ജൂൺ 3, 2021
ആണ്ടുവട്ടത്തിലെ ഒൻപതാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
രക്തസാക്ഷികളായ വിശുദ്ധ ചാൾസ് ലുവാംഗയും സഹചാരികളും—അനുസ്മരണം

അവൻ വിവേകത്തോടെ മറുപടി പറഞ്ഞുവെന്നു കണ്ടപ്പോൾ യേശു അവനോടു പറഞ്ഞു: “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല.” പിന്നെ ആരും അവനോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെട്ടില്ല. മർക്കോസ് 12:34
ഒടുവിൽ, കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയ ഒരു മതനേതാവിന്റെ, ഒരു നിയമജ്ഞന്റെ, സാക്ഷ്യം നമുക്കു ലഭിക്കുന്നു. എല്ലാ കൽപനകളിലും ഒന്നാമത്തേതും ഏറ്റവും മഹത്തായതും ഏതാണെന്ന് യേശുവിനോടു ചോദിക്കുന്ന ഈ നിയമജ്ഞനുമായുള്ള സംഭാഷണത്തിന്റെ സമാപനമാണ് മുകളിലെ വചനം. നമ്മുടെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടെ എല്ലാറ്റിനുമുപരി ദൈവത്തെയും, നമ്മെത്തന്നെപ്പോലെ നമ്മുടെ അയൽക്കാരനെയും സ്നേഹിക്കണം എന്ന ദ്വിവിധമായ ഉത്തരമാണ് യേശു നൽകുന്നത്. യേശുവിന്റെ ഉത്തരത്തോടു നിയമജ്ഞൻ ഇങ്ങനെ പ്രതികരിക്കുന്നു: “ഗുരോ, അങ്ങ് നന്നായി പറഞ്ഞു. അങ്ങ് പറഞ്ഞത് ശരിയാണ്…” തുടർന്ന്, മുകളിൽ ഉദ്ധരിച്ച വാക്കുകളിലൂടെ യേശു ഈ നിയമജ്ഞനെ പ്രശംസിക്കുന്നു.
സ്വയം നീതിമാന്മാരെന്നു കരുതിയുള്ള അഹങ്കാരം നിമിത്തം മിക്കവാറും എല്ലാ ഫരിസേയരെയും യേശു നിരന്തരം ശാസിച്ചിരുന്നത് ഓർക്കുക. സദുക്കായരും ശാസിക്കപ്പെട്ടിരുന്നു; എന്നാൽ പലപ്പോഴും അത്ര കഠിനമായിരുന്നില്ല ആ ശാസന. ഇപ്പോഴിതാ, അവരെയെല്ലാം പിന്നിലാക്കുന്ന ഒരു നിയമജ്ഞൻ നമ്മുടെ മുമ്പിലുണ്ട്. പ്രധാനമായും ആരാധനാക്രമവും നിയമവുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പകർത്തുകയോ തയ്യാറാക്കുകയോ ചെയ്തിരുന്നവരായിരുന്നു നിയമജ്ഞർ. ഫരിസേയരിൽ ചിലരും നിയമജ്ഞരായിരുന്നു. മിക്കപ്പോഴും യേശു ഫരിസേയരെ കുറ്റപ്പെടുത്തിയപ്പോൾ നിയമജ്ഞരെയും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിയമജ്ഞൻ വ്യത്യസ്തനാണ്. യേശുവിന്റെ ഉത്തരത്തിൽ താത്പര്യം കാണിക്കുക മാത്രമല്ല, യേശു തന്നോടു പറഞ്ഞ കാര്യങ്ങൾ “മനസ്സിലാക്കിയിട്ടുണ്ടെന്നും” ഈ നിയമജ്ഞൻ വെളിപ്പെടുത്തുന്നു. ഗ്രഹണശക്തിയെന്ന ഈ ദാനത്തിന്റെ പ്രാധാന്യം കുറച്ചുകാണരുത്.
നമ്മുടെ കർത്താവ് നമ്മോടു പറയുന്നത് യഥാർഥമായി മനസ്സിലാക്കാൻ നമുക്കു തുറന്ന മനസ്സ് ഉണ്ടായിരിക്കണം. തുറന്ന മനസ്സിന് എളിമ ആവശ്യമാണ്. “എനിക്കെല്ലാം അറിയാം” എന്ന മനോഭാവത്തിനു വിരുദ്ധമായ പുണ്യമാണ് എളിമ. ദൈവം സംസാരിക്കുന്നത് ശ്രദ്ധിക്കുകയും അവിടുന്നു പറയുന്നതു കേൾക്കുകയും കൃപയുടെ ദാനത്താൽ എല്ലാ സത്യവും ഗ്രഹിക്കുകയും പ്രാർഥനാപൂർവം ആ സത്യത്തിനു കീഴടങ്ങുകയും ചെയ്യുന്ന മനസ്സിന്റെയും ഹൃദയത്തിന്റെയും ഭാവമാണത്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമ്മിൽത്തന്നെ ഒതുങ്ങിനിൽക്കാതെ നമുക്കപ്പുറത്തേക്കു നോക്കാൻ എളിമ നമ്മെ പ്രാപ്തരാക്കുന്നു. സത്യത്തിന്റെ ഏക ഉറവിടമായ യേശുക്രിസ്തുവിലേക്കുതന്നെ തിരിയാൻ അതു നമ്മെ പ്രാപ്തരാക്കുന്നു. എളിമയോടെയുള്ള ഈ തുറന്ന മനസ്സിന്റെ ഫലമാണ് ഗ്രഹണശക്തിയെന്ന ദാനം. നമ്മുടെ സ്വാഭാവിക ബുദ്ധിശക്തിക്ക് അതീതമായ ജീവിതരഹസ്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യമാണത്. എളിമയുള്ള ആത്മാവിനെ പഠിപ്പിക്കാനും രൂപപ്പെടുത്താനും, വ്യക്തമായ കാഴ്ചപ്പാടും അഗാധമായ സത്യങ്ങളെ സ്വീകരിക്കാനുള്ള മനസ്സും നൽകി നിറയ്ക്കാനും ദൈവകൃപയ്ക്കു കഴിയും.
ഈ നിയമജ്ഞനോടു യേശു പറഞ്ഞ വാക്കുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക: “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല.” യേശു നിങ്ങളോടും ഈ വാക്കുകൾ പറയുന്നുണ്ടോ? നമ്മുടെ കർത്താവിലേക്കു തിരിഞ്ഞ് ജീവിതത്തിലെ അനേകം ചോദ്യങ്ങൾക്ക് എളിമയോടെ ഉത്തരം തേടിയിട്ടുണ്ടോ? കൂടുതൽ വ്യക്തമായി പറഞ്ഞാൽ, നിങ്ങളുടെ ജീവിതത്തിലേക്കു നോക്കുമ്പോൾ, ദൈവം നിങ്ങൾക്കും ഗ്രഹണശക്തിയെന്ന തന്റെ ദാനം നൽകിയിട്ടുണ്ടെന്നതിൽ സന്തോഷിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? ഇല്ലെങ്കിൽ, നിങ്ങളുടെ ഉള്ളിലേക്കു നോക്കി, ഏതു ചോദ്യങ്ങളാണ് ഏറ്റവും ആവശ്യമായി യേശുവിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതെന്നു ചിന്തിക്കുക. അവ അവിടുത്തെ മുമ്പിൽ സമർപ്പിക്കുക. തുടർന്ന് ശ്രദ്ധിച്ചു കേൾക്കുക; തുറന്ന മനസ്സോടെയിരിക്കുക; അവിടുന്നു സംസാരിക്കുമ്പോൾ പ്രതികരിക്കാൻ സന്നദ്ധരായിരിക്കുക. നമ്മുടെ കർത്താവിനെ ശ്രവിക്കുകയും അവിടുത്തോടു പ്രതികരിക്കുകയും ചെയ്യുമ്പോൾ, കർത്താവ് ഇതേ വാക്കുകൾ നിങ്ങളോടും പറയും.
സകല സത്യത്തിന്റെയും നാഥനായ എന്റെ കർത്താവേ, എളിമയുള്ള ആത്മാക്കളെ അങ്ങ് കൃപയോടും കരുണയോടുംകൂടെ കടാക്ഷിക്കുകയും സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ അവർക്കു വെളിപ്പെടുത്തുകയും ചെയ്യുന്നു. പ്രിയ കർത്താവേ, ജീവിതത്തിലെ ഓരോ ചോദ്യവുമായി എപ്പോഴും അങ്ങയിലേക്കു തിരിയാൻ എനിക്ക് എളിമയെന്ന ദാനം നൽകണമേ. ഓരോ ദിവസവും കൂടുതൽ വിശ്വസ്തതയോടെ അങ്ങയെ സ്നേഹിക്കാനും സേവിക്കാനും എങ്ങനെയെന്നു ഞാൻ അറിയേണ്ടതിന് ഗ്രഹണശക്തിയെന്ന ദാനത്താൽ എന്നെ നിറയ്ക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
തിരുഹൃദയ നൊവേന
നൊവേന തീയതികൾ: 2021 ജൂൺ 2-10
2021 ജൂൺ 11: തിരുഹൃദയത്തിന്റെ മഹോത്സവം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ ചാൾസ് ലുവാംഗയും സഹചാരികളും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

