മലയാളം

നിങ്ങളുടെ കണ്ണുകൾ സ്വർഗത്തിലേക്ക് ഉയർത്തുക

ജൂൺ 2, 2022
ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

രക്തസാക്ഷികളായ വിശുദ്ധ മർസെല്ലിനൂസും പത്രോസും—ഐച്ഛിക അനുസ്മരണം

വീഡിയോ

കണ്ണുകൾ സ്വർഗത്തിലേക്ക് ഉയർത്തി യേശു ഇപ്രകാരം പ്രാർഥിച്ചു: “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനം വഴി എന്നിൽ വിശ്വസിക്കാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു; അവരെല്ലാവരും ഒന്നാകേണ്ടതിനുതന്നെ. പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കട്ടെ; അങ്ങനെ അങ്ങാണ് എന്നെ അയച്ചതെന്ന് ലോകം വിശ്വസിക്കട്ടെ.” യോഹന്നാൻ 17:20–21

“തന്റെ കണ്ണുകൾ സ്വർഗത്തിലേക്ക് ഉയർത്തി…” എത്ര മനോഹരമായ പ്രയോഗം!

യേശു തന്റെ കണ്ണുകൾ സ്വർഗത്തിലേക്ക് ഉയർത്തിയപ്പോൾ, സ്വർഗസ്ഥനായ തന്റെ പിതാവിനോട് പ്രാർഥിച്ചു. കണ്ണുകൾ ഉയർത്തുന്ന ഈ പ്രവൃത്തി പിതാവിന്റെ സാന്നിധ്യത്തിന്റെ സവിശേഷമായ ഒരുവശം വെളിപ്പെടുത്തുന്നു. പിതാവ് സകലത്തിനും അതീതനാണെന്ന് അത് വെളിപ്പെടുത്തുന്നു. “അതീതൻ” എന്നതിനർഥം പിതാവ് എല്ലാറ്റിനും മീതെയും എല്ലാറ്റിനും അപ്പുറത്തുമാണ് എന്നതാണ്. ലോകത്തിന് അവിടുത്തെ ഉൾക്കൊള്ളാനാവില്ല. അതിനാൽ, പിതാവിനോടു സംസാരിക്കുമ്പോൾ, പിതാവ് സകലത്തിനും അതീതനാണെന്ന് അംഗീകരിക്കുന്ന ഈ ആംഗ്യത്തോടെയാണ് യേശു ആരംഭിക്കുന്നത്.

എന്നാൽ യേശുവുമായുള്ള പിതാവിന്റെ ബന്ധത്തിലെ സാമീപ്യവും നാം ശ്രദ്ധിക്കണം. “സാമീപ്യം” എന്നതുകൊണ്ട് നാം അർഥമാക്കുന്നത് പിതാവും യേശുവും ഒന്നായി ഐക്യപ്പെട്ടിരിക്കുന്നു എന്നതാണ്. ആഴമായ വ്യക്തിബന്ധമാണ് അവർക്കിടയിലുള്ളത്.

“സാമീപ്യം”, “അതീതത” എന്നീ രണ്ടു വാക്കുകൾ നമ്മുടെ ദൈനംദിന പദാവലിയുടെ ഭാഗമല്ലായിരിക്കാം. എങ്കിലും, അവ സൂചിപ്പിക്കുന്ന ആശയങ്ങൾ മനസ്സിലാക്കുകയും അവയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്നത് മൂല്യവത്താണ്. അവയുടെ അർഥങ്ങളും, പ്രത്യേകിച്ച് പരിശുദ്ധ ത്രിത്വവുമായുള്ള നമ്മുടെ ബന്ധം ഇവ രണ്ടിലും എങ്ങനെ പങ്കുചേരുന്നു എന്നതും നന്നായി മനസ്സിലാക്കാൻ നാം പരിശ്രമിക്കണം.

വിശ്വാസത്തിലേക്കു വരുന്ന നാം പിതാവിന്റെയും പുത്രന്റെയും ഐക്യത്തിൽ പങ്കുചേരണമെന്നായിരുന്നു പിതാവിനോടുള്ള യേശുവിന്റെ പ്രാർഥന. ദൈവത്തിന്റെ ജീവനിലും സ്നേഹത്തിലും നാം പങ്കുചേരും. നമ്മെ സംബന്ധിച്ചിടത്തോളം, ദൈവം സകലത്തിനും അതീതനാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് നാം ആരംഭിക്കുന്നത് എന്നാണ് ഇതിനർഥം. നാമും കണ്ണുകൾ സ്വർഗത്തിലേക്ക് ഉയർത്തുകയും ദൈവത്തിന്റെ തേജസ്സും മഹത്ത്വവും ഔന്നത്യവും ശക്തിയും പ്രതാപവും ദർശിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. അവിടുന്ന് എല്ലാറ്റിനും മീതെയും എല്ലാറ്റിനും അപ്പുറത്തുമാണ്.

ഇങ്ങനെ പ്രാർഥനാപൂർവം സ്വർഗത്തിലേക്കു നോക്കുമ്പോൾ, മഹത്ത്വപൂർണനും സകലത്തിനും അതീതനുമായ ഈ ദൈവം നമ്മുടെ ആത്മാവിലേക്ക് ഇറങ്ങിവരുന്നതും നമുക്കു തന്നെ വെളിപ്പെടുത്തുന്നതും നമ്മെ സ്നേഹിക്കുന്നതും നമ്മോട് ആഴമായ ഒരു വ്യക്തിബന്ധം സ്ഥാപിക്കുന്നതും ദർശിക്കാൻ നാം പരിശ്രമിക്കണം. ആദ്യം തികച്ചും വിപരീതങ്ങളായി തോന്നാമെങ്കിലും, ദൈവികജീവന്റെ ഈ രണ്ടു വശങ്ങൾ ഇത്ര നന്നായി ഒത്തുചേരുന്നത് വിസ്മയകരമാണ്. അവ പരസ്പരവിരുദ്ധങ്ങളല്ല; മറിച്ച്, അവ ഒന്നുചേർന്നിരിക്കുകയും സകലത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവവുമായുള്ള ഉറ്റബന്ധത്തിലേക്ക് നമ്മെ ആകർഷിക്കുകയും ചെയ്യുന്നു.

പ്രപഞ്ചത്തിന്റെ മഹത്ത്വപൂർണനും സർവശക്തനുമായ ദൈവം നിങ്ങളുടെ ആത്മാവിന്റെ നിഗൂഢമായ ആഴങ്ങളിലേക്ക് ഇറങ്ങിവരുന്നതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുത്തെ സാന്നിധ്യം തിരിച്ചറിയുക; നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന അവിടുത്തെ ആരാധിക്കുക; അവിടുത്തോടു സംസാരിക്കുകയും അവിടുത്തെ സ്നേഹിക്കുകയും ചെയ്യുക.

മഹത്വപൂർണ്ണനായ കർത്താവേ, പ്രാർത്ഥനയിൽ എപ്പോഴും എന്റെ കണ്ണുകൾ സ്വർഗത്തിലേക്കുയർത്താൻ എന്നെ സഹായിക്കണമേ.  ഞാൻ നിരന്തരം അങ്ങയിലേക്കും അങ്ങയുടെ പിതാവിലേക്കും തിരിയുമാറാകട്ടെ.  പ്രാർത്ഥനാപൂർവ്വമായ ആ നോട്ടത്തിൽ, അങ്ങ് ആരാധിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എന്റെ ആത്മാവിൽ അങ്ങ് സജീവമായി സന്നിഹിതനായിരിക്കുന്നതും ഞാൻ കണ്ടെത്തുമാറാകട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി പ്രാർത്ഥിക്കുന്നത്
ഏഴാം ദിവസം – വ്യാഴാഴ്ച, ജൂൺ 2

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ഹൈൻറിച്ച് ഹോഫ്മാന്റെ ‘ഗെത്സെമനിയിലെ ക്രിസ്തു’, വിക്കിമീഡിയ കോമൺസ് വഴി


  Subscribe to our YouTube channel  
  to be notified about new content.