മലയാളം

അവിടുന്ന് ചെയ്തതെന്തെന്ന് തിരിച്ചറിയുക

ഏപ്രിൽ 2, 2026

പെസഹാ വ്യാഴം, കർത്താവിന്റെ അന്ത്യ അത്താഴത്തിന്റെ വിശുദ്ധ കുർബാന

ഇന്നത്തെ വായനകൾ

പെസഹാത്രിദിനത്തിനായുള്ള കൂടുതൽ പ്രാർത്ഥനകളും ധ്യാനചിന്തകളും

ബെൻവെനൂത്തോ തിസി, CC0, Wikimedia Commons വഴി

വീഡിയോ

അവരുടെ പാദങ്ങൾ കഴുകിയശേഷം അവൻ മേൽവസ്ത്രം ധരിച്ച് വീണ്ടും ഭക്ഷണമേശയിൽ ഇരുന്നപ്പോൾ അവരോടു പറഞ്ഞു: “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതെന്തെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നു. അതു ശരിതന്നെ; ഞാൻ അങ്ങനെയാകുന്നു. അതിനാൽ, കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്. ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, നിങ്ങൾക്കു പിന്തുടരാൻ ഞാൻ ഒരു മാതൃക നൽകിയിരിക്കുന്നു.” യോഹന്നാൻ 13:12–15

പെസഹാവ്യാഴാഴ്ച വൈകുന്നേരത്തെ കർത്താവിന്റെ തിരുവത്താഴ കുർബാന വർഷത്തിലെ ഏറ്റവും ആത്മീയസമ്പുഷ്ടമായ ആരാധനാക്രമാഘോഷങ്ങളിൽ ഒന്നാണ്. സക്രാരി ശൂന്യമായിരിക്കെയാണ് വിശുദ്ധ കുർബാന ആരംഭിക്കുന്നത്. വായനകൾക്കും വചനപ്രഘോഷണത്തിനും ശേഷം ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്ന ശുശ്രൂഷ നടക്കുന്നു. ദിവ്യകാരുണ്യാഘോഷത്തിൽ വിശുദ്ധ കുർബാന അതിന്റെ പാരമ്യത്തിലെത്തുന്നു. തുടർന്ന്, വിശ്വാസികൾക്ക് അർധരാത്രിവരെ ആരാധിക്കാനായി ദിവ്യകാരുണ്യം പ്രദക്ഷിണമായി മറ്റൊരു ബലിപീഠത്തിലേക്കു കൊണ്ടുപോകുന്നു. ഈ സമയത്ത്, ഉദ്യാനത്തിലെ പ്രാണവേദനയിൽ കർത്താവിനോട് ഐക്യപ്പെട്ട് അവിടുത്തോടൊപ്പം ഒരു മണിക്കൂർ ചെലവഴിക്കാൻ നാം ക്ഷണിക്കപ്പെടുന്നു.

ഈ വിശുദ്ധ കുർബാനയിൽ വായിക്കുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷഭാഗം, യേശു ശിഷ്യന്മാരോടൊപ്പം കഴിച്ച അവസാന അത്താഴത്തിന്റെ ആരംഭം അവതരിപ്പിക്കുന്നു. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് യേശു ഒരു ദാസന്റെ പ്രവൃത്തി ചെയ്യുന്നു. ഇത് അവരെ, പ്രത്യേകിച്ച് പത്രോസിനെ, ആശ്ചര്യപ്പെടുത്തുന്നുണ്ടെങ്കിലും യേശു നിർബന്ധപൂർവം പറയുന്നു: “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ എന്നോടൊപ്പം നിനക്ക് അവകാശമൊന്നും ഉണ്ടാകുകയില്ല” (യോഹന്നാൻ 13:8). നമ്മുടെ കർത്താവ് നമ്മോടും ഇതുതന്നെ പറയുന്നു.

പലപ്പോഴും ആളുകൾ കാൽകഴുകലിനെ ഉപരിപ്ലവമായി മാത്രമേ മനസ്സിലാക്കുന്നുള്ളൂ. അതുകൊണ്ടായിരിക്കാം യേശു ശിഷ്യന്മാരോട്, “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതെന്തെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?…” എന്നു ചോദിച്ചത്. ഇത് ഒരു ചോദ്യമുയർത്തുന്നു: അതിപരിശുദ്ധമായ ഈ പ്രവൃത്തിയുടെ ആഴമേറിയതും രൂപാന്തരപ്പെടുത്തുന്നതുമായ അർഥം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നാം പരസ്പരം നന്നായി പെരുമാറണമെന്നും പരസ്പരം ചെറിയ സഹായങ്ങൾ ചെയ്യാൻ അവസരങ്ങൾ തേടണമെന്നും ലളിതമായി പറഞ്ഞുതരാനുള്ള യേശുവിന്റെ ഒരു മാർഗം മാത്രമായിരുന്നില്ല ഇത്. ഇതിന്റെ അർഥം അതിലും ഏറെ സമ്പന്നമാണ്. ഒന്നാമതായി, യേശു നമ്മെ കഴുകി ശുദ്ധീകരിക്കണം. രണ്ടാമതായി, മറ്റുള്ളവരെ കഴുകി ശുദ്ധീകരിക്കുന്ന യേശുവിന്റെ പ്രവൃത്തിയിൽ നാം പങ്കുചേരണം.

യേശു നിങ്ങളെ എങ്ങനെയാണ് കഴുകി ശുദ്ധീകരിക്കുന്നത്? പാപത്തെ നശിപ്പിക്കുകയും നിത്യജീവൻ പുനഃസ്ഥാപിക്കുകയും ചെയ്ത അവിടുത്തെ കുരിശിലൂടെയും ഉത്ഥാനത്തിലൂടെയും. നമുക്കുവേണ്ടി ചിന്തപ്പെട്ടതും അവസാന അത്താഴത്തിൽ അവിടുത്തെ ശിഷ്യന്മാർക്ക് ആദ്യമായി നൽകപ്പെട്ടതുമായ അവിടുത്തെ രക്തത്താൽ നാം കഴുകി ശുദ്ധീകരിക്കപ്പെടണം. താൻ അവർക്ക് നൽകുന്ന ശുദ്ധീകരണം, അതായത് പാപത്തിൽനിന്നുള്ള ശുദ്ധീകരണം, അവർക്ക് ആവശ്യമാണെന്ന് യേശു അവരോടു പറയുകയായിരുന്നു. ഇന്ന് ഈ ശുദ്ധീകരണം ആദ്യം മാമ്മോദീസയിലും പിന്നീട് അനുരഞ്ജന കൂദാശയിലും നടക്കുന്നു. വിശുദ്ധ കുർബാനയിൽ ഫലപ്രദമായി പങ്കുചേരാൻ നാം ആഗ്രഹിക്കുന്നെങ്കിൽ ആദ്യം മാമ്മോദീസയിലൂടെ ശുദ്ധീകരിക്കപ്പെടണം. പിന്നീടുള്ള ജീവിതത്തിൽ നാം പാപം ചെയ്യുമ്പോൾ, അനുരഞ്ജന കൂദാശയിൽ നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നതിലൂടെയാണ് ഈ ശുദ്ധീകരണം നടക്കുന്നത്. വിശുദ്ധ കുർബാനയിൽ അവിടുത്തെ യോഗ്യതയോടെ സ്വീകരിക്കാൻ ഇതു നമ്മെ ഒരുക്കുന്നു. ഈ കൂദാശകൾ സ്വീകരിക്കുമ്പോൾ, “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതെന്തെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?” എന്ന് നമ്മുടെ കർത്താവ് നമ്മോടു പറയുന്നത് നാം കേൾക്കണം.

ആ ചോദ്യത്തിനുശേഷം യേശു പറയുന്നു: “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, നിങ്ങൾക്കു പിന്തുടരാൻ ഞാൻ ഒരു മാതൃക നൽകിയിരിക്കുന്നു.” തീർച്ചയായും, നാം യേശുവല്ല. പാപങ്ങൾ ക്ഷമിക്കാനും അവിടുത്തെ തിരുശരീരവും തിരുരക്തവും മറ്റുള്ളവർക്കു നൽകാനും നമുക്കു കഴിയില്ലല്ലോ, അല്ലേ? ആദ്യത്തെ മെത്രാന്മാരായ തന്റെ അപ്പസ്തോലന്മാരോടാണ് യേശു സംസാരിച്ചിരുന്നതെന്ന് ഓർക്കുക. അതിനാൽ, “അതെ,” താൻ സ്ഥാപിച്ച കൂദാശകൾ വിശ്വസ്തതയോടെ പരികർമം ചെയ്യുന്നതിലൂടെ അവിടുന്ന് നിരന്തരം നൽകുന്ന ദാനം തുടരാനാണ് യേശു അവരോടും അവരെത്തുടർന്നുവന്ന എല്ലാ മെത്രാന്മാരോടും വൈദികരോടും കൽപിച്ചിരുന്നത്.

അതാണ് മുഖ്യകൽപനയെങ്കിലും, തന്റെ സ്വയംദാനത്തിൽ പങ്കുചേരാൻ നമ്മുടെ കർത്താവ് നമ്മെ എല്ലാവരെയും വിളിക്കുകയും ചെയ്യുന്നു. നമുക്കാവശ്യമായ ശുദ്ധീകരണവും രൂപാന്തരവും നൽകാൻ അവിടുത്തേക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ—കൂദാശകളിൽ കാലമെല്ലാം തുടരുന്നതും ഇതുതന്നെയാണ്. എങ്കിലും, നാം പിന്തുടരാൻ അവിടുന്നു നൽകിയ “മാതൃക”യായ അവിടുത്തെ ത്യാഗപൂർണമായ സ്നേഹം പരസ്നേഹപ്രവൃത്തികളിലൂടെ അനുകരിക്കാൻ അവിടുന്ന് നമ്മിൽ ഓരോരുത്തരോടും കൽപിക്കുന്നു. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും വിശുദ്ധ കുർബാനയാൽ നാം ശക്തിപ്പെടുത്തപ്പെടുകയും ചെയ്തതിനാൽ, നാം മറ്റുള്ളവരിലേക്കു ശ്രദ്ധ തിരിക്കണം. നിസ്വാർഥമായും മടികൂടാതെയും നമ്മുടെ ജീവിതം സമർപ്പിച്ചുകൊണ്ട്, അവർക്ക് ക്രിസ്തുവായിരിക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ നാം തീരുമാനിക്കണം. ഈ കൽപന നമുക്ക് ഇഷ്ടമുള്ളവരുടെ കാര്യത്തിൽ മാത്രമല്ല, എല്ലാവരുടെയും കാര്യത്തിൽ ഒരുപോലെ, വിട്ടുവീഴ്ചയില്ലാതെ ബാധകമാണ്. യൂദാസ് തന്നെ ഉടൻ ഒറ്റിക്കൊടുക്കുമെന്ന് അറിഞ്ഞിട്ടും യേശു അവന്റെ പാദങ്ങൾപോലും കഴുകിയെന്നത് ശ്രദ്ധിക്കുക. അങ്ങനെ ചെയ്തുകൊണ്ട്, നമ്മോടു തെറ്റുചെയ്യുന്നവരിലേക്കുപോലും പരസ്നേഹം എത്തിച്ചേരണമെന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. അവിടുന്ന് സ്നേഹിക്കുന്നതുപോലെ—നിബന്ധനകളോ പരിധികളോ ഇല്ലാതെ—സ്നേഹിക്കാൻ അവിടുന്നു നമ്മെ വിളിക്കുന്നു.

യേശു പന്ത്രണ്ടു ശിഷ്യന്മാരോടു ചോദിച്ച ഈ ചോദ്യം ഇന്ന് ധ്യാനിക്കുക: “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തത് എന്താണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?” ഇന്ന്, പ്രത്യേകിച്ച് ഈ സന്ധ്യയിൽ, ആ ചോദ്യം ആഴമായി ചിന്തിക്കുക. അവിടുത്തെ ബലിയുടെ ആഴം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? കാലങ്ങളിലുടനീളം ആ ബലിയെ നിലനിർത്തുന്ന കൂദാശകളെ നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? അവിടുത്തെ ദാനം സ്വീകരിക്കുന്നത് നിങ്ങളിൽനിന്ന് എന്തെല്ലാം ആവശ്യപ്പെടുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? യേശു നിങ്ങൾക്കു നൽകുന്നതെല്ലാം സ്വീകരിക്കാൻ ഹൃദയം തുറക്കുക; നിങ്ങൾക്കു ലഭിച്ചവ മറ്റുള്ളവർക്കും നൽകുക.

സ്വയം ബലിയർപ്പിക്കുന്ന എന്റെ ഗുരുവും കർത്താവുമായ അങ്ങ്, പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കാനും എനിക്കു വീണ്ടും ജീവൻ നൽകാനുമായി അങ്ങയുടെ തിരുരക്തം എന്റെമേൽ ചൊരിഞ്ഞുവല്ലോ. ഈ ദാനം പൂർണമായി ഗ്രഹിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ലെങ്കിലും, ഈ മഹാരഹസ്യം കൂടുതൽ പൂർണമായി മനസ്സിലാക്കാൻ വേണ്ട വിവേകത്തിനായി ഞാൻ പ്രാർഥിക്കുന്നു. അങ്ങ് എന്നെ രൂപാന്തരപ്പെടുത്തുമ്പോൾ, ദൈവിക സ്നേഹത്തിന്റെ പരസ്നേഹപ്രവൃത്തികളിലും നിസ്വാർഥ സേവനത്തിലും മറ്റുള്ളവർക്കായി ചൊരിയപ്പെടുന്ന ഒരു ദാനമായി എന്നെ ഉപയോഗിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണം വയ്ക്കുന്നു.

മുപ്പത്തിയെട്ടാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

വിശുദ്ധവാരത്തിനായി കൂടുതൽ

ഉയിർപ്പുതിരുനാളിനോടനുബന്ധിച്ച് ഒരു സംഭാവന നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമോ?

പെസഹാവ്യാഴത്തിനായുള്ള പ്രാർത്ഥനാധ്യാനം

ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദുഃഖവെള്ളിയാഴ്ച ദൈവകരുണയുടെ നൊവേനയുടെ ആദ്യദിനമാണ്

കൂടുതൽ വായനയ്ക്ക്: പെസഹാവ്യാഴം

കുരിശിന്റെ വഴി

വിശുദ്ധ വാരത്തിനായുള്ള കവിതകൾ

ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)

എളിമയുടെ ലുത്തിനിയ

സഹനത്തെ കുരിശിനോടു ചേർക്കൽ

പൂർണ സമർപ്പണത്തിന്റെ പ്രാർത്ഥന

സമർപ്പണപ്രാർത്ഥന

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

പാവോളയിലെ വിശുദ്ധ ഫ്രാൻസിസ്, ഏകാന്തവാസി
(ഈ വർഷം ആരാധനക്രമ സ്മരണയായി ആചരിക്കുന്നില്ല)

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.