മലയാളം

സുവിശേഷം പ്രഘോഷിക്കൽ

തിങ്കളാഴ്ച, ജൂൺ 29, 2020

അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും മഹോത്സവം

ഇന്നത്തെ വായനകൾ

“അതിനാൽ ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ സ്ഥാപിക്കും. പാതാളത്തിന്റെ കവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല.”  മത്തായി 16:18

യുഗങ്ങളിലുടനീളം സഭ വെറുക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും അപകീർത്തിപ്പെടുത്തപ്പെടുകയും പരിഹസിക്കപ്പെടുകയും ആക്രമിക്കപ്പെടുകപോലും ചെയ്തിട്ടുണ്ട്. ചിലപ്പോൾ സഭാംഗങ്ങളുടെ വ്യക്തിപരമായ തെറ്റുകൾമൂലം പരിഹാസവും ശകാരവും ഉണ്ടാകാറുണ്ടെങ്കിലും, മിക്കപ്പോഴും സഭ പീഡിപ്പിക്കപ്പെട്ടിട്ടുള്ളതും ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നതും നമുക്കു നൽകപ്പെട്ട ദൗത്യം നിമിത്തമാണ്. ദൈവമക്കളായി ഐക്യത്തിൽ ജീവിക്കാൻ എല്ലാ മനുഷ്യരെയും മോചിപ്പിക്കുകയും സ്വതന്ത്രരാക്കുകയും ചെയ്യുന്ന സത്യം, ക്രിസ്തുവിന്റെതന്നെ സ്വരത്തിൽ, വ്യക്തമായും കരുണയോടെയും ഉറച്ചുനിന്നും ആധികാരികമായും പ്രഘോഷിക്കുക എന്നതാണ് ആ ദൗത്യം.

വിരോധാഭാസമെന്നു പറയട്ടെ, ദുഃഖകരമെന്നു പറയട്ടെ, സത്യം സ്വീകരിക്കാൻ വിസമ്മതിക്കുന്ന അനേകർ ഈ ലോകത്തിലുണ്ട്. സഭ തന്റെ ദൈവികദൗത്യം നിറവേറ്റുമ്പോൾ, അതിനു പകരം കോപത്തിലും വിദ്വേഷത്തിലും വളരുന്ന അനേകരുണ്ട്.

സഭയുടെ ഈ ദൈവികദൗത്യം എന്താണ്? വ്യക്തമായും ആധികാരികമായും പഠിപ്പിക്കുക, കൂദാശകളിലൂടെ ദൈവകൃപയും കരുണയും സമൃദ്ധമായി പകർന്നുനൽകുക, ദൈവജനത്തെ സ്വർഗത്തിലേക്കു നയിക്കുന്നതിനായി അവരെ അജപാലനം ചെയ്യുക എന്നിവയാണ് സഭയുടെ ദൗത്യം. സഭയ്ക്ക് ഈ ദൗത്യം നൽകിയത് ദൈവമാണ്; ധൈര്യത്തോടെയും നിർഭയത്വത്തോടെയും വിശ്വസ്തതയോടെയും അതു നിറവേറ്റാൻ സഭയെയും അവളുടെ ശുശ്രൂഷകരെയും പ്രാപ്തരാക്കുന്നതും ദൈവമാണ്.

ഈ വിശുദ്ധദൗത്യത്തെക്കുറിച്ചു ധ്യാനിക്കാൻ ഇന്നത്തെ മഹോത്സവം ഏറെ ഉചിതമായ അവസരമാണ്.  വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും സഭയുടെ ദൗത്യത്തിന്റെ ഏറ്റവും മഹത്തായ മാതൃകകളിൽ രണ്ടുപേർ മാത്രമല്ല; ക്രിസ്തു ഈ ദൗത്യം സ്ഥാപിച്ച യഥാർഥ അടിത്തറയും അവരാണ്.

ഒന്നാമതായി, ഇന്നത്തെ സുവിശേഷത്തിൽ യേശുതന്നെ പത്രോസിനോടു പറഞ്ഞു: “അതിനാൽ ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ സ്ഥാപിക്കും. പാതാളത്തിന്റെ കവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.”

ഈ സുവിശേഷഭാഗത്തിൽ, സഭയുടെ ആദ്യത്തെ മാർപാപ്പയ്ക്കാണ് “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” നൽകപ്പെടുന്നത്. ഭൂമിയിലെ സഭയുടെ ദൈവദത്തമായ തലവൻസ്ഥാനം ഏൽപ്പിക്കപ്പെട്ട വിശുദ്ധ പത്രോസിന്, സ്വർഗം പ്രാപിക്കാൻ നാം അറിയേണ്ടതെല്ലാം നമ്മെ പഠിപ്പിക്കാനുള്ള അധികാരം നൽകപ്പെടുന്നു.  സഭയുടെ ആദ്യകാലംമുതൽതന്നെ ഇക്കാര്യം വ്യക്തമാണ്: പത്രോസ് ഈ “രാജ്യത്തിന്റെ താക്കോലുകൾ”, “ആധികാരികമായി കെട്ടാനും അഴിക്കാനുമുള്ള ഈ കഴിവ്”, ഇന്ന് അപ്രമാദിത്വം എന്നു വിളിക്കപ്പെടുന്ന ഈ ദൈവികദാനം, തന്റെ പിൻഗാമിക്കു കൈമാറി; അദ്ദേഹം തന്റെ പിൻഗാമിക്കും; അങ്ങനെ അത് ഇന്നുവരെ തുടർന്നുവരുന്നു.

സ്വാതന്ത്ര്യം നൽകുന്ന സുവിശേഷസത്യം വ്യക്തമായും ആത്മവിശ്വാസത്തോടെയും ആധികാരികമായും പ്രഘോഷിക്കുന്നതിന്റെ പേരിൽ സഭയോടു കോപിക്കുന്ന അനേകരുണ്ട്. ധാർമികതയുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്. പലപ്പോഴും ഈ സത്യങ്ങൾ പ്രഘോഷിക്കപ്പെടുമ്പോൾ സഭ ആക്രമിക്കപ്പെടുകയും സാധ്യമായ എല്ലാ അപകീർത്തികരമായ പേരുകളും വിളിച്ച് അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.

ഇത് ഇത്രയധികം ദുഃഖകരമാകുന്നതിന്റെ പ്രധാന കാരണം സഭ ആക്രമിക്കപ്പെടുന്നു എന്നതല്ല; പീഡനം സഹിച്ചുനിൽക്കാൻ നമുക്കാവശ്യമായ കൃപ ക്രിസ്തു എപ്പോഴും നൽകും.  മറിച്ച്, ഏറ്റവും അധികം കോപിക്കുന്നവർതന്നെയാണ് പലപ്പോഴും സ്വാതന്ത്ര്യം നൽകുന്ന സത്യം ഏറ്റവും അധികം അറിയേണ്ടവർ എന്നതാണ് ഇത്രയധികം ദുഃഖകരമായ പ്രധാന കാര്യം. യേശുക്രിസ്തുവിൽമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യവും, അവിടുന്ന് വിശുദ്ധഗ്രന്ഥത്തിലൂടെ ഇതിനകം നമ്മെ ഭരമേൽപ്പിച്ചിട്ടുള്ളതും മാർപാപ്പയുടെ വ്യക്തിത്വത്തിൽ പത്രോസിലൂടെ തുടർന്നും നമുക്കു വ്യക്തമാക്കിത്തരുന്നതുമായ സമ്പൂർണവും മാറ്റം വരുത്താത്തതുമായ സുവിശേഷസത്യവും എല്ലാവർക്കും ആവശ്യമാണ്. മാത്രമല്ല, സുവിശേഷം ഒരിക്കലും മാറുന്നില്ല; മാറുന്നത് ഈ സുവിശേഷത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം കൂടുതൽ ആഴവും വ്യക്തതയും നേടുന്നതു മാത്രമാണ്. അനിവാര്യമായ ഈ ചുമതലയിൽ സഭയെ സേവിക്കുന്ന പത്രോസിനെയും അദ്ദേഹത്തിന്റെ എല്ലാ പിൻഗാമികളെയുംപ്രതി ദൈവത്തിനു നന്ദി.

നാം ഇന്നു ആദരിക്കുന്ന മറ്റൊരു അപ്പസ്തോലനായ വിശുദ്ധ പൗലോസിനെ പത്രോസിന്റെ താക്കോലുകൾ ഏൽപ്പിച്ചിരുന്നില്ല. എന്നാൽ വിജാതീയരുടെ അപ്പസ്തോലനാകാൻ ക്രിസ്തു അദ്ദേഹത്തെ വിളിക്കുകയും, ആ ദൗത്യത്തിനായി അദ്ദേഹത്തിനു ലഭിച്ച തിരുപ്പട്ടത്തിലൂടെ ശക്തിപ്പെടുത്തുകയും ചെയ്തു. വിശുദ്ധ പൗലോസ് വളരെ ധൈര്യത്തോടെ മെഡിറ്ററേനിയൻ പ്രദേശമാകെ സഞ്ചരിച്ച്, താൻ കണ്ടുമുട്ടിയ എല്ലാവർക്കും സന്ദേശം എത്തിച്ചു. ഇന്നത്തെ രണ്ടാം വായനയിൽ വിശുദ്ധ പൗലോസ് തന്റെ യാത്രകളെക്കുറിച്ചു പറഞ്ഞു: “എന്നിലൂടെ പ്രഘോഷണം പൂർത്തിയാകാനും വിജാതീയരെല്ലാവരും സുവിശേഷം കേൾക്കാനുംവേണ്ടി കർത്താവ് എന്റെ കൂടെനിന്ന് എനിക്കു ശക്തി നൽകി.” അദ്ദേഹം കഷ്ടതകൾ സഹിക്കുകയും മർദനമേൽക്കുകയും തടവിലാക്കപ്പെടുകയും പരിഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും അനേകരാൽ വെറുക്കപ്പെടുകയും ചെയ്തെങ്കിലും, അനേകർക്കു യഥാർഥ സ്വാതന്ത്ര്യം ലഭിക്കുന്നതിനുള്ള ഉപകരണവുമായി അദ്ദേഹം മാറി. അനേകർ അദ്ദേഹത്തിന്റെ വാക്കുകളോടും മാതൃകയോടും പ്രതികരിച്ച് തങ്ങളുടെ ജീവിതം സമൂലമായി ക്രിസ്തുവിനു സമർപ്പിച്ചു. നിരവധി പുതിയ ക്രൈസ്തവസമൂഹങ്ങളുടെ സ്ഥാപനത്തിന് നാം കടപ്പെട്ടിരിക്കുന്നത് വിശുദ്ധ പൗലോസിന്റെ അക്ഷീണമായ പരിശ്രമങ്ങളോടാണ്. ലോകത്തിന്റെ എതിർപ്പിനെ നേരിടുമ്പോൾ, ഇന്നത്തെ ലേഖനവായനയിൽ പൗലോസ് പറഞ്ഞു: “ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷിക്കപ്പെട്ടു. കർത്താവ് എല്ലാ തിന്മയുടെ ഭീഷണികളിൽനിന്നും എന്നെ രക്ഷിക്കുകയും തന്റെ സ്വർഗരാജ്യത്തിൽ സുരക്ഷിതനായി എത്തിക്കുകയും ചെയ്യും.”

വിശുദ്ധ പൗലോസും വിശുദ്ധ പത്രോസും തങ്ങളുടെ ദൗത്യങ്ങളോടുള്ള വിശ്വസ്തതയ്ക്ക് സ്വന്തം ജീവൻ വിലയായി നൽകേണ്ടിവന്നു. ഒന്നാം വായന പത്രോസിന്റെ കാരാഗൃഹവാസത്തെക്കുറിച്ചു സംസാരിച്ചു; ലേഖനങ്ങൾ പൗലോസിന്റെ കഷ്ടതകൾ വെളിപ്പെടുത്തുന്നു. ഒടുവിൽ ഇരുവരും രക്തസാക്ഷികളായി. സുവിശേഷത്തിനുവേണ്ടിയാണ് നിങ്ങൾ രക്തസാക്ഷിയാകുന്നതെങ്കിൽ, രക്തസാക്ഷിത്വം ഒരു മോശം കാര്യമല്ല.

ഈശോ സുവിശേഷത്തിൽ പറയുന്നു: “നിങ്ങളുടെ കൈയും കാലും ബന്ധിക്കാൻ കഴിയുന്നവനെ ഭയപ്പെടേണ്ടാ; പകരം, നിങ്ങളെ ഗേഹെന്നയിലേക്ക് എറിയാൻ കഴിയുന്നവനെ ഭയപ്പെടുവിൻ.” നിങ്ങൾ സ്വതന്ത്രമായി നടത്തുന്ന തിരഞ്ഞെടുപ്പുകളിലൂടെ നിങ്ങളെ ഗേഹെന്നയിലേക്ക് എറിയാൻ കഴിയുന്ന ഒരേയൊരാൾ നിങ്ങൾതന്നെയാണ്. ആത്യന്തികമായി നാം ഭയപ്പെടേണ്ടത് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സുവിശേഷസത്യത്തിൽനിന്ന് വ്യതിചലിക്കുന്നതിനെ മാത്രമാണ്.

സത്യം സ്നേഹത്തോടും അനുകമ്പയോടുംകൂടെ പ്രഘോഷിക്കപ്പെടണം; എന്നാൽ വിശ്വാസജീവിതത്തിന്റെയും ധാർമ്മികതയുടെയും സത്യം അതിൽ ഇല്ലെങ്കിൽ, സ്നേഹം യഥാർഥ സ്നേഹമോ അനുകമ്പ യഥാർഥ അനുകമ്പയോ ആകുന്നില്ല.

വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും ഈ തിരുനാളിൽ, ലോകത്തെ സ്വതന്ത്രമാക്കുന്ന ഉപകരണങ്ങളായി തുടരാൻ ആവശ്യമായ ധൈര്യവും ഉപവിയും ജ്ഞാനവും ക്രിസ്തു നമുക്കെല്ലാവർക്കും സഭ മുഴുവനും നൽകട്ടെ.

കർത്താവേ, അങ്ങയുടെ സഭയെന്ന ദാനത്തിനും അവൾ പ്രഘോഷിക്കുന്ന വിമോചനമേകുന്ന സുവിശേഷത്തിനും ഞാൻ അങ്ങയോടു നന്ദി പറയുന്നു.  അങ്ങയുടെ സഭയിലൂടെ അങ്ങ് പ്രഘോഷിക്കുന്ന സത്യങ്ങളോട് എന്നും വിശ്വസ്തനായിരിക്കാൻ എന്നെ സഹായിക്കണമേ.  ആ സത്യം ആവശ്യമുള്ള എല്ലാവർക്കും അതിന്റെ ഉപകരണമായിരിക്കാൻ എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും


കത്തോലിക്കാ ദൈനംദിന വിചിന്തന പരമ്പര