2021 ഓഗസ്റ്റ് 15, ഞായറാഴ്ച
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ മഹോത്സവം

“എന്റെ ആത്മാവ് കർത്താവിന്റെ മഹത്വം പ്രഘോഷിക്കുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. എന്തെന്നാൽ, അവിടുന്ന് തന്റെ എളിയ ദാസിയെ കടാക്ഷിച്ചിരിക്കുന്നു. ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വിളിക്കും: സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാണ്.” ലൂക്കാ 1:46–49
പരിശുദ്ധ കന്യകാമറിയത്തിന്റെ ബഹുമാനാർഥം റോമൻ ആരാധനാക്രമ കലണ്ടറിലുള്ള പതിനേഴു വ്യത്യസ്ത ഓർമദിനങ്ങൾ, തിരുനാളുകൾ, മഹോത്സവങ്ങൾ എന്നിവയിൽ ഒന്നാണ് നാം ഇന്ന് ആഘോഷിക്കുന്നത്. നമ്മുടെ പരിശുദ്ധ അമ്മയെ ആദരിക്കുന്ന നാല് വലിയ മഹോത്സവങ്ങളിൽ ഒന്നാണ് ഇന്നത്തെ ആഘോഷം. നമ്മുടെ കർത്താവിനൊഴികെ മറ്റാർക്കും ദൈവമാതാവിനോളം മഹോത്സവപൂർവമായ ആദരവും ആഘോഷവും ലഭിക്കുന്നില്ല എന്നത് വ്യക്തമാണ്.
പരിശുദ്ധ കന്യകാമറിയം തന്റെ ഭൂമിയിലെ ജീവിതം പൂർത്തിയാക്കിയപ്പോൾ, ഉത്ഥിതനായ തന്റെ പുത്രനോടൊത്ത് ആയിരിക്കാനും പരമപരിശുദ്ധ ത്രിത്വത്തെ എന്നേക്കും ആരാധിക്കാനുമായി ശരീരാത്മാക്കളോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന യാഥാർഥ്യത്തെയാണ് സ്വർഗാരോപണ മഹോത്സവം ആദരിക്കുന്നത്. പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെടുകയും എല്ലാ വിശ്വാസികളും പുതിയ ശാരീരിക രൂപത്തിൽ ദൈവത്തോടൊത്ത് എന്നേക്കും ജീവിക്കാനായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്ന ആ മഹത്വപൂർണമായ ദിനത്തെ മുൻകൂട്ടി അനുഭവിച്ചുകൊണ്ട്, മറിയം സ്വർഗത്തിൽ ശരീരവും ആത്മാവും ഒന്നായി നിലകൊള്ളുന്നു എന്നത് ധ്യാനിക്കേണ്ട വിസ്മയകരമായ ഒരു യാഥാർഥ്യമാണ്.
നമ്മുടെ സഭയുടെ ആദ്യകാലംമുതൽതന്നെ വിശ്വാസികൾ ഈ വിശ്വാസസത്യം സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച്, നമ്മുടെ പരിശുദ്ധ അമ്മയുടെ മഹത്വപൂർണമായ സ്വർഗാരോപണസമയത്ത് അമ്മയോട് ഏറ്റവും അടുത്തിരുന്നവർ അതിന് സാക്ഷ്യം വഹിച്ചിരുന്നു. എങ്കിലും, 1950 നവംബർ 1-നാണ് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ അത് അങ്ങനെതന്നെയാണെന്ന് ആഘോഷപൂർവം പ്രഖ്യാപിച്ചത്. അതുവഴി നമ്മുടെ വിശ്വാസത്തിലെ ഈ പ്രബോധനത്തെ എല്ലാവരും സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ട നിർവചിത വിശ്വാസസത്യത്തിന്റെ പദവിയിലേക്ക് അദ്ദേഹം ഉയർത്തി. പരിശുദ്ധ പിതാവിന്റെ പ്രഖ്യാപനത്തിലെ ഒരു ഭാഗം ഇപ്രകാരമായിരുന്നു: “…ദൈവം വെളിപ്പെടുത്തിയ ഒരു വിശ്വാസസത്യമായി ഞങ്ങൾ ഇത് വിളംബരം ചെയ്യുകയും പ്രഖ്യാപിക്കുകയും നിർവചിക്കുകയും ചെയ്യുന്നു: അമലോത്ഭവയായ ദൈവമാതാവും നിത്യകന്യകയുമായ മറിയം, തന്റെ ഭൗമിക ജീവിതയാത്ര പൂർത്തിയാക്കിയശേഷം, ശരീരാത്മാക്കളോടെ സ്വർഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു.”
മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗം മറിയത്തിന്റെ സ്തുതിഗീതമായ മാഗ്നിഫിക്കാത്തിന്റെ ആരംഭത്തിൽനിന്നുള്ളതാണ്. ഈ ഗീതത്തിലൂടെ മറിയം ദൈവത്തിന് പരമമായ മഹത്വം നൽകുക മാത്രമല്ല, താൻ ആരാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. “എല്ലാ തലമുറകളും” “ഭാഗ്യവതി” എന്നു വിളിക്കുന്നവളാണ് മറിയം. “സർവശക്തൻ വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നത്” അവൾക്കുവേണ്ടിയാണ്. “കർത്താവിന്റെ മഹത്വം” നിത്യം പ്രഘോഷിക്കുന്നവളും തന്റെ രക്ഷകനായ ദൈവത്തിൽ ചിത്തം എന്നേക്കും ആനന്ദിക്കുന്നവളുമാണ് അവൾ. ദൈവം പരമമായ മഹത്വത്തിലേക്ക് ഉയർത്തിയ ഏറ്റവും എളിയ ദാസിയും അവൾതന്നെയാണ്.
പാപമില്ലാതെ ഉത്ഭവിക്കുകയും ജീവിതത്തിലുടനീളം പാപരഹിതയായി നിലകൊള്ളുകയും ശരീരാത്മാക്കളോടെ സ്വർഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്ത, അതിമഹത്വപൂർണയും നിത്യകന്യകയുമായ മറിയത്തെക്കുറിച്ച് ഇന്ന് സഭ മുഴുവനോടും ചേർന്ന് ധ്യാനിക്കുക. സ്വർഗത്തിൽ മറിയം ഇപ്പോൾ പരമപരിശുദ്ധ ത്രിത്വത്തെ ആരാധിക്കുകയും നിങ്ങൾക്കും സഭ മുഴുവനുംവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു. ഇത് വലിയ ആനന്ദത്തിന്റെ മഹോത്സവമാണ്! സഭ മുഴുവനോടും സ്വർഗത്തിലെ എല്ലാ വിശുദ്ധരോടും ചേർന്ന് ഈ ആനന്ദത്തിൽ പങ്കുചേരുക!
അതിമഹത്വപൂർണയും നിത്യകന്യകയുമായ മറിയമേ, ദൈവം അങ്ങേക്കുവേണ്ടി ചെയ്ത അതിമഹത്വപൂർണമായ കാര്യങ്ങളെപ്രതി ഇന്ന് അങ്ങയോടും സഭ മുഴുവനോടും ചേർന്ന് ഞാൻ ആനന്ദിക്കുന്നു. അങ്ങ് സൗന്ദര്യത്തിനും അതീതമായ സൗന്ദര്യവും, എല്ലാ വിധത്തിലും അമലയും, ഞങ്ങളുടെ അഗാധമായ സ്നേഹത്തിന് അർഹയുമാണ്. ഇപ്പോൾ ശരീരാത്മാക്കളോടെ സ്വർഗീയ മഹത്വങ്ങളിൽ പങ്കുചേരുന്ന അങ്ങ്, എനിക്കും ഭൂമിയിലുള്ള അങ്ങയുടെ പ്രിയ മക്കൾക്കെല്ലാവർക്കുംവേണ്ടി പ്രാർഥിക്കണമേ. അങ്ങയുടെ സ്നേഹത്തിന്റെ മേലങ്കിയാൽ ഞങ്ങളെ പൊതിയുകയും ദൈവത്തിന്റെ കരുണ എപ്പോഴും ഞങ്ങളുടെമേൽ ചൊരിയുകയും ചെയ്യണമേ. സ്വർഗാരോപിതയായ മറിയമാതാവേ, അങ്ങയെ അഭയം തേടുന്ന ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
പുതിയത്!
സെപ്റ്റംബർ–നവംബർ മാസങ്ങളിലെ വിചിന്തനങ്ങൾ ഇപ്പോൾ ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്.
കത്തോലിക്കാ അനുദിന വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലം: സെപ്റ്റംബർ 1–നവംബർ 27, 2021
താഴെപ്പറയുന്ന വിൽപ്പനക്കാരിൽനിന്ന് ഇ-പുസ്തകം & പേപ്പർബാക്ക് രൂപങ്ങളിൽ ലഭ്യമാണ്:
Amazon പേപ്പർബാക്ക് – Kindle – Google Play Books – iBooks – Barnes & Noble



