മലയാളം

കൃപയാൽ രൂപാന്തരം

2021 ജൂലൈ 26 
ആണ്ടുവട്ടത്തിലെ പതിനേഴാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ യോവാക്കിമും വിശുദ്ധ അന്നയും—അനുസ്മരണം

വീഡിയോ

അവൻ അവരോട് മറ്റൊരു ഉപമ പറഞ്ഞു. “സ്വർഗരാജ്യം ഒരു സ്ത്രീ എടുത്ത് മൂന്ന് അളവ് ഗോതമ്പുമാവിൽ, മാവ് മുഴുവൻ പുളിക്കുവോളം കലർത്തിയ പുളിമാവിനു സദൃശമാണ്.” മത്തായി 13:33

പുളിമാവിന് വലിയ ശക്തിയുണ്ട്. ഒരു അപ്പത്തിൽ അതിന്റെ അളവ് പലപ്പോഴും ഏകദേശം 1% മാത്രമാണെങ്കിലും, ആ അപ്പം ഇരട്ടിയിലധികം വലുപ്പത്തിലാകാൻ അത് കാരണമാകുന്നു. തീർച്ചയായും, മാവ് പൊങ്ങുമ്പോൾ അതിനെ മൃദുവും വഴക്കമുള്ളതുമാക്കുന്ന അതിശയകരമായ ഫലവും അതിനുണ്ട്. പുളിമാവില്ലെങ്കിൽ, കുഴച്ച മാവ് കട്ടിയുള്ളതായിത്തന്നെ നിലനിൽക്കും; അതിന്റെ വലുപ്പവും വളരെ കുറവായിരിക്കും. അത് ആയിത്തീരേണ്ട അപ്പമായി മാറുകയില്ല.

ഒറ്റ വാക്യം മാത്രമുള്ള ഈ ചെറിയ ഉപമയ്ക്ക് സഭാപിതാക്കന്മാർ പല വ്യാഖ്യാനങ്ങളും നൽകുന്നുണ്ട്. സുവിശേഷം പകരപ്പെടുന്ന ആത്മാവിനെയും പ്രാണനെയും ശരീരത്തെയുമാണ് മൂന്ന് അളവ് മാവ് പ്രതിനിധീകരിക്കുന്നതെന്ന് ചിലർ പറയുന്നു. മൂന്ന് വ്യത്യസ്ത തരത്തിലുള്ള വ്യക്തികളെയോ നമ്മുടെ ജീവിതം ഫലം പുറപ്പെടുവിക്കുന്നതിന്റെ മൂന്ന് തലങ്ങളെയോ ആണ് മൂന്ന് അളവ് മാവ് പ്രതിനിധീകരിക്കുന്നതെന്ന് മറ്റുചിലർ പറയുന്നു. പുളിമാവിനെ ചിലർ വിശുദ്ധഗ്രന്ഥത്തിലെ സുവിശേഷസന്ദേശമായും മറ്റുചിലർ നമ്മുടെ ജീവിതത്തിലും ലോകം മുഴുവനിലും നിറയേണ്ട ഉപവിയായും മനസ്സിലാക്കുന്നു. തീർച്ചയായും, യേശുവിന്റെ ഉപമകളും വിശുദ്ധഗ്രന്ഥത്തിലെ ഓരോ പ്രബോധനവും ശരിയായതും പരസ്പരം യോജിക്കുന്നതുമായ പല തലങ്ങളിലുള്ള ധാരണകളും അർത്ഥങ്ങളും നമുക്ക് നൽകുന്നു. ധ്യാനിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് ഇതാണ്: ഈ ഉപമയിലൂടെ ദൈവം നിങ്ങളോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?

നിങ്ങളെത്തന്നെ മൂന്ന് അളവ് മാവായും പുളിമാവിനെ ദൈവമായും അവിടുത്തെ വിശുദ്ധ വചനമായും നിങ്ങളോട് സംസാരിക്കുന്ന അവിടുത്തെ സൗമ്യവും എന്നാൽ വ്യക്തവുമായ സ്വരമായും കണക്കാക്കിയാൽ, അതിന്റെ നേരിട്ടുള്ള ഫലമായി നിങ്ങളുടെ ജീവിതം ഏതെല്ലാം വ്യക്തമായ രീതികളിൽ വളർന്നുയരുന്നതായി നിങ്ങൾ കാണുന്നു? ദൈവം നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിന്റെ ഫലമായി, നിങ്ങൾ ആയിത്തീരേണ്ടത് ആയിത്തീരുന്നതായി എങ്ങനെയാണ് നിങ്ങൾ കാണുന്നത്? ആ ഫലം യഥാർത്ഥത്തിൽ നിങ്ങളെ രൂപാന്തരപ്പെടുത്തുന്നതും പലമടങ്ങായി വർധിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന് നിങ്ങൾ കാണുന്നുണ്ടോ?

ചിലപ്പോൾ ദൈവവചനം നമ്മുടെ ജീവിതത്തിൽ വളരെ ചെറിയ ഫലം മാത്രമേ ഉളവാക്കുന്നുള്ളൂ; ചിലപ്പോൾ ഒരു ഫലവും ഉളവാക്കുന്നില്ല. തീർച്ചയായും, അത് ദൈവവചനത്തിന്റെ കുറവല്ല; മറിച്ച്, രൂപാന്തരപ്പെടുത്തുന്ന തന്റെ പ്രവൃത്തി ചെയ്യാൻ നാം ദൈവത്തെ അനുവദിക്കാത്തതുകൊണ്ടാണ്. പുളിമാവ് പ്രവർത്തിക്കാൻ, കുഴച്ച മാവ് കുറച്ചുനേരം അനക്കാതെ വയ്ക്കണം. അതുപോലെ, നമ്മുടെ ജീവിതത്തിൽ ദൈവത്തിന് തന്റെ പ്രവൃത്തി ചെയ്യാനായി, സൗമ്യമായും ശക്തമായും പ്രവർത്തിക്കാൻ നാം അവിടുത്തെ അനുവദിക്കണം. ദൈവം നമ്മോട് പറയുന്നതെല്ലാം നാം ഹൃദയത്തിൽ സ്വീകരിക്കേണ്ടത് ഈ പ്രക്രിയയ്ക്ക് ആവശ്യമാണ്. തുടർന്ന്, അവിടുത്തെ പ്രവൃത്തികൾ നമ്മിൽ ഫലമുളവാക്കാൻ പ്രാർത്ഥനാപൂർവം നാം ഇടം നൽകണം. അവിടുത്തെ ദൈവികപദ്ധതിക്കനുസരിച്ച് സാവധാനവും ഉറപ്പോടെയും മാറ്റം സംഭവിക്കാൻ നാം അനുവദിക്കണം.

ചിലപ്പോൾ ദൈവത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നമുക്കും അക്ഷമ തോന്നാം. വീണ്ടും ഓർക്കുക, പുളിമാവിന് പ്രവർത്തിക്കാൻ സമയം വേണം. ദൈവകൃപയുടെ കാര്യത്തിൽ നാം അക്ഷമരാകുന്നെങ്കിൽ, അത് പുളിമാവിന് പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതിനുമുമ്പേ കുഴച്ച മാവ് എടുത്ത് വീണ്ടും വീണ്ടും കുഴയ്ക്കുന്നതുപോലെയാകാം. എന്നാൽ, ദൈവത്തിന്റെ ഹിതമനുസരിച്ചും അവിടുത്തെ സമയത്തും നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ അവിടുത്തെ അനുവദിച്ചുകൊണ്ട് നാം പ്രാർത്ഥനാപൂർവം ക്ഷമയോടെ കാത്തിരുന്നാൽ, അവിടുന്ന് ആരംഭിക്കുന്ന രൂപാന്തരം ക്രമേണ നാം അനുഭവിക്കും.

ചെറുതെങ്കിലും ശക്തമായ ഈ ഉപമയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളെത്തന്നെ ആ കുഴച്ച മാവായും ദൈവത്തെയും നിങ്ങളുടെ ജീവിതത്തിലെ അവിടുത്തെ പ്രവർത്തനത്തെയും പുളിമാവായും കാണുക. ആ ചിത്രം മനസ്സിൽവച്ച് പ്രാർത്ഥനാപൂർവം ഇരിക്കുമ്പോൾ, നിങ്ങളിൽ എങ്ങനെ പ്രവർത്തിക്കാനും നിങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്താനുമാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്താൻ ദൈവത്തെ അനുവദിക്കുക. ക്ഷമയ്ക്കായി പ്രാർത്ഥിക്കുക. രൂപാന്തരപ്പെടുത്തുന്ന അവിടുത്തെ വചനം നിങ്ങളുടെ ആത്മാവിൽ സ്വീകരിച്ചാൽ, അവിടുന്ന് ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യുമെന്ന് വിശ്വസിക്കുക. അങ്ങനെ സംഭവിച്ചാൽ, നിങ്ങൾ ആയിത്തീരണമെന്ന് ദൈവം ആഗ്രഹിക്കുന്ന വ്യക്തിയായി നിങ്ങൾ തീർച്ചയായും മാറുമെന്നും വിശ്വസിക്കുക.

എന്നെ രൂപാന്തരപ്പെടുത്തുന്ന എന്റെ കർത്താവേ, എന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരാനും എന്റെ അസ്തിത്വം മുഴുവനിലും നിറയാനും അങ്ങ് ആഗ്രഹിക്കുന്നു. ഞാൻ ആയിത്തീരണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന വ്യക്തിയായി എന്നെ രൂപപ്പെടുത്തിക്കൊണ്ട്, അൽപ്പാൽപ്പമായി എന്നെ മാറ്റാൻ അങ്ങ് ആഗ്രഹിക്കുന്നു. എന്നിൽ ചെയ്യാൻ അങ്ങ് ആഗ്രഹിക്കുന്ന എല്ലാറ്റിനും ശ്രദ്ധ നൽകാനും, അങ്ങ് ഇതിനകം ആരംഭിച്ചിരിക്കുന്ന രൂപാന്തരത്തിനായി ക്ഷമയോടെ കാത്തിരിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: യേശുവിന്റെ പ്രബോധനങ്ങൾ, 40 എണ്ണത്തിൽ 6-ാമത്തേത്. പുളിമാവിന്റെ ഉപമയുടെ ചിത്രം: ഹാരി കോസുത്ത്, വിക്കിമീഡിയ കോമൺസ് വഴി