മലയാളം

കൃതജ്ഞത നിറഞ്ഞ ഹൃദയം

നവംബർ 28, 2019
യു.എസ്.എ.: കൃതജ്ഞതാദിനം—ഐച്ഛിക അനുസ്മരണം

(യു.എസ്.എ. ഒഴികെയുള്ള രാജ്യങ്ങളിൽ മുപ്പത്തിനാലാം വാരത്തിലെ വ്യാഴാഴ്ചയുടെ ധ്യാനചിന്ത കാണുക)

ഇന്നത്തെ വായനകൾ

യേശു മറുപടിയായി പറഞ്ഞു: “പത്തുപേർ ശുദ്ധരാക്കപ്പെട്ടില്ലേ? മറ്റു ഒൻപതുപേർ എവിടെ? ഈ പരദേശിയല്ലാതെ മറ്റാരും ദൈവത്തിനു നന്ദി പറയാൻ മടങ്ങിവന്നില്ലേ?”  ലൂക്കാ 17:17-18

കൃതജ്ഞതാദിനാശംസകൾ!  കൃതജ്ഞതാദിനം പ്രത്യേകമായി ഒരു കത്തോലിക്കാ വിശുദ്ധദിനമല്ലെങ്കിലും, അത് തീർച്ചയായും നമ്മുടെ വിശ്വാസജീവിതത്തോടു ചേർന്നുനിൽക്കുന്നു.  ആത്മീയമായി ചിന്തിക്കുമ്പോൾ, സുവിശേഷസന്ദേശത്തിൽ കൃതജ്ഞതയ്ക്ക് കേന്ദ്രസ്ഥാനമുണ്ടെന്ന് നമുക്കെല്ലാം അറിയാം.  നമ്മുടെ വിശ്വാസത്തിന്റെ ഈ പ്രത്യേക വശത്തെക്കുറിച്ച് ചിന്തിക്കാൻ കൃതജ്ഞതാദിനം ഏറ്റവും ഉചിതമായ അവസരം നൽകുന്നു.  എന്നും ആഴമായ കൃതജ്ഞതയോടെ ജീവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.  നിങ്ങൾ ദൈവത്തോട് എത്രമാത്രം കൃതജ്ഞതയുള്ളവരാണ്?

ഒരുപക്ഷേ കൃതജ്ഞതയുള്ളവരായിരിക്കാൻ നാമെല്ലാവരും പലവിധത്തിൽ പ്രയാസപ്പെടുന്നുണ്ടാകാം.  സ്വർഗത്തിൽ പൂർണത പ്രാപിക്കുന്നതുവരെ നമുക്ക് വേണ്ടത്ര കൃതജ്ഞതയുള്ളവരാകാൻ കഴിയുകയില്ല എന്നു പറയുന്നതിൽ തെറ്റില്ല.  എന്നാൽ ഇപ്പോൾ, കൃതജ്ഞതയെക്കുറിച്ച് ചിന്തിക്കുകയും അത് നമ്മുടെ ആത്മാവിൽ വർധിക്കാൻ ഇടവരുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ആദ്യമായി, ദൈവം നമുക്കുവേണ്ടി ചെയ്തതെല്ലാം വ്യക്തമായി കാണാതെ നമുക്ക് ഒരിക്കലും കൃതജ്ഞതയുള്ളവരാകാൻ കഴിയുകയില്ല.  ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രയാസങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അതിന്റെ ഫലമായി മനസ്സുതളരാനും വിഷാദത്തിലും നിരാശയിലും ആഴാനും ചിലപ്പോൾ കോപിക്കാനും വളരെ എളുപ്പമാണ്.  ഓരോ ദിവസവും നാം നേരിടുന്ന കുരിശുകൾക്കും ഭാരങ്ങൾക്കും അപ്പുറത്തേക്കു നോക്കി, നമ്മുടെ കർത്താവ് നമുക്കു നൽകുന്ന കൃപയുടെയും കരുണയുടെയും സമൃദ്ധി കാണുക എന്നതാണ് ഏറെ പ്രയാസകരം.  ആ കരുണയും കൃപയും കാണുന്നില്ലെങ്കിൽ, യഥാർഥ കൃതജ്ഞതയുള്ളവരാകാൻ നാം വളരെയേറെ പ്രയാസപ്പെടും.

അതിനാൽ ഈ കൃതജ്ഞതാദിനത്തിൽ ലളിതമായ ഈ ചോദ്യത്തെക്കുറിച്ച് ധ്യാനിക്കുക: ദൈവം എനിക്കുവേണ്ടി ചെയ്തതെല്ലാം ഞാൻ കാണുന്നുണ്ടോ?  അവിടുത്തെ സമൃദ്ധമായ കരുണ എന്റെ ജീവിതത്തിൽ സജീവമായിരിക്കുന്നത് ഞാൻ കാണുന്നുണ്ടോ?  യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയെങ്കിലും അവരിൽ ഒരാൾ മാത്രമാണ് നന്ദിയോടെ മടങ്ങിവന്നതെന്ന് മുകളിലെ സുവിശേഷഭാഗം വെളിപ്പെടുത്തുന്നു.  നന്ദി പറയാൻ വീഴ്ച വരുത്തിയ ആ ഒൻപതുപേരിൽ ഒരാളെപ്പോലെയാണോ നിങ്ങൾ?  അങ്ങനെയെങ്കിൽ, ദൈവത്തിൽനിന്നുള്ള യഥാർഥവും സമൃദ്ധവുമായ എല്ലാ അനുഗ്രഹങ്ങളും തിരിച്ചറിയാൻ നിങ്ങൾ പ്രയാസപ്പെടുന്നുണ്ടാകാം.  പൂർണമായ കൃതജ്ഞതയോടെ ജീവിക്കാൻ നിങ്ങൾ പ്രയാസപ്പെടുന്നുവെന്ന് വിനയത്തോടെ സമ്മതിക്കാൻ കഴിഞ്ഞാൽ, കൂടുതൽ വ്യക്തമായി കാണുന്നതിനുള്ള ആദ്യ ചുവടും നിങ്ങൾക്കുണ്ടായിരിക്കേണ്ട ആഴമേറിയ കൃതജ്ഞത വളർത്തുന്നതിനുള്ള ആദ്യ ചുവടും നിങ്ങൾ വച്ചുകഴിഞ്ഞിരിക്കും.  കൃതജ്ഞതയുള്ളവരായിരിക്കുക എന്നതിനർഥം സത്യം വ്യക്തമായി കാണുക എന്നതാണ്.  ആ സത്യം സ്വീകരിക്കാൻ മനസ്സു തുറക്കുക; ദൈവം നിങ്ങളെ ആനന്ദത്താൽ നിറച്ച് നിങ്ങളുടെ ജീവിതത്തെ മാറ്റും!

കർത്താവേ, എന്റെ ഹൃദയത്തെ സമൃദ്ധമായ കൃതജ്ഞതയാൽ നിറയ്ക്കണമേ.  അങ്ങയുടെ അനന്തമായ കൃപയിലേക്കും കരുണയിലേക്കും എന്റെ കണ്ണുകൾ തിരിക്കാൻ എന്നെ സഹായിക്കണമേ.  ജീവിതത്തിലെ പ്രയാസങ്ങൾക്കും എന്നെ തളർത്തുന്ന ഭാരങ്ങൾക്കും അപ്പുറത്തേക്കു കാണാൻ എന്നെ സഹായിക്കണമേ.  ഇവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അങ്ങ് എനിക്കുവേണ്ടി ചെയ്തിട്ടുള്ളതെല്ലാമും തുടർന്നും ചെയ്തുകൊണ്ടിരിക്കുന്നതെല്ലാമും കൂടുതൽ കൂടുതൽ തിരിച്ചറിയാൻ എന്നെ സഹായിക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.

Android  ~  iOS

ഞങ്ങളുടെ പുതിയ മൊബൈൽ ആപ്പ് ഉപയോഗിച്ചുനോക്കൂ! നിങ്ങൾക്കത് ഇഷ്ടമാകുമെന്ന് ഞങ്ങൾ കരുതുന്നു!
കൂടുതൽ വിവരങ്ങൾക്ക് mycatholic.life/apps സന്ദർശിക്കുക


കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ എല്ലാ വിശുദ്ധരും

(യു.എസ്.എ. ഒഴികെയുള്ള രാജ്യങ്ങളിൽ മുപ്പത്തിനാലാം വാരത്തിലെ വ്യാഴാഴ്ചയുടെ ധ്യാനചിന്ത കാണുക)

YouTube-ൽ കാണുക