ഫെബ്രുവരി 24, 2020
ആണ്ടുവട്ടത്തിലെ ഏഴാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

“അങ്ങേക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ, ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ സഹായിക്കണമേ.” യേശു അവനോടു പറഞ്ഞു: “‘അങ്ങേക്ക് കഴിയുമെങ്കിൽ’ എന്നോ! വിശ്വാസമുള്ളവന് എല്ലാം സാധ്യമാണ്.” അപ്പോൾ ആ ബാലന്റെ പിതാവ് വിളിച്ചുപറഞ്ഞു: “ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസം പരിഹരിക്കണമേ!” മർക്കോസ് 9:22-24
യേശുവിനെക്കുറിച്ച് ജനങ്ങൾ നിയമജ്ഞരുമായി തർക്കിച്ചുകൊണ്ടിരുന്ന, അല്പം സംഘർഷഭരിതമായ ഒരു രംഗത്തിന്റെ മധ്യത്തിലാണ് ഈ തിരുവചനഭാഗം വരുന്നത്. തർക്കത്തെക്കുറിച്ച് യേശു അന്വേഷിച്ചപ്പോൾ, ഒരാൾ മുന്നോട്ടുവന്ന് ജനനംമുതൽ പിശാചുബാധിതനായിരുന്ന തന്റെ മകനെ സുഖപ്പെടുത്തണമെന്ന് യേശുവിനോട് അപേക്ഷിച്ചു. “അങ്ങേക്ക് കഴിയുമെങ്കിൽ!” എന്നും അയാൾ തന്റെ അപേക്ഷയോടു ചേർക്കുന്നു. അയാളുടെ വിശ്വാസക്കുറവിനെ ശാസിച്ചുകൊണ്ടാണ് യേശു പ്രതികരിക്കുന്നതെന്നു തോന്നുന്നു. അവിടുന്ന് പറയുന്നു: “‘അങ്ങേക്ക് കഴിയുമെങ്കിൽ’ എന്നോ! വിശ്വാസമുള്ളവന് എല്ലാം സാധ്യമാണ്.”
ആ പിതാവ് ഏറെക്കുറെ നിരാശമായ ഒരു മാനസികാവസ്ഥയിലാണ് യേശുവിന്റെ അടുക്കൽ വന്നതെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അയാൾ യേശുവിന്റെ അടുക്കൽ വന്നത് നല്ലതുതന്നെ. എന്നാൽ, നിരാശയുണ്ടെങ്കിലും ഇല്ലെങ്കിലും അയാൾ യേശുവിന്റെ അടുക്കൽ വരേണ്ടതായിരുന്നു. നാം പലപ്പോഴും നമ്മുടെ കർത്താവിന്റെ അടുക്കൽ വരുന്നതെങ്ങനെയെന്നതിനെക്കുറിച്ച് ഇതു നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു.
ജീവിതം നന്നായി പോകുമ്പോൾ, ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും ആശ്രയവും ക്ഷയിക്കാൻ നാം പലപ്പോഴും അനുവദിക്കുന്നു. കാര്യങ്ങൾ നന്നായി നടക്കുമ്പോൾ, ദൈവം ദൈവമാണെന്നും നാം ദിവസവും അവിടുത്തെ സ്നേഹിക്കുകയും എല്ലാം അവിടുത്തേക്ക് സമർപ്പിക്കുകയും വേണമെന്നുമുള്ള സത്യം മറക്കാൻ എളുപ്പമാണ്. ജീവിതത്തിലെ നന്മകളുടെ കാര്യത്തിലും നാം അവിടുത്തെ ആശ്രയിക്കണം. നേരെമറിച്ച്, അപ്രതീക്ഷിതമായി ഒരു ബുദ്ധിമുട്ട് നേരിടുമ്പോൾ, നമ്മുടെ ആവശ്യനേരത്ത് നാം പെട്ടെന്നു ദൈവത്തിലേക്കു തിരിയുന്നു. രോഗം വരുമ്പോൾ ഒരു ഡോക്ടറെ സമീപിക്കുന്നതുപോലെയാണ് നാം അവിടുത്തെ സമീപിക്കുന്നത്. ആരോഗ്യത്തോടെയിരിക്കുമ്പോൾ ഡോക്ടറുടെ അടുക്കൽ പോകുന്നത് ഒഴിവാക്കി, അത്യാവശ്യം വരുന്നതുവരെ നാം കാത്തിരിക്കുന്നു.
കാര്യങ്ങൾ പെട്ടെന്നു നിയന്ത്രണാതീതമാകുമ്പോൾ, നമ്മുടെ ആവശ്യനേരത്ത് യേശുവിലേക്കു തിരിയുന്നത് നല്ലതാണെങ്കിലും, ജീവിതം നന്നായി പോകുമ്പോഴും അടിയന്തരമായ ബുദ്ധിമുട്ടുകളൊന്നുമില്ലാത്തപ്പോഴും അവിടുത്തെ സമീപിക്കുന്നത് അതിലും ഏറെ നല്ലതാണ്. തികഞ്ഞ നിരാശകൊണ്ടുമാത്രമാണ് ഈ മനുഷ്യൻ യേശുവിന്റെ അടുക്കൽ വന്നതെന്നതും, തന്നെ സഹായിക്കാൻ യേശുവിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നുപോലും അയാൾക്ക് ഉറപ്പില്ലായിരുന്നുവെന്നതും അയാളുടെ വിശ്വാസക്കുറവു വെളിപ്പെടുത്തുന്നു. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. കർത്താവിന് ഇടപെടാൻ കഴിയുമെന്ന പ്രത്യാശയുണ്ടെങ്കിലും അതിൽ ഉറപ്പില്ലാതെ, ഏതെങ്കിലും പ്രതിസന്ധിയുടെ നടുവിലാകുന്നതുവരെ അവിടുത്തെ സമീപിക്കാൻ നാം കാത്തിരിക്കുമ്പോൾ, ഒരുതരം വിശ്വാസക്കുറവാണ് നാം പ്രകടമാക്കുന്നത്.
എന്നാൽ സന്തോഷവാർത്ത ഇതാണ്: ഈ മനുഷ്യനുണ്ടായിരുന്ന അല്പമായ വിശ്വാസത്തിലൂടെ യേശു പ്രവർത്തിച്ചു; നമ്മുടെ കാര്യത്തിലും അവിടുന്ന് അങ്ങനെതന്നെ ചെയ്യും. അവിടുന്ന് അയാളുടെ മകനെ സുഖപ്പെടുത്തി. അല്പം വിശ്വാസത്തോടെയെങ്കിലും നാം അവിടുത്തെ സമീപിക്കുമ്പോൾ അവിടുന്ന് നമ്മെയും സുഖപ്പെടുത്തും. എന്നാൽ, നാം പ്രകടമാക്കിയ ആ ചെറിയ വിശ്വാസം തുടർന്ന് വളരുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ഏറ്റവും ഉചിതം. വ്യക്തമായ പ്രതിസന്ധിയോ അടിയന്തരമായ ആവശ്യമോ ഇല്ലാത്തപ്പോഴും, ദിവസവും യേശുവിന്റെ അടുക്കൽ വരാൻ നമ്മെ പ്രേരിപ്പിക്കുന്നവിധം ആ വിശ്വാസം വളരണം. സ്നേഹത്താൽ അവിടുത്തെ സമീപിക്കുന്നത് ആഴമേറിയതും യഥാർഥവുമായ വിശ്വാസത്തിന്റെ സത്യമായ അടയാളമാണ്.
യേശുവിന്റെ അടുക്കൽ വരാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. തീർച്ചയായും, കാര്യങ്ങൾ നന്നായി പോകാത്തപ്പോൾ അവിടുത്തെ സമീപിക്കുക. എന്നാൽ വിശ്വാസത്തിന്റെ അടിസ്ഥാനസത്യത്തെക്കുറിച്ചും വിചിന്തനം ചെയ്യുക: നിങ്ങൾക്കുള്ള ആഴമേറിയതും അചഞ്ചലവുമായ വിശ്വാസവും അവിടുത്തോടുള്ള സ്നേഹവും നിമിത്തം, എല്ലാ കാര്യങ്ങളിലും അവിടുത്തെ സമീപിക്കുന്നത് നിങ്ങളുടെ ദൈനംദിനശീലമാക്കണം. ഇത്തരത്തിലുള്ള വിശ്വാസം നമ്മുടെ കർത്താവിന്റെ ഹൃദയത്തിന് ആനന്ദം നൽകുകയും, നല്ലൊരു ജീവിതത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കുംവിധം നിങ്ങളെ രൂപാന്തരപ്പെടുത്തുകയും ചെയ്യും.
കർത്താവേ, എല്ലാ കാര്യങ്ങളിലും ഞാൻ അങ്ങയുടെ അടുക്കൽ വരട്ടെ. ജീവിതം നന്നായി പോകുമ്പോൾ ഞാൻ അങ്ങയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യട്ടെ; ജീവിതം വെല്ലുവിളികൾ നിറഞ്ഞതാകുമ്പോൾ അചഞ്ചലമായ ആശ്രയബോധത്തോടെ ഞാൻ അങ്ങയിൽ വിശ്വസിക്കട്ടെ. എന്റെ വിശ്വാസം വർധിപ്പിക്കുകയും എന്റെ ജീവിതത്തിലെ ഓരോ ദിവസവും ആ വിശ്വാസം പ്രകടമാക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാന വായനകൾക്കുള്ള മറ്റു സ്രോതസ്സുകൾ
കുറിപ്പ്: ഈ പോസ്റ്റിന്റെ മുകളിൽ ഇപ്പോൾ ഞങ്ങൾ വത്തിക്കാനിൽനിന്നുള്ള അതാതു ദിവസത്തെ വായനകളാണ് ഉപയോഗിക്കുന്നത്. വത്തിക്കാൻ വെബ്സൈറ്റ് സാർവത്രികമായി ഉപയോഗിക്കാവുന്നതും മൊബൈലിൽ സൗകര്യപ്രദമായി കാണാവുന്നതും കൂടുതൽ സുരക്ഷിതമായ ബ്രൗസിങ്ങിനായി SSL (സുരക്ഷാ സർട്ടിഫിക്കറ്റ്) ഉപയോഗിക്കുന്നതുമാണ് എന്നതിനാലാണിത്. മറ്റു സ്രോതസ്സുകളിൽനിന്നുള്ള വായനകൾ കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക (USCCB, iBreviary, Universalis-ൽനിന്നുള്ള ജറുസലേം ബൈബിൾ).





