2022 ജൂൺ 24, വെള്ളിയാഴ്ച
ഈശോയുടെ തിരുഹൃദയത്തിന്റെ മഹോത്സവം
പന്തക്കുസ്തയ്ക്കു ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ച കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച

എന്റെ നുകം ഏറ്റെടുത്ത് എന്നിൽനിന്നു പഠിക്കുവിൻ; എന്തെന്നാൽ ഞാൻ ശാന്തശീലനും ഹൃദയത്തിൽ വിനീതനുമാണ്; അപ്പോൾ നിങ്ങൾക്കു വിശ്രമം ലഭിക്കും. മത്തായി 11:29
ഈശോയുടെ തിരുഹൃദയത്തിന്റെ മഹോത്സവാശംസകൾ!
സഭയിലെ പഴയതും കാലഹരണപ്പെട്ടതുമായ ഒരു ആഘോഷമായി ചിലർക്ക് ഇത് തോന്നിയേക്കാം. ഇന്നത്തെ നമ്മുടെ ജീവിതത്തിൽ കാര്യമായ അർത്ഥമൊന്നുമില്ലാത്ത പുരാതന തിരുനാളുകളിൽ ഒന്നായി ഇതിനെ കണ്ടേക്കാം. എന്നാൽ, സത്യത്തിൽനിന്ന് ഇത്രയേറെ അകന്ന മറ്റൊരു ധാരണയുണ്ടാകില്ല!
ഇന്നത്തെ നമ്മുടെ ജീവിതത്തിൽ നാം അറിയുകയും അനുഭവിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടത് ഈശോയുടെ തിരുഹൃദയത്തെത്തന്നെയാണ്. കുന്തത്താൽ കുത്തിത്തുറക്കപ്പെടുകയും രക്തവും വെള്ളവും ഒഴുകുകയും ചെയ്ത അവിടുത്തെ ഹൃദയം, അവിടുത്തെ ആത്മാവിൽ ജ്വലിക്കുന്ന സ്നേഹത്തിന്റെ അടയാളവും പ്രതീകവും ഉറവിടവുമാണ്. ആ രക്തം പരിശുദ്ധ കുർബാനയുടെ പ്രതീകമാണ്; ആ വെള്ളം ജ്ഞാനസ്നാനത്തിൽ ശുദ്ധീകരിക്കുന്ന ജലത്തിന്റെ പ്രതീകവുമാണ്.
ഈശോയുടെ തിരുഹൃദയത്തിന്റെ ഈ ആഘോഷം, അവിടുന്ന് തന്റെ ജീവൻ മുഴുവനും സ്നേഹം മുഴുവനും നമ്മുടെമേൽ ചൊരിയുന്നതിന്റെ ആഘോഷമാണ്. അവിടുന്ന് ഒന്നും മാറ്റിവച്ചില്ല. കുരിശിൽ മരിച്ചുകിടക്കുമ്പോൾ അവിടുത്തെ ഹൃദയത്തിൽനിന്ന് ആ രക്തത്തിന്റെയും വെള്ളത്തിന്റെയും അവസാന തുള്ളിയും ഒഴുകിയിറങ്ങിയത് ഇതിന്റെ പ്രതീകമാണ്. അത്യന്തം സജീവമായ ഒരു ദൃശ്യമാണ് ഇതെങ്കിലും, ഒരു കാര്യം വ്യക്തമാക്കാനാണ് അത് ഇങ്ങനെ അവതരിപ്പിക്കപ്പെടുന്നത്. അവിടുന്ന് ഒന്നും മാറ്റിവച്ചില്ല എന്നതുതന്നെയാണ് ആ കാര്യം. സ്വീകരിക്കാൻ നാം സന്നദ്ധരാണെങ്കിൽ, ഈശോ തുടർന്നും നമുക്ക് എല്ലാം നൽകുന്നുവെന്ന് നാം തിരിച്ചറിയണം.
ഇന്ന് നിങ്ങളുടെ ജീവിതത്തിൽ അവിടുത്തെ സ്നേഹം കൂടുതൽ ആഴത്തിൽ അറിയേണ്ടതുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ, ഈ തിരുവചനഭാഗം ധ്യാനിക്കാൻ സമയം ചെലവഴിക്കുക: “…എന്നാൽ ഒരു പടയാളി അവിടുത്തെ പാർശ്വത്തിൽ കുന്തം കുത്തിയിറക്കി; ഉടനെ രക്തവും വെള്ളവും ഒഴുകിപ്പുറപ്പെട്ടു” (യോഹന്നാൻ 19:33-34). ആ അവസാനത്തെ ആത്മദാനത്തെക്കുറിച്ച്, മുറിവേറ്റ അവിടുത്തെ ഹൃദയത്തിൽനിന്ന് ഒഴുകുന്ന ആ വെള്ളവും രക്തവുമാകുന്ന ദാനത്തെക്കുറിച്ച് ധ്യാനിക്കാൻ സമയം ചെലവഴിക്കുക. നിങ്ങളോടുള്ള അവിടുത്തെ അനന്തമായ സ്നേഹത്തിന്റെ അടയാളമാണത്. പ്രത്യേകമായി നിങ്ങൾക്കുവേണ്ടിയാണ് അത് ചൊരിയപ്പെടുന്നതെന്ന് ധ്യാനിക്കുക. അത് നോക്കിക്കാണുക, അതിൽ മുഴുകുക, അതിനെ സ്വീകരിക്കാൻ ഹൃദയം തുറക്കുക. അവിടുത്തെ സ്നേഹം നിങ്ങളെ രൂപാന്തരപ്പെടുത്തുകയും നിറയ്ക്കുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളോടു കരുണയായിരിക്കണമേ. പ്രിയനാഥാ, എനിക്ക് എല്ലാം നൽകിയതിന് അങ്ങയോടു ഞാൻ നന്ദി പറയുന്നു. അങ്ങ് എനിക്കു നൽകാതെ ഒന്നും മാറ്റിവച്ചില്ല; എന്റെ നന്മയ്ക്കും ലോകം മുഴുവന്റെയും നന്മയ്ക്കുമായി അങ്ങയുടെ ജീവൻ ഇപ്പോഴും പകർന്നുനൽകുന്നു. അങ്ങ് എനിക്കു നൽകുന്നതെല്ലാം ഞാൻ സ്വീകരിക്കട്ടെ; അങ്ങേക്കു നൽകാതെ ഒന്നും ഞാൻ മാറ്റിവയ്ക്കാതിരിക്കട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണം വയ്ക്കുന്നു.
റോ വേഴ്സസ് വേഡ് അവസാനിച്ചതിനുള്ള നന്ദിപ്രാർഥന!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
കൂടുതൽ വായനയ്ക്ക് – ഈശോയുടെ തിരുഹൃദയം
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ലത്താൻസിയോ ക്വെറേനയുടെ തിരുഹൃദയം, വിക്കിമീഡിയ കോമൺസ് വഴി




