ജൂൺ 4, 2021
ആണ്ടുവട്ടത്തിലെ ഒൻപതാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

ദേവാലയപരിസരത്ത് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ യേശു പറഞ്ഞു: “ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന് നിയമജ്ഞർ പറയുന്നത് എങ്ങനെയാണ്? പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞു: കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്കു കീഴിലാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക.’” മർക്കോസ് 12:35–36
യേശുവിന്റെ ശുശ്രൂഷാകാലത്ത്, മിശിഹാ ദാവീദിന്റെ വംശത്തിൽനിന്നു വരുമെന്ന് യഹൂദർ മനസ്സിലാക്കിയിരുന്നു. അതിലുപരി, യഹൂദജനതയെ റോമാക്കാരുടെ അടിച്ചമർത്തലിൽനിന്നു മോചിപ്പിക്കുന്ന ഒരു ദേശീയനേതാവ് മാത്രമായിരിക്കും മിശിഹായെന്ന് പലരും കരുതി. അങ്ങനെ, രാഷ്ട്രീയമായ മോചനം നൽകുന്ന ദാവീദിന്റെ ഒരു പിൻഗാമി മാത്രമായി അവർ മിശിഹായെ ചുരുക്കിക്കണ്ടു.
മുകളിൽ നൽകിയിരിക്കുന്ന വചനഭാഗത്ത്, മിശിഹാ “ദാവീദിന്റെ പുത്രൻ” ആണെന്ന ഈ പൊതുവായ ധാരണയ്ക്ക് യേശു വ്യക്തത നൽകുന്നു. മിശിഹാ മനുഷ്യരൂപത്തിൽ ദാവീദിന്റെ വംശപരമ്പരയിൽനിന്നു ജനിക്കുന്നവൻ മാത്രമല്ല, ദാവീദിന്റെ “കർത്താവും” കൂടിയാണ്. ദാവീദ് മിശിഹായെ തന്റെ കർത്താവ് എന്നു വിളിക്കുന്ന സങ്കീർത്തനം 110 ചൂണ്ടിക്കാട്ടിക്കൊണ്ട് യേശു ഇത് വ്യക്തമാക്കുന്നു. ഈ സൂക്ഷ്മമായ വ്യത്യാസം ഇന്ന് നമുക്ക് ഒറ്റനോട്ടത്തിൽ അത്ര പ്രധാനമായി തോന്നിയേക്കില്ലെങ്കിലും, ഇത് പഠിപ്പിക്കാൻ യേശു ബോധപൂർവം ശ്രമിക്കുന്നുവെന്നത് വ്യക്തമാണ്.
ഈ വചനഭാഗത്തിൽനിന്നു നാം ഉൾക്കൊള്ളേണ്ട ഒരു പ്രധാന പാഠം, യേശുവിനെക്കുറിച്ച് ശരിയായ ഒരു ചിത്രം രൂപപ്പെടുത്താൻ നാം ആത്മാർഥമായി പരിശ്രമിക്കണം എന്നതാണ്. രാഷ്ട്രീയ അടിച്ചമർത്തലിൽനിന്നു നമ്മെ മോചിപ്പിക്കാൻ വന്ന ഒരു ദേശീയനേതാവായി ഇന്ന് നാം നമ്മുടെ കർത്താവിനെ കാണുന്നില്ലായിരിക്കാം. എങ്കിലും, അവിടുത്തെക്കുറിച്ച് തെറ്റായ മറ്റു ചിത്രങ്ങൾ നാം പലപ്പോഴും രൂപപ്പെടുത്താം. മിശിഹാ ദാവീദ് രാജാവിന്റെ “കർത്താവും” കൂടിയാണെന്ന ആശയം അക്കാലത്തെ യഹൂദർക്ക് പുതിയതായിരുന്നു. ഇത് മിശിഹായുടെ ദൈവത്വത്തിലേക്കും അവിടുത്തെ നിത്യസ്വഭാവത്തിലേക്കും വിരൽചൂണ്ടുന്നു. യേശു ഈ സൂക്ഷ്മമായ വിശദീകരണം നൽകുന്നു; “വലിയ ജനക്കൂട്ടം സന്തോഷത്തോടെ ഇതു കേട്ടു.” മിശിഹായും ദൈവപുത്രനും മനുഷ്യപുത്രനുമായ യേശു യഥാർഥത്തിൽ ആരാണെന്നു വ്യക്തമായും ശരിയായും മനസ്സിലാക്കി അതിൽ ആനന്ദിക്കുവാൻ നാമും പരിശ്രമിക്കണം. അപ്പോൾ, അവിടുന്ന് ആരാണ്?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ, നിങ്ങളുടെ ജീവിതത്തിൽ യേശുവിനെ നിങ്ങൾ എങ്ങനെയാണ് കാണുന്നതെന്ന് ആദ്യം പരിചിന്തിക്കുക. യേശു നിങ്ങളുടെ സുഹൃത്തും ജ്ഞാനിയായ ഗുരുവും പ്രചോദനം നൽകുന്ന വ്യക്തിത്വവും ദയാലുവും കരുണയുള്ള നേതാവും നമുക്കെല്ലാവർക്കും മാതൃകയുമാണ്. എന്നാൽ അവിടുന്ന് ഇതിനെല്ലാം എത്രയോ അതീതനാണ്. യേശു ആരാണെന്നതിനെക്കുറിച്ചുള്ള ഒരു ചിത്രം മാത്രം തിരഞ്ഞെടുത്ത്, നമ്മുടെ ജീവിതത്തിൽ അതിന് അമിതമായ പ്രാധാന്യം നൽകുന്നത് ഒരു തെറ്റാണ്. യേശു പഠിപ്പിച്ചിരുന്ന കാലത്ത് യഹൂദരിൽ പലർക്കും പറ്റിയ തെറ്റിനു സമാനമാണിത്.
നമ്മുടെ കർത്താവ് ആരാണെന്നു ചിന്തിക്കുമ്പോൾ, അവിടുന്ന് ഇവയെല്ലാംകാൾ “എത്രയോ അധികമാണ്” എന്ന വശത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ദൈവമായി നാം അവിടുത്തെ കാണണം. ദൈവമായതിനാൽ അവിടുന്ന് ആരാധനയ്ക്കും സാഷ്ടാംഗപ്രണാമത്തിനും അർഹനാണ്. അനാദിമുതൽ അവിടുന്ന് ദൈവമായിരുന്നെങ്കിലും, മനുഷ്യത്വത്തെ ദൈവത്വത്തോടു സംയോജിപ്പിച്ചുകൊണ്ട് അവിടുന്ന് മനുഷ്യശരീരം സ്വീകരിക്കുകയും ചെയ്തു. മനുഷ്യനെന്ന നിലയിൽ, തന്റെ മനുഷ്യസ്വഭാവത്തിൽ ഉയിർത്തെഴുന്നേൽക്കുന്നതിനായി അവിടുന്ന് മരണത്തിനു തന്നെത്തന്നെ വിട്ടുകൊടുത്തു. ഇങ്ങനെ, നമ്മുടെ ജീവിതം പൂർണമായി സമർപ്പിച്ചുകൊണ്ട് നാം അവിടുത്തോട് ഐക്യപ്പെടുന്നെങ്കിൽ, നാമും നമ്മുടെ പാപത്തിൽ മരിക്കുകയും പിന്നീട് അവിടുത്തോടൊപ്പം പുതുജീവനിലേക്ക് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. അങ്ങനെ ചെയ്യുമ്പോൾ, നമുക്ക് നിത്യരക്ഷയുടെ ദാനം ലഭിക്കുകയും പരിശുദ്ധ ത്രിത്വത്തിന്റെ നിത്യജീവനിൽ പങ്കുചേരാൻ നാം പ്രാപ്തരാകുകയും ചെയ്യുന്നു. നമ്മുടെ കർത്താവ് ആരാണെന്നതിനെക്കുറിച്ച് ഇനിയും ഏറെ പറയാനാകുമെങ്കിലും, പറയേണ്ടതുണ്ടെങ്കിലും, അവിടുത്തെ ജീവിതത്തിലേക്കുള്ള ഈ ചെറിയ എത്തിനോട്ടം, നമ്മുടെ മനസ്സിലും ഹൃദയത്തിലും അവിടുത്തെ പരിമിതപ്പെടുത്തുന്ന കെണിയിൽ വീഴാതിരിക്കാൻ നമ്മെ സഹായിക്കണം.
യേശുവിനെക്കുറിച്ച് നിങ്ങൾക്കുള്ള ചിത്രത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും അവിടുത്തെ മഹത്ത്വത്തെയും മഹിമയെയും അറിയാതെ പരിമിതപ്പെടുത്തുന്നുണ്ടോ എന്നു പരിശോധിക്കുക. നമ്മുടെ കർത്താവിനെക്കുറിച്ച് നിങ്ങൾക്കുള്ള ചിത്രം കൂടുതൽ വിശാലമാക്കാൻ ശ്രമിക്കുക. തന്നെക്കുറിച്ച് നിങ്ങൾക്കു വെളിപ്പെടുത്താൻ അവിടുന്ന് ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ തുറവുള്ളവരായിരിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്തോറും, നമ്മുടെ കർത്താവിന്റെ വ്യക്തിത്വം നിങ്ങൾക്കു കൂടുതൽ വ്യക്തമായി വെളിപ്പെടുകയും നിങ്ങളും കൂടുതൽ “ആനന്ദം” നിറഞ്ഞവരാകുകയും ചെയ്യും.
അനന്തനും മഹിമയുള്ളവനുമായ എന്റെ കർത്താവേ, അങ്ങ് ഞങ്ങളുടെ അറിവിനും ഗ്രഹണശക്തിക്കും എത്രയോ അതീതനാണ്. എങ്കിലും, അങ്ങയെ കൂടുതൽ പൂർണമായി അറിയേണ്ടതിന് അങ്ങയുടെ അടുത്തേക്കു വരാൻ അങ്ങ് ഞങ്ങളെ ക്ഷണിക്കുന്നു. പ്രിയ കർത്താവേ, അങ്ങ് ആയിരിക്കുന്നതുപോലെ അങ്ങയെ അറിയുവാൻ, അങ്ങയെക്കുറിച്ച് എനിക്കുള്ള തെറ്റായതും പരിമിതവുമായ ചിത്രങ്ങൾ ഉപേക്ഷിക്കാൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
തിരുഹൃദയ നൊവേന
നൊവേന തീയതികൾ: 2021 ജൂൺ 2-10
2021 ജൂൺ 11: തിരുഹൃദയത്തിന്റെ മഹോത്സവം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: ദൈവത്തിന്റെ പരിശുദ്ധൻ — flickr വഴി




