2019 ജൂലൈ 1, തിങ്കളാഴ്ച
ആണ്ടുവട്ടത്തിലെ പതിമൂന്നാം ആഴ്ചയിലെ തിങ്കളാഴ്ച
വിശുദ്ധ ജൂനിപെറോ സെറ, വൈദികൻ – അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം

ഒരു നിയമജ്ഞൻ അടുത്തുവന്ന് [യേശുവിനോട്] പറഞ്ഞു: “ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കും.” മത്തായി 8:19
ഈ നിയമജ്ഞൻ യേശുവിനോട് പറഞ്ഞത് ഉചിതമായ കാര്യമാണ്. നമ്മുടെ കർത്താവിനോട് നമുക്കെല്ലാവർക്കും ഉണ്ടായിരിക്കേണ്ട മനോഭാവം ഇതാണ്. എന്തുതന്നെ സംഭവിച്ചാലും അവിടുത്തെ അനുഗമിക്കാൻ നാം ഒരുക്കവും സന്നദ്ധതയും ഉള്ളവരായിരിക്കണം. എന്നാൽ, ഈ നിയമജ്ഞനോടുള്ള യേശുവിന്റെ മറുപടി ശ്രദ്ധേയമാണ്. അവിടുന്ന് പറഞ്ഞു: “കുറുക്കന്മാർക്ക് മാളങ്ങളും ആകാശത്തിലെ പക്ഷികൾക്ക് കൂടുകളുമുണ്ട്; എന്നാൽ മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ല” (മത്തായി 8:20).
ഈ മറുപടിയിൽനിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്? “എന്തുതന്നെ സംഭവിച്ചാലും എന്നെ അനുഗമിക്കാൻ നീ യഥാർത്ഥത്തിൽ ഒരുക്കവും സന്നദ്ധതയും ഉള്ളവനാണോ?” എന്ന് യേശു ആ നിയമജ്ഞനോട് ചോദിക്കുന്നതുപോലെയാണിത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്നെ അനുഗമിക്കാൻ തീരുമാനിക്കുക എന്നത് ഒരു വഴിയിലൂടെ സഞ്ചരിക്കാനുള്ള പ്രതിബദ്ധതയാണെന്ന് ആ നിയമജ്ഞന് വ്യക്തമാക്കിക്കൊടുക്കാൻ യേശു ആഗ്രഹിക്കുന്നു. ഈ വഴി അപകടസാധ്യതയുള്ളതാണ് എന്നു പറയുന്നത്, യേശുവിനെ അനുഗമിക്കാൻ അവിടുത്തിൽ പൂർണമായി ആശ്രയിക്കേണ്ടതുണ്ട് എന്ന അർത്ഥത്തിൽ മാത്രമാണ്. നമ്മുടെ കർത്താവ് നമ്മെ എവിടേക്കു നയിക്കുമെന്നോ നമ്മോട് എന്ത് ആവശ്യപ്പെടുമെന്നോ മുൻകൂട്ടി നമുക്ക് പറഞ്ഞുതരപ്പെടുകയില്ല. മറിച്ച്, യാതൊരു ഉപാധിയും കൂടാതെ യേശുവിനെ അനുഗമിക്കാൻ തീരുമാനിക്കുമ്പോൾ, നാം അവിടുത്തിൽ വ്യക്തിപരമായി വിശ്വാസമർപ്പിക്കുകയും അവിടുത്തെ തിരുവിഷ്ടം എന്തുതന്നെയായാലും നാം അത് സ്വീകരിക്കുന്നുവെന്ന് അവിടുത്തോട് പറയുകയുമാണ് ചെയ്യുന്നത്. യേശു ആഗ്രഹിക്കുന്നതിന്റെ താക്കോൽ ഈ അളവിലുള്ള വിശ്വാസമാണ്.
ഇന്ന് രണ്ടു കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. ഒന്നാമതായി, നിയമജ്ഞന്റെ ഈ വാക്കുകളെക്കുറിച്ച് ധ്യാനിച്ച്, സ്വന്തം ജീവിതത്തിൽ ഇവ ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമോ എന്ന് സ്വയം ചോദിക്കുക. ഈ വാക്കുകൾ വീണ്ടും വീണ്ടും പറയുക. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കർത്താവിന്റെ പദ്ധതി മനസ്സോടെ സ്വീകരിക്കുന്നതിന്റെ പ്രകടനമായി, അവ ബുദ്ധിയിൽനിന്ന് ഹൃദയത്തിലേക്ക് ഇറങ്ങാൻ അനുവദിക്കുക. രണ്ടാമതായി, ഇത്തരമൊരു മറുപടി നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ഉളവാക്കുന്ന ഫലങ്ങളെക്കുറിച്ച് ധ്യാനിക്കുക. ഈ വാക്കുകൾ പറയാൻ മാത്രമല്ല, ഇങ്ങനെയൊരു പ്രതിബദ്ധതയിൽനിന്ന് ഉരുത്തിരിയുന്ന എല്ലാം സ്വീകരിക്കാനും നിങ്ങൾ സന്നദ്ധരാണോ? നിങ്ങളുടെ ജീവിതം മുഴുവൻ കർത്താവിൽ വിശ്വാസത്തോടെ സമർപ്പിക്കാൻ നിങ്ങൾ സന്നദ്ധരാണോ? ഈ ഉറച്ച തീരുമാനം എടുക്കാൻ പരിശ്രമിക്കുക. ഈ തീരുമാനം നിങ്ങളെ വലിയ സന്തോഷത്തിന്റെ പാതയിലൂടെ നയിക്കും.
കർത്താവേ, അങ്ങ് എവിടെ പോയാലും അങ്ങയെ അനുഗമിക്കാൻ ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. അങ്ങയുടെ പരമപരിശുദ്ധമായ തിരുഹിതം എല്ലാറ്റിനും ഉപരിയായി ഞാൻ തിരഞ്ഞെടുക്കുന്നു. അങ്ങയുടെ ദൈവിക തിരുഹിതത്തിന് അനുസൃതമായി വിശ്വസ്തതയോടെ ജീവിക്കാനും എല്ലാ ദിവസവും അങ്ങയോട് “അതെ” എന്നു പറയാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ജൂനിപെറോ സെറ




