2020 ജനുവരി 21
ആണ്ടുവട്ടത്തിലെ രണ്ടാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ആഗ്നസ്—ഓർമ്മ

“സാബത്ത് മനുഷ്യനുവേണ്ടിയാണ് സ്ഥാപിക്കപ്പെട്ടത്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല.” മാർക്കോസ് 2:27
സാബത്തുദിവസം വയലുകളിലൂടെ നടന്നുപോകുമ്പോൾ ധാന്യക്കതിരുകൾ പറിച്ചതിന് യേശുവിന്റെ ശിഷ്യന്മാരെ വിമർശിച്ച ചില ഫരിസേയർക്കുള്ള മറുപടിയായാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. ശിഷ്യന്മാർക്ക് വിശക്കുന്നുണ്ടായിരുന്നു; അവർക്ക് സ്വാഭാവികമായി തോന്നിയത് അവർ ചെയ്തു. എന്നാൽ, യുക്തിരഹിതമായി കുറ്റപ്പെടുത്താനുള്ള അവസരമായി ഫരിസേയർ അതിനെ ഉപയോഗിച്ചു. ധാന്യക്കതിരുകൾ പറിച്ചതിലൂടെ ശിഷ്യന്മാർ സാബത്തുനിയമം ലംഘിക്കുകയാണെന്ന് അവർ വാദിച്ചു.
ഒന്നാമതായി, സാമാന്യബുദ്ധിയോടെ നോക്കിയാൽ ഇത് വിഡ്ഢിത്തമാണ്. വയലിലൂടെ നടന്നുപോകുമ്പോൾ ഭക്ഷിക്കാനായി ശിഷ്യന്മാർ ധാന്യക്കതിരുകൾ പറിച്ചതുകൊണ്ട് സ്നേഹനിധിയും പരമകാരുണികനുമായ നമ്മുടെ ദൈവം യഥാർഥത്തിൽ അസന്തുഷ്ടനാകുമോ? പാപത്തെക്കുറിച്ച് അതിരുകവിഞ്ഞ ആശങ്കയുള്ള ഒരു മനസ്സ് ഒരുപക്ഷേ അങ്ങനെ ചിന്തിച്ചേക്കാം. എന്നാൽ, ഇത്തരമൊരു പ്രവൃത്തി ദൈവത്തെ അസന്തുഷ്ടനാക്കുന്നില്ലെന്ന് നമ്മുടെ സ്വാഭാവികമായ സാമാന്യബുദ്ധി നമുക്കു പറഞ്ഞുതരേണ്ടതാണ്.
ഇതിനെക്കുറിച്ചുള്ള യേശുവിന്റെ അവസാന വാക്കുകൾ കാര്യം വ്യക്തമാക്കുന്നു. “സാബത്ത് മനുഷ്യനുവേണ്ടിയാണ് സ്ഥാപിക്കപ്പെട്ടത്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പാപഭീതിയുടെ അമിതഭാരം നമ്മുടെമേൽ ചുമത്തുക എന്നതായിരുന്നില്ല സാബത്തുദിനത്തിന്റെ ഉദ്ദേശ്യം; മറിച്ച്, വിശ്രമിക്കാനും ആരാധിക്കാനും നമ്മെ സ്വതന്ത്രരാക്കുക എന്നതായിരുന്നു. സാബത്ത് ദൈവം നമുക്കു നൽകുന്ന ഒരു ദാനമാണ്.
ഇന്ന് നാം സാബത്ത് ആചരിക്കുന്ന രീതി പരിശോധിക്കുമ്പോൾ ഇതിന്റെ പ്രായോഗിക പ്രസക്തി വ്യക്തമാകുന്നു. ഞായറാഴ്ചയാണ് പുതിയ സാബത്ത്; അത് വിശ്രമത്തിന്റെയും ആരാധനയുടെയും ദിനമാണ്. ചിലപ്പോൾ ഈ കടമകളെ നാം ഭാരങ്ങളായി കണ്ടേക്കാം. അമിതമായ പാപഭീതിയോടെയും നിയമത്തിന്റെ അക്ഷരത്തിൽ മാത്രം പിടിച്ചുനിന്നും കല്പനകൾ അനുസരിക്കാനുള്ള ക്ഷണമായിട്ടല്ല ഇവ നമുക്കു നൽകിയിരിക്കുന്നത്. കൃപയുടെ ജീവിതത്തിലേക്കുള്ള ക്ഷണമായിട്ടാണ് ഇവ നമുക്കു നൽകിയിരിക്കുന്നത്.
എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതില്ലെന്നാണോ ഇതിനർഥം? തീർച്ചയായും അല്ല. സഭയുടെ ഈ കല്പനകൾ ദൈവത്തിന്റെ തിരുഹിതമാണെന്നത് വ്യക്തമാണ്. ഈ കല്പനകളെ നാം എങ്ങനെ കാണുന്നു എന്നതാണ് യഥാർഥ ചോദ്യം. അവയെ വെറും നിയമപരമായ നിബന്ധനകളായി കാണുന്ന കെണിയിൽ വീഴാതെ, നമ്മുടെതന്നെ നന്മയ്ക്കായി നൽകപ്പെട്ട കൃപയിലേക്കുള്ള ക്ഷണങ്ങളായി അവയെ കണ്ട് ജീവിക്കാൻ നാം പരിശ്രമിക്കണം. ഈ കല്പനകൾ നമുക്കുവേണ്ടിയുള്ളതാണ്. നമുക്ക് സാബത്ത് ആവശ്യമുള്ളതുകൊണ്ടാണ് അവ നിർബന്ധമായിരിക്കുന്നത്. ഞായറാഴ്ചത്തെ വിശുദ്ധ കുർബാന നമുക്ക് ആവശ്യമാണ്; ഓരോ ആഴ്ചയും വിശ്രമിക്കാനായി ഒരു ദിവസവും നമുക്ക് ആവശ്യമാണ്.
കർത്താവിന്റെ ദിനം നിങ്ങൾ എങ്ങനെ ആചരിക്കുന്നു എന്ന് ഇന്ന് വിചിന്തനം ചെയ്യുക. ആരാധിക്കാനും വിശ്രമിക്കാനുമുള്ള വിളിയെ, ദൈവത്തിന്റെ കൃപയാൽ നവീകരിക്കപ്പെടാനും പുത്തനുണർവ് നേടാനുമുള്ള അവിടുത്തെ ക്ഷണമായി നിങ്ങൾ കാണുന്നുണ്ടോ? അതോ നിറവേറ്റേണ്ട ഒരു കടമയായി മാത്രമാണോ നിങ്ങൾ അതിനെ കാണുന്നത്? ഇന്ന് ശരിയായ മനോഭാവം സ്വീകരിക്കാൻ ശ്രമിക്കുക; അപ്പോൾ കർത്താവിന്റെ ദിനത്തിന് നിങ്ങളുടെ ജീവിതത്തിൽ തികച്ചും പുതിയൊരു അർഥം കൈവരും.
കർത്താവേ, വിശ്രമിക്കാനും അങ്ങയെ ആരാധിക്കാനുമുള്ള ദിനമായി പുതിയ സാബത്ത് സ്ഥാപിച്ചതിന് ഞാൻ അങ്ങയോടു നന്ദി പറയുന്നു. ഓരോ ഞായറാഴ്ചയും കടമുള്ള തിരുനാൾദിനവും അങ്ങ് ആഗ്രഹിക്കുന്ന വിധത്തിൽ ജീവിക്കാൻ എന്നെ സഹായിക്കണമേ. ആരാധിക്കാനും നവീകരിക്കപ്പെടാനുമായി അങ്ങ് നൽകുന്ന ദാനമായി ഈ ദിനങ്ങളെ കാണാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ




