2022 മാർച്ച് 25, വെള്ളിയാഴ്ച
റഷ്യയെയും ഉക്രൈനെയും മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കൽ

അപ്പോൾ ദൂതൻ അവളോടു പറഞ്ഞു: “മറിയമേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. ഇതാ, നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; നീ അവന് യേശു എന്നു പേരിടണം. അവൻ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. ദൈവമായ കർത്താവ് അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു നൽകും. അവൻ യാക്കോബിന്റെ ഭവനത്തിന്മേൽ എന്നേക്കും വാഴും; അവന്റെ രാജ്യത്തിന് അവസാനമുണ്ടാകുകയില്ല.” ലൂക്കാ 1:30–33
മഹോത്സവത്തിന്റെ മംഗളങ്ങൾ! വർഷത്തിലെ ഏറ്റവും മഹിമയേറിയ തിരുനാളുകളിൽ ഒന്നാണ് നാം ഇന്ന് ആഘോഷിക്കുന്നത്. ക്രിസ്മസിന് ഒൻപത് മാസം മുമ്പുള്ള ഈ ദിവസത്തിൽ, പുത്രനായ ദൈവം പരിശുദ്ധ കന്യകയുടെ ഉദരത്തിൽ നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിച്ചു എന്ന സത്യമാണ് നാം ആഘോഷിക്കുന്നത്. നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ ആഘോഷമാണിത്.
ഇന്ന് ആഘോഷിക്കാനായി അനേകം കാര്യങ്ങളുണ്ട്; നാം നിത്യവും നന്ദിയുള്ളവരായിരിക്കേണ്ട കാര്യങ്ങളും അനേകമുണ്ട്. ഒന്നാമതായും പ്രധാനമായും, നമ്മിലൊരുവനായിത്തീരാൻ മാത്രം ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന അഗാധമായ സത്യമാണ് നാം ആഘോഷിക്കുന്നത്. ദൈവം നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിച്ചു എന്നത് അതിരറ്റ ആനന്ദത്തിനും ആഘോഷത്തിനും കാരണമാകേണ്ടതാണ്! ഇതിന്റെ അർത്ഥം നാം മനസ്സിലാക്കിയിരുന്നെങ്കിൽ! ചരിത്രത്തിലെ ഈ വിസ്മയകരമായ സംഭവത്തിന്റെ ഫലങ്ങൾ നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! പരിശുദ്ധ കന്യകയുടെ ഉദരത്തിൽ ദൈവം മനുഷ്യനായിത്തീർന്നു എന്നത് നമ്മുടെ ഗ്രഹണശേഷിക്കതീതമായ ഒരു ദാനമാണ്. മനുഷ്യകുലത്തെ ദൈവികതയുടെ തലത്തിലേക്ക് ഉയർത്തുന്ന ദാനമാണിത്. മഹിമയേറിയ ഈ സംഭവത്തിൽ ദൈവവും മനുഷ്യനും ഒന്നിക്കുന്നു; അതിന് നാം എന്നും നന്ദിയുള്ളവരായിരിക്കണം.
ദൈവഹിതത്തിന് പൂർണമായി കീഴടങ്ങുന്ന മഹിമയേറിയ പ്രവൃത്തിയും ഈ സംഭവത്തിൽ നാം കാണുന്നു. പരിശുദ്ധ അമ്മയിൽത്തന്നെയാണ് നാം ഇതു കാണുന്നത്. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും…” എന്നാണ് നമ്മുടെ പരിശുദ്ധ അമ്മയോടു പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. അവൾക്ക് സമ്മതമാണോ എന്ന് ദൂതൻ ചോദിച്ചില്ല; പകരം, സംഭവിക്കാൻ പോകുന്നത് എന്താണെന്ന് അവളെ അറിയിച്ചു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?
പരിശുദ്ധ കന്യക തന്റെ ജീവിതത്തിലുടനീളം ദൈവത്തോട് ‘അതെ’ എന്നു പറഞ്ഞിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. അവൾ ദൈവത്തോട് ‘ഇല്ല’ എന്നു പറഞ്ഞ ഒരു നിമിഷംപോലും ഉണ്ടായിരുന്നില്ല. അതിനാൽ, ദൈവത്തോടുള്ള അവളുടെ നിരന്തരമായ സമ്മതം, അവൾ “ഗർഭം ധരിക്കും” എന്ന് അവളോടു പറയാൻ ഗബ്രിയേൽ ദൂതനെ പ്രാപ്തനാക്കി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്റെ ജീവിതത്തിൽ അവൾ ഇതിനകം സമ്മതം നൽകിയിരുന്ന കാര്യം അവളെ അറിയിക്കാൻ ദൂതനു കഴിഞ്ഞു.
എത്ര മഹിമയേറിയ മാതൃകയാണിത്! നമ്മുടെ പരിശുദ്ധ അമ്മയുടെ “അതെ” നമുക്കു വിസ്മയകരമായ ഒരു സാക്ഷ്യമാണ്. ദിവസവും ദൈവത്തോട് ‘അതെ’ എന്നു പറയാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് നമ്മോട് എന്താണ് ആവശ്യപ്പെടുന്നതെന്ന് അറിയുന്നതിനുമുമ്പുതന്നെ അവിടുത്തോട് ‘അതെ’ എന്നു പറയാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ദൈവഹിതത്തോട് ഒരിക്കൽക്കൂടി “അതെ” എന്നു പറയാനുള്ള അവസരമാണ് ഈ മഹോത്സവം നമുക്കു നൽകുന്നത്. അവിടുന്ന് നിങ്ങളോട് എന്തുതന്നെ ആവശ്യപ്പെട്ടാലും ശരിയായ ഉത്തരം “അതെ” എന്നതാണ്.
എല്ലാ കാര്യങ്ങളിലും അവിടുത്തോട് “അതെ” എന്നു പറയാൻ ദൈവം നിങ്ങൾക്കു നൽകുന്ന ക്ഷണത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ പരിശുദ്ധ അമ്മയെപ്പോലെ, നമ്മുടെ കർത്താവിനെ ലോകത്തിലേക്കു കൊണ്ടുവരാൻ നിങ്ങളും ക്ഷണിക്കപ്പെട്ടിരിക്കുന്നു. അമ്മ ചെയ്തതുപോലെ അക്ഷരാർഥത്തിലല്ല; മറിച്ച്, നമ്മുടെ ലോകത്തിൽ അവിടുത്തെ മനുഷ്യാവതാരം തുടർന്നുകൊണ്ടിരിക്കുന്നതിന് ഒരു ഉപകരണമാകാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. ഈ വിളിക്ക് നിങ്ങൾ എത്ര പൂർണമായി ഉത്തരം നൽകുന്നുവെന്ന് ധ്യാനിക്കുക. ഇന്ന് മുട്ടുകുത്തി, നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നമ്മുടെ കർത്താവിനുള്ള പദ്ധതിയോട് “അതെ” എന്നു പറയുക.
കർത്താവേ, എന്റെ ഉത്തരം “അതെ” എന്നാണ്! അതെ, ഞാൻ അങ്ങയുടെ ദൈവികഹിതം തിരഞ്ഞെടുക്കുന്നു. അതെ, അങ്ങ് ആഗ്രഹിക്കുന്നതെന്തും എന്നിൽ ചെയ്തുകൊള്ളണമേ. എന്റെ “അതെ” നമ്മുടെ പരിശുദ്ധ അമ്മയുടേതുപോലെ നിർമലവും വിശുദ്ധവുമായിരിക്കട്ടെ. അങ്ങയുടെ ഹിതമനുസരിച്ച് എനിക്കു സംഭവിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
വിചിന്തനം ഇരുപത്തിയൊന്ന് – ചമ്മട്ടിയടിയും പരിഹാസവും
(നോമ്പുകാലത്തിലെ മൂന്നാം ആഴ്ചയിലെ വെള്ളിയാഴ്ച)
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
കൂടുതൽ വായനയ്ക്ക് – മംഗളവാർത്തയുടെ മഹോത്സവം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: കാൾ ഹൈൻറിഖ് ബ്ലോക്ക് വരച്ച മംഗളവാർത്ത, വിക്കിമീഡിയ കോമൺസ് വഴി





