2019 നവംബർ 28
സാധാരണകാലത്തിലെ മുപ്പത്തിനാലാം ആഴ്ചയിലെ വ്യാഴാഴ്ച
(അമേരിക്കൻ ഐക്യനാടുകളിൽ കൃതജ്ഞതാദിനത്തിനായുള്ള വിചിന്തനം കാണുക)

“അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘത്തിൽ വരുന്നത് അവർ കാണും. ഈ അടയാളങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ നിവർന്നുനിൽക്കുകയും ശിരസ്സുകൾ ഉയർത്തുകയും ചെയ്യുവിൻ; എന്തെന്നാൽ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തിരിക്കുന്നു.” ലൂക്കാ 21:27-28
ഈ ആരാധനാക്രമവർഷത്തിൽ ഇനി മൂന്നു ദിവസം മാത്രം ബാക്കി. ഞായറാഴ്ച ആഗമനകാലവും ഒരു പുതിയ ആരാധനാക്രമവർഷവും ആരംഭിക്കുന്നു! അതിനാൽ, ഈ ആരാധനാക്രമവർഷത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ, വരാനിരിക്കുന്ന അന്തിമവും മഹത്വപൂർണ്ണവുമായ കാര്യങ്ങളിലേക്ക് നാം തുടർന്നും കണ്ണുകൾ തിരിക്കുന്നു. പ്രത്യേകിച്ച്, “ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘത്തിൽ വരുന്ന” ഈശോയുടെ മഹത്വപൂർണ്ണമായ പുനരാഗമനമാണ് ഇന്ന് നമ്മുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുന്നത്. മുകളിൽ ഉദ്ധരിച്ച വചനഭാഗത്തിൽ ഏറ്റവും ശ്രദ്ധേയവും സഹായകവുമായ കാര്യം ഇതാണ്: ഏറെ പ്രത്യാശയോടും ആത്മവിശ്വാസത്തോടുംകൂടെ ശിരസ്സുയർത്തി അവിടുത്തെ മഹത്വപൂർണ്ണമായ പുനരാഗമനത്തെ എതിരേൽക്കാനുള്ള വിളി നമുക്കു ലഭിക്കുന്നു.
ധ്യാനിക്കേണ്ട പ്രധാനപ്പെട്ട ഒരു ദൃശ്യമാണിത്. തന്റെ എല്ലാ പ്രഭയോടും മഹത്വത്തോടുംകൂടെ ഈശോ മടങ്ങിവരുന്നത് സങ്കൽപ്പിക്കാൻ ശ്രമിക്കുക. അങ്ങേയറ്റം വിസ്മയജനകവും പ്രൗഢഗംഭീരവുമായ രീതിയിൽ അവിടുന്ന് വരുന്നത് സങ്കൽപ്പിക്കാൻ ശ്രമിക്കുക. സ്വർഗത്തിലെ മാലാഖമാർ നമ്മുടെ കർത്താവിനെ വലയം ചെയ്യുമ്പോൾ ആകാശം മുഴുവൻ രൂപാന്തരപ്പെടും. ഭൂമിയിലെ എല്ലാ അധികാരങ്ങളും പെട്ടെന്ന് ഈശോയുടെ അധീനതയിലാകും. എല്ലാ കണ്ണുകളും ക്രിസ്തുവിലേക്കു തിരിയും. ആഗ്രഹിച്ചാലും ഇല്ലെങ്കിലും, എല്ലാവരും രാജാധിരാജന്റെ മഹത്വപൂർണ്ണമായ സാന്നിധ്യത്തിനു മുമ്പിൽ മുട്ടുകുത്തും!
ഈ യാഥാർഥ്യം സംഭവിക്കുകതന്നെ ചെയ്യും. അത് എപ്പോൾ എന്നതു മാത്രമാണ് ശേഷിക്കുന്ന കാര്യം. ഈശോ തീർച്ചയായും മടങ്ങിവരും; സകലതും നവീകരിക്കപ്പെടും. ചോദ്യം ഇതാണ്: നിങ്ങൾ ഒരുങ്ങിയിരിക്കുമോ? ഈ ദിവസം നിങ്ങൾ പ്രതീക്ഷിക്കാതെയായിരിക്കുമോ വന്നെത്തുക? ഇന്ന് അതു സംഭവിച്ചാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? നിങ്ങൾ ഭയപ്പെടുകയും ചില പാപങ്ങളെക്കുറിച്ച് അനുതപിക്കേണ്ടിയിരുന്നുവെന്ന് പെട്ടെന്നു തിരിച്ചറിയുകയും ചെയ്യുമോ? നമ്മുടെ കർത്താവ് ആഗ്രഹിക്കുന്ന വിധത്തിൽ നിങ്ങളുടെ ജീവിതം മാറ്റാൻ ഇനി വൈകിപ്പോയി എന്നു മനസ്സിലാക്കുമ്പോൾ ചില കാര്യങ്ങളെക്കുറിച്ച് ഉടൻ ഖേദം തോന്നുമോ? അതോ, നമ്മുടെ കർത്താവിന്റെ മഹത്വപൂർണ്ണമായ പുനരാഗമനത്തിൽ സന്തോഷത്തോടും ആത്മവിശ്വാസത്തോടുംകൂടെ ആനന്ദിച്ച്, ശിരസ്സുയർത്തി നിവർന്നുനിൽക്കുന്നവരിൽ ഒരാളായിരിക്കുമോ നിങ്ങൾ?
ഈശോയുടെ മഹത്വപൂർണ്ണമായ പുനരാഗമനത്തിനായി നിങ്ങൾ എത്രമാത്രം ഒരുങ്ങിയിരിക്കുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക. ഓരോ നിമിഷവും ഒരുങ്ങിയിരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഒരുങ്ങിയിരിക്കുക എന്നതിനർഥം, അവിടുത്തെ കൃപയിലും കരുണയിലും പൂർണ്ണമായി ജീവിക്കുകയും അവിടുത്തെ പരിപൂർണ്ണമായ തിരുഹിതത്തിന് അനുസൃതമായി ജീവിക്കുകയും ചെയ്യുക എന്നതാണ്. ഈ നിമിഷത്തിലാണ് അവിടുന്ന് മടങ്ങിവരുന്നതെങ്കിൽ, നിങ്ങൾ എത്രമാത്രം ഒരുങ്ങിയിട്ടുണ്ടാകും?
കർത്താവേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുഹിതം നിറവേറണമേ. ഈശോയേ, വരണമേ; ഇവിടെയും ഇപ്പോഴും എന്റെ ജീവിതത്തിൽ അങ്ങയുടെ മഹത്വപൂർണ്ണമായ രാജ്യം സ്ഥാപിക്കണമേ. അങ്ങയുടെ രാജ്യം എന്റെ ജീവിതത്തിൽ സ്ഥാപിതമാകുമ്പോൾ, യുഗാന്ത്യത്തിലുള്ള അങ്ങയുടെ മഹത്വപൂർണ്ണവും സമ്പൂർണ്ണവുമായ പുനരാഗമനത്തിനായി ഒരുങ്ങിയിരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഞങ്ങളുടെ പുതിയ മൊബൈൽ ആപ്പ് ഉപയോഗിച്ചുനോക്കൂ! നിങ്ങൾക്കത് ഇഷ്ടമാകുമെന്ന് ഞങ്ങൾ കരുതുന്നു!
കൂടുതൽ വിവരങ്ങൾക്ക് mycatholic.life/apps സന്ദർശിക്കുക
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
(അമേരിക്കൻ ഐക്യനാടുകളിൽ കൃതജ്ഞതാദിനത്തിനായുള്ള വിചിന്തനം കാണുക)
YouTube-ൽ കാണുക




