മലയാളം

പരസ്യമായ പശ്ചാത്താപം

ഒക്ടോബർ 1, 2021
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയാറാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

കന്യകയും വേദപാരംഗതയുമായ ബാലയേശുവിന്റെ വിശുദ്ധ കൊച്ചുത്രേസ്യ—ഓർമ്മ

വീഡിയോ

യേശു അവരോടു പറഞ്ഞു: “കൊറാസീൻ, നിനക്കു ദുരിതം! ബെത്‌സയ്ദാ, നിനക്കു ദുരിതം! നിങ്ങളുടെ മധ്യേ നടന്ന മഹത്തായ പ്രവൃത്തികൾ ടയിറിലും സീദോനിലും നടന്നിരുന്നെങ്കിൽ, അവർ പണ്ടേ ചാക്കുടുത്ത് ചാരത്തിലിരുന്ന് പശ്ചാത്തപിക്കുമായിരുന്നു.” ലൂക്കാ 10:13

നിങ്ങൾ എപ്പോഴെങ്കിലും ചാക്കുടുത്ത് ചാരത്തിൽ ഇരുന്നിട്ടുണ്ടോ? മുകളിലെ സുവിശേഷഭാഗത്തിൽ, അങ്ങനെ ചെയ്യുന്നത് തന്റെ പ്രസംഗത്തോടു പ്രതികരിക്കുന്നതിന്റെ വിശുദ്ധമായ ഒരു അടയാളമാണെന്ന് യേശു വ്യക്തമായി സൂചിപ്പിക്കുന്നു. യഹൂദപട്ടണങ്ങളായ കൊറാസീനിലും ബെത്‌സയ്ദായിലും നടന്ന മഹത്തായ പ്രവൃത്തികൾക്കു സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നെങ്കിൽ, വിജാതീയ പട്ടണങ്ങളായ ടയിറും സീദോനും തീർച്ചയായും ചാക്കുടുത്ത് ചാരത്തിൽ ഇരിക്കുമായിരുന്നുവെന്ന് അവിടുന്ന് പറയുന്നു.

ആന്തരികമായ പശ്ചാത്താപവും പാപത്തെക്കുറിച്ചുള്ള ദുഃഖവും പ്രകടിപ്പിക്കാൻ പൊതുവേ ഉപയോഗിച്ചിരുന്ന അടയാളമായിരുന്നു “ചാക്കുവസ്ത്രവും ചാരവും”. പഴയനിയമത്തിലുടനീളം പല അവസരങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യോനാ നിനിവേയിലെ ജനങ്ങളോടു പ്രസംഗിച്ചപ്പോൾ, രാജാവുമുതൽ സാധാരണ പൗരൻവരെ എല്ലാവരും ഈ വിധത്തിൽ തങ്ങളുടെ പശ്ചാത്താപം പ്രകടിപ്പിച്ചുകൊണ്ട് പ്രതികരിച്ചത് ഓർക്കുക (യോനാ 3:5–7). സാധാരണയായി കറുത്ത ആട്ടിൻരോമംകൊണ്ടു നിർമ്മിച്ചിരുന്ന, പരുപരുത്തതും ധരിക്കാൻ അസൗകര്യമുള്ളതുമായ ഒരു തുണിയായിരുന്നു ചാക്കുവസ്ത്രം. പാപം നൽകുന്ന വ്യാജമായ ആശ്വാസത്തെ നിരസിക്കുന്നതിന്റെ പ്രതീകമായിരുന്നു അത്. ശുദ്ധീകരിക്കുന്ന അഗ്നിയുടെ ഫലമായുണ്ടാകുന്ന ശൂന്യതയെയും നാശത്തെയുമാണ് ചാരം പ്രതീകപ്പെടുത്തിയത്. തീർച്ചയായും, പശ്ചാത്തപിക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ ബാഹ്യപ്രകടനമായി എല്ലാ വിഭൂതിബുധനാഴ്ചകളിലും നാമെല്ലാവരും ചാരത്തിൽ ഇരിക്കുന്നുണ്ട്. ഇന്ന് യഥാർഥ ചാക്കുവസ്ത്രം ധരിക്കുന്നത് നമ്മുടെ പതിവല്ലെങ്കിലും, ഈ പ്രവൃത്തികളുടെ ആത്മീയ ഫലദായകത തിരിച്ചറിയുന്നതും നമ്മുടെ കാലഘട്ടത്തിൽ ഇവ എങ്ങനെ തുടർന്നും അനുഷ്ഠിക്കാമെന്നു ചിന്തിക്കുന്നതും നല്ലതാണ്. ഇന്ന് നിങ്ങൾക്ക് എങ്ങനെ ചാക്കുടുത്ത് ചാരത്തിൽ ഇരിക്കാം? പാപത്തിൽനിന്ന് പിന്തിരിഞ്ഞ് സുവിശേഷത്തിലേക്കു തിരിയാനുള്ള നിങ്ങളുടെ ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കാൻ പ്രായോഗികമായി എന്തു ചെയ്യാനാകും?

ഒന്നാമതായി, ഈ ചോദ്യത്തിന് ഉചിതമായി ഉത്തരം നൽകാൻ ഒരു കാര്യം തിരിച്ചറിയേണ്ടതുണ്ട്: പാപത്തിൽനിന്ന് പിന്തിരിയുന്നത് വ്യക്തിപരവും ആന്തരികവുമായ ഒരു പ്രവൃത്തി മാത്രമായിരിക്കരുത്; അത് മറ്റുള്ളവർക്കു കാണാനാകുന്ന വിധം ബാഹ്യമായി പ്രകടമാകുകയും വേണം. പാപം വ്യക്തികളെന്ന നിലയിൽ നമുക്കു ദോഷം ചെയ്യുക മാത്രമല്ല, പല അളവുകളിൽ മറ്റുള്ളവരെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ പാപം മറ്റുള്ളവർക്കു വ്യക്തമായ ദോഷം വരുത്തിയിട്ടുണ്ടെങ്കിൽ, നിങ്ങൾ ദൈവസന്നിധിയിൽ പശ്ചാത്തപിച്ചാൽ മാത്രം പോരാ; നിങ്ങളുടെ പശ്ചാത്താപവും ദുഃഖവും മറ്റുള്ളവർക്കു കാണാനാകുന്ന വിധത്തിലും പശ്ചാത്തപിക്കണം എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

അപ്പോൾ, ഇന്ന് നിങ്ങൾക്ക് എങ്ങനെ ചാക്കുടുത്ത് ചാരത്തിലിരുന്ന് പശ്ചാത്തപിക്കാം? ഇതിനു പല വഴികളുണ്ട്. നിങ്ങളുടെ പാപത്തെക്കുറിച്ച് നിങ്ങൾക്കു ദുഃഖമുണ്ടെന്നും നിങ്ങൾ മാറാൻ ശ്രമിക്കുകയാണെന്നും മറ്റുള്ളവർക്കു വ്യക്തമാകണം എന്നതാണ് ഇത്തരമൊരു പ്രവൃത്തിയുടെ അവശ്യഗുണം. മറ്റൊരാൾക്കെതിരെ നിങ്ങൾ ചെയ്ത പാപം ഗൗരവമുള്ളതാണെങ്കിൽ, നിങ്ങളുടെ ആന്തരികമായ പശ്ചാത്താപം ആ പാപത്തിന്റെ ഗൗരവത്തിന് അനുസൃതമായിരിക്കണം; ആ പശ്ചാത്താപത്തിന്റെ ബാഹ്യപ്രകടനവും അതിനൊത്തതായിരിക്കണം.

നിങ്ങൾ ആർക്കെതിരെയാണോ പാപം ചെയ്തത്, അവരോടുള്ള നിങ്ങളുടെ ദുഃഖത്തിന്റെ അടയാളമായി “ചാക്കുടുത്ത് ചാരത്തിലിരിക്കുന്നത്” പരസ്യമായി പ്രകടിപ്പിക്കാൻ ദൈവം നിങ്ങളെ വിളിക്കുന്ന ചില പ്രായോഗിക വഴികളെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ പാപം കോപമാണെന്നും ആ പാപത്തിലൂടെ നിങ്ങൾ പതിവായി മറ്റൊരാൾക്കു ദോഷം ചെയ്തിട്ടുണ്ടെന്നും കരുതുക. അങ്ങനെയെങ്കിൽ, ദൈവസന്നിധിയിൽ പശ്ചാത്തപിക്കുക മാത്രമല്ല, അവരോടുള്ള നിങ്ങളുടെ ദുഃഖം ബാഹ്യമായി പ്രകടിപ്പിക്കാനുള്ള വഴികളും തേടുക. ഒരുപക്ഷേ, അവർക്കുവേണ്ടി പ്രകടമായ ഏതെങ്കിലും സേവനം ചെയ്യാം. അല്ലെങ്കിൽ, നിങ്ങൾക്കു ദുഃഖമുണ്ടെന്ന് അവരെ അറിയിക്കാനുള്ള മാർഗമായി ഉപവാസംപോലുള്ള ഒരു പരസ്യ പ്രായശ്ചിത്തപ്രവൃത്തിയിൽ ഏർപ്പെടാം. പ്രകടമായ പരോപകാരപ്രവൃത്തികൾ, സേവനം, പ്രാർഥന, പരസ്യമായ പ്രായശ്ചിത്തം എന്നിവയെല്ലാം ഇന്ന് ആത്മീയമായും പ്രായോഗികമായും നിങ്ങൾക്കു “ചാക്കുടുത്ത് ചാരത്തിലിരിക്കാൻ” കഴിയുന്ന വഴികളാണ്.

എന്റെ കരുണാമയനായ കർത്താവേ, എന്റെ പാപത്തെക്കുറിച്ച് അനുദിനം പശ്ചാത്തപിക്കാനും, “ചാക്കുടുത്ത് ചാരത്തിലിരിക്കുന്നതിന്റെ” പ്രകടമായ അടയാളങ്ങളിലൂടെ അതു ചെയ്യാനും അങ്ങ് എന്നെ വിളിക്കുന്നു. എന്റെ പാപങ്ങളെക്കുറിച്ച് യഥാർഥ ദുഃഖം തോന്നാനുള്ള കൃപ എനിക്കു നൽകണമേ. അങ്ങയുടെ കരുണയിൽ ആശ്രയിച്ചുകൊണ്ട് ആത്മാർഥമായി പശ്ചാത്തപിക്കാൻ എന്നെ സഹായിക്കണമേ. ഞാൻ അങ്ങനെ ചെയ്യുമ്പോൾ, എന്നെത്തന്നെ എളിമപ്പെടുത്തി, ഞാൻ ആർക്കെതിരെയാണോ പാപം ചെയ്തത് അവരോടുള്ള എന്റെ ദുഃഖം പ്രകടമായ വിധങ്ങളിൽ അറിയിക്കാനും എന്നെ നയിക്കണമേ. ഈ എളിയ പ്രവൃത്തി അങ്ങയിൽ സൗഖ്യവും ഐക്യവും കൈവരുത്തട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ – കന്യകയും വേദപാരംഗതയുമായ ബാലയേശുവിന്റെ വിശുദ്ധ കൊച്ചുത്രേസ്യ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: അന്ത്യവിധിദിനം, flickr വഴി