മലയാളം

സർവശക്തനിൽ ആശ്രയിക്കൽ

ജൂലൈ 4, 2022
പൊതുകാലത്തിലെ പതിനാലാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

സ്വാതന്ത്ര്യദിനം—അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം

പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്—ഐച്ഛിക അനുസ്മരണം
(അമേരിക്കൻ ഐക്യനാടുകളിൽ ജൂലൈ 5-ന് ആഘോഷിക്കുന്നു)

വീഡിയോ

യേശു അധികാരിയുടെ വീട്ടിലെത്തി, കുഴലൂതുന്നവരെയും ബഹളംവയ്ക്കുന്ന ജനക്കൂട്ടത്തെയും കണ്ടപ്പോൾ പറഞ്ഞു: “മാറിപ്പോകുവിൻ! ബാലിക മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.” അവർ അവനെ പരിഹസിച്ചു. ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവൻ അകത്തുചെന്ന് അവളുടെ കൈയിൽ പിടിച്ചു; ബാലിക എഴുന്നേറ്റു.  ഈ വാർത്ത ആ നാട്ടിലെങ്ങും പരന്നു.  മത്തായി 9:23-26

യേശു അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. അവൻ വീണ്ടും വീണ്ടും പ്രകൃതിനിയമങ്ങളെ അതിജീവിച്ചു. ഈ സുവിശേഷഭാഗത്തിൽ, ഈ ബാലികയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നുകൊണ്ട് അവൻ മരണത്തെ കീഴടക്കുന്നു. തനിക്ക് അത് തികച്ചും സാധാരണവും എളുപ്പവുമായ ഒരു കാര്യമാണെന്നു തോന്നിക്കുന്ന വിധത്തിലാണ് അവൻ അതു ചെയ്യുന്നത്.

താൻ പ്രവർത്തിച്ച അത്ഭുതങ്ങളോടുള്ള യേശുവിന്റെ സമീപനത്തെക്കുറിച്ച് ധ്യാനിക്കുന്നത് നമുക്ക് ഉൾക്കാഴ്ച നൽകുന്നു. അവന്റെ അത്ഭുതശക്തിയിൽ പലരും വിസ്മയിക്കുകയും സ്തബ്ധരാകുകയും ചെയ്തു. എന്നാൽ തന്റെ ദിവസത്തിലെ സാധാരണമായ ഒരു കാര്യമായിട്ടാണ് യേശു അതു ചെയ്യുന്നതെന്നു തോന്നുന്നു. അവൻ അതിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല; വാസ്തവത്തിൽ, തന്റെ അത്ഭുതങ്ങളെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ പലപ്പോഴും ആളുകളോടു പറയുന്നു.

ഇത് നമുക്കു വെളിപ്പെടുത്തുന്ന വ്യക്തമായ ഒരു കാര്യം, ഭൗതികലോകത്തിന്മേലും പ്രകൃതിയുടെ എല്ലാ നിയമങ്ങളിന്മേലും യേശുവിന് പൂർണമായ അധികാരമുണ്ട് എന്നതാണ്. അവൻ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിലനിൽക്കുന്ന സകലത്തിന്റെയും ഉറവിടവുമാണെന്ന് ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നു. ആഗ്രഹിക്കുന്നതുകൊണ്ടുമാത്രം സകലതും സൃഷ്ടിക്കാൻ അവനു കഴിയുമെങ്കിൽ, തന്റെ ഇഷ്ടത്താൽ പ്രകൃതിനിയമങ്ങളെ പുതുതായി സൃഷ്ടിക്കാനും രൂപാന്തരപ്പെടുത്താനും അവന് എളുപ്പത്തിൽ കഴിയും.

പ്രകൃതിയുടെമേലുള്ള അവന്റെ സമ്പൂർണ അധികാരത്തിന്റെ സത്യം പൂർണമായി മനസ്സിലാക്കുന്നത്, ആത്മീയലോകത്തിന്മേലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായ സകലത്തിന്മേലുമുള്ള അവന്റെ സമ്പൂർണ അധികാരത്തിലും നമുക്ക് ഉറപ്പു നൽകണം. അവനു സകലതും ചെയ്യാൻ കഴിയും; സകലതും എളുപ്പത്തിൽ ചെയ്യാനും കഴിയും.

അവന്റെ സർവശക്തിയിൽ ആഴമായ വിശ്വാസത്തിലേക്ക് എത്താനും, അവന്റെ പരിപൂർണ സ്നേഹത്തെയും നമ്മെക്കുറിച്ചുള്ള അവന്റെ പരിപൂർണ അറിവിനെയും വ്യക്തമായി മനസ്സിലാക്കാനും നമുക്കു കഴിഞ്ഞാൽ, സാധ്യമെന്നു നാം ഒരിക്കലും കരുതിയിട്ടില്ലാത്തത്ര ആഴത്തിൽ അവനിൽ ആശ്രയിക്കാൻ നമുക്കു കഴിയും. സകലതും ചെയ്യാൻ കഴിയുന്നവനും നമ്മെ പരിപൂർണമായി സ്നേഹിക്കുന്നവനുമായ അവനിൽ നാം എന്തുകൊണ്ട് പൂർണമായി ആശ്രയിക്കാതിരിക്കണം? നമ്മെക്കുറിച്ചുള്ള സകലതും അറിയുകയും നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുകയും ചെയ്യുന്ന അവനിൽ നാം എന്തുകൊണ്ട് ആശ്രയിക്കാതിരിക്കണം? നാം അവനിൽ ആശ്രയിക്കണം! ആ ആശ്രയത്തിന് അവൻ അർഹനാണ്; നമ്മുടെ ആശ്രയം അവന്റെ സർവശക്തി നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ വഴിയൊരുക്കും.

ഇന്ന് രണ്ടു കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. ഒന്നാമതായി, അവന്റെ ശക്തിയുടെ ആഴം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? രണ്ടാമതായി, നിങ്ങളുടെ നന്മയ്ക്കായി ആ ശക്തി ഉപയോഗിക്കാൻ അവന്റെ സ്നേഹം അവനെ പ്രേരിപ്പിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? ഈ സത്യങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തെ മാറ്റുകയും കൃപയുടെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അവന് ഇടം നൽകുകയും ചെയ്യും.

സർവശക്തിയുടെയും സ്നേഹത്തിന്റെയും നാഥാ, സകലത്തിന്മേലുമുള്ള അങ്ങയുടെ പരമാധികാരത്തിലും എന്റെ ജീവിതത്തിന്മേലുള്ള അങ്ങയുടെ പൂർണമായ അധികാരത്തിലും ഞാൻ ഉറച്ചുവിശ്വസിക്കുന്നു.  അങ്ങയിൽ ശരണപ്പെടാനും എന്നോടുള്ള അങ്ങയുടെ സ്നേഹത്തിൽ വിശ്വാസമർപ്പിക്കാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ:
സ്വാതന്ത്ര്യദിനം—അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം

പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്—ഐച്ഛിക അനുസ്മരണം
(അമേരിക്കൻ ഐക്യനാടുകളിൽ ജൂലൈ 5-ന് ആഘോഷിക്കുന്നു)

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ജായ്റോസിന്റെ മകളെ ഉയിർപ്പിക്കുന്നു — ചിത്രകാരൻ: പൗളോ വെറോനേസെ