ജൂലൈ 6, 2021
ആണ്ടുവട്ടത്തിലെ പതിനാലാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ മരിയ ഗൊരേത്തി—ഐച്ഛിക അനുസ്മരണം

യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച്, അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുകയും ചെയ്തു. ജനക്കൂട്ടത്തെ കണ്ടപ്പോൾ അവിടുത്തെ ഹൃദയം അവരോടുള്ള അനുകമ്പയാൽ നിറഞ്ഞു; കാരണം, ഇടയനില്ലാത്ത ആടുകളെപ്പോലെ അവർ ക്ലേശിതരും ഉപേക്ഷിക്കപ്പെട്ടവരുമായിരുന്നു. മത്തായി 9:35–36
ആത്മാക്കളുടെ രക്ഷയ്ക്കായി യേശുവിന് അതീവ തീക്ഷ്ണതയുണ്ടായിരുന്നു. ഒരു ദൗത്യം പൂർത്തിയാക്കാനുള്ള ഊർജവും തീവ്രമായ ആഗ്രഹവും പ്രേരണയുമാണ് തീക്ഷ്ണത. താൻ കണ്ടുമുട്ടുന്ന ഓരോ ഹൃദയത്തിന്റെയും മാനസാന്തരമായിരുന്നു യേശു തീക്ഷ്ണതയോടെ ആഗ്രഹിച്ച ദൗത്യം. പട്ടണങ്ങൾതോറും നടന്ന് ഓരോരുത്തരെയും കണ്ടുമുട്ടുമ്പോൾ, അവരുടെ ഹൃദയങ്ങളിലേക്ക് നോക്കാൻ യേശുവിനു കഴിഞ്ഞിരുന്നു. അനേകർ “ക്ലേശിതരും ഉപേക്ഷിക്കപ്പെട്ടവരും” ആണെന്ന് അവിടുന്ന് കണ്ടു. അവർ “ഇടയനില്ലാത്ത ആടുകളെപ്പോലെ” ആണെന്നും അവിടുത്തേക്കു കാണാൻ കഴിഞ്ഞു. ഇത് അവിടുത്തെ അനുകമ്പയാൽ നിറച്ചു. അവരുടെ ഇടയനാകാനും അവരുടെ ഹൃദയങ്ങളിലെ ക്ലേശം നീക്കാനും തന്റെ പുതിയ രാജ്യത്തിന്റെ ഭാഗമാകാൻ അവർ ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്ന് അവരെ അറിയിക്കാനുമുള്ള തീക്ഷ്ണത അവിടുത്തിൽ ഉണർന്നു.
ക്ലേശിതരും ഉപേക്ഷിക്കപ്പെട്ടവരുമായ അനേകരെ യേശു കണ്ടുമുട്ടുന്ന ഈ ദൃശ്യം ധ്യാനിക്കാൻ ഉചിതമാണ്. കാരണം, ഇത് നമ്മുടെതന്നെ അവസ്ഥയാണ്. നമുക്കോരോരുത്തർക്കും നമ്മുടേതായ ആന്തരിക ക്ലേശങ്ങളുണ്ട്. ചിലപ്പോൾ നമുക്ക് ഏകാന്തതയും ആശയക്കുഴപ്പവും അനിശ്ചിതത്വവും വഴിതെറ്റിയതുപോലുള്ള അനുഭവവും ഉണ്ടാകാം. ഇങ്ങനെയൊന്നും അനുഭവപ്പെടാത്ത വ്യക്തി ഒന്നുകിൽ പരിപൂർണനായ ഒരു വിശുദ്ധനായിരിക്കണം, അല്ലെങ്കിൽ തന്നോടുതന്നെ സത്യസന്ധത പുലർത്താത്ത ആളായിരിക്കണം. അഗാധമായ വിശുദ്ധിയും ദൈവവുമായുള്ള ഐക്യവും അനേകർ അനുഭവിക്കുന്ന ഈ ആന്തരിക പോരാട്ടത്തെ തീർച്ചയായും സുഖപ്പെടുത്തുന്നു. അങ്ങനെയുള്ള വ്യക്തിക്ക് താൻ ദൈവകുടുംബത്തിലെ അംഗമാണെന്ന് വ്യക്തമായി അറിയാം; താൻ ദൈവത്തിന്റെ മകനോ മകളോ ആണെന്ന് മനസ്സിലാക്കുകയും ഈ സത്യത്തിൽ ആഴമായ സമാധാനം കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ, പോരാട്ടങ്ങളിലൂടെ കടന്നുപോകുന്നവരേ, ഈ തിരുവചനഭാഗം പ്രത്യേകിച്ച് നിങ്ങൾക്കുള്ളതാണ്.
ഒന്നാമതായി, “ക്ലേശിതരാകുന്നതിന്” പല കാരണങ്ങളുണ്ടാകാം. ചിലർ ഭൂതകാലസ്മരണകൾ, തകർന്ന ബന്ധങ്ങൾ, ദിശാബോധമില്ലായ്മ, ഗൗരവമുള്ള പാപം, കോപം തുടങ്ങിയവയുമായി മല്ലിടുന്നു. അതിനാൽ, സത്യസന്ധമായി ചിന്തിക്കേണ്ട ആദ്യത്തെ ചോദ്യം ഇതാണ്: നിങ്ങളുടെ ഹൃദയം ക്ലേശിതമാണോ, അല്ലയോ? ഏറ്റവും വലിയ വിശുദ്ധർപോലും തങ്ങൾ പോരാടുന്ന ചില മേഖലകൾ കണ്ടെത്തും. അപ്പോൾ, നിങ്ങളുടെ ജീവിതത്തിൽ അത് എന്താണ്?
രണ്ടാമതായി, “ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു” എന്ന തോന്നൽ ഭാരമേറിയ ഒരു കുരിശാണ്. നമുക്ക് തന്റെ കുടുംബത്തിന്റെ ഭാഗമാകാൻ കഴിയേണ്ടതിനാണ് യേശു വന്നത്. നിത്യരക്ഷയെന്ന ദാനത്തിലൂടെയാണ് അത് സാധ്യമാകുന്നത്; ആ രക്ഷ ഇപ്പോൾത്തന്നെ ആരംഭിക്കേണ്ടതാണ്. പാപമോചനം സ്വീകരിക്കുകയും പ്രാർഥനാജീവിതത്തിൽ വളരുകയും ചെയ്യുന്നതിലൂടെ, ഏറെ ആഴമുള്ളതും വ്യക്തിപരവുമായ അടുപ്പത്തിൽ നാം ദൈവത്തെ അറിയാൻ തുടങ്ങുന്നു. അതെ, അവിടുന്ന് സർവശക്തനായ ദൈവവും എല്ലാറ്റിന്റെയും സ്രഷ്ടാവുമാണ്. എന്നാൽ, അവിടുന്ന് നമ്മോട് ആഴമായ വ്യക്തിബന്ധവും അടുപ്പവും പുലർത്തുന്നവനുമാണ്; നിങ്ങളുമായി യഥാർഥമായ ഒരു സ്നേഹബന്ധം സ്ഥാപിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു.
ക്ലേശിതരായിരിക്കുന്നതോ ഉപേക്ഷിക്കപ്പെട്ടതായി അനുഭവപ്പെടുന്നതോ, അല്ലെങ്കിൽ ഇവ രണ്ടുമോ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, യേശുവിന് നിങ്ങളോടുള്ള തീക്ഷ്ണതയെക്കുറിച്ച് ചിന്തിക്കുക. തന്റെ പരസ്യശുശ്രൂഷയ്ക്കിടയിൽ ക്ഷീണമറിയാതെ അവിടുന്ന് കാൽനടയായി നടത്തിയ ദീർഘയാത്രകളെ, വ്യക്തിപരമായി നിങ്ങളുടെ അടുത്തുവന്ന് നിങ്ങളുടെ ഇടയനാകാനുള്ള അവിടുത്തെ തീക്ഷ്ണതയുടെ അടയാളമായി കാണണം. നിങ്ങളുടെ ഓരോ ഭാരവും നീക്കാനും തന്റെ കുടുംബത്തിൽ നിങ്ങൾക്കുള്ള സ്ഥാനം കണ്ടെത്തുന്നതിനുള്ള വഴി തെളിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു. യേശു പ്രസംഗിച്ച “രാജ്യത്തിന്റെ സുവിശേഷം” ആ രാജ്യത്തിലെ അംഗമാകാൻ എല്ലാവരെയും ക്ഷണിക്കുന്നതായിരുന്നു. അവിടുന്ന് നിങ്ങളുടെ അടുത്തേക്കു വരുമ്പോൾ, പണ്ടു നാട്ടിൻപുറങ്ങളിലൂടെ സഞ്ചരിച്ചപ്പോഴെന്നപോലെ ഇന്നും അവിടുത്തെ ഹൃദയം നിങ്ങളോടുള്ള അനുകമ്പയാൽ നിറഞ്ഞിരിക്കുന്നുവെന്ന് അറിയുക. അവിടുന്ന് നിങ്ങളെ കാണുന്നു, സ്നേഹത്തോടെ നിങ്ങളുടെ ഹൃദയത്തിലേക്കു നോക്കുന്നു; നിങ്ങളുടെ ആവശ്യങ്ങളിലും ബലഹീനതയിലും പാപത്തിലും അവിടുന്ന് ഒരിക്കലും നിങ്ങളിൽനിന്ന് ദൃഷ്ടി മാറ്റുന്നില്ല.
നിങ്ങളുടെതന്നെ നിത്യരക്ഷയ്ക്കും ജീവിതവിശുദ്ധിക്കും വേണ്ടി യേശുവിനുള്ള തീക്ഷ്ണതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുത്തെ കൂടാതെ ഈ ലോകത്തിലെ ജീവിതയാത്ര പൂർത്തിയാക്കാൻ നിങ്ങൾക്കു കഴിയില്ല. നിങ്ങളെ തേടിവരാനും നിങ്ങളുടെ അടുത്തെത്താനും നിങ്ങളോടു സംസാരിക്കാനും, നിങ്ങളെ നയിക്കുന്ന ഇടയനാകാൻ തന്നെ അനുവദിക്കണമെന്ന് നിങ്ങളെ ക്ഷണിക്കാനും യേശുവിനെ അനുവദിക്കുക. തന്റെ സർവസത്തയോടുംകൂടി അങ്ങനെ ചെയ്യാൻ അവിടുന്ന് ആഗ്രഹിക്കുന്നു; നിങ്ങളിൽ തന്റെ ദൗത്യം പൂർത്തിയാക്കാൻ യേശുവിനെ അനുവദിക്കുക.
എന്റെ ദിവ്യ ഇടയനേ, അങ്ങ് അതീവ തീക്ഷ്ണതയോടും അനുകമ്പയോടുംകൂടി എല്ലാ മനുഷ്യരെയും അന്വേഷിക്കുന്നു. വേദനിക്കുന്നതും തകർന്നതുമായ ഓരോ ഹൃദയവും അങ്ങ് കാണുന്നു; ഓരോന്നിനെയും സുഖപ്പെടുത്താൻ അങ്ങ് ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, എന്റെ അടുത്തേക്കു വന്നതിനും എന്റെ ഇടയനും വഴികാട്ടിയുമായിരിക്കുന്നതിനും നന്ദി. എന്റെ ബലഹീനതയിലും വേദനയിലും അങ്ങ് എന്നെ നോക്കുമ്പോൾ, അങ്ങയെ കാണാൻ എന്നെ സഹായിക്കണമേ. ഇപ്പോഴും എന്റെ ജീവിതത്തിലുടനീളവും അങ്ങേക്കായി എന്റെ ഹൃദയം തുറക്കാനും എന്നെ സഹായിക്കണമേ. എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധ – കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ മരിയ ഗൊരേത്തി
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



