മലയാളം

നല്ല ഫലം പുറപ്പെടുവിക്കൽ

ഫെബ്രുവരി 27, 2022
സാധാരണകാലത്തിലെ എട്ടാം ഞായർ, വർഷം സി
ഇന്നത്തെ വായനകൾ

വീഡിയോ

“നല്ല വൃക്ഷം ചീത്ത ഫലം പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലവും പുറപ്പെടുവിക്കുന്നില്ല.”  ലൂക്കാ 6:43

മറുവശത്ത്, നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കുന്നു എന്നും പറയണം.  ഇതായിരിക്കണം നമ്മുടെ ലക്ഷ്യം.  “നല്ല വൃക്ഷം ചീത്ത ഫലം പുറപ്പെടുവിക്കുന്നില്ല” എന്നു പറയുന്നതിലൂടെ, വിശുദ്ധജീവിതം നയിക്കുന്നതിന്റെ അതിസ്വാഭാവിക ഫലത്തെക്കുറിച്ചാണ് യേശു നമ്മെ പഠിപ്പിക്കുന്നത്.  ക്രിസ്തുവിൽ വേരൂന്നിയ ജീവിതം നയിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽനിന്ന് നല്ല ഫലം ഉണ്ടാകും.  നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു ആത്മീയ തത്ത്വമാണിത്.

നല്ല ജീവിതം നയിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ടാകുമല്ലോ.  നമ്മുടെ ലോകത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും നന്മയ്ക്കായി മാറ്റമുണ്ടാക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു.  എന്നാൽ നാം ചോദിക്കേണ്ട അടിസ്ഥാനപരമായ ചോദ്യം ഇതാണ്: നമുക്ക് ഇത് എങ്ങനെ സാധിക്കും?  നാം ചെയ്യുന്ന നല്ല പ്രവൃത്തികൾ തിരഞ്ഞെടുക്കുന്നതിലല്ല അതിന്റെ ഉത്തരം പ്രധാനമായും അടങ്ങിയിരിക്കുന്നത്; മറിച്ച്, അതിലും ആഴമേറിയതും അടിസ്ഥാനപരവുമായ തലത്തിൽ, ക്രിസ്തുവിൽ വേരൂന്നിയ ജീവിതം നയിക്കാൻ നാം തിരഞ്ഞെടുക്കണം. അങ്ങനെ നാം ഒരു “നല്ല വൃക്ഷമായി” മാറണം.

നല്ല ഫലം പുറപ്പെടുവിക്കാനും ലോകത്തിൽ വിശുദ്ധവും നന്മയിലേക്കു നയിക്കുന്നതുമായ മാറ്റമുണ്ടാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രാഥമികമായി ഒരു കാര്യം ചെയ്യേണ്ടതുണ്ട്.  വിശുദ്ധി നേടാൻ പരിശ്രമിക്കുക.  യേശു നൽകുന്ന ഉപമ ഉപയോഗിച്ചു പറഞ്ഞാൽ, മണ്ണിൽ നട്ടിരിക്കുന്ന ഒരു വൃക്ഷമായി നിങ്ങളെത്തന്നെ കാണുക.  നിങ്ങളുടെ വേരുകൾ ദൂരത്തേക്കും വിശാലമായും പടരുന്നതായി കാണുക.  നിങ്ങൾ പോഷണം സ്വീകരിക്കുകയും സൂര്യപ്രകാശത്തിൽ കുളിച്ചുനിൽക്കുകയും ചെയ്യുന്നതായി കാണുക.  നിങ്ങൾ വളരുകയും തഴച്ചുവളരുകയും ചെയ്യുന്നതായും കാണുക.

ഇതാണ് കൃപയുടെ ജീവിതം; അതിന്റെ ഫലമായി നല്ല ഫലം സ്വാഭാവികമായി പുറപ്പെടുന്നു.  സ്വന്തം ആരോഗ്യത്തിലും ആത്മീയക്ഷേമത്തിലും ശ്രദ്ധ ചെലുത്തുന്നതിലൂടെയാണ് കൃപയുടെ ജീവിതം കൈവരുന്നത്.  അടിസ്ഥാനകാര്യങ്ങൾ നന്നായി ചെയ്യുന്നതിലൂടെ നിങ്ങൾ ഈ “നല്ല വൃക്ഷമായി” മാറുന്നു.  ഒന്നാമതായി, പ്രാർഥിക്കുക; നന്നായി പ്രാർഥിക്കുക; തീക്ഷ്ണമായി പ്രാർഥിക്കുക.  നിങ്ങളുടെ ജീവിതം പ്രാർഥനാകേന്ദ്രീകൃതമാകട്ടെ.  രണ്ടാമതായി, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പഠിക്കുക.  സുവിശേഷങ്ങൾ ശ്രവിക്കുക, സഭയിലൂടെ ദൈവം വെളിപ്പെടുത്തിയതെല്ലാം പഠിക്കുക, വിശുദ്ധരുടെ പ്രബോധനങ്ങൾ വായിക്കുക, വിശുദ്ധജീവിതം നയിക്കുന്ന മറ്റുള്ളവരിൽനിന്ന് പഠിക്കുക.  മൂന്നാമതായി, കൂദാശകളിൽ അധിഷ്ഠിതമായ നല്ലൊരു ജീവിതം നയിക്കുക.  വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക, അനുരഞ്ജന കൂദാശ സ്വീകരിക്കുക, നിങ്ങളുടെ മാമ്മോദീസ, സ്ഥൈര്യലേപനം, വിവാഹം, തിരുപ്പട്ടം തുടങ്ങിയവയുടെ കൃപ മനസ്സിലാക്കുക.  കൂദാശകൾ നിങ്ങളെ ശക്തമായി പരിപോഷിപ്പിക്കുന്നുവെന്ന് അറിയുകയും ആ പരിപോഷണം പൂർണഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്യുക.

ലോകത്തിലേക്ക് കടന്നുചെന്ന് ധാരാളം നല്ല ഫലം പുറപ്പെടുവിക്കാൻ നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട ദൗത്യത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക.  വിശുദ്ധജീവിതത്തിന്റെ ഫലമായി മാത്രമേ ഈ ദൗത്യം നിറവേറ്റാൻ കഴിയൂ.  നിങ്ങളുടെ വേരുകൾ കൃപയുടെ ജീവിതത്തിൽ ഉറച്ചുനിൽക്കുമ്പോൾ മാത്രമേ ഈ വിശുദ്ധി കൈവരൂ.  ദൈവം നിങ്ങളുടെ മുമ്പിൽ ഒരുക്കിയിരിക്കുന്ന അനേകം മാർഗങ്ങളിലൂടെ കൃപയുടെ ഈ ജീവിതം സ്വീകരിക്കുക. വിശുദ്ധിക്കായി നിങ്ങൾ നടത്തുന്ന സമർപ്പണം നിങ്ങളുടെ സ്വന്തം ആത്മാവിനു മാത്രമല്ല, നിങ്ങളിലൂടെ ദൈവം സ്പർശിക്കാനിരിക്കുന്നവരുടെ ആത്മാക്കൾക്കും ആരോഗ്യം നൽകുമെന്ന് അറിയുക.

കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എന്റെ ജീവിതം അങ്ങേക്കു സമർപ്പിക്കുന്നു.  അങ്ങയുടെ സമൃദ്ധമായ സ്നേഹത്തിന്റെയും കരുണയുടെയും ഫലഭൂയിഷ്ഠമായ മണ്ണിൽ ഞാൻ നടപ്പെടണമേ എന്നു പ്രാർഥിക്കുന്നു.  അങ്ങ് എന്റെമേൽ സമൃദ്ധമായി ചൊരിഞ്ഞ കൃപയുടെ ജീവിതത്താൽ പരിപോഷിതനാകാൻ എന്നെ സഹായിക്കണമേ. ഞാൻ വിശുദ്ധിയിൽ വളരുമ്പോൾ എന്റെ ജീവിതത്തിൽ ധാരാളം നല്ല ഫലം പുറപ്പെടുവിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

സമാധാനത്തിനായുള്ള പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

യുദ്ധങ്ങൾ അവസാനിപ്പിക്കുക…വീട്ടിൽ—വീഡിയോ

Family TV
കുടുംബങ്ങൾക്കായുള്ള ഞായറാഴ്ച സുവിശേഷ വീഡിയോ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ആബട്ടും വേദപാരംഗതനുമായ നാരെക്കിലെ വിശുദ്ധ ഗ്രിഗറി
ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആരാധനാക്രമത്തിലെ അനുസ്മരണമായി ആചരിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ജെയിംസ് ടിസ്സോ വരച്ച ശപിക്കപ്പെട്ട അത്തിവൃക്ഷം, ബ്രൂക്‌ലിൻ മ്യൂസിയം വഴി


നോമ്പുകാലത്തേക്കുള്ള മികച്ച രണ്ടു പുസ്തകങ്ങൾ:

നോമ്പുകാല–ഉയിർപ്പുകാല വിചിന്തനങ്ങൾ
കൂടുതൽ വിചിന്തനങ്ങളും കൂടുതൽ വിശദമായ ഉള്ളടക്കപ്പട്ടികയും ഉൾപ്പെടുത്തി നോമ്പുകാലം & ഉയിർപ്പുകാലം 2022-നായി പുതുക്കിയത്

നോമ്പുകാല–ഉയിർപ്പുകാല വിചിന്തനങ്ങൾ എന്നത് കത്തോലിക്കാ അനുദിന വിചിന്തന പരമ്പരയിലെ നാലു പുസ്തകങ്ങളിൽ ഒന്നാണ്. അന്നന്നത്തെ സുവിശേഷത്തെക്കുറിച്ച് പ്രായോഗികവും വിശ്വാസത്തോടു വിശ്വസ്തവും നിത്യജീവിതത്തോടു ചേർന്നുനിൽക്കുന്നതുമായ വിചിന്തനങ്ങൾ നൽകുന്ന ഈ ഭക്തിഗ്രന്ഥം അനുദിന ധ്യാനത്തിനും പ്രാർഥനയ്ക്കും മികച്ചൊരു സഹായിയാണ്. ഞായറാഴ്ചകളിലെ വർഷങ്ങൾ A, B & C, അനുദിന വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന എല്ലാ സുവിശേഷവായനകൾ, എല്ലാ തിരുനാളുകളും മഹോത്സവങ്ങളും എന്നിവ ഉൾപ്പെടെ, തിരഞ്ഞെടുക്കാവുന്ന ഓരോ സുവിശേഷഭാഗത്തിനും വിചിന്തനങ്ങൾ നൽകുന്നതിനാൽ ഏത് ആരാധനക്രമവർഷത്തിലും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ നോമ്പുകാലത്തും ഉയിർപ്പുകാലത്തും ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും നിങ്ങളുടെ ഹൃദയത്തെ കൂടുതൽ പൂർണമായി രൂപാന്തരപ്പെടുത്താൻ അനുവദിക്കൂ!  ഇത് പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിലും ലഭ്യമാണ്!

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം

തന്റെ പ്രിയപുത്രനു നേരിടേണ്ടിവന്ന കഠിനമായ പീഡകൾ സഹിച്ച നമ്മുടെ പരിശുദ്ധ അമ്മയുടെ മനസ്സിനെയും ഹൃദയത്തെയും കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കാൻ ഈ അനുദിന ഭക്തിഗ്രന്ഥം നിങ്ങളെ ക്ഷണിക്കുന്നു. പരിപൂർണമായ വിശ്വാസത്തോടും സ്നേഹത്തോടും ഭക്തിയോടും കൂടിയാണ് പരിശുദ്ധ മറിയം തന്റെ പുത്രന്റെ കുരിശിനെ അഭിമുഖീകരിച്ചത്. പുത്രന്റെ ജീവിതത്തിലുടനീളം അവനോടുള്ള അമ്മയുടെ വിശ്വസ്തത അചഞ്ചലമായിരുന്നു. നീണ്ട ആ മൂന്നു മണിക്കൂറുകളിൽ കുരിശിനു മുമ്പിൽ നിന്നപ്പോഴും ആ വിശ്വസ്തതയ്ക്ക് ഒരിക്കലും കുറവുണ്ടായില്ല.