2022 മാർച്ച് 26
നോമ്പുകാലത്തിലെ മൂന്നാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

“രണ്ടുപേർ പ്രാർഥിക്കാനായി ദേവാലയത്തിലേക്കു പോയി; ഒരാൾ ഫരിസേയനും മറ്റെയാൾ ചുങ്കക്കാരനുമായിരുന്നു. ഫരിസേയൻ നിന്നുകൊണ്ട് തന്നോടുതന്നെ ഇങ്ങനെ പ്രാർഥിച്ചു: ‘ദൈവമേ, മറ്റുള്ള മനുഷ്യരെപ്പോലെ—അത്യാഗ്രഹികളും അനീതിക്കാരും വ്യഭിചാരികളും ആയവരെപ്പോലെ—അല്ലെങ്കിൽ ഈ ചുങ്കക്കാരനെപ്പോലും ഞാൻ അല്ലാത്തതിനാൽ ഞാൻ അങ്ങേക്കു നന്ദി പറയുന്നു.’” ലൂക്കാ 18:10–11
അഹങ്കാരവും സ്വയം നീതിമാനെന്ന ഭാവവും ഏറെ വിരൂപമാണ്. ഈ സുവിശേഷഭാഗം ഫരിസേയനെയും അയാളുടെ സ്വയം നീതിമാനെന്ന ഭാവത്തെയും ചുങ്കക്കാരന്റെ വിനയത്തോടു താരതമ്യം ചെയ്യുന്നു. പുറമേ നോക്കുമ്പോൾ ഫരിസേയൻ നീതിമാനായി കാണപ്പെടുന്നു. മറ്റുള്ള മനുഷ്യരെപ്പോലെ താൻ അല്ലാത്തതിൽ നന്ദി പറയുമ്പോൾ, താൻ എത്ര നല്ലവനാണെന്ന് ദൈവത്തോടുള്ള പ്രാർഥനയിൽപ്പോലും പറയാൻ അയാളുടെ അഹങ്കാരം അയാളെ പ്രേരിപ്പിക്കുന്നു. പാവം ഫരിസേയൻ! സത്യത്തിനു നേരെ താൻ എത്രമാത്രം അന്ധനാണെന്ന് അയാൾ അറിയുന്നില്ല.
എന്നാൽ ചുങ്കക്കാരൻ സത്യസന്ധനും വിനീതനും ആത്മാർഥതയുള്ളവനുമാണ്. അയാൾ നിലവിളിച്ചു: “ദൈവമേ, പാപിയായ എന്നോടു കരുണ തോന്നണമേ.” ഈ വിനീതമായ പ്രാർഥനയോടെ ചുങ്കക്കാരൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിയെന്നും എന്നാൽ ഫരിസേയൻ അങ്ങനെയല്ലെന്നും യേശു വ്യക്തമാക്കുന്നു.
മറ്റൊരാളുടെ ആത്മാർഥതയ്ക്കും വിനയത്തിനും സാക്ഷികളാകുമ്പോൾ അത് നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നു. പ്രചോദനം നൽകുന്ന ഒരു കാഴ്ചയാണത്. സ്വന്തം പാപാവസ്ഥ ഏറ്റുപറഞ്ഞ് ക്ഷമ യാചിക്കുന്ന ഒരാളെ വിമർശിക്കുക പ്രയാസമാണ്. ഇത്തരത്തിലുള്ള വിനയത്തിന് ഏറ്റവും കഠിനമായ ഹൃദയങ്ങളെപ്പോലും കീഴടക്കാൻ കഴിയും.
അപ്പോൾ നിങ്ങളുടെ കാര്യമോ? ഈ ഉപമ നിങ്ങളെ ഉദ്ദേശിച്ചുള്ളതാണോ? സ്വയം നീതിമാനെന്ന ഭാവത്തിന്റെ കനത്ത ഭാരം നിങ്ങൾ ചുമക്കുന്നുണ്ടോ? ഒരു പരിധിവരെയെങ്കിലും നാമെല്ലാവരും അതു ചുമക്കുന്നുണ്ട്. ഈ ചുങ്കക്കാരനുണ്ടായിരുന്നത്ര വിനയത്തിലേക്ക് ആത്മാർഥമായി എത്തിച്ചേരുക പ്രയാസമാണ്. സ്വന്തം പാപത്തെ ന്യായീകരിക്കുകയും തത്ഫലമായി സ്വയം പ്രതിരോധിക്കുകയും തന്നിൽത്തന്നെ മുഴുകിപ്പോവുകയും ചെയ്യുന്ന കെണിയിൽ വീഴുക വളരെ എളുപ്പവുമാണ്. എന്നാൽ ഇതെല്ലാം അഹങ്കാരമാണ്. രണ്ടു കാര്യങ്ങൾ നന്നായി ചെയ്യുമ്പോൾ അഹങ്കാരം അപ്രത്യക്ഷമാകുന്നു.
ആദ്യം, നാം ദൈവത്തിന്റെ കരുണ മനസ്സിലാക്കണം. ദൈവത്തിന്റെ കരുണ മനസ്സിലാക്കുന്നത് നമ്മിൽത്തന്നെ പതിഞ്ഞിരിക്കുന്ന ദൃഷ്ടി മാറ്റാനും സ്വയം നീതിമാനെന്ന ഭാവവും സ്വയം ന്യായീകരിക്കാനുള്ള പ്രവണതയും ഉപേക്ഷിക്കാനും നമ്മെ സ്വതന്ത്രരാക്കുന്നു. സ്വയം പ്രതിരോധിക്കുന്നതിൽനിന്ന് അതു നമ്മെ മോചിപ്പിക്കുകയും സത്യത്തിന്റെ വെളിച്ചത്തിൽ നമ്മെത്തന്നെ കാണാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. എന്തുകൊണ്ട്? കാരണം, ദൈവത്തിന്റെ കരുണ യഥാർഥത്തിൽ എന്താണെന്നു തിരിച്ചറിയുമ്പോൾ, നമ്മുടെ പാപങ്ങൾക്കുപോലും നമ്മെ ദൈവത്തിൽനിന്ന് അകറ്റിനിർത്താൻ കഴിയില്ലെന്നും നാം മനസ്സിലാക്കുന്നു. വാസ്തവത്തിൽ, പാപി എത്ര വലിയ പാപിയാണോ, അത്രയധികം അയാൾ ദൈവത്തിന്റെ കരുണയ്ക്ക് അർഹനാണ്! അതിനാൽ ദൈവത്തിന്റെ കരുണ മനസ്സിലാക്കുന്നത് യഥാർഥത്തിൽ നമ്മുടെ പാപം അംഗീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.
നമ്മുടെ അഹങ്കാരം ഇല്ലാതാകണമെങ്കിൽ നാം സ്വീകരിക്കേണ്ട പ്രധാനപ്പെട്ട രണ്ടാമത്തെ പടി സ്വന്തം പാപം അംഗീകരിക്കുകയാണ്. നമ്മുടെ പാപം സമ്മതിക്കുന്നതിൽ തെറ്റില്ലെന്നു നാം അറിയണം. ഇല്ല, നാം തെരുവിന്റെ മൂലയിൽ നിന്നുകൊണ്ട് നമ്മുടെ പാപത്തിന്റെ വിശദാംശങ്ങൾ എല്ലാവരോടും പറയേണ്ടതില്ല. എന്നാൽ നമുക്കു മുമ്പിലും ദൈവത്തിനു മുമ്പിലും, പ്രത്യേകിച്ച് കുമ്പസാരത്തിൽ, നാം അത് ഏറ്റുപറയണം. ചിലപ്പോഴാകട്ടെ, മറ്റുള്ളവരോടും നമ്മുടെ പാപങ്ങൾ ഏറ്റുപറയേണ്ടിവരും; അവരോടു ക്ഷമയും കരുണയും യാചിക്കാൻ വേണ്ടിയാണത്. ഇത്ര ആഴമുള്ള വിനയം ആകർഷകമാണ്; അത് മറ്റുള്ളവരുടെ ഹൃദയങ്ങളെ എളുപ്പം കീഴടക്കുന്നു. അത് പ്രചോദനം നൽകുകയും നമ്മുടെ ഹൃദയങ്ങളിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നല്ല ഫലങ്ങൾ ഉളവാക്കുകയും ചെയ്യുന്നു.
അതിനാൽ ഈ ചുങ്കക്കാരന്റെ മാതൃക പിന്തുടരാൻ ഭയപ്പെടരുത്. ഇന്ന് അദ്ദേഹത്തിന്റെ പ്രാർത്ഥന ഏറ്റെടുത്ത് വീണ്ടും വീണ്ടും ചൊല്ലാൻ ശ്രമിക്കുക. അത് നിങ്ങളുടെ പ്രാർത്ഥനയായി മാറട്ടെ; ഈ പ്രാർത്ഥനയുടെ നല്ല ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കാണും!
ദൈവമേ, പാപിയായ എന്നോടു കരുണ തോന്നണമേ. ദൈവമേ, പാപിയായ എന്നോടു കരുണ തോന്നണമേ. ദൈവമേ, പാപിയായ എന്നോടു കരുണ തോന്നണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നൊരു സ്നേഹനോട്ടം
വിചിന്തനം ഇരുപത്തിരണ്ട് – “ഇതാ, നിങ്ങളുടെ രാജാവ്!”
(നോമ്പുകാലത്തിലെ മൂന്നാം ആഴ്ചയിലെ ശനിയാഴ്ച)
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





