മലയാളം

സഭ വിജയം വരിക്കും

2026 ജൂൺ 29, തിങ്കളാഴ്ച

അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും മഹോത്സവം

ഇന്നത്തെ വായനകൾ

വിശുദ്ധ പത്രോസ് & വിശുദ്ധ പൗലോസ്, തയ്യാറാക്കിയത്: Lawrence OP, CC BY-NC-ND 2.0.

വീഡിയോ

“യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാൻ! എന്തെന്നാൽ, മാംസരക്തങ്ങളല്ല, എന്റെ സ്വർഗസ്ഥനായ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിയത്. അതിനാൽ ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ പണിയും. പാതാളത്തിന്റെ കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു നൽകും. നീ ഭൂമിയിൽ ബന്ധിക്കുന്നതെല്ലാം സ്വർഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.” മത്തായി 16:17–19

സഭ പലവിധത്തിൽ കഷ്ടതകൾ അനുഭവിക്കുമെങ്കിലും, ഒടുവിൽ അവയെല്ലാം അതിജീവിക്കും. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും മഹോത്സവം ആഘോഷിക്കുമ്പോൾ, സഭയുടെ ഏറ്റവും മഹത്തായ തൂണുകളിൽ രണ്ടെണ്ണമായ അവരുടെ ജീവിതങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിലൂടെ ഈ സത്യം നാം അനുസ്മരിക്കുന്നു. തടവറകൾക്കോ പീഡനങ്ങൾക്കോ പരാജയങ്ങളെന്നു തോന്നിയവയ്ക്കോ ദൈവം അവരെ ഏല്പിച്ച ദൗത്യം നിറവേറ്റുന്നതിൽനിന്ന് അവരെ തടയാനായില്ല. അതുപോലെ, സഭയെ ഒരിക്കലും കീഴടക്കാനാവില്ല; കാരണം, അവൾ ദൈവപരിപാലനത്തിന്റെ സംരക്ഷണത്തിൽ നിലകൊള്ളുന്നു.

സഭ വിജയം വരിക്കും എന്നതിന് ലളിതമായ ഒരു കാരണമേയുള്ളൂ: ഈശോ അങ്ങനെ പറഞ്ഞിട്ടുണ്ട്. പത്രോസിന് അതുല്യവും പരമോന്നതവുമായ അധികാരം നൽകിക്കൊണ്ട്, പന്ത്രണ്ട് അപ്പസ്തോലന്മാരുടെമേൽ അവിടുന്ന് സഭ സ്ഥാപിച്ചു: “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു നൽകും. നീ ഭൂമിയിൽ ബന്ധിക്കുന്നതെല്ലാം സ്വർഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.” പത്രോസിന് ആദ്യം നൽകിയിരുന്ന പേര് ശിമയോൻ എന്നായിരുന്നെങ്കിലും, ഈശോ അത് പത്രോസ് എന്നാക്കി മാറ്റി—ഗ്രീക്കിൽ പെട്രോസ് എന്നും അരമായത്തിൽ കേഫാസ് എന്നും. ഈ രണ്ടു പദങ്ങളും ഒരു പുരുഷന്റെ പേരായി ഉപയോഗിക്കാവുന്നവയാണ്; എന്നാൽ അവയ്ക്ക് “പാറ” എന്നും അർഥമുണ്ട്. അതിനാൽ, പത്രോസും അദ്ദേഹത്തോടു ഐക്യത്തിലുള്ള അപ്പസ്തോലന്മാരും സഭ പണിതുയർത്തപ്പെടുന്ന പാറയും ഇളകാത്ത അടിത്തറയുമായിത്തീരുന്നു.

പത്രോസിന് “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” നൽകിക്കൊണ്ട്, ദൈവിക അധികാരത്തോടെ പഠിപ്പിക്കാനും ഭരിക്കാനും വിശുദ്ധീകരിക്കാനുമുള്ള സവിശേഷമായ അധികാരം ഈശോ അദ്ദേഹത്തിനു നൽകി. ഈ അധികാരം പത്രോസിനോടുകൂടെ അവസാനിച്ചില്ല; മെത്രാൻപദവിയിലൂടെ അത് അദ്ദേഹത്തിന്റെ പിൻഗാമികൾക്കു കൈമാറപ്പെടുന്നു. പത്രോസ് റോമിൽ മരിച്ചതിനാൽ, ദൈവം സ്ഥാപിച്ച സഭാഭരണത്തിന്റെ ആസ്ഥാനമായി റോം നിലകൊള്ളുന്നു.

ഇളകാത്ത പാറയാകുന്ന അടിത്തറയായി പത്രോസ് സഭയ്ക്ക് ആവശ്യമായ സ്ഥിരതയും വ്യക്തതയും നൽകുമ്പോൾ, ഭൂമിയുടെ അതിർത്തികൾവരെ സുവിശേഷം എത്തിക്കാനുള്ള സഭയുടെ പ്രേഷിതധർമത്തെ പൗലോസ് പ്രതിഫലിപ്പിക്കുന്നു. ഇന്നത്തെ രണ്ടാം വായനയിൽ ഇതു പ്രത്യേകമായി കാണാം. തന്റെ ഭൗമികജീവിതത്തിന്റെ അന്ത്യം മുന്നിൽക്കാണുന്ന പൗലോസ്, താൻ “നന്നായി പൊരുതി”, “ഓട്ടം പൂർത്തിയാക്കി”, “വിശ്വാസം കാത്തുസൂക്ഷിച്ചു” എന്നു പ്രഖ്യാപിക്കുന്നു. സകല ജനതകൾക്കും സുവിശേഷം അറിയിക്കാൻ അക്ഷീണം അധ്വാനിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ജീവിതം ക്രിസ്തുവിനുവേണ്ടി ഒരു പാനീയബലിയായി ചൊരിയപ്പെട്ടു. പത്രോസ് സഭയുടെ ഐക്യവും ദൈവികസത്യത്തോടുള്ള വിശ്വസ്തതയും ഉറപ്പാക്കുമ്പോൾ, ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ആ സത്യം പ്രചരിപ്പിക്കാനും സകല മനുഷ്യരെയും ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള കൂട്ടായ്മയിലേക്കു ക്ഷണിക്കാനുമുള്ള സഭയുടെ തീക്ഷ്ണതയ്ക്ക് പൗലോസ് മൂർത്തരൂപം നൽകുന്നു.

ദൈവം അവരിലൂടെ സ്ഥാപിച്ച അവിച്ഛിന്നമായ പാരമ്പര്യത്തിലൂടെ പത്രോസും പൗലോസും ഇന്നും ആത്മീയമായി സജീവരായി പ്രവർത്തിക്കുന്നു. ലോക യുവജനദിനത്തിൽ പരിശുദ്ധ പിതാവ് സന്നിഹിതനായിരിക്കുമ്പോൾ, യുവജനങ്ങൾ പലപ്പോഴും “അങ്ങ് പത്രോസാണ്!” എന്ന് ഏറ്റുചൊല്ലാറുണ്ട്. ക്രിസ്തു സ്ഥാപിച്ച ഈ അടിസ്ഥാനസത്യത്തിലുള്ള അവരുടെ വിശ്വാസത്തിന്റെ മനോഹരമായ പ്രകടനമാണത്. ഓരോ മാർപാപ്പയും മനുഷ്യരാശിയിലെ മറ്റെല്ലാവരെയുംപോലെ പാപിയാണെങ്കിലും, മനുഷ്യബലഹീനതകൾക്കപ്പുറത്തേക്കു നോക്കി, ക്രിസ്തു സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഏല്പിച്ച ഉറച്ച പാറയായ വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ കാണാൻ വിശ്വാസം നമ്മെ നയിക്കുന്നു. അങ്ങനെ, പരിശുദ്ധ പിതാവിന്റെ വ്യക്തിത്വത്തിൽ മാത്രമല്ല, ദൈവം അദ്ദേഹത്തിനു നൽകിയ അധികാരത്തിലുള്ള നമ്മുടെ വിശ്വാസത്തിലും പത്രോസിന്റെ ദൗത്യം ഇന്നും സജീവമായി നിലനിൽക്കുന്നു.

ദൈവം തന്നെ ഏല്പിച്ച ദൗത്യം തുടർന്നും നിറവേറ്റപ്പെടുന്നതിലൂടെ വിശുദ്ധ പൗലോസ് ഇന്നും സജീവനായി നിലകൊള്ളുന്നു. സുവിശേഷം പ്രഘോഷിക്കാനുള്ള അദ്ദേഹത്തിന്റെ ജ്വലിക്കുന്ന തീക്ഷ്ണത ഓരോ പ്രേഷിതസംരംഭത്തിലും ഓരോ സുവിശേഷവത്കരണപ്രവർത്തനത്തിലും ഭൂമിയുടെ അതിർത്തികൾവരെ സദ്വാർത്ത എത്തിക്കാനുള്ള ഓരോ പരിശ്രമത്തിലും തുടർന്നും ജീവിക്കുന്നു. ധൈര്യത്തോടെ വചനം പ്രസംഗിക്കുകയും യുവതലമുറയ്ക്ക് വിശ്വാസപരിശീലനം നൽകുകയും വിശ്വാസം സംരക്ഷിക്കുകയും ആത്മാക്കളുടെ രക്ഷയ്ക്കായി അക്ഷീണം അധ്വാനിക്കുകയും ചെയ്യുന്നവരിൽ അദ്ദേഹത്തിന്റെ ആത്മചൈതന്യം പ്രത്യേകമായി സന്നിഹിതമാണ്. പത്രോസ് ഐക്യവും വിശ്വസ്തതയും ഉറപ്പാക്കുന്നതുപോലെ, എല്ലാ ദേശങ്ങളിലേക്കും ഹൃദയങ്ങളിലേക്കും ക്രിസ്തുവിന്റെ രാജ്യം വ്യാപിപ്പിക്കാൻ സഭയ്ക്കു കഴിയേണ്ടതിന്, പ്രവർത്തിക്കാനും മറ്റുള്ളവരിലേക്കെത്താനും പൗലോസ് പ്രചോദനം നൽകുന്നു.

സഭയുടെ ഈ തൂണുകളെക്കുറിച്ച് ഇന്നു ധ്യാനിക്കുക. അവർ നൽകിയതും തുടർന്നും നൽകുന്നതുമായ ജീവസുറ്റ സാക്ഷ്യം തിരിച്ചറിയുക. പരിശുദ്ധ പിതാവിൽ സജീവനായി നിലകൊള്ളുന്ന പത്രോസിലുള്ള നിങ്ങളുടെ വിശ്വാസം പുതുക്കുകയും പത്രോസിനെ പാറയാകുന്ന അടിത്തറയായി ഏറ്റുപറയുകയും ചെയ്യുക. തീക്ഷ്ണതയോടും ധൈര്യത്തോടുംകൂടെ എണ്ണമറ്റ ആത്മാക്കൾ നിർവഹിക്കുന്ന സഭയുടെ പ്രേഷിതപ്രവർത്തനം തിരിച്ചറിഞ്ഞുകൊണ്ട്, പൗലോസ് പ്രവർത്തിക്കുന്നതു കാണുക. അവരുടെ സാക്ഷ്യം സഭയോടുള്ള കൂടുതൽ ആഴമായ സ്നേഹം നിങ്ങളിൽ ഉണർത്താൻ അനുവദിക്കുക. നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനായി നിങ്ങളെത്തന്നെ വീണ്ടും സമർപ്പിക്കുക: സത്യത്തിൽ ഉറച്ചു വേരൂന്നിനിൽക്കാനും ധൈര്യത്തോടും ഉപവിയോടുംകൂടെ ആ സത്യം ലോകത്തിലേക്ക് എത്തിക്കാനുമുള്ള ദൗത്യം.

വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, ശക്തവും സവിശേഷവുമായ വിധങ്ങളിൽ ദൈവം നിങ്ങളെ വിളിച്ച് സഭയുടെ തൂണുകളാക്കി. ക്രിസ്തു നിങ്ങളെ ഏൽപ്പിച്ച ദൗത്യം ഞങ്ങൾ തുടർന്നുകൊണ്ടുപോകേണ്ടതിന് ഞങ്ങൾക്കും സഭ മുഴുവനും വേണ്ടി പ്രാർഥിക്കണമേ. ആ ദൗത്യത്തിനായി ഞാൻ പ്രത്യേകമായി എന്നെത്തന്നെ സമർപ്പിക്കുകയും നിങ്ങളുടെ മാതൃക അനുകരിച്ച് അതിനോട് വിശ്വസ്തത പുലർത്താൻ എനിക്കു കഴിയണമേ എന്നു പ്രാർഥിക്കുകയും ചെയ്യുന്നു. വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ വായനയ്ക്ക് – വിശുദ്ധ പത്രോസും പൗലോസും

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ


  Subscribe to our YouTube channel  
  to be notified about new content.