ജൂൺ 22, 2021
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
നോലായിലെ വിശുദ്ധ പൗളിനൂസ്, മെത്രാൻ—ഐച്ഛിക അനുസ്മരണം
വിശുദ്ധരായ ജോൺ ഫിഷർ, മെത്രാനും രക്തസാക്ഷിയും, തോമസ് മൂർ, രക്തസാക്ഷി—ഐച്ഛിക അനുസ്മരണം

“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ; എന്തെന്നാൽ, നാശത്തിലേക്കു നയിക്കുന്ന വാതിൽ വിസ്താരമുള്ളതും വഴി വിശാലവുമാണ്; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്. ജീവനിലേക്കു നയിക്കുന്ന വാതിൽ എത്ര ഇടുങ്ങിയതും വഴി എത്ര ഞെരുക്കമുള്ളതുമാണ്! അതു കണ്ടെത്തുന്നവരോ ചുരുക്കമാണ്.” മത്തായി 7:13–14
ഭയം സഹായകരമാണോ? അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഏതു തരത്തിലുള്ള ഭയത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒന്നാമതായി, വിശ്വാസത്തിനു വിരുദ്ധമായ ഒരുതരം ഭയമുണ്ട്. അത് നമ്മെ സംശയത്തിലേക്കും നിരാശയിലേക്കുപോലും നയിക്കുന്ന ഭയമാണ്. ദുഷ്ടന്റെയും നമുക്കെതിരെ പാപം ചെയ്തേക്കാവുന്ന മറ്റുള്ളവരുടെയും ആക്രമണത്തിൽനിന്ന് ഉണ്ടാകുന്ന ഭയമാണത്. ഇത്തരത്തിലുള്ള ഭയം ഹിതകരമല്ല; പരമമായ ആശ്രയബോധത്തോടും പ്രത്യാശയോടുംകൂടെ നമ്മുടെ കർത്താവിലേക്കു തിരിയുന്ന വിശ്വാസത്തിലൂടെ അതിനെ അതിജീവിക്കണം.
എന്നാൽ, ഏറെ പ്രയോജനകരവും പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങളിൽ ഒന്നുമായ ഒരു വിശുദ്ധഭയവുമുണ്ട്. “കർത്താവിനോടുള്ള ഭയമാണ് ജ്ഞാനത്തിന്റെ ആരംഭം…” (സുഭാഷിതങ്ങൾ 9:10) എന്ന വചനം ഓർക്കുക. ഏറ്റവും അടിസ്ഥാനപരമായ തലത്തിൽ, ഈ വിശുദ്ധഭയം നിങ്ങളുടെ പാപങ്ങളെക്കുറിച്ചും അവയുടെ അനന്തരഫലങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ഗൗരവമുള്ള പാപത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും, നിങ്ങളെ ബോധവാനാക്കുന്നു. പാപത്തിൽനിന്നു വരുന്നതായ ശിക്ഷയെ ഭയപ്പെടാൻ ഈ വിശുദ്ധഭയം നിങ്ങളെ പ്രേരിപ്പിക്കുകയും അതുവഴി ഗൗരവമുള്ള പാപം ഒഴിവാക്കാൻ നിങ്ങളെ നയിക്കുകയും ചെയ്യുന്നു. എന്നാൽ, നാം നേടിയെടുക്കാൻ പരിശ്രമിക്കേണ്ട “ദൈവഭയത്തിന്റെ” ഏറ്റവും ഉത്തമമായ രൂപം “പുത്രസഹജമായ ഭയം” ആണ്; ദൈവത്തിന്റെ പുത്രനോ പുത്രിക്കോ ഉള്ള വിശുദ്ധഭയമാണത്. ദൈവത്തോടുള്ള അഗാധമായ സ്നേഹത്തിൽ വേരൂന്നിയ ഈ ഭയം, ദൈവത്തിന്റെ മഹത്ത്വവും നന്മയും പ്രതാപവും ഓർത്ത് നിങ്ങളെ അത്രയധികം വിസ്മയവും ഭയാദരവുംകൊണ്ടു നിറയ്ക്കുന്നു; അതിനാൽ, അവിടുത്തെ പ്രസാദിപ്പിക്കാനും നിങ്ങളുടെ ജീവിതത്തിലൂടെ അവിടുത്തേക്കു വലിയ മഹത്ത്വം നൽകാനുമുള്ള ആഗ്രഹത്താൽ നിങ്ങൾ നിറയുന്നു. അങ്ങനെ, ഈ “ഭയം” ഏറ്റവും ചെറിയ പാപംപോലും ഒഴിവാക്കാനുള്ള ആഗ്രഹത്തിലേക്കു നിങ്ങളെ നയിക്കുന്നു. കാരണം, ദൈവത്തോടുള്ള സ്നേഹത്താൽ, അവിടുത്തെ വേദനിപ്പിക്കാതിരിക്കാൻ മാത്രമല്ല, സാധ്യമായ ഏറ്റവും വലിയ അളവിൽ അവിടുത്തെ ബഹുമാനിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു.
മുകളിൽ നൽകിയിരിക്കുന്ന തിരുവചനഭാഗം, ഏറ്റവും കുറഞ്ഞത്, “ജീവനിലേക്കു നയിക്കുന്ന വഴിയിലേക്കുള്ള” വാതിലിലൂടെ പ്രവേശിക്കാതെപോകുമോ എന്ന ഭയത്തിലേക്കെങ്കിലും നമ്മെ നയിക്കണം. യേശുവിന്റെ ഈ ഉപദേശത്തെ വളരെ നേരായ അർഥത്തിൽ പരിഗണിക്കുന്നത് പ്രയോജനകരമാണ്. ഈ ജീവിതത്തിൽ “വിസ്താരമുള്ള” വാതിലിലൂടെ കടന്ന് “വിശാലമായ” വഴിയിലൂടെ നടക്കുന്നത് വളരെ എളുപ്പമാണെന്നാണ് യേശു അടിസ്ഥാനപരമായി പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പാപജീവിതം സ്വീകരിച്ച് “നാശത്തിലേക്ക്” നീങ്ങുന്നത് അത്യന്തം എളുപ്പമാണ്. ഈ വിസ്താരമുള്ള വാതിലിലൂടെ കടന്ന് ഈ വിശാലമായ വഴിയിലൂടെ നടക്കുന്നവർ “അനേകർ” ആണെന്നും യേശു പറയുന്നു. ഈ യാഥാർഥ്യം അനുദിനം സത്യസന്ധമായി ആത്മപരിശോധന നടത്താൻ നമ്മെ പ്രേരിപ്പിക്കണം. ഈ വിശാലമായ വഴിയിലൂടെ നടക്കുന്നത് അത്ര എളുപ്പമാണെങ്കിൽ, നാമും എളുപ്പത്തിൽ അതിലൂടെ നടന്നുപോയേക്കാമെന്ന് സത്യസന്ധമായി സമ്മതിക്കണം.
യേശുവിന്റെ വാക്കുകളനുസരിച്ച്, “ഇടുങ്ങിയ വാതിലും” “ഞെരുക്കമുള്ള” വഴിയും കണ്ടെത്തുകയും അതിലൂടെ നടക്കുകയും ചെയ്യുന്നവർ “ചുരുക്കം” മാത്രമാണ്. ഇതും നാം ശ്രദ്ധിക്കുകയും ഗൗരവമായി എടുക്കുകയും വേണം. ഇത് സത്യമല്ലായിരുന്നെങ്കിൽ യേശു ഇങ്ങനെ പറയുമായിരുന്നില്ല. അതിനാൽ, ദൈവഭയം എന്ന ദാനം നിങ്ങളുടെ ജീവിതത്തിൽ സജീവമാണെങ്കിൽ, നിങ്ങൾ യഥാർഥത്തിൽ ദൈവത്തിന്റെ പുത്രനോ പുത്രിയോ ആണെങ്കിൽ, വിശുദ്ധിയിലേക്കുള്ള ഈ ഇടുങ്ങിയ വഴി കണ്ടെത്തുന്ന ആ “ചുരുക്കം” പേരിൽ ഒരാളാകാൻ നിങ്ങൾ അനുദിനം പരിശ്രമിക്കും. ഏറ്റവും ഉത്തമമായി, ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്താലും നിങ്ങൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ മഹത്ത്വം അവിടുത്തേക്കു നൽകാനുള്ള ആഗ്രഹത്താലുമായിരിക്കും നിങ്ങൾ അങ്ങനെ ചെയ്യുക.
നമ്മുടെ കർത്താവിന്റെ വെല്ലുവിളി നിറഞ്ഞ ഈ ഉപദേശത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അവിടുത്തെ വാക്കുകൾ വിശ്വസിച്ച്, ഈ ഉപദേശത്തിന്റെ വെളിച്ചത്തിൽ നിങ്ങളുടെ ജീവിതം വിലയിരുത്തുക. ഈ ഇടുങ്ങിയ വാതിലിലൂടെ നടന്നുതുടങ്ങിയ ചുരുക്കം പേരിൽ ഒരാളാണ് നിങ്ങൾ എന്ന് ഉറപ്പുവരുത്താൻ ജീവിതത്തിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്? ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം, അവിടുത്തെ പ്രസാദിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ പ്രവൃത്തികളിലൂടെ അവിടുത്തെ പൂർണമായി മഹത്ത്വപ്പെടുത്തുക എന്നത് നിങ്ങളുടെ ഏറ്റവും അഗാധമായ ആഗ്രഹമാകുന്നവിധം, ദൈവത്തിന്റെ മഹനീയതയെക്കുറിച്ചുള്ള വിസ്മയവും ഭയാദരവുംകൊണ്ട് നിങ്ങളെ നിറയ്ക്കുന്നുണ്ടോ? ഇടുങ്ങിയ വാതിലിലൂടെ പ്രവേശിച്ച് ഞെരുക്കമുള്ള വഴിയിലൂടെ നടക്കാൻ പരിശ്രമിക്കുക; പിന്തിരിയരുത്. ഇതിന് ഏറെ ദൃഢനിശ്ചയവും ത്യാഗവും സ്നേഹവും ആവശ്യമാണെങ്കിലും, ആ വഴിയുടെ ലക്ഷ്യവും അന്ത്യവും അതെല്ലാം അർഥവത്താക്കുന്നു.
അത്യന്തം മഹനീയനായ എന്റെ കർത്താവേ, അങ്ങ്, അങ്ങു മാത്രം, സകല മഹത്ത്വത്തിനും ബഹുമാനത്തിനും സ്തുതിക്കും അർഹനാണ്. ജീവിതത്തിൽ ഞാൻ ചെയ്യുന്നതെല്ലാം അങ്ങയുടെ മഹത്ത്വത്തിനു കാരണമാകട്ടെ; അങ്ങയുമായുള്ള എന്റെ ബന്ധത്തിനു ദോഷം വരുത്തുന്നതെല്ലാം ഞാൻ ഒഴിവാക്കട്ടെ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. പൂർണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാനും മഹത്ത്വപ്പെടുത്താനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
![]()
കത്തോലിക്കാ ദൈനംദിന വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലം: മേയ് 24–ഓഗസ്റ്റ് 31
താഴെപ്പറയുന്ന വിൽപ്പനക്കാരിൽനിന്ന് ഇ-പുസ്തകം & പേപ്പർബാക്ക് രൂപങ്ങളിൽ ലഭ്യമാണ്:
Amazon പേപ്പർബാക്ക് പതിപ്പ് – Kindle – Google Play Books – iBooks – Barnes & Noble
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധർ –
നോലായിലെ വിശുദ്ധ പൗളിനൂസ്, മെത്രാൻ
കൂടാതെ:
വിശുദ്ധരായ ജോൺ ഫിഷർ, മെത്രാനും രക്തസാക്ഷിയും, തോമസ് മൂർ, രക്തസാക്ഷി
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





