മലയാളം

വിനയം ക്രിസ്തുവിന് വഴിയൊരുക്കുന്നു

2019 ഡിസംബർ 8
ആഗമനകാലത്തിലെ രണ്ടാം ഞായർ
ഇന്നത്തെ വായനകൾ

(കുറിപ്പ്: അമേരിക്കൻ ഐക്യനാടുകളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ഡിസംബർ 9-ലേക്ക് മാറ്റിയിരിക്കുന്നു)

“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം. ‘കർത്താവിന്റെ വഴിയൊരുക്കുവിൻ, അവിടുത്തെ പാതകൾ നേരെയാക്കുവിൻ.’”

മത്തായി 3:3 (വർഷം A)

മർക്കോസ് 1:3 (വർഷം B)

ലൂക്കാ 3:4 (വർഷം C)

ആഗമനകാലത്തിലെ ഈ രണ്ടാം ഞായറാഴ്ച, വിശുദ്ധ സ്നാപകയോഹന്നാന്റെ വ്യക്തിത്വത്തെക്കുറിച്ച് ധ്യാനിക്കാൻ നമുക്ക് അവസരം ലഭിക്കുന്നു. എത്ര വലിയൊരു ദാനമാണ് അദ്ദേഹം! “സ്ത്രീകളിൽനിന്നു ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവൻ ആരും ഉണ്ടായിട്ടില്ല” (മത്തായി 11:11) എന്ന് ഈശോതന്നെ പറഞ്ഞിട്ടുണ്ട്. എത്ര മഹത്തായ പ്രശംസ!

എന്താണ് യോഹന്നാനെ ഇത്ര വലിയവനാക്കിയത്? പ്രത്യേകിച്ച് രണ്ടു കാര്യങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കാം. ആദ്യത്തേത് അദ്ദേഹത്തിന്റെ വിളിയുമായി ബന്ധപ്പെട്ടതാണ്; രണ്ടാമത്തേത് അദ്ദേഹത്തിന്റെ പുണ്യവുമായി ബന്ധപ്പെട്ടതും.

ഒന്നാമതായി, പഴയനിയമ പ്രവാചകരിൽനിന്ന് പുതിയനിയമത്തിലേക്കുള്ള മാറ്റത്തിന്റെ കണ്ണിയായിരുന്നതിനാൽ യോഹന്നാൻ വലിയവനായിരുന്നു. വരാനിരുന്ന പുതിയ ജീവിതത്തിന് വഴിയൊരുക്കിയ പാലമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അതുല്യമായ ദൗത്യം അദ്ദേഹത്തെ യഥാർഥത്തിൽ വലിയവനാക്കുന്നു.

എന്നാൽ തന്റെ അതുല്യമായ വിളികൊണ്ടു മാത്രമല്ല യോഹന്നാൻ വലിയവനായത്; ജീവിതത്തിൽ പുലർത്തിയ പുണ്യംകൊണ്ടും അദ്ദേഹം വലിയവനായിരുന്നു. നമുക്ക് പ്രചോദനം ലഭിക്കാനായി മറ്റെന്തിനെക്കാളും കൂടുതൽ ധ്യാനിക്കേണ്ടത് ഈ ദാനത്തെക്കുറിച്ചാണ്.

യോഹന്നാനിലുണ്ടായിരുന്ന സവിശേഷ പുണ്യം വിനയമായിരുന്നു. “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം” എന്നതിൽക്കവിഞ്ഞ് ഒന്നുമായിരുന്നില്ല അദ്ദേഹം സ്വന്തം ദൃഷ്ടിയിൽ. അദ്ദേഹം പ്രഘോഷിച്ച വചനമാകട്ടെ ഈശോയായിരുന്നു.

കുനിഞ്ഞ് ഈശോയുടെ ചെരിപ്പിന്റെ വാറഴിക്കാൻപോലും താൻ യോഗ്യനല്ലെന്ന് യോഹന്നാൻ ഏറ്റുപറഞ്ഞു (മർക്കോസ് 1:7). അനേകർ അദ്ദേഹത്തെ പ്രശംസിക്കുകയും അനുഗമിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഈശോയെക്കുറിച്ച് “അവിടുന്ന് വളരുകയും ഞാൻ കുറയുകയും വേണം” (യോഹന്നാൻ 3:30) എന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. പ്രശംസയും ബഹുമാനവും നേടാനായിരുന്നില്ല യോഹന്നാൻ ഈ ദൗത്യം ഏറ്റെടുത്തത്; മറിച്ച്, എല്ലാവരുടെയും ശ്രദ്ധ ലോകരക്ഷകനിലേക്ക് തിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. അനേകരുടെ ബഹുമാനവും പ്രശംസയും തേടാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു; തീർച്ചയായും അവ ലഭിക്കുകയും ചെയ്യുമായിരുന്നു. ഒരുപക്ഷേ അവർ അദ്ദേഹത്തെ രാജാവുപോലും ആക്കിയേനെ. എന്നാൽ തന്റെ ദൗത്യം പൂർത്തിയാക്കാനും അതിനുശേഷം തന്നെ വധിക്കുന്നവന്റെ ക്രൂരമായ വാളിന് സ്വയം വിട്ടുകൊടുക്കാനും യോഹന്നാൻ പൂർണസന്നദ്ധനായിരുന്നു. ഈശോയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അവിടുത്തെ മാത്രം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കാനും തക്ക ആഴമുള്ളതായിരുന്നു അദ്ദേഹത്തിന്റെ വിനയം.

ഇന്ന്, നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ഈ വിനയം എത്രമാത്രമുണ്ടെന്ന് ധ്യാനിക്കുക. നിങ്ങളിലേക്കുതന്നെയാണോ, അതോ ക്രിസ്തുവിലേക്കാണോ നിങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാറുള്ളത്? നിങ്ങൾ മറ്റുള്ളവരുടെ പ്രശംസ തേടുന്നുവോ, അതോ എല്ലാ പ്രശംസയും മഹത്ത്വവും വിനയത്തോടെ ദൈവത്തിലേക്ക് തിരിക്കുന്നുവോ? വിശുദ്ധ സ്നാപകയോഹന്നാൻ സഞ്ചരിച്ച വഴിയാണ് വിനയം; ഓരോ ദിവസവും നാം പരിശ്രമപൂർവം പിന്തുടരേണ്ട വഴിയും അതുതന്നെ.

കർത്താവേ, വിശുദ്ധ സ്നാപകയോഹന്നാനെ ദാനമായി നൽകിയതിന് അങ്ങേക്ക് നന്ദി. വിനയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സാക്ഷ്യം എന്റെ ക്രൈസ്തവ ജീവിതയാത്രയിൽ എനിക്ക് പ്രചോദനമാകട്ടെ. കർത്താവേ, എന്നിലേക്കല്ല, അങ്ങയിലേക്കുതന്നെ മറ്റുള്ളവരുടെ ശ്രദ്ധ എപ്പോഴും തിരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആഗമനകാല സഹായവിഭവങ്ങൾ

YouTube-ൽ കാണുക