മലയാളം

യേശുവിനെ ക്ഷണിക്കുക

2020 ഒക്ടോബർ 30
ആണ്ടുവട്ടത്തിലെ മുപ്പതാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

ഒരു സാബത്തുദിവസം യേശു പ്രമുഖനായ ഒരു ഫരിസേയന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി. അവിടെയുണ്ടായിരുന്നവർ അവനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.  ലൂക്കാ 14:1

ഇന്നത്തെ സുവിശേഷത്തിന്റെ ആരംഭത്തിലുള്ള ഈ വാക്യം ധ്യാനിക്കേണ്ട രണ്ടു കാര്യങ്ങൾ വെളിപ്പെടുത്തുന്നു.

ഒന്നാമതായി, യേശു പ്രമുഖനായ ഒരു ഫരിസേയന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി. ഇത് നിസ്സാരമായ ഒരു കാര്യമായിരുന്നില്ല. വാസ്തവത്തിൽ, ജനങ്ങൾക്കിടയിലും മറ്റു ഫരിസേയർക്കിടയിലും ഇത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരിക്കാനാണ് സാധ്യത. യേശു ആരോടും പക്ഷപാതം കാണിക്കുന്നില്ലെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. ദരിദ്രർക്കും ദുർബലർക്കും വേണ്ടി മാത്രമല്ല അവൻ വന്നത്. സമ്പന്നരുടെയും അധികാരമുള്ളവരുടെയും മാനസാന്തരത്തിനുവേണ്ടിയും അവൻ വന്നു. ലളിതമായ ഈ സത്യം നാം പലപ്പോഴും മറന്നുപോകുന്നു. യേശു എല്ലാ മനുഷ്യർക്കുംവേണ്ടി വന്നു; അവൻ എല്ലാവരെയും സ്നേഹിക്കുന്നു. തങ്ങളുടെ ജീവിതത്തിൽ അവനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും ക്ഷണങ്ങൾക്ക് അവൻ മറുപടി നൽകുന്നു. തീർച്ചയായും, ഈ പ്രമുഖ ഫരിസേയന്റെ വീട്ടിൽ ചെന്ന്, അദ്ദേഹത്തെയും അതിഥികളെയും ഹൃദയപരിവർത്തനത്തിലേക്കു നയിക്കുന്നതിനായി വെല്ലുവിളിക്കാൻ യേശു ഭയപ്പെട്ടില്ലെന്നും ഈ ഭാഗം വെളിപ്പെടുത്തുന്നു.

രണ്ടാമതായി, ജനങ്ങൾ “അവനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു” എന്ന് ഈ ഭാഗം പറയുന്നു. ഒരുപക്ഷേ ചിലർ വെറും കൗതുകംകൊണ്ട്, പിന്നീട് സുഹൃത്തുക്കളോടു സംസാരിക്കാൻ എന്തെങ്കിലും വിഷയം കണ്ടെത്താൻ നോക്കുകയായിരുന്നിരിക്കാം. എന്നാൽ മറ്റു ചിലർ അവനെ യഥാർഥത്തിൽ മനസ്സിലാക്കാൻ ആഗ്രഹിച്ചതുകൊണ്ടായിരിക്കാം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നത്. യേശുവിൽ സവിശേഷമായ എന്തോ ഉണ്ടെന്ന് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു; അവനെക്കുറിച്ച് കൂടുതൽ അറിയാൻ അവർ ആഗ്രഹിച്ചു.

യേശു നമ്മെ യഥാർഥത്തിൽ സ്നേഹിക്കുന്നുവെന്നും നമ്മുടെ ജീവിതത്തിലെ അവന്റെ സാന്നിധ്യത്തിനായി നാം ഹൃദയം തുറക്കുമ്പോൾ അവൻ അതിനോടു പ്രതികരിക്കുമെന്നും തിരിച്ചറിയാൻ ഈ രണ്ടു പാഠങ്ങൾ നമ്മെ പ്രോത്സാഹിപ്പിക്കണം. നാം ചെയ്യേണ്ടത്, അവനോട് അപേക്ഷിക്കുകയും നമ്മോടൊപ്പം “ഭക്ഷണം കഴിക്കാൻ” വരുന്ന അവനെ സ്വീകരിക്കാൻ സന്നദ്ധരായിരിക്കുകയും മാത്രമാണ്. അവനെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നവരുടെ സാക്ഷ്യത്തിൽനിന്നും നാം പഠിക്കണം. യേശുവിൽ നമ്മുടെ ദൃഷ്ടി ഉറപ്പിച്ചുനിർത്താനുള്ള നല്ല ആഗ്രഹം നമുക്കുണ്ടാകണമെന്ന് അവർ കാണിച്ചുതരുന്നു. അവനെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ചിലർ അവനെതിരെ തിരിയുകയും പരിഹസിക്കുകയും ചെയ്തെങ്കിലും, അവനെ സൂക്ഷ്മമായി നിരീക്ഷിച്ച് യേശുവിനെയും അവന്റെ സന്ദേശത്തെയും സ്വീകരിച്ച മറ്റുള്ളവരും ഉണ്ടായിരുന്നു.

നിങ്ങളുടെ ഹൃദയമാകുന്ന ഭവനത്തിലേക്കും ജീവിതസാഹചര്യത്തിലേക്കും യേശുവിനെ ക്ഷണിക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ നൽകുന്ന ഏതു ക്ഷണവും അവൻ സ്വീകരിക്കുമെന്ന് അറിയുക. യേശു നിങ്ങളുടെ അടുത്തേക്ക് വരുമ്പോൾ നിങ്ങളുടെ പൂർണശ്രദ്ധ അവനു നൽകുക. അവൻ പറയുന്നതും ചെയ്യുന്നതുമായ എല്ലാം ശ്രദ്ധിക്കുക; അവന്റെ സാന്നിധ്യവും സന്ദേശവും നിങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനമായിത്തീരട്ടെ.

കർത്താവേ, അങ്ങയെ ഞാൻ എന്റെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നു. എന്റെ ജീവിതത്തിലെ ഓരോ സാഹചര്യത്തിലേക്കും ഞാൻ അങ്ങയെ ക്ഷണിക്കുന്നു. ദയവായി വന്ന് എന്റെ കുടുംബത്തിൽ എന്നോടൊപ്പം വസിക്കണമേ. എന്റെ ജോലിസ്ഥലത്തും സുഹൃത്തുക്കൾക്കിടയിലും എന്റെ കഷ്ടതകളിലും നിരാശയുടെ വേളകളിലും എല്ലാ കാര്യങ്ങളിലും വന്ന് എന്നോടൊപ്പം വസിക്കണമേ. അങ്ങയെയും അങ്ങയുടെ തിരുഹിതത്തെയും ശ്രദ്ധിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിനായി അങ്ങ് ഒരുക്കിവച്ചിരിക്കുന്ന സകലത്തിലേക്കും എന്നെ നയിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

യു.എസ്. തിരഞ്ഞെടുപ്പുകൾക്കായുള്ള പ്രാർഥനകൾ & സഹായവിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: പിയേർ ഹ്യൂബേർ സുബ്ലെറാസ് വരച്ച ‘ഫരിസേയനായ ശിമയോന്റെ ഭവനത്തിൽ ക്രിസ്തു’