മലയാളം

സുവിശേഷത്തോടുള്ള തുറന്ന മനസ്സ്

ഒക്ടോബർ 4, 2021
സാധാരണകാലം ഇരുപത്തിയേഴാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്—ഓർമ്മ

വീഡിയോ

ഒരു നിയമപണ്ഡിതൻ യേശുവിനെ പരീക്ഷിക്കാൻ എഴുന്നേറ്റുനിന്ന് ചോദിച്ചു: “ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” ലൂക്കാ 10:25

ഈ ചോദ്യം വളരെ നല്ലതാണ്. നിത്യജീവൻ അവകാശമാക്കാൻ നാം എന്തു ചെയ്യണമെന്ന് മനസ്സിലാക്കാൻ നാമെല്ലാവരും പൂർണ്ണഹൃദയത്തോടെ പരിശ്രമിക്കണം. എന്നാൽ, ഈ നിയമപണ്ഡിതൻ ആത്മാർത്ഥതയോടും തുറന്ന മനസ്സോടും കൂടിയല്ല ഈ ചോദ്യം ചോദിച്ചത് എന്നതാണ് പ്രശ്നം. മറിച്ച്, നമ്മുടെ കർത്താവിനെ പരീക്ഷിക്കാനാണ് അയാൾ യേശുവിനോട് ഈ ചോദ്യം ചോദിച്ചത്. മറ്റു നിയമജ്ഞരെയും ഫരിസേയരെയും സദുക്കായരെയും ജനപ്രമാണികളെയും പോലെ ഈ പണ്ഡിതനും യേശുവിനോട് അസൂയയുള്ളവനായിരുന്നു; അവിടുത്തെ കുറ്റം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. മോശയുടെ നിയമത്തിന് വിരുദ്ധമായി യേശു പഠിപ്പിക്കുന്നു എന്ന ആശങ്കയുള്ളവനായാണ് ഈ പണ്ഡിതൻ കാണപ്പെട്ടത്. എന്നാൽ നമ്മുടെ കർത്താവ് എന്താണ് ചെയ്യുന്നത്? “നിയമത്തിൽ എന്താണ് എഴുതിയിരിക്കുന്നത്? നീ അത് എങ്ങനെ വായിക്കുന്നു?” എന്നു ചോദിച്ചുകൊണ്ട് അവിടുന്ന് ആ ചോദ്യം പണ്ഡിതനിലേക്കുതന്നെ തിരിച്ചുവിടുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. മോശയുടെ നിയമമനുസരിച്ച് പണ്ഡിതൻ ശരിയായി ഉത്തരം പറയുന്നു. യേശു അയാളോടു മറുപടി പറയുന്നു: “നീ ശരിയായി ഉത്തരം പറഞ്ഞു; ഇപ്രകാരം ചെയ്യുക, നീ ജീവിക്കും.” അങ്ങനെ, യേശു ആ പരീക്ഷയിൽ വിജയിച്ചു.

ഈ സംഭാഷണത്തിൽ ചിന്തിക്കാൻ താത്പര്യമുണർത്തുന്നതും ഉപകാരപ്രദവുമായ കാര്യം യേശു ഈ പണ്ഡിതനോട് പ്രതികരിക്കുന്ന രീതിയാണ്. പണ്ഡിതന്റെ ഹൃദയം യേശുവിന് അറിയാമായിരുന്നു. വിനയത്തോടും തുറന്ന മനസ്സോടും കൂടിയല്ല അയാൾ ചോദിക്കുന്നതെന്നും അവിടുത്തേക്ക് അറിയാമായിരുന്നു. അതിനാൽ, സ്വന്തം ചോദ്യത്തിന് സ്വയം ഉത്തരം പറയാൻ ആ നിയമപണ്ഡിതനെ ക്ഷണിച്ചുകൊണ്ട് യേശു വലിയ വിവേകത്തോടെ പ്രതികരിച്ചു. നമ്മുടെ കർത്താവിനെപ്പോലെ മറ്റൊരാളുടെ ഹൃദയം വായിച്ചറിയാൻ നമുക്കു കഴിയില്ലെങ്കിലും, നമ്മോടു വിയോജിക്കുന്നതിന്റെ പേരിൽ നമ്മെ കബളിപ്പിക്കാനും കെണിയിലാക്കാനും പരീക്ഷിക്കാനും നമ്മുടെ വാക്കുകൾ വളച്ചൊടിക്കാനും ലക്ഷ്യമിടുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് അവിടുത്തെ മാതൃകയിൽനിന്ന് നാം പഠിക്കണം. വിശ്വാസത്തെയും ധാർമ്മികതയെയും സംബന്ധിച്ച കാര്യങ്ങളിൽ ഇത് പ്രത്യേകിച്ചും പ്രധാനമാണ്. നിങ്ങൾ പൂർണ്ണഹൃദയത്തോടെ സുവിശേഷമനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കുകയും, നിങ്ങൾ ലക്ഷ്യമിടുന്ന ആ വിശുദ്ധജീവിതത്തിന്റെ പേരിൽ മറ്റുള്ളവരുടെ “പരീക്ഷണങ്ങൾ” നേരിടുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ യേശു ചെയ്ത കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. പലപ്പോഴും മറ്റൊരാൾ നമ്മെ വെല്ലുവിളിക്കുകയോ പരീക്ഷിക്കുകയോ ചെയ്യുമ്പോൾ നാം സ്വയം ന്യായീകരിക്കാൻ തുനിയുകയും മനസ്സിൽ മുറിവേൽക്കുകയും ചെയ്യുന്നു. തത്ഫലമായി, തീരെ ഫലമില്ലാത്തതോ വളരെ കുറച്ചുമാത്രം ഫലം നൽകുന്നതോ ആയ തർക്കവിതർക്കങ്ങളിൽ നാം ഏർപ്പെട്ടേക്കാം. യേശു തർക്കിച്ചില്ല. ഈ പരീക്ഷണം തന്നെ കെണിയിലാക്കാൻ അവിടുന്ന് അനുവദിച്ചില്ല. മറിച്ച്, സംശയിക്കാനാവാത്ത മറുപടികൾ മാത്രമാണ് അവിടുന്ന് നൽകിയത്. ഏറ്റവും ആഴമേറിയ ആത്മീയസത്യങ്ങളിൽ ഈ പണ്ഡിതന് താത്പര്യമില്ലെന്ന് യേശുവിന് അറിയാമായിരുന്നു. കുറ്റം കണ്ടെത്തുന്നതിൽ മാത്രമായിരുന്നു അയാളുടെ താത്പര്യം. അതിനാൽ, കൂടുതൽ ആഴമേറിയതും പൂർണ്ണവുമായ സുവിശേഷസന്ദേശം അയാൾക്ക് നൽകാൻ കഴിഞ്ഞില്ല.

ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ആഴമേറിയ ആത്മീയ ഉത്തരങ്ങൾ ആത്മാർത്ഥമായി അന്വേഷിച്ചുകൊണ്ട്, തുറന്ന ഹൃദയത്തോടെ യേശുവിന്റെ അടുക്കൽ വരേണ്ടതിന്റെ പ്രാധാന്യവും ഈ വചനഭാഗത്തിൽനിന്ന് നാം പഠിക്കണം. നാം ഒരിക്കലും യേശുവിനെ പരീക്ഷിക്കരുത്. പകരം, അവിടുന്നാണ് എല്ലാ സത്യത്തിന്റെയും ഉറവിടമെന്നും ജീവിതത്തിൽ നാം അന്വേഷിക്കുന്ന എല്ലാ ഉത്തരങ്ങളും അവിടുത്തെ പക്കലുണ്ടെന്നും വിനയത്തോടെ വിശ്വസിക്കണം.

ഇന്ന് രണ്ടു കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. ഒന്നാമതായി, യേശുവിന് പറയാനുള്ളതെല്ലാം സ്വീകരിക്കാൻ നിങ്ങൾ എത്രമാത്രം തുറന്ന മനസ്സുള്ളവരാണെന്ന് ചിന്തിക്കുക. “നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന ഈ ചോദ്യം നിങ്ങൾ നമ്മുടെ കർത്താവിനോടു ചോദിച്ചാൽ, യേശു നിങ്ങളോട് എന്തു പറയും? ചോദ്യങ്ങളുടെ രൂപത്തിലുള്ള പൊതുവായ ഉത്തരങ്ങൾ മാത്രമേ അവിടുത്തേക്ക് നിങ്ങൾക്കു നൽകാൻ കഴിയുകയുള്ളോ? അതോ നിങ്ങളുടെ ഹൃദയത്തിന്റെ തുറവിയും ആത്മാർത്ഥതയും കണ്ട് വളരെ ആഴത്തിലും വിശദമായും നിങ്ങളോട് സംസാരിക്കാൻ യേശുവിനു കഴിയുമോ? രണ്ടാമതായി, വിശ്വാസം അനുഷ്ഠിക്കുന്നതിന്റെ പേരിൽ നിങ്ങൾക്ക് നിരന്തരം സ്വയം ന്യായീകരിക്കേണ്ടിവരുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് ചിന്തിക്കുക. ഇതാണ് നിങ്ങളുടെ അനുഭവമെങ്കിൽ, ഒരുപക്ഷേ നിങ്ങളുടെ സമീപനം പുനഃപരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ വിശ്വാസത്തിലെ ഏറ്റവും അമൂല്യമായ മുത്തുകൾ, ആത്മാർത്ഥമായി തുറന്ന മനസ്സുള്ളവരും അവയെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരുമായ ആളുകളുമായി മാത്രമേ പങ്കുവയ്ക്കാവൂ എന്ന് തിരിച്ചറിയുക.

അഗാധജ്ഞാനവും വിവേകവുമുള്ള എന്റെ കർത്താവേ, ജീവിതത്തെക്കുറിച്ചുള്ള എല്ലാ ഉത്തരങ്ങളും അങ്ങയുടെ പക്കൽ, അങ്ങയുടെ പക്കൽ മാത്രമേ ഉള്ളൂ. വിശുദ്ധിയും ജീവിതപൂർണ്ണതയും കൈവരിക്കുന്നതിനായി ജീവിതത്തിൽ ഞാൻ അറിയേണ്ടതെല്ലാം എനിക്കു വെളിപ്പെടുത്തിത്തരാൻ അങ്ങേക്കു മാത്രമേ കഴിയൂ. അങ്ങ് എനിക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ സന്നദ്ധനായി, വിനയത്തോടും ആത്മാർത്ഥതയോടും കൂടി അങ്ങയുടെ അടുക്കൽ വരാൻ കഴിയേണ്ടതിന് എന്റെ ഹൃദയം തുറക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം:  ജെയിംസ് ടിസോ വരച്ച ‘യേശുവിനെ പരീക്ഷിക്കാൻ വരുന്ന ഫരിസേയരും സദുക്കായരും’, വിക്കിമീഡിയ കോമൺസ് വഴി