മലയാളം

നല്ല ഫലം—ചീത്ത ഫലം

2021 ജൂൺ 23
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“ആളുകൾ മുൾച്ചെടികളിൽനിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലിൽനിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? അതുപോലെ, നല്ല വൃക്ഷമെല്ലാം നല്ല ഫലം കായ്ക്കുന്നു; ചീഞ്ഞ വൃക്ഷമാകട്ടെ ചീത്ത ഫലം കായ്ക്കുന്നു.” മത്തായി 7:16–17

“അതിനാൽ അവരുടെ ഫലങ്ങളിൽനിന്ന് നിങ്ങൾ അവരെ തിരിച്ചറിയും.” ഇന്നത്തെ സുവിശേഷഭാഗം അവസാനിക്കുന്നത് ഇങ്ങനെയാണ്. സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ദൈവം പ്രവർത്തിക്കുന്നത് വിവേചിച്ചറിയാൻ ഏറെ പ്രായോഗികമായ ഒരു മാർഗം ഈ വചനം നമുക്കു നൽകുന്നു.

സ്വന്തം ജീവിതത്തിലേക്കു നോക്കുമ്പോൾ, ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി ഉണ്ടായിട്ടുള്ള എന്തെല്ലാം നല്ല ഫലങ്ങളാണ് നിങ്ങൾ കാണുന്നത്? ചിലരുടെ ജീവിതത്തിൽ നന്മയ്ക്കായാലും തിന്മയ്ക്കായാലും ഫലങ്ങൾ വളരെ കുറവായിരിക്കാം, അല്ലെങ്കിൽ തീരെ ഇല്ലായിരിക്കാം. ഇത്തരത്തിലുള്ള നിഷ്‌ക്രിയമായ ആത്മസംതൃപ്തി തന്നെയും ഒരു ചീത്ത ഫലമാണ്. മറ്റു ചിലരുടെ ജീവിതം ഈ ലോകത്തിൽ അനേകം പരിണതഫലങ്ങൾ ഉളവാക്കുന്നു. അവർ പലരുടെയും ജീവിതത്തെ സ്വാധീനിക്കുന്നു; അവരുടെ പൊതുപ്രവർത്തനങ്ങൾ യഥാർഥമായ മാറ്റം വരുത്തുന്നു. ചിലപ്പോൾ നന്മയ്ക്കായി… മറ്റു ചിലപ്പോൾ തിന്മയ്ക്കായും.

നമ്മുടെ ലോകത്തിലെ ദൈവത്തിന്റെ പ്രവർത്തനങ്ങൾ വിവേചിച്ചറിയുമ്പോൾ, ആദ്യം നാം തികച്ചും വസ്തുനിഷ്ഠമായിരിക്കണം. ദുഷ്ടൻ എപ്പോഴും വഞ്ചനയിൽ അതിസമർഥനാണ്; തന്റെ ചീത്ത ഫലങ്ങളെ അവൻ പതിവായി നല്ലതെന്ന മട്ടിൽ അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനെ നമ്മുടെ ലോകത്തിലെ പലരും “തിരഞ്ഞെടുക്കാനുള്ള അവകാശം” എന്നോ “ആരോഗ്യസേവനം” എന്നോ ആണ് പലപ്പോഴും അവതരിപ്പിക്കുന്നത്. എന്നാൽ ജനിക്കാനിരിക്കുന്ന ഏതൊരു കുഞ്ഞിനും മനഃപൂർവം മരണം വരുത്തുന്നത് വ്യക്തമായും ഒരു “ചീഞ്ഞ വൃക്ഷത്തിൽ” നിന്നുള്ള “ചീത്ത ഫലമാണ്.” തങ്ങളുടെ പ്രവർത്തനം നന്മയിൽനിന്ന് തീർത്തും അകലെയായിരിക്കുമ്പോഴും അതിനെ “നല്ല ഫലമായി” അവതരിപ്പിക്കുന്ന, “മനുഷ്യസ്നേഹ സംഘടനകൾ” എന്നു വിളിക്കപ്പെടുന്ന അനേകം കൂട്ടായ്മകളും അതിസമ്പന്നരായ “പരോപകാരികളും” പോലുമുണ്ട്. മറുവശത്ത്, ഗർഭധാരണത്തിന്റെ നിമിഷംമുതൽ സ്വാഭാവിക മരണംവരെ ജീവന് കൂടുതൽ ആദരവ് ലഭിക്കാൻ കഠിനാധ്വാനം ചെയ്യുന്നവരും, ദൈവം വിഭാവനം ചെയ്തതുപോലെ വിവാഹത്തിന്റെ പവിത്രത ഉയർത്തിപ്പിടിക്കാൻ പരിശ്രമിക്കുന്നവരും, ദൈവഹിതമനുസരിച്ച് ആരാധിക്കാനുള്ള സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്നവരും അനേകരുണ്ട്. എന്നാൽ മതേതര ലോകം അവരെ മുൻവിധിയുള്ളവരെന്നും അസഹിഷ്ണുക്കളെന്നും ഭീതി പരത്തുന്നവരെന്നും വിദ്വേഷം പുലർത്തുന്നവർപോലുമെന്നുമാണ് മുദ്രകുത്തുന്നത്. എന്നാൽ ഏറെ ത്യാഗപൂർവം നിർവഹിക്കുന്ന അവരുടെ പ്രവർത്തനം ദൈവരാജ്യത്തിനായി യഥാർഥത്തിൽ നല്ല ഫലം പുറപ്പെടുവിക്കുന്നു.

നിങ്ങളുടെ സ്വന്തം ജീവിതമോ? നിങ്ങളുടെ പ്രവൃത്തികളെയും അവയിൽനിന്ന് ഉളവാകുന്ന ഫലത്തെയും പരിശോധിക്കുമ്പോൾ, ആ ഫലം എവിടെനിന്നാണ് വരുന്നത്? തെറ്റായ കാരുണ്യബോധത്തിൽനിന്നും വഴിതെറ്റിയ “പരസ്നേഹത്തിൽ” നിന്നും സത്യത്തിനുവേണ്ടി നിലകൊള്ളുന്നതിന്റെ പേരിൽ വിമർശിക്കപ്പെടുമോ എന്ന ഭയത്തിൽനിന്നുമാണോ അത് വരുന്നത്? അതോ ദൈവത്തോടുള്ള ആഴമായ സ്നേഹത്തിൽനിന്നും ദൈവം നമുക്കു വെളിപ്പെടുത്തിയ സത്യത്തെക്കുറിച്ചുള്ള അവബോധത്തിൽനിന്നും, കലർപ്പില്ലാത്ത സുവിശേഷം ധീരമായി പ്രഘോഷിക്കുന്നതിലൂടെയുമാണോ അത് വരുന്നത്?

സ്വർഗസ്ഥനായ പിതാവിന്റെ ഹൃദയത്തിൽനിന്ന് ഉളവാകുന്ന നല്ല ഫലം എപ്പോഴും നമ്മുടെ വിശ്വാസസത്യങ്ങളെ പ്രതിഫലിപ്പിക്കും. തെറ്റായ കാരുണ്യബോധവും വ്യാജാരോപണങ്ങളും പീഡനങ്ങളും മറ്റും നമ്മുടെ ലോകത്തിലെ ചീഞ്ഞ വൃക്ഷങ്ങളിൽനിന്നാണ് ഉത്ഭവിക്കുന്നത്. ദൈവത്തിൽനിന്നു വരുന്ന നല്ല ഫലം കായ്ക്കുന്ന നല്ല വൃക്ഷങ്ങളാകാൻ നാം ജാഗ്രതയോടെ പരിശ്രമിക്കണം. നമുക്കു ചുറ്റുമുള്ള തിന്മയുടെ മുമ്പിലും ശരിയായതു ചെയ്യാനുള്ള സമ്പൂർണമായ പ്രതിബദ്ധത ഇതിന് ആവശ്യമാണ്.

യേശു അവതരിപ്പിക്കുന്ന ഈ ദൃശ്യങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾക്കു ചുറ്റുമുള്ള നല്ല ഫലവും ചീത്ത ഫലവും വ്യക്തമായി കാണുന്നുണ്ടോ? നിങ്ങളുടെ ജീവിതം ദുഷ്ടന്റെ നുണകളെ വളർത്താനാണോ, അതോ ദൈവത്തിന്റെ സത്യവും സ്നേഹവും വളർത്താനാണോ സഹായിക്കുന്നത്? നിങ്ങളുടെ ജീവിതം പുറപ്പെടുവിക്കുന്ന ഫലത്തെയും നമ്മുടെ ലോകത്തിലുള്ള ഫലത്തെയും വസ്തുനിഷ്ഠമായി നോക്കിക്കാണുക; യേശുവിന്റെ വ്യക്തവും സംശയത്തിനിടനൽകാത്തതുമായ പ്രബോധനങ്ങളുമായി അവയെ താരതമ്യം ചെയ്യുക. പൂർണഹൃദയത്തോടെ ആ നല്ല ഫലം അന്വേഷിക്കുക; എന്തു വിലകൊടുക്കേണ്ടിവന്നാലും അതു പുറപ്പെടുവിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക. അപ്പോൾ നിങ്ങളുടെ ആത്മാവിനെ രക്ഷിക്കുക മാത്രമല്ല, സ്വർഗത്തിന്റെ നല്ല ഫലംകൊണ്ട് മറ്റുള്ളവരെ പോഷിപ്പിക്കാനും നിങ്ങൾ സഹായിക്കും.

സത്യപൂർണനായ എന്റെ കർത്താവേ, നമ്മുടെ ലോകത്തിലെ നന്മയും തിന്മയും എന്തെന്നു നിർണയിക്കുന്നത് അങ്ങും അങ്ങു മാത്രവുമാണ്. അങ്ങയുടെ മഹത്വപൂർണമായ രാജ്യത്തിന്റെ വളർച്ചയെ പോഷിപ്പിക്കാൻ ഉളവാകുന്ന നല്ല ഫലം അങ്ങയുടെ സത്യം വെളിപ്പെടുത്തുന്നു. ആവശ്യത്തിലായിരിക്കുന്ന എല്ലാവർക്കും ദൈവരാജ്യത്തിന്റെ നല്ല ഫലം എത്തിച്ചുകൊടുക്കാൻ അങ്ങ് എന്നോടു ചെയ്യാൻ ആവശ്യപ്പെടുന്നതെല്ലാം നിരന്തരം ചെയ്യേണ്ടതിന് എനിക്കു ധൈര്യവും മനസ്സിനും ഹൃദയത്തിനും വ്യക്തതയും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.

കത്തോലിക്കാ ദൈനംദിന വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലം: മേയ് 24–ഓഗസ്റ്റ് 31

താഴെപ്പറയുന്ന വിൽപ്പനക്കാരിൽനിന്ന് ഇ-പുസ്തകം & പേപ്പർബാക്ക് രൂപങ്ങളിൽ ലഭ്യമാണ്:

Amazon പേപ്പർബാക്ക് പതിപ്പ് – Kindle – Google Play Books – iBooks – Barnes & Noble


കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: ഫലമില്ലാത്ത വൃക്ഷത്തിന്റെ ഉപമ യേശു പറയുന്നു, flickr മുഖേന