2022 മേയ് 24
ഉയിർപ്പുകാലം ആറാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

“എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഞാൻ പോകുന്നതു നിങ്ങൾക്കു നല്ലതാണ്. കാരണം, ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. എന്നാൽ ഞാൻ പോയാൽ, അവിടുത്തെ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കും.” യോഹന്നാൻ 16:7
അപ്പസ്തോലന്മാരുടെ ഹൃദയങ്ങളിൽ പരസ്പരവിരുദ്ധമായ വികാരങ്ങൾ നിറഞ്ഞിരുന്നു. അവർ ദുഃഖപൂരിതരായിരുന്നു; എങ്കിലും യേശു തങ്ങളോടു പറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കാനും അവർ ശ്രമിക്കുകയായിരുന്നു. താൻ പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്യുകയാണെന്നും താൻ പോകുന്നതാണ് അവർക്കു നല്ലതെന്നും യേശു അവരോടു പറഞ്ഞു. എന്തുകൊണ്ട്? കാരണം, അവിടുന്ന് പോയാൽ പരിശുദ്ധാത്മാവിനെ അവരുടെ അടുക്കലേക്ക് അയയ്ക്കും.
മാനുഷികമായി നോക്കുമ്പോൾ, യേശുവുമായുള്ള ദൈനംദിന സമ്പർക്കം വിട്ടുകൊടുക്കുക അപ്പസ്തോലന്മാർക്ക് ഏറെ പ്രയാസകരമായിരുന്നിരിക്കണം. സ്വന്തം കണ്ണുകളാൽ അവിടുത്തെ കാണാനും സ്പർശിക്കാനും അവിടുത്തെ വാക്കുകൾ കേൾക്കാനും കഴിയാത്തതിന്റെ കുറവ് അവർ തീർച്ചയായും അനുഭവിച്ചു. എന്നാൽ താൻ പോകുകയാണെങ്കിലും എന്നും അവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് യേശു വ്യക്തമാക്കി. അവരെ നയിക്കാനും അവർക്ക് ധൈര്യം നൽകാനും എല്ലാ സത്യവും അവരെ പഠിപ്പിക്കാനും അവിടുന്ന് പരിശുദ്ധാത്മാവിനെ അവരുടെമേൽ അയയ്ക്കുകയും ചെയ്യും. ഇനി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവർ ലോകത്തിൽ അവിടുത്തെ സാന്നിധ്യമായിത്തീരും.
അപ്പസ്തോലന്മാർ കണ്ടതുപോലെ യേശുവിനെ കാണാനുള്ള ഭാഗ്യം നമുക്കൊരിക്കലും ലഭിച്ചിട്ടില്ല. എന്നാൽ അവിടുന്ന് എന്നും നമ്മോടുകൂടെ ആയിരിക്കുന്ന അതേ ഭാഗ്യം നമുക്കുമുണ്ട്. പരിശുദ്ധാത്മാവിന്റെ പൂർണ്ണത സ്വീകരിക്കാനുള്ള അതേ ഭാഗ്യവും നമുക്കുണ്ട്. ഇത് നല്ലതാണ്. വളരെ നല്ലതാണ്. എന്നാൽ നാം പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഒരു നന്മയാണിത്. നാം സ്ഥൈര്യലേപനം സ്വീകരിച്ചിട്ടുണ്ടാകാം; എന്നിട്ടും പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളിലേക്കു പ്രവേശിക്കാനും നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനും അനുവദിക്കുന്നതിൽ നാം ഇപ്പോഴും പരാജയപ്പെടുന്നുണ്ടാകാം.
രണ്ടാഴ്ച തികയുംമുമ്പ് നാം പന്തക്കുസ്താ മഹോത്സവം ആഘോഷിക്കും. യേശുവിന്റെ ഈ വാഗ്ദാനത്തിന്റെ പൂർത്തീകരണം വർഷംതോറും ആഘോഷിക്കുന്ന തിരുനാളാണിത്. പരിശുദ്ധാത്മാവ് വന്നിരിക്കുന്നുവെന്നും നാം ഇപ്പോൾ പരിശുദ്ധാത്മാവിന്റെ കാലത്താണ് ജീവിക്കുന്നതെന്നുമുള്ള യാഥാർഥ്യം അന്നേ ദിവസം നാം അനുസ്മരിക്കുന്നു.
ഇന്നും വരുന്ന രണ്ടാഴ്ചകളിലും പരിശുദ്ധാത്മാവിനെക്കുറിച്ച് ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൂടുതൽ സജീവമാകാൻ അനുവദിക്കേണ്ടതുണ്ടെങ്കിൽ, അത് വിനയത്തോടെ സ്വയം സമ്മതിക്കുക. പരിശുദ്ധാത്മാവിനെ അവിടുത്തെ പൂർണ്ണതയിൽ നിങ്ങൾ സ്വീകരിക്കണമെന്ന് യേശു ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കുക. ഈ ഐക്യം സാക്ഷാത്കരിക്കാൻ അനുവദിക്കുന്നതിൽ ഭയപ്പെടരുത്.
പരിശുദ്ധാത്മാവേ, എന്നിലേക്കു വരണമേ. എന്റെ ജീവിതത്തിൽ അങ്ങയുടെ സാന്നിധ്യം ജ്വലിപ്പിക്കാൻ എന്നെ സഹായിക്കണമേ. യേശു വാഗ്ദാനം ചെയ്ത അങ്ങയെ അങ്ങയുടെ പൂർണ്ണതയിൽ സ്വീകരിക്കാൻ എനിക്കാകട്ടെ. പരിശുദ്ധാത്മാവേ, ദിവ്യനായ യേശുവേ, കരുണാമയനായ പിതാവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





