മലയാളം

നല്ല കുറ്റബോധവും ദോഷകരമായ കുറ്റബോധവും

2020 ഫെബ്രുവരി 25
സാധാരണകാലത്തിലെ ഏഴാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

അവർ കഫർണാമിൽ എത്തി. വീട്ടിൽ പ്രവേശിച്ചപ്പോൾ അവൻ അവരോടു ചോദിച്ചു: “വഴിയിൽവച്ച് നിങ്ങൾ എന്തിനെക്കുറിച്ചാണ് തർക്കിച്ചിരുന്നത്?” എന്നാൽ അവർ മൗനം പാലിച്ചു. കാരണം, തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെക്കുറിച്ചാണ് അവർ വഴിയിൽവച്ച് പരസ്പരം ചർച്ച ചെയ്തിരുന്നത്. മാർക്കോസ് 9:33-34

അപ്പോസ്തലന്മാർ “മൗനം പാലിച്ചു”; കാരണം, പെട്ടെന്നുതന്നെ അവരിൽ കുറ്റബോധം നിറഞ്ഞു. തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെക്കുറിച്ച് അവർ വിഡ്ഢിത്തമായ ഒരു തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എന്തിനെക്കുറിച്ചാണ് ചർച്ച ചെയ്തിരുന്നതെന്ന് യേശു ചോദിച്ചപ്പോൾ, അത് സമ്മതിക്കാൻ അവർ ലജ്ജിച്ചു. തങ്ങളുടെ സംഭാഷണം വിഡ്ഢിത്തമായിരുന്നുവെന്ന് അവർക്ക് അറിയാമായിരുന്നു. തുടർന്ന് യേശു യഥാർഥ എളിമയെക്കുറിച്ചുള്ള മനോഹരമായ പ്രബോധനം നൽകുന്നു. എന്നാൽ, അപ്പോസ്തലന്മാർ അനുഭവിച്ച കുറ്റബോധത്തിൽനിന്ന് നമുക്ക് ലഭിക്കുന്ന പാഠം ഒന്നു നോക്കാം.

കുറ്റബോധം ഒരു മോശം കാര്യമാണോ? കുറ്റബോധം തോന്നുന്നത് അഭിലഷണീയമല്ലാത്തതാണോ? “കത്തോലിക്കാ കുറ്റബോധം” അമിതമായി അടിച്ചമർത്തുന്ന ധാർമിക പ്രബോധനങ്ങളുടെ ഫലമാണോ? ദുഃഖകരമെന്നു പറയട്ടെ, ഇന്നത്തെ നമ്മുടെ ലോകത്തിൽ മിക്ക തരത്തിലുള്ള കുറ്റബോധവും പതുക്കെ ഇല്ലാതാകുന്നതായും, പലരും “കുറ്റബോധമില്ലാത്ത” മനഃസാക്ഷിയോടെ ദൈവനിയമം ലംഘിക്കുന്നതിൽ കൂടുതൽ ശാഠ്യമുള്ളവരായിത്തീരുന്നതായും തോന്നുന്നു. എന്നാൽ കുറ്റബോധം പലപ്പോഴും ഒരു നല്ല കാര്യമാണ് എന്നതാണ് സത്യം! നിങ്ങളുടെ ധാർമിക വീഴ്ചയെക്കുറിച്ചുള്ള വ്യക്തമായ ധാരണയിൽനിന്നാണ് കുറ്റബോധം ഉണ്ടാകുന്നതെങ്കിൽ, അത് നല്ലതാണ്. അത്തരം സന്ദർഭത്തിൽ, നിങ്ങളുടെ മനഃസാക്ഷി പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ അടയാളമാണ് കുറ്റബോധം.

തീർച്ചയായും, അമിതമായ പാപഭീതിയുള്ള ചിലരുണ്ട്; അൽപം മാത്രം കുറ്റബോധം തോന്നേണ്ടിടത്ത് അവർക്ക് അതിരുകടന്ന കുറ്റബോധം അനുഭവപ്പെടുന്നു. അല്ലെങ്കിൽ, തങ്ങൾ ചെയ്ത പാപത്തിന്റെ ഫലമായിട്ടല്ല, ആശയക്കുഴപ്പത്തിലായ മനഃസാക്ഷി മൂലമാണ് അവർക്ക് കുറ്റബോധം തോന്നുന്നത്. ഇത് ആരോഗ്യകരമല്ല; ഇതിന് പരിഹാരം കാണേണ്ടതുണ്ട്. എന്നാൽ, നമ്മുടെ കാലഘട്ടത്തിൽ കൂടുതൽ സാധാരണമായി കാണുന്ന പ്രശ്നം ആരോഗ്യകരമായ കുറ്റബോധത്തിന്റെ അഭാവമാണ്.

യേശുവും അപ്പോസ്തലന്മാരും തമ്മിലുള്ള ഈ കൂടിക്കാഴ്ചയിൽനിന്ന് നാം ഉൾക്കൊള്ളേണ്ട പാഠം ഒരുപക്ഷേ ഇതായിരിക്കാം: നാം തെറ്റായ എന്തെങ്കിലും ചെയ്തുവെന്ന് വ്യക്തമാകുമ്പോൾ, നമ്മുടെ ജീവിതത്തിൽ കുറ്റബോധം അനുഭവപ്പെടുന്നത് നല്ലതും ആരോഗ്യകരവുമാണ്. നമ്മുടെ വഴികൾ മാറ്റാനുള്ള ഒരു ക്ഷണമായി ഈ കുറ്റബോധത്തെ കണ്ട് അതിനു ചെവികൊടുക്കുന്നതും നല്ലതും ആരോഗ്യകരവുമാണ്.

അപ്പോസ്തലന്മാരെ സൗമ്യമായി തിരുത്തിയശേഷം, യേശു യഥാർഥ മഹത്ത്വത്തിന്റെ അർഥം സൗമ്യമായി അവരെ പഠിപ്പിച്ചു. നമ്മുടെ പാപങ്ങളെക്കുറിച്ച് എളിമയോടെ കുറ്റബോധം അനുഭവിക്കുമ്പോൾ, നമ്മോടും അവിടുന്ന് ഇതേ സമീപനം സ്വീകരിക്കും.

നിങ്ങളുടെ മനഃസാക്ഷി എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക. ചിലപ്പോഴെങ്കിലും അതിന് അമിതമായ പാപഭീതിയുണ്ടോ? അതോ, പാപത്തെ അതിന്റെ യഥാർഥ സ്വഭാവത്തിൽ തിരിച്ചറിയാതിരിക്കുന്ന മറുവശത്തെ അതിരിലേക്ക് ചായുന്ന, ധാർമികബോധമില്ലാത്ത മനഃസാക്ഷിയാണോ നിങ്ങളുടേത്? അതുമല്ലെങ്കിൽ, നിങ്ങൾ വഴിതെറ്റുമ്പോൾ നിങ്ങളെ നയിക്കാനായി ആവശ്യാനുസരണം ഉചിതമായ കുറ്റബോധം അനുഭവപ്പെടുന്ന, സന്തുലിതവും നല്ലതും ആരോഗ്യകരവുമായ ഒരു മനഃസാക്ഷിയാൽ നിങ്ങൾ അനുഗൃഹീതരാണോ? സദ്ഗുണമുള്ള മനഃസാക്ഷിയുടെ ഈ മധ്യമാർഗം തേടുക; ഓരോ ദിവസവും നിങ്ങളുടെ വഴികാട്ടിയാകാൻ നമ്മുടെ കർത്താവിനെ അനുവദിക്കുക.

കർത്താവേ, എന്റെ മനഃസാക്ഷി ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയെ കണ്ടുമുട്ടാനും അങ്ങയുടെ സ്വരം കേൾക്കാനും ഞാൻ വിളിക്കപ്പെട്ടിരിക്കുന്ന ഒരു വിശുദ്ധസ്ഥലമാണ്, ഒരു പുണ്യസങ്കേതമാണ് എന്റെ മനഃസാക്ഷിയെന്ന് ഞാൻ അറിയുന്നു. ഓരോ ദിവസവും അങ്ങയാൽ നയിക്കപ്പെടാൻ കഴിയേണ്ടതിന്, എന്റെ മനഃസാക്ഷി അങ്ങയുടെ സുവിശേഷത്തിന്റെ പൂർണസത്യത്തോട് എപ്പോഴും തുറവുള്ളതായിരിക്കട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാന വായനകൾക്കുള്ള മറ്റു സ്രോതസ്സുകൾ
കുറിപ്പ്: ഈ പോസ്റ്റിന്റെ മുകളിൽ ഇപ്പോൾ ഞങ്ങൾ വത്തിക്കാനിൽനിന്നുള്ള അതാതു ദിവസത്തെ വായനകളാണ് ഉപയോഗിക്കുന്നത്. വത്തിക്കാൻ വെബ്‌സൈറ്റ് സാർവത്രികമായി ഉപയോഗിക്കാവുന്നതും മൊബൈലിൽ സൗകര്യപ്രദമായി കാണാവുന്നതും കൂടുതൽ സുരക്ഷിതമായ ബ്രൗസിങ്ങിനായി SSL (സുരക്ഷാ സർട്ടിഫിക്കറ്റ്) ഉപയോഗിക്കുന്നതുമാണ് എന്നതിനാലാണിത്.  മറ്റു സ്രോതസ്സുകളിൽനിന്നുള്ള വായനകൾ കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക (USCCB, iBreviary, Universalis-ൽനിന്നുള്ള ജറുസലേം ബൈബിൾ).