മലയാളം

നമ്മുടെ അന്തിമ ഭാഗധേയം

ജൂലൈ 27, 2021
ആണ്ടുവട്ടത്തിലെ പതിനേഴാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“അപ്പോൾ നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.”  മത്തായി 13:43

വയലിലെ കളകളുടെ ഉപമയ്ക്ക് യേശു നൽകുന്ന വിശദീകരണം ഈ വചനഭാഗത്തോടെ അവസാനിക്കുന്നു. ഈ ഉപമയിൽ ഒരു വയലിൽ നല്ല വിത്തുകൾ വിതച്ചിരുന്നുവെന്നത് ഓർക്കുക. വിതക്കാരൻ മനുഷ്യപുത്രനായ യേശുവാണ്. അവിടുന്ന് വിതയ്ക്കുന്ന വിത്തുകളാകട്ടെ രാജ്യത്തിന്റെ മക്കളാണ്; കൃപാവസ്ഥയിൽ കഴിയുന്ന എല്ലാവരും ഇതിൽ ഉൾപ്പെടുന്നു. വയൽ ലോകം മുഴുവനുമാണ്. അതിനാൽ, തന്റെ രാജ്യം പടുത്തുയർത്താൻ തന്റെ അനുയായികളായ നമ്മിൽ ഓരോരുത്തരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നുവെന്നാണ് യേശു പറയുന്നത്. എന്നാൽ ദുഷ്ടനും തന്റെ “മക്കളെ” വിതയ്ക്കുന്നു. ദൈവഹിതത്തിനു വിരുദ്ധമായി തിന്മയിൽ ജീവിക്കുന്ന എല്ലാവരെയുമാണ് ഇത് സൂചിപ്പിക്കുന്നത്. മുകളിൽ പറഞ്ഞ വചനഭാഗം രാജ്യത്തിന്റെ മക്കൾക്കു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചാണ് പറയുന്നത്. എന്നാൽ അതിനു തൊട്ടുമുമ്പുള്ള വചനഭാഗം ചൂണ്ടിക്കാട്ടുന്നത്, യുഗാന്ത്യത്തിൽ ദുഷ്ടന്റെ മക്കൾ ശിക്ഷയ്ക്കു വിധിക്കപ്പെടുകയും “തീച്ചൂളയിലേക്ക്” എറിയപ്പെടുകയും ചെയ്യും എന്നാണ്; “അവിടെ വിലാപവും പല്ലുകടിയും ഉണ്ടായിരിക്കും.”

രാജ്യത്തിന്റെ മക്കളായിരിക്കുന്നതിന്റെ അന്തിമഫലം ഏറെ പ്രത്യാശ നൽകുന്നതാണ്. “അപ്പോൾ നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.” നമ്മുടെ കർത്താവിന്റെ ഈ വാഗ്ദാനം നാം ധ്യാനിക്കുകയും വിശ്വസിക്കുകയും വേണം. ജീവിതത്തിൽ നമ്മുടെ പ്രത്യാശയെ മുന്നോട്ടു നയിക്കുന്ന ശക്തിയായി അത് മാറണം.

പ്രത്യാശ അനിവാര്യമായ ഒരു പുണ്യമാണ്; എന്നാൽ അതിനെക്കുറിച്ച് നാം വേണ്ടത്ര സംസാരിക്കാറില്ല. പ്രത്യാശ എന്ന ദാനം, ലോട്ടറിയിൽ സമ്മാനം ലഭിക്കണമെന്ന് ഒരാൾ ആഗ്രഹിക്കുന്നതുപോലെയുള്ള വെറുമൊരു മോഹചിന്തയല്ല. ദൈവികപുണ്യമായ പ്രത്യാശ സത്യത്തിൽ അധിഷ്ഠിതമായ ഒരു ദൈവദാനമാണ്. ദൈവം നമ്മോടു പറയുന്നതെല്ലാം നാം സ്വീകരിക്കുകയും നമ്മുടെ ജീവിതത്തിൽ അവിടുത്തെ മഹത്ത്വപൂർണമായ ഹിതം നിറവേറ്റുകയും ചെയ്താൽ, സ്വർഗത്തിൽ നിത്യജീവൻ ലഭിക്കുമെന്ന വാഗ്ദാനമാണ് അതിന് ആധാരമായ സത്യം.

ഒരു ഉപമയിലൂടെ പറയാം: നിങ്ങളുടെ വീടിന്മേൽ വലിയൊരു പണയവായ്പ ഉണ്ടെന്നു കരുതുക. ഒരു ഭാഗ്യശാലിയായ കുടുംബത്തിന്റെ ഭവനപ്പണയവായ്പ മുഴുവൻ അടച്ചുതീർക്കുന്ന ഒരു പ്രചാരണപദ്ധതി ബാങ്ക് നടപ്പാക്കുകയാണെന്നും കരുതുക. തിരഞ്ഞെടുക്കപ്പെട്ടത് നിങ്ങളുടെ കുടുംബമാണ്. അവർ നിങ്ങളെ ബന്ധപ്പെട്ട്, ഈ സഹായധനം ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഒരു അപേക്ഷ പൂരിപ്പിക്കുക മാത്രമാണെന്നും അതു ചെയ്താൽ തുക നിങ്ങൾക്കു നൽകുമെന്നും അറിയിക്കുന്നു. നിങ്ങൾ എന്തു ചെയ്യും? തീർച്ചയായും നിങ്ങൾ ചെന്ന് അപേക്ഷ പൂരിപ്പിക്കും. ബാങ്ക് വിശ്വസ്തമാണ്. അതിനാൽ, അവർ ആവശ്യപ്പെടുന്ന കാര്യം—അപേക്ഷ പൂരിപ്പിക്കുക എന്ന ചെറിയ ജോലി—നിങ്ങൾ ചെയ്താൽ, നിങ്ങളുടെ പണയവായ്പ അടച്ചുതീർക്കുമെന്ന വാഗ്ദാനം അവർ പാലിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ട്. ഒരർഥത്തിൽ, ഈ വാഗ്ദാനത്തെക്കുറിച്ച് അറിയുമ്പോൾത്തന്നെ നിങ്ങളുടെ ഉള്ളിൽ പ്രത്യാശ ഉളവാകുന്നു. സത്യസന്ധമായ ഒരു വാഗ്ദാനത്തിൽ അധിഷ്ഠിതമായ ആ പ്രത്യാശയാണ് അപേക്ഷ പൂരിപ്പിക്കുക എന്ന ചെറിയ ജോലി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്.

ദൈവത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. അവിടുന്ന് അടച്ചുതീർക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന “പണയവായ്പ” നമ്മുടെ സകല പാപങ്ങളുടെയും കടമാണ്. ഈ വാഗ്ദാനം ലഭിക്കാനുള്ള വ്യവസ്ഥ, നമ്മുടെ നന്മയ്ക്കായി അവിടുന്ന് കൽപ്പിക്കുന്ന എല്ലാറ്റിനോടുമുള്ള വിശ്വസ്തതയാണ്. എന്നാൽ നമുക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം നാം പലപ്പോഴും പൂർണമായി മനസ്സിലാക്കുന്നില്ല എന്നതാണ് പ്രശ്നം. അതായത്, സ്വർഗസ്ഥനായ നമ്മുടെ പിതാവിന്റെ രാജ്യത്തിൽ “സൂര്യനെപ്പോലെ പ്രകാശിക്കുക” എന്ന പ്രതിഫലം. ബാങ്ക് നിങ്ങളുടെ പണയവായ്പ അടച്ചുതീർക്കുക എന്നത് വ്യക്തവും മൂർത്തവും ഏറെ അഭിലഷണീയവുമായ ഒരു കാര്യമാണ്. എന്നാൽ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കുക എന്ന പ്രതിഫലത്തിന് അനന്തമായി കൂടുതൽ മൂല്യമുണ്ട്. നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ?

നമ്മുടെ ജീവിതത്തിൽ ദൈവികപുണ്യമായ പ്രത്യാശയെ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം, നമ്മുടെ കർത്താവിന്റെ സത്യസന്ധമായ വാഗ്ദാനത്തെക്കുറിച്ച് കൂടുതൽ കൂടുതൽ ഉറപ്പുള്ളവരാകുക എന്നതാണ്. സ്വർഗത്തെക്കുറിച്ചും അതു പ്രാപിക്കുന്നതിലൂടെ നമുക്കു ലഭിക്കുന്ന അനന്തമായ മൂല്യത്തെക്കുറിച്ചും നാം മനസ്സിലാക്കണം. യേശു നമുക്കു വാഗ്ദാനം ചെയ്യുന്നത് എന്താണെന്ന് യഥാർഥത്തിൽ മനസ്സിലാക്കിയിരുന്നെങ്കിൽ, അവിടുന്ന് കൽപ്പിക്കുന്നതെല്ലാം ചെയ്യാൻ അത്രമേൽ തീവ്രമായി നാം പ്രേരിതരാകുമായിരുന്നു; അത് നമ്മുടെ ജീവിതത്തിന്റെ ഏക ശ്രദ്ധാകേന്ദ്രമായി മാറുമായിരുന്നു. അത്തരമൊരു പ്രതിഫലം നേടാൻ ആവശ്യമായ എന്തും ഏതും ചെയ്യുന്നതിൽ നാം പൂർണമായി മുഴുകിപ്പോകുംവിധം അത്ര ശക്തമായ ഒരു ബലമായി പ്രത്യാശ മാറുമായിരുന്നു.

നിങ്ങളുടെ ജീവിതത്തിൽ പ്രത്യാശയ്ക്ക് എത്ര ആഴമുണ്ടെന്ന് ഇന്ന് ധ്യാനിക്കുക. നമ്മുടെ കർത്താവിന്റെ വാഗ്ദാനങ്ങൾ നിങ്ങളെ എത്രത്തോളം പ്രചോദിപ്പിക്കുന്നു? ആ വാഗ്ദാനങ്ങൾ നിങ്ങൾ എത്ര വ്യക്തമായി മനസ്സിലാക്കുന്നു? പ്രത്യാശയോടെ ജീവിക്കാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, യേശു നിങ്ങൾക്കു വാഗ്ദാനം ചെയ്തിരിക്കുന്ന അന്തിമ പ്രതിഫലത്തെക്കുറിച്ച് ധ്യാനിക്കാൻ കൂടുതൽ സമയം ചെലവഴിക്കുക. അവിടുന്ന് പറയുന്നത് വിശ്വസിക്കുകയും ആ അന്തിമലക്ഷ്യത്തെ നിങ്ങളുടെ ജീവിതത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമാക്കുകയും ചെയ്യുക.

മഹത്ത്വപൂർണനായ എന്റെ രാജാവേ, സ്വർഗത്തിന്റെ മഹിമകളിൽ പങ്കുചേരാൻ അങ്ങ് എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നുവല്ലോ. ഞങ്ങൾ വിശ്വസ്തരായിരുന്നാൽ നിത്യത മുഴുവൻ സൂര്യനെപ്പോലെ പ്രകാശിക്കുമെന്ന് അങ്ങ് ഞങ്ങൾക്കു വാഗ്ദാനം ചെയ്യുന്നു. മഹത്ത്വപൂർണമായ ഈ ദാനം മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ. അങ്ങനെ അത് എന്റെ പ്രത്യാശയുടെ ഏക ലക്ഷ്യവും ജീവിതത്തിൽ ഞാൻ ചെയ്യുന്ന എല്ലാറ്റിന്റെയും പ്രേരകശക്തിയുമായി മാറട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: വിശുദ്ധർ പ്രകാശിക്കും, flickr മുഖേന