മലയാളം

ദൃഢനിശ്ചയത്തോടെ നിലകൊള്ളുക

2022 ജൂൺ 26, ഞായറാഴ്ച
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ, വർഷം C
ഇന്നത്തെ വായനകൾ

വീഡിയോ

യേശു സ്വർഗത്തിലേക്ക് എടുക്കപ്പെടാനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ, ജറുസലെമിലേക്കു പോകാൻ അവൻ ദൃഢനിശ്ചയം ചെയ്തു; തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.  ലൂക്കാ 9:51-52a

ജറുസലെമിലേക്കു യാത്ര ചെയ്യാനുള്ള തന്റെ ദൗത്യത്തിൽ യേശു “ദൃഢനിശ്ചയം ചെയ്തിരുന്നു.”  ഈ വാക്യത്തിന്റെ പ്രാധാന്യം എളുപ്പത്തിൽ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകാം.

ഈ വചനഭാഗത്തെക്കുറിച്ച് രണ്ടു കാര്യങ്ങൾ എടുത്തുപറയേണ്ടതുണ്ട്.  ഒന്നാമതായി, ലോകത്തിന്റെ പാപങ്ങൾക്കുവേണ്ടി അവൻ ഒടുവിൽ മരിക്കാനിരുന്ന സ്ഥലമായിരുന്നു ജറുസലെം.  കുരിശിലെ ബലിയിലൂടെ അവൻ മഹത്ത്വീകരിക്കപ്പെടേണ്ട സ്ഥലമായിരുന്നു അത്.  അതിനാൽ, അവിടേക്കു പോകുന്നത് അപകടകരമാണെന്ന് അറിയാമായിരുന്നതിനാൽ, യേശു ജറുസലെമിലേക്കു പോകാൻ ശിഷ്യന്മാർ ആഗ്രഹിച്ചില്ല.  എന്നാൽ, താൻ ഉടൻ സഹിക്കാനിരുന്ന പീഡകൾക്കപ്പുറം, താൻ അർപ്പിക്കാനിരുന്ന ബലിയുടെ ഭാവിമഹത്ത്വം യേശു കണ്ടു.

രണ്ടാമതായി, ജറുസലെമിലേക്കു പോയി തന്റെ ജീവൻ ബലിയർപ്പിക്കാനുള്ള തീരുമാനത്തിൽ യേശു “ഉറച്ചുനിന്നു” എന്നത് അവന്റെ ധൈര്യവും പരിപൂർണസ്നേഹവും വെളിപ്പെടുത്തുന്നു.  സമഗ്രമായ കാഴ്ചപ്പാട് അവന്റെ മനസ്സിലുണ്ടായിരുന്നതിനാൽ, തനിക്ക് എന്തു സംഭവിക്കുമെന്ന് അവൻ ഭയപ്പെട്ടില്ല.  അനേകം ആത്മാക്കളുടെ രക്ഷയെന്ന സദ്ഫലം അവൻ കണ്ടു; തന്റെ ദൈവികദൗത്യത്തിൽനിന്നു പിന്തിരിയാനുള്ള ഏതൊരു പ്രലോഭനത്തെയും അതു നിഷ്പ്രഭമാക്കി.

ലോകത്തിന്റെ രക്ഷയ്ക്കായി ജറുസലെമിൽ തന്റെ ജീവൻ ബലിയർപ്പിക്കാനുള്ള യേശുവിന്റെ ദൃഢനിശ്ചയത്തിൽനിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്.  തീർച്ചയായും, ഈ ബലിയുടെ ഫലം നാം തിരിച്ചറിയുകയും അതിന് എന്നും നന്ദിയുള്ളവരായിരിക്കുകയും വേണം.  എന്നാൽ, യേശുവിന്റെ പ്രവൃത്തികൾ അനുകരിക്കാനുള്ള ഒരു ക്ഷണമായും നാം അതിനെ കാണണം.  മറ്റുള്ളവരുടെ നന്മയ്ക്കായി നിസ്വാർഥമായ ത്യാഗജീവിതം തിരഞ്ഞെടുക്കാനുള്ള അനേകം അവസരങ്ങൾ നമ്മുടെ ജീവിതത്തിൽ നമുക്കു ലഭിക്കുന്നു.  പല രൂപങ്ങളിൽ ഈ അവസരങ്ങൾ വന്നുചേരുന്നു; എന്നാൽ ആത്യന്തികമായി അവയെല്ലാം സ്നേഹിക്കാനും സ്വയം സമർപ്പിക്കാനുമുള്ള അവസരങ്ങളാണ്.  ത്യാഗം നമ്മെ മറ്റൊരു ദിശയിലേക്ക് ഓടിയകലാൻ പ്രലോഭിപ്പിക്കുമെങ്കിലും, നിസ്വാർഥമായ എല്ലാ ത്യാഗങ്ങളുടെയും സദ്ഫലങ്ങളിൽ ദൃഷ്ടിയുറപ്പിച്ചാൽ, സ്നേഹിക്കാനുള്ള നമ്മുടെ തീരുമാനത്തിൽ ദൃഢനിശ്ചയത്തോടെ നിലകൊള്ളാൻ നമുക്കു പ്രചോദനം ലഭിക്കും.

നിങ്ങളുടെ “ജറുസലെം” എന്താണെന്ന് ഇന്ന് ചിന്തിക്കുക.  സ്നേഹത്തെപ്രതി എന്തിനുവേണ്ടിയാണ് നിങ്ങളുടെ ജീവൻ സമർപ്പിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നത്?  അത് എന്താണെന്ന് കണ്ടെത്തുമ്പോൾ, മറ്റുള്ളവരുടെ നന്മയ്ക്കായി ഈ ത്യാഗം ഏറ്റെടുക്കാനുള്ള നിങ്ങളുടെ സന്നദ്ധതയും പരിശോധിക്കുക; നമ്മുടെ കർത്താവിന്റെ ഉറച്ച ദൃഢനിശ്ചയം അനുകരിക്കാൻ പരിശ്രമിക്കുകയും ചെയ്യുക.

ദൃഢനിശ്ചയമുള്ള എന്റെ കർത്താവേ, എന്റെ ജീവിതം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു; മറ്റുള്ളവരുടെ നന്മയ്ക്കായി എന്റെ ജീവിതം സമർപ്പിക്കാനുള്ള അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിക്കുന്നു.  നിസ്വാർഥമായി ജീവിക്കുന്നതിന്റെ മൂല്യം തിരിച്ചറിയാൻ ആവശ്യമായ ധൈര്യവും ദൃഢനിശ്ചയവും എനിക്കു നൽകണമേ; അങ്ങയുടെ തിരുഹിതത്തോടുള്ള അചഞ്ചലമായ സ്നേഹത്താൽ എന്നെ നിറയ്ക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

റോ വേഴ്സസ് വേഡ് അവസാനിച്ചതിനുള്ള നന്ദിപ്രാർഥന!

കൂടുതൽ ഞായറാഴ്ച വീഡിയോ വിചിന്തനങ്ങൾ/വചനപ്രഘോഷണങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഹൊസെമരിയ എസ്ക്രിവ, വൈദികൻ
(വിവിധ സഭാപ്രവിശ്യകളിൽ)
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനക്രമത്തിലെ അനുസ്മരണമായി ആചരിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ജറുസലെമിലേക്കുള്ള ക്രിസ്തുവിന്റെ പ്രവേശനം — രചന: ജീൻ-ലിയോൺ ജെറോം, വിക്കിമീഡിയ കോമൺസ് വഴി