2019 ഓഗസ്റ്റ് 9, വെള്ളിയാഴ്ച
ആണ്ടുവട്ടത്തിലെ പതിനെട്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ (ഈഡിത് സ്റ്റൈൻ), കന്യകയും രക്തസാക്ഷിയും – ഐച്ഛിക അനുസ്മരണം

“എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച്, തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കണം.” മത്തായി 16:24
യേശുവിന്റെ ഈ വാക്കുകളിൽ വളരെ പ്രധാനപ്പെട്ട ഒരു പദമുണ്ട്. ‘നിർബന്ധമായും’ എന്ന പദമാണത്. നിങ്ങളിൽ ചിലർ ഒരുപക്ഷേ കുരിശും വഹിച്ച് എന്നെ അനുഗമിക്കേണ്ടിവന്നേക്കാം എന്നല്ല യേശു പറഞ്ഞതെന്ന് ശ്രദ്ധിക്കുക. അല്ല, എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന ആരായാലും നിർബന്ധമായും… എന്നാണ് അവിടുന്ന് പറഞ്ഞത്.
അതിനാൽ ആദ്യത്തെ ചോദ്യത്തിന് ഉത്തരം പറയാൻ എളുപ്പമായിരിക്കണം. യേശുവിനെ അനുഗമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ബുദ്ധികൊണ്ട് ചിന്തിക്കുമ്പോൾ അത് എളുപ്പമുള്ള ഒരു ചോദ്യമാണ്. ഉവ്വ്, തീർച്ചയായും നാം ആഗ്രഹിക്കുന്നു. എന്നാൽ ബുദ്ധികൊണ്ടുമാത്രം ഉത്തരം നൽകാവുന്ന ഒരു ചോദ്യമല്ല ഇത്. അനിവാര്യമാണെന്ന് യേശു പറഞ്ഞ കാര്യം ചെയ്യാനുള്ള നമ്മുടെ തീരുമാനത്തിലൂടെയും ഇതിന് ഉത്തരം നൽകണം. അതായത്, യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുക എന്നതിനർഥം തന്നെത്തന്നെ പരിത്യജിക്കുകയും സ്വന്തം കുരിശെടുക്കുകയും ചെയ്യുക എന്നതാണ്. ഒന്നു ചിന്തിക്കൂ, അപ്പോൾ നിങ്ങൾ അവിടുത്തെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
ഉത്തരം ‘ഉവ്വ്’ എന്നായിരിക്കുമെന്ന് പ്രത്യാശിക്കാം. യേശുവിനെ അനുഗമിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നതെല്ലാം സ്വീകരിക്കാൻ നാം ആഴമായി തീരുമാനിച്ചിട്ടുണ്ടാകുമെന്ന് പ്രത്യാശിക്കാം. എന്നാൽ അതൊരു ചെറിയ പ്രതിബദ്ധതയല്ല. ഇപ്പോൾ ഇവിടെ അവിടുത്തെ ‘ഒരുവിധത്തിൽ’ അനുഗമിച്ചാൽ മതിയെന്നും, എല്ലാം നന്നായിരിക്കുമെന്നും, മരിക്കുമ്പോൾ നാം തീർച്ചയായും സ്വർഗത്തിൽ എത്തുമെന്നും കരുതുന്ന വിഡ്ഢിത്തത്തിന്റെ കെണിയിൽ ചിലപ്പോൾ നാം വീഴാറുണ്ട്. ഒരുപക്ഷേ ഒരു പരിധിവരെ അത് ശരിയായിരിക്കാം. എന്നാൽ നമ്മുടെ ചിന്ത അങ്ങനെയാണെങ്കിൽ, ജീവിതത്തിന്റെ യഥാർഥ അർഥവും ദൈവം നമുക്കായി ഒരുക്കിവെച്ചിരിക്കുന്നതെല്ലാം നാം നഷ്ടപ്പെടുത്തുകയാണ്.
സ്വയം പരിത്യജിച്ച് സ്വന്തം കുരിശ് ഏറ്റെടുക്കുന്ന ജീവിതം യഥാർത്ഥത്തിൽ നമുക്ക് സ്വന്തമായി രൂപപ്പെടുത്താനാകുന്ന ഏതൊരു ജീവിതത്തേക്കാളും ഏറെ മഹത്വപൂർണ്ണമാണ്. കൃപ നിറഞ്ഞ അനുഗൃഹീതമായ ജീവിതമാണത്; ജീവിതത്തിൽ പരമമായ പൂർണ്ണത കൈവരിക്കാനുള്ള ഏക മാർഗവും അതുതന്നെ. സ്വയം മരിച്ചുകൊണ്ട് സമ്പൂർണ്ണ ആത്മത്യാഗത്തിന്റെ ജീവിതത്തിലേക്ക് പൂർണ്ണമായി പ്രവേശിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല.
ഈ ചോദ്യത്തിന് ബുദ്ധികൊണ്ടുമാത്രമല്ല, നിങ്ങളുടെ ജീവിതം മുഴുവനുംകൊണ്ട് ‘ഉവ്വ്’ എന്നു പറയാൻ നിങ്ങൾ തയ്യാറാണോ എന്ന് ഇന്ന് ചിന്തിക്കുക. യേശു നിങ്ങളെ വിളിക്കുന്ന ത്യാഗജീവിതം സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ? നിങ്ങളുടെ ജീവിതത്തിൽ അത് എങ്ങനെയായിരിക്കും പ്രകടമാകുക? ഇന്നും നാളെയും എല്ലാ ദിവസവും നിങ്ങളുടെ പ്രവൃത്തികളിലൂടെ ‘ഉവ്വ്’ എന്നു പറയുക. അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ മഹത്തായ കാര്യങ്ങൾ സംഭവിക്കുന്നത് നിങ്ങൾ കാണും.
കർത്താവേ, അങ്ങയെ അനുഗമിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. എന്റെ എല്ലാ സ്വാർഥതയും പരിത്യജിക്കാൻ ഇന്ന് ഞാൻ തീരുമാനിക്കുന്നു. ഞാൻ വിളിക്കപ്പെട്ടിരിക്കുന്ന നിസ്വാർഥജീവിതത്തിന്റെ കുരിശ് വഹിക്കാൻ ഞാൻ തീരുമാനിക്കുന്നു. എന്റെ കുരിശ് സന്തോഷത്തോടെ സ്വീകരിക്കാനും, ആ തീരുമാനത്തിലൂടെ അങ്ങയാൽ രൂപാന്തരപ്പെടാനും എനിക്ക് ഇടയാകട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ




