ഡിസംബർ 1, 2020
ആഗമനകാലത്തിലെ ഒന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവരോടു മാത്രമായി അവൻ പറഞ്ഞു: “നിങ്ങൾ കാണുന്നതു കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നതു കാണാൻ ആഗ്രഹിച്ചു; എന്നാൽ കണ്ടില്ല. നിങ്ങൾ കേൾക്കുന്നതു കേൾക്കാൻ ആഗ്രഹിച്ചു; എന്നാൽ കേട്ടില്ല.” ലൂക്കാ 10:23–24
ശിഷ്യന്മാർ എന്തു കണ്ടതുകൊണ്ടാണ് അവരുടെ കണ്ണുകൾ “ഭാഗ്യമുള്ളവ” ആയത്? നമ്മുടെ കർത്താവിനെ കാണാൻ കഴിഞ്ഞതുകൊണ്ടാണ് അവർ ഭാഗ്യവാന്മാരായത് എന്നതു വ്യക്തമാണ്. പുരാതനകാലത്തെ പ്രവാചകന്മാരും രാജാക്കന്മാരും വാഗ്ദാനം ചെയ്തവനായിരുന്നു ഈശോ. ഇപ്പോൾ ശിഷ്യന്മാർക്കു കാണാനായി അവൻ മാംസവും അസ്ഥികളുമുള്ളവനായി അവിടെ സന്നിഹിതനായിരുന്നു. ഏകദേശം 2,000 വർഷങ്ങൾക്കുമുമ്പ് ശിഷ്യന്മാർ കണ്ടതുപോലെ നമ്മുടെ കർത്താവിനെ “കാണാനുള്ള” ഭാഗ്യം നമുക്കില്ലെങ്കിലും, “കാണുന്ന കണ്ണുകളും” കേൾക്കുന്ന കാതുകളും നമുക്കുണ്ടെങ്കിൽ, നമ്മുടെ അനുദിനജീവിതത്തിൽ എണ്ണമറ്റ മറ്റു വിധങ്ങളിൽ അവനെ കാണാനുള്ള ഭാഗ്യം നമുക്കുണ്ട്.
ഈശോ ശരീരധാരിയായി ഭൂമിയിൽ പ്രത്യക്ഷപ്പെട്ട കാലംമുതൽ എത്രയോ കാര്യങ്ങൾ മാറിയിരിക്കുന്നു. പിന്നീട് അപ്പസ്തോലന്മാർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ലോകത്തെ മാറ്റാനുള്ള ദൗത്യവുമായി അയയ്ക്കപ്പെട്ടു. സഭ സ്ഥാപിക്കപ്പെട്ടു, കൂദാശകൾ സ്ഥാപിതമായി, ക്രിസ്തുവിന്റെ പ്രബോധനാധികാരം പ്രയോഗിക്കപ്പെട്ടു, എണ്ണമറ്റ വിശുദ്ധർ തങ്ങളുടെ ജീവിതത്തിലൂടെ സത്യത്തിനു സാക്ഷ്യം നൽകി. കഴിഞ്ഞ 2,000 വർഷങ്ങൾ എണ്ണമറ്റ വിധങ്ങളിൽ ക്രിസ്തു ലോകത്തിനു നിരന്തരം വെളിപ്പെടുത്തപ്പെട്ട വർഷങ്ങളായിരുന്നു.
ഇന്നും ക്രിസ്തു സന്നിഹിതനാണ്; അവൻ നമ്മുടെ മുമ്പിൽ നിലകൊള്ളുന്നു. വിശ്വാസത്തിന്റെ കണ്ണുകളും കാതുകളും നമുക്കുണ്ടെങ്കിൽ, ഓരോ ദിവസവും അവനെ തിരിച്ചറിയാതെ നാം പോകുകയില്ല. ഇന്ന് അവൻ നമ്മോടു സംസാരിക്കുകയും നമ്മെ നയിക്കുകയും നമുക്കു വഴികാട്ടുകയും ചെയ്യുന്ന എണ്ണമറ്റ വിധങ്ങൾ നാം കാണുകയും മനസ്സിലാക്കുകയും ചെയ്യും. കാണാനും കേൾക്കാനുമുള്ള ഈ ദാനത്തിലേക്കുള്ള ആദ്യപടി നിങ്ങളുടെ ആഗ്രഹമാണ്. നിങ്ങൾ സത്യത്തെ ആഗ്രഹിക്കുന്നുണ്ടോ? ക്രിസ്തുവിനെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതോ ഏറ്റവും യാഥാർഥ്യമായതും ജീവിതത്തെ ഏറ്റവുമധികം മാറ്റിമറിക്കുന്നതുമായ കാര്യങ്ങളിൽനിന്നു നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്ന ജീവിതത്തിലെ അനേകം ആശയക്കുഴപ്പങ്ങളിൽ നിങ്ങൾ തൃപ്തരാണോ?
ഇന്ന് നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ചു ചിന്തിക്കുക. പുരാതനകാലത്തെ പ്രവാചകന്മാരും രാജാക്കന്മാരും മിശിഹായെ കാണാൻ “ആഗ്രഹിച്ചു.” ഇന്ന് നമ്മുടെ സാന്നിധ്യത്തിൽ അവൻ ജീവനുള്ളവനായി, നമ്മോടു സംസാരിക്കുകയും നമ്മെ നിരന്തരം വിളിക്കുകയും ചെയ്യുന്നത് അനുഭവിക്കാൻ നമുക്കു ഭാഗ്യമുണ്ട്. നമ്മുടെ കർത്താവിനായുള്ള ആഗ്രഹം നിങ്ങളിൽ വളർത്തുക. സത്യമായതും നല്ലതുമായ എല്ലാറ്റിനെയും ആഗിരണം ചെയ്യാൻ വെമ്പുന്ന ജ്വലിക്കുന്ന അഗ്നിയായി അതു മാറാൻ അനുവദിക്കുക. ദൈവത്തെ ആഗ്രഹിക്കുക. അവന്റെ സത്യത്തെ ആഗ്രഹിക്കുക. നിങ്ങളുടെ ജീവിതത്തിൽ വഴികാട്ടുന്ന അവന്റെ കരം ആഗ്രഹിക്കുക; നിങ്ങൾക്കു ഗ്രഹിക്കാവുന്നതിലുമപ്പുറം നിങ്ങളെ അനുഗ്രഹിക്കാൻ അവനെ അനുവദിക്കുക.
എന്റെ ദിവ്യനാഥാ, അങ്ങ് ഇന്നും ജീവിക്കുന്നുവെന്നും എന്നോടു സംസാരിക്കുകയും എന്നെ വിളിക്കുകയും അങ്ങയുടെ മഹിമയാർന്ന സാന്നിധ്യം എനിക്കു വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഞാൻ അറിയുന്നു. അങ്ങയെ ആഗ്രഹിക്കാനും, ആ ആഗ്രഹത്തോടെ പൂർണഹൃദയത്തോടെ അങ്ങയിലേക്കു തിരിയാനും എന്നെ സഹായിക്കണമേ. എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അമലോത്ഭവ നൊവേന
നവംബർ 29-ഡിസംബർ 7
ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ഈശോ തന്റെ ശിഷ്യന്മാരോടു സംസാരിക്കുന്നു — ജെയിംസ് ടിസോട്ട്
ആഗമനകാലത്തെയും ക്രിസ്മസ് കാലത്തെയും വിചിന്തനങ്ങൾ
പേപ്പർബാക്ക് പതിപ്പ് & ഇലക്ട്രോണിക് പുസ്തകം
Amazon.com – Google Play – iTunes – Barnes and Noble





