മലയാളം

ക്രിസ്തുവിന്റെ അടിമകൾ

2020 മേയ് 7
ഉയിർപ്പുകാലം നാലാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയശേഷം യേശു അവരോടു പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ഒരു അടിമയും തന്റെ യജമാനനെക്കാൾ വലിയവനല്ല; ഒരു ദൂതനും തന്നെ അയച്ചവനെക്കാൾ വലിയവനല്ല.”  യോഹന്നാൻ 13:16

ഈ വാക്കുകളുടെ അന്തരാർഥം ശ്രദ്ധിച്ചാൽ, യേശു നമ്മോടു രണ്ടു കാര്യങ്ങൾ പറയുന്നതു കേൾക്കാം.  ഒന്നാമതായി, നമ്മെത്തന്നെ ദൈവത്തിന്റെ അടിമകളും ദൂതന്മാരുമായി കാണുന്നതു നല്ലതാണ്; രണ്ടാമതായി, നാം എപ്പോഴും മഹത്വം ദൈവത്തിനു നൽകണം.  ആത്മീയജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണിവ.  രണ്ടും നമുക്കു പരിശോധിക്കാം.

സാധാരണയായി, ഒരു “അടിമ” ആയിരിക്കുക എന്ന ആശയം അത്ര അഭിലഷണീയമല്ല.  നമ്മുടെ ഇക്കാലത്ത് അടിമത്തം അത്ര പരിചിതമല്ലെങ്കിലും, അത് ഒരു യാഥാർഥ്യമാണ്; ലോകചരിത്രത്തിലുടനീളം പല സംസ്കാരങ്ങളിലും പല കാലങ്ങളിലും അത് അതിഭീകരമായ നാശം വിതച്ചിട്ടുണ്ട്.  അടിമത്തത്തിലെ ഏറ്റവും മോശമായ കാര്യം അടിമകളോടു കാണിക്കുന്ന ക്രൂരതയാണ്.  അവരെ വസ്തുക്കളായും സ്വത്തായും കണക്കാക്കി പെരുമാറുന്നു; ഇത് അവരുടെ മാനുഷിക അന്തസ്സിന് തികച്ചും വിരുദ്ധമാണ്.

എന്നാൽ, ഒരുവനെ പൂർണമായി സ്നേഹിക്കുകയും ആ “അടിമ” തന്റെ യഥാർഥ കഴിവുകൾ സാക്ഷാത്കരിക്കാനും ജീവിതത്തിൽ പൂർണത കൈവരിക്കാനും സഹായിക്കുക എന്നത് തന്റെ മുഖ്യദൗത്യമായി കാണുകയും ചെയ്യുന്ന ഒരാളുടെ അടിമയായിരിക്കുന്ന സാഹചര്യം സങ്കൽപ്പിക്കുക.  ഈ സാഹചര്യത്തിൽ, സ്നേഹവും സന്തോഷവും സ്വീകരിക്കാൻ യജമാനൻ അടിമയോട് “ആജ്ഞാപിക്കും”; അവന്റെ മാനുഷിക അന്തസ്സിനെ ഒരിക്കലും ലംഘിക്കുകയുമില്ല.

ദൈവവുമായുള്ള ബന്ധത്തിൽ ഇങ്ങനെയാണ് സംഭവിക്കുന്നത്.  ദൈവത്തിന്റെ അടിമയാകുക എന്ന ആശയത്തെ നാം ഒരിക്കലും ഭയപ്പെടരുത്.  ഈ പ്രയോഗം, കഴിഞ്ഞകാലങ്ങളിൽ മാനുഷിക അന്തസ്സിനുനേരെ നടന്ന അതിക്രമങ്ങളുടെ വേദനാജനകമായ ഓർമകൾ ഉണർത്തിയേക്കാമെങ്കിലും, ദൈവത്തിന്റെ അടിമയായിരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.  എന്തുകൊണ്ട്?  കാരണം, നമ്മുടെ യജമാനനായിരിക്കാൻ നാം ആഗ്രഹിക്കേണ്ടത് ദൈവത്തെയാണ്.  വാസ്തവത്തിൽ, നമ്മുടെ യജമാനൻ നാംതന്നെയാകാൻ ആഗ്രഹിക്കുന്നതിനെക്കാൾ അധികമായി, ദൈവം നമ്മുടെ യജമാനനായിരിക്കാൻ നാം ആഗ്രഹിക്കണം.  നമ്മൾ നമ്മോടുതന്നെ പെരുമാറുന്നതിനെക്കാൾ നന്നായി ദൈവം നമ്മോടു പെരുമാറും!  വിശുദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പരിപൂർണജീവിതം നയിക്കാൻ അവിടുന്ന് നമ്മോടു നിർദേശിക്കും; നാം അവിടുത്തെ ദിവ്യഹിതത്തിനു വിനയപൂർവം കീഴടങ്ങുകയും ചെയ്യും.  അതിലുപരി, നാം അവിടുത്തെ അനുവദിക്കുകയാണെങ്കിൽ, അവിടുന്ന് നമ്മോടു നിർദേശിക്കുന്നതെല്ലാം നിറവേറ്റാൻ ആവശ്യമായ മാർഗങ്ങളും അവിടുന്ന് നമുക്കു നൽകും.  “ദൈവത്തിന്റെ അടിമ” ആയിരിക്കുക എന്നതു നല്ല കാര്യമാണ്; അതായിരിക്കണം നമ്മുടെ ജീവിതലക്ഷ്യവും.

നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ദൈവത്തിനു വിട്ടുകൊടുക്കാനുള്ള കഴിവിൽ നാം വളരുമ്പോൾ, അവിടുന്ന് നമ്മിൽ ചെയ്യുന്ന എല്ലാറ്റിനും ദൈവത്തിനു നന്ദിയും സ്തുതിയും അർപ്പിക്കുന്ന മനോഭാവവും നാം പതിവായി സ്വീകരിക്കണം.  തന്റെ ദൗത്യത്തിൽ പങ്കുചേരാൻ നമ്മെ അനുവദിക്കുന്നതിനും, തന്റെ ഹിതം നിറവേറ്റാൻ നമ്മെ അയയ്ക്കുന്നതിനും ഉള്ള സകല മഹത്വവും നാം അവിടുത്തേക്കു നൽകണം.  അവിടുന്ന് എല്ലാ വിധത്തിലും നമ്മെക്കാൾ വലിയവനാണ്; എങ്കിലും ആ മഹത്വത്തിലും മഹിമയിലും നാം പങ്കുചേരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.  അതിനാൽ, അവിടുന്ന് നമ്മിൽ ചെയ്യുന്ന എല്ലാറ്റിനും, അവിടുത്തെ നിയമത്തിലെ എല്ലാ നിർദേശങ്ങൾക്കും അവിടുത്തെ കല്പനകൾക്കും വേണ്ടി നാം ദൈവത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേക്കു നന്ദി പറയുകയും ചെയ്യുമ്പോൾ, തന്റെ മഹത്വത്തിൽ പങ്കുചേരാനും അതു പങ്കുവയ്ക്കാനും ദൈവം നമ്മെ ഉയർത്തും എന്നതാണ് സദ്‌വാർത്ത!  നമുക്കു സ്വന്തമായി സങ്കൽപ്പിക്കാൻ കഴിയുന്നതിനെക്കാളുമപ്പുറം നമ്മെ അനുഗ്രഹിക്കുന്ന ക്രൈസ്തവജീവിതത്തിന്റെ ഒരു ഫലമാണിത്.

ദൈവത്തിനും അവിടുത്തെ ഹിതത്തിനും പൂർണമായും അടിമയാകാൻ സ്വയം വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  ആ സമർപ്പണം അത്യന്തം ആനന്ദം പകരുന്ന ഒരു പാതയിലേക്കു നിങ്ങളെ നയിക്കാൻ തുടങ്ങും.

കർത്താവേ, അങ്ങയുടെ ഓരോ കല്പനയ്ക്കും ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു.  അങ്ങയുടെ ഹിതം എന്നിൽ നിറവേറട്ടെ; അങ്ങയുടെ ഹിതം മാത്രം.  എല്ലാ കാര്യങ്ങളിലും എന്റെ യജമാനനായി ഞാൻ അങ്ങയെ തിരഞ്ഞെടുക്കുന്നു; എന്നോടുള്ള അങ്ങയുടെ പരിപൂർണസ്നേഹത്തിൽ ഞാൻ ആശ്രയിക്കുന്നു.  യേശുവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ