ഏപ്രിൽ 20, 2021
ഉയിർപ്പുകാലം മൂന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
അപ്പോൾ അവർ ഈശോയോടു പറഞ്ഞു: “പ്രഭോ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരണമേ.” ഈശോ അവരോടു പറഞ്ഞു: “ഞാനാണ് ജീവന്റെ അപ്പം; എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.” യോഹന്നാൻ 6:34–35
നിങ്ങൾക്ക് ഇനിയൊരിക്കലും വിശക്കുകയോ ദാഹിക്കുകയോ ചെയ്യില്ലെന്ന് സങ്കൽപ്പിച്ചുനോക്കൂ. സ്വാഭാവിക തലത്തിൽ ഇത് കൗതുകകരമായ ഒരു യാഥാർഥ്യമായിരിക്കും. തീർച്ചയായും, നിങ്ങൾക്ക് ഒരിക്കലും ശാരീരികമായ വിശപ്പോ ദാഹമോ അനുഭവപ്പെടുന്നില്ലെങ്കിൽ, നല്ല ഭക്ഷണപാനീയങ്ങളുടെ ആസ്വാദനസുഖവും ഒരുപക്ഷേ നിങ്ങൾക്ക് അനുഭവിക്കാനാവില്ല. അപ്പോൾ അത്തരം ആനന്ദങ്ങൾ നഷ്ടപ്പെടുത്താൻ ആരെങ്കിലും ആഗ്രഹിക്കുന്നതെന്തിന്?
തീർച്ചയായും, ഈശോ സംസാരിച്ചത് സ്വാഭാവികമായ ഭക്ഷണപാനീയങ്ങളെക്കുറിച്ചല്ല, മറിച്ച് അതിസ്വാഭാവികമായ വിശപ്പിനെയും ദാഹത്തെയും കുറിച്ചാണ്. നമുക്കു നൽകാനായി താൻ വന്ന ആത്മീയ ഭക്ഷണപാനീയങ്ങൾ, ആത്മീയ നിറവിൽ ആനന്ദിക്കാനുള്ള നമ്മുടെ കഴിവ് ഇല്ലാതാക്കുമെന്ന് അവിടുന്ന് പറയുകയായിരുന്നില്ല. മറിച്ച്, താൻ നൽകാനിരിക്കുന്ന ആത്മീയ ഭക്ഷണപാനീയങ്ങൾ അവസാനമില്ലാത്ത നിറവും സംതൃപ്തിയും നൽകുമെന്നാണ് ഈശോ പറഞ്ഞത്.
ഉയിർപ്പുകാലത്തിലെ മൂന്നാം ആഴ്ചയായ ഈ ആഴ്ചയിലുടനീളം യോഹന്നാന്റെ സുവിശേഷത്തിലെ 6-ാം അധ്യായം തുടർന്നും വായിക്കപ്പെടും. പരമ്പരാഗതമായി “ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണം” എന്നു വിളിക്കപ്പെടുന്നതാണ് ഈ അധ്യായം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള യോഹന്നാന്റെ അഗാധവും നിഗൂഢാത്മകവും ഗഹനവുമായ പ്രബോധനമാണിത്.
ആദ്യമായി, ഈ സുവിശേഷഭാഗത്തെ അതിന്റെ പശ്ചാത്തലത്തിൽ കാണുന്നത് പ്രയോജനകരമാണ്. തലേദിവസം ഈശോ അപ്പവും മീനും വർധിപ്പിക്കുന്ന അത്ഭുതം പ്രവർത്തിച്ചുവെന്നും, അവിടുന്ന് ഭക്ഷണം നൽകിയ ജനക്കൂട്ടം ഇപ്പോൾ കൂടുതൽ ഭക്ഷണം തേടുകയായിരുന്നുവെന്നും ഓർക്കുക. കൂടുതൽ ഭക്ഷണത്തിനായുള്ള അവരുടെ ആഗ്രഹത്തെ ഉപയോഗിച്ചുകൊണ്ട് ഈശോ പരിശുദ്ധ കുർബാനയെക്കുറിച്ച് അവരെ പഠിപ്പിക്കാൻ തുടങ്ങുന്നു. നിങ്ങൾക്കുവേണ്ടിയും അതുതന്നെ ചെയ്യാൻ അവിടുന്ന് ആഗ്രഹിക്കുന്നു.
നിങ്ങളും ഈ രംഗത്തിലുണ്ടെന്ന് സങ്കൽപ്പിക്കുക. എന്തിനുവേണ്ടിയാണ് നിങ്ങൾ ഏറ്റവും അധികം വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നത്? ഒരുപക്ഷേ നിങ്ങൾക്ക് ശാരീരികമായ വിശപ്പടക്കാൻ ധാരാളം ഭക്ഷണമുണ്ടായിരിക്കാം; ഒരുപക്ഷേ ഇല്ലായിരിക്കാം. ഉണ്ടെങ്കിൽ, മറ്റെന്തിനുവേണ്ടിയാണ് നിങ്ങൾ കൊതിക്കുന്നത്? നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്? ഇപ്പോഴത്തെ നിങ്ങളുടെ ഏറ്റവും ആഴമായ ആഗ്രഹങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അവയിലൂടെ ജീവന്റെ അപ്പത്തെക്കുറിച്ച് നിങ്ങളെ പഠിപ്പിക്കാൻ നമ്മുടെ കർത്താവിനെ അനുവദിക്കുക. “എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ ആഗ്രഹങ്ങൾ ഇതാ…” എന്നു നമ്മുടെ കർത്താവിനോടു പറയുന്നത് സഹായകരമായിരിക്കാം. തുടർന്ന് ഈശോ നിങ്ങളോട് ഇങ്ങനെ പറയുന്നത് കേൾക്കാൻ മനസ്സുതുറക്കുക: “ഇതിലും എത്രയോ അധികം നിനക്കു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നീ യഥാർഥത്തിൽ കൊതിക്കുന്നത് എന്നെയാണ്. എന്റെ അടുക്കൽ വന്നാൽ, നിന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറും; അതിലുപരിയും നിനക്കു ലഭിക്കും.” യോഹന്നാൻ 6-ാം അധ്യായത്തിലുടനീളം ഈശോ ഈ ജനക്കൂട്ടവുമായി നടത്തിയ സംഭാഷണത്തിന്റെ സാരം ഇതാണ്.
ഏറ്റവും ആഴമായ തലത്തിൽ നിങ്ങൾക്ക് നിറവു നൽകാൻ പരിശുദ്ധ കുർബാനയ്ക്കു കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? പലപ്പോഴും അലസതയോടെയും ശ്രദ്ധ ചിതറിയ മനസ്സോടെയുമാണ് നാം ഈ കൂദാശയെ സമീപിക്കുന്നത്. തത്ഫലമായി, ഏറ്റവും ആഴമായ ഈ ആനന്ദവും സംതൃപ്തിയും നൽകുന്ന വിധത്തിൽ നമ്മുടെ കർത്താവിനെ യഥാർഥമായി സ്വീകരിക്കാൻ നമുക്ക് പലപ്പോഴും കഴിയാതെ പോകുന്നു.
വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനെ നിങ്ങൾ എങ്ങനെ സമീപിക്കുന്നു എന്ന് ഇന്നും ഈ ആഴ്ചയിലുടനീളവും ചിന്തിക്കുക. പരിശുദ്ധ കുർബാന ക്രിസ്തുതന്നെയാണ്. എല്ലാ വിധത്തിലും നമ്മെ പരിപോഷിപ്പിക്കാൻ മാത്രമല്ല, സ്വർഗീയമായ ഏറ്റവും വലിയ ആനന്ദങ്ങളിലേക്ക് നമ്മെ ആകർഷിക്കാനും കഴിയുന്ന ഒരു ദാനമാണിത്. യോഹന്നാന്റെ സുവിശേഷത്തിലെ ഈ വിശുദ്ധ അധ്യായത്തിലുള്ള ഈശോയുടെ വാക്കുകൾ വിശ്വസിക്കുക. കാരണം, ഈശോ പറഞ്ഞിട്ടുള്ള എല്ലാറ്റിലുമുള്ള നിങ്ങളുടെ വിശ്വാസം ആഴപ്പെടുമ്പോൾ, ജീവിതത്തിൽ നിങ്ങൾ കൊതിക്കുന്നതെല്ലാം ഈ അമൂല്യദാനത്തിലൂടെ നിങ്ങളുടെ സങ്കൽപ്പങ്ങൾക്കപ്പുറമുള്ള വിധങ്ങളിൽ നിറവേറിത്തുടങ്ങുമെന്ന് നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങും.
പരിശുദ്ധ കുർബാനയിൽ സന്നിഹിതനായ എന്റെ കർത്താവേ, അങ്ങാണ് ജീവന്റെ അപ്പം. ജീവിതത്തിൽ ഞാൻ ആഗ്രഹിക്കുന്നതെല്ലാം അങ്ങാണ്. പ്രിയ കർത്താവേ, പരിശുദ്ധ കുർബാനയെക്കുറിച്ച് അങ്ങ് വെളിപ്പെടുത്തിയതെല്ലാം വിശ്വസിക്കാൻ എനിക്കു കഴിയേണ്ടതിന്, അവ ഗ്രഹിക്കാനുള്ള കൃപ എനിക്കു നൽകണമേ. എന്റെ ദൈവമേ, ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിൽ എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഉയിർപ്പുതിരുനാളിനുള്ള പ്രാർത്ഥനകൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: അരുളിക്ക: പരിശുദ്ധ കൂദാശയിലെ ഈശോ





