റുള്ളവരുടെ നന്മയ്ക്കായി നിസ്വാർഥമായ ത്യാഗജീവിതം തിരഞ്ഞെടുക്കാനുള്ള അനേകം അവസരങ്ങൾ നമ്മുടെ ജീവിതത്തിൽ നമുക്കു ലഭിക്കുന്നു.  പല രൂപങ്ങളിൽ ഈ അവസരങ്ങൾ വന്നുചേരുന്നു; എന്നാൽ ആത്യന്തികമായി അവയെല്ലാം സ്നേഹിക്കാനും സ്വയം സമർപ്പിക്കാനുമുള്ള അവസരങ്ങളാണ്.  ത്യാഗം നമ്മെ മറ്റൊരു ദിശയിലേക്ക് ഓടിയകലാൻ പ്രലോഭിപ്പിക്കുമെങ്കിലും, നിസ്വാർഥമായ എല്ലാ ത്യാഗങ്ങളുടെയും സദ്ഫലങ്ങളിൽ ദൃഷ്ടിയുറപ്പിച്ചാൽ, സ്നേഹിക്കാനുള്ള നമ്മുടെ തീരുമാനത്തിൽ ദൃഢനിശ്ചയത്തോടെ നിലകൊള്ളാൻ നമുക്കു പ്രചോദനം ലഭിക്കും.

നിങ്ങളുടെ “ജറുസലേം” എന്താണെന്ന് ഇന്ന് വിചിന്തനം ചെയ്യുക.  സ്നേഹത്തെപ്രതി എന്തിനുവേണ്ടിയാണ് നിങ്ങളുടെ ജീവിതം ത്യാഗമായി അർപ്പിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നത്?  അത് എന്താണെന്ന് തിരിച്ചറിയുമ്പോൾ, മറ്റുള്ളവരുടെ നന്മയ്ക്കായി ഈ ത്യാഗം ഏറ്റെടുക്കാനുള്ള നിങ്ങളുടെ സന്നദ്ധതയും പരിശോധിക്കുക; നമ്മുടെ കർത്താവിന്റെ ഉറച്ച നിശ്ചയദാർഢ്യം അനുകരിക്കാൻ പരിശ്രമിക്കുക.

കർത്താവേ, എന്റെ ജീവിതം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു; മറ്റുള്ളവരുടെ നന്മയ്ക്കായി എന്റെ ജീവിതം അർപ്പിക്കാനുള്ള അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിക്കുന്നു.  നിസ്വാർഥമായി ജീവിക്കുന്നതിന്റെ മൂല്യം തിരിച്ചറിയാൻ എനിക്കാവശ്യമായ ധൈര്യവും നിശ്ചയദാർഢ്യവും നൽകണമേ; അങ്ങയുടെ തിരുഹിതത്തോടുള്ള അചഞ്ചലമായ സ്നേഹത്താൽ എന്നെ നിറയ്ക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ – റോമാ സഭയിലെ ആദ്യ രക്തസാക്ഷികൾ


സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവയ്ക്കൂ!

ഞങ്ങളുടെ അനുദിന സുവിശേഷ വിചിന്തനങ്ങളോ ദൈവകരുണാ വിചിന്തനങ്ങളോ, അല്ലെങ്കിൽ രണ്ടും, ദിവസവും ഇമെയിൽ വഴി സൗജന്യമായി സ്വീകരിക്കൂ!