ഡിസംബർ 18, 2022
ആഗമനകാലത്തിലെ നാലാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ
ആഗമനകാലത്തിലെ ഓ അന്തിഫോണകൾ
ഡിസംബർ 17–23

“ദാവീദിന്റെ പുത്രനായ യൗസേപ്പേ, നിന്റെ ഭാര്യയായ മറിയത്തെ നിന്റെ ഭവനത്തിലേക്കു സ്വീകരിക്കാൻ ഭയപ്പെടേണ്ടാ. എന്തെന്നാൽ, അവളിൽ ഈ ശിശു ഉരുവായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും; നീ അവന് ഈശോ എന്നു പേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും.” മത്തായി 1:20–21
ആഗമനകാലത്തിന്റെ നാലാം വാരത്തിലേക്കു പ്രവേശിക്കുമ്പോൾ, 2,000-ത്തിലേറെ വർഷങ്ങൾക്കുമുമ്പ് നടന്ന അത്ഭുതത്തിലേക്ക് നാം കൂടുതൽ നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുകളിൽ ഉദ്ധരിച്ച വചനഭാഗം, സ്വപ്നത്തിൽ യൗസേപ്പിനോടു സംസാരിച്ച കർത്താവിന്റെ ദൂതന്റെ വാക്കുകൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ഉണ്ണിമിശിഹായെക്കുറിച്ച് ഒരു ദൂതൻ യൗസേപ്പിനോടു സംസാരിച്ച നാല് സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഇത്.
തന്നോട് വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഭാര്യയായ മറിയത്തെ അപമാനത്തിനു വിധേയയാക്കാൻ ആഗ്രഹിക്കാത്ത “നീതിമാനായ ഒരു മനുഷ്യൻ” എന്നാണ് മത്തായിയുടെ സുവിശേഷം വിശുദ്ധ യൗസേപ്പിനെ വിശേഷിപ്പിക്കുന്നത്. ഈ കഥ നമുക്കു നന്നായി അറിയാം. യൗസേപ്പുമായുള്ള വിവാഹനിശ്ചയത്തിനുശേഷം, എന്നാൽ അവർ ഒരുമിച്ചു ജീവിക്കുന്നതിനുമുമ്പ്, മറിയം ഗർഭിണിയായി. ഇത് എങ്ങനെ സംഭവിച്ചുവെന്ന് യൗസേപ്പിനു മനസ്സിലായില്ല. ആ സമയത്ത് മറിയം ഗർഭിണിയായിരിക്കാമെന്ന സാധ്യത അവളുടെ സദ്ഗുണത്തിനും നന്മയ്ക്കും വിരുദ്ധമായി തോന്നുമായിരുന്നു. മാന്യമായ കാര്യമെന്നു താൻ കരുതിയതു ചെയ്യാനായിരുന്നു യൗസേപ്പിന്റെ പദ്ധതി. അവൾ പരസ്യമായ അപമാനം സഹിക്കേണ്ടിവരാതിരിക്കാൻ, രഹസ്യമായി അവളുമായുള്ള വിവാഹബന്ധം വേർപെടുത്താൻ അദ്ദേഹം തീരുമാനിച്ചു.
എന്നാൽ, ദൈവത്തിന്റെ പദ്ധതി യൗസേപ്പിന് ആദ്യം ഗ്രഹിക്കാൻ കഴിഞ്ഞതിനെക്കാൾ എത്രയോ മഹത്തരമായിരുന്നു. തന്നോട് വിവാഹനിശ്ചയം കഴിഞ്ഞിരുന്നവളുടെ ഗർഭപാത്രത്തിൽ ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തതു ഗ്രഹിക്കാൻ അതിസ്വാഭാവികമായ ജ്ഞാനം ആവശ്യമായിരുന്നു. യൗസേപ്പിനു നൽകപ്പെട്ടതും അതുതന്നെയായിരുന്നു. ഒരു ദൂതൻ തന്നോടു സംസാരിക്കുന്ന സ്വപ്നം അദ്ദേഹം കണ്ടെങ്കിലും, സ്വപ്നം മാത്രം മതിയായിരുന്നില്ല. ആ സ്വപ്നത്തോടൊപ്പം അതിസ്വാഭാവിക ജ്ഞാനത്തിന്റെ ദാനവും ആവശ്യമായിരുന്നു. യൗസേപ്പ് സ്വപ്നത്തിൽ കേട്ടതു ശ്രദ്ധിച്ചു; വിശ്വാസത്തിന്റെ ആന്തരിക വെളിപാടിലൂടെ, അവിശ്വസനീയമായി തോന്നുന്ന ഈ യാഥാർഥ്യം സത്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. തന്നോട് വിവാഹനിശ്ചയം കഴിഞ്ഞിരുന്നവളുടെ കന്യകാഗർഭത്തിൽ ഈ ശിശു പരിശുദ്ധാത്മാവിനാൽത്തന്നെയാണ് ഉരുവായത്. ദൈവം തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം യൗസേപ്പ് ഏറ്റെടുത്തു.
യൗസേപ്പിന്റെ സാക്ഷ്യം നാം ധ്യാനിക്കുകയും അതിൽനിന്നു പ്രചോദനം സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഒന്നാമതായി, ഈ സംഭവം നടന്നതുപോലെതന്നെ നാം ധ്യാനിക്കുകയും നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിക്കാൻ ദൈവം തിരഞ്ഞെടുത്ത തികച്ചും അതുല്യമായ പദ്ധതിയിൽനിന്നു പ്രചോദനം സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ, നമ്മുടെ സ്വന്തം ജീവിതവിളികൾക്കും യൗസേപ്പ് പ്രചോദനം നൽകുന്നു. ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ഏതൊരു രഹസ്യത്തെയും ദൈവത്തിൽ പരമമായ ആശ്രയത്തോടെ നേരിടാൻ യൗസേപ്പ് നമ്മെ പ്രചോദിപ്പിക്കുന്നു. ദൈവത്തിന്റെ ജ്ഞാനവും വഴികളും എല്ലായ്പോഴും നമ്മുടേതിനെക്കാൾ എത്രയോ ഉന്നതമാണ്. ജീവിതത്തിൽ പലപ്പോഴും, അജ്ഞാതവും രഹസ്യാത്മകവുമായ ഒരു പാതയിലൂടെ നടക്കാൻ ദൈവം നമ്മെ വിളിക്കും. യുക്തിയുടെ മാത്രം കാഴ്ചപ്പാടിൽ നോക്കുമ്പോൾ ജീവിതം എല്ലായ്പോഴും പൂർണമായി അർഥവത്താകണമെന്നില്ല. പലപ്പോഴും, ദൈവത്തിന്റെ അതിസ്വാഭാവിക പദ്ധതി നമ്മുടെ മാനുഷിക യുക്തിക്കു വെളിച്ചം നൽകാനും അതിനെ നയിക്കാനും നാം അനുവദിക്കേണ്ടതുണ്ട്. നമ്മിൽ ഓരോരുത്തർക്കും ഈ രഹസ്യാത്മക പാത വ്യത്യസ്തമായിരിക്കും. എന്നാൽ, വിശുദ്ധ യൗസേപ്പിനുണ്ടായിരുന്ന അതേ വിശ്വാസത്താൽ നമുക്കു നടക്കണമെങ്കിൽ, ജീവിതത്തിലെ അത്യുന്നതമായ രഹസ്യങ്ങളെ സ്വീകരിക്കാനും അവയെ വ്യക്തമാക്കാൻ ദൈവത്തിന്റെ വെളിപാടേകുന്ന വചനത്തെ അനുവദിക്കാനും നാം എപ്പോഴും സന്നദ്ധരായിരിക്കണം.
ജീവിതസാഹചര്യങ്ങൾ ഏതെങ്കിലും വിധത്തിൽ നിങ്ങൾക്കു വെല്ലുവിളിയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. സംശയിക്കാനോ ആശയക്കുഴപ്പത്തിലാകാനോ അനിശ്ചിതത്വം അനുഭവിക്കാനോ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്? സ്വീകരിക്കാൻ നിങ്ങൾക്ക് അതിസ്വാഭാവിക ജ്ഞാനം ആവശ്യമായിരിക്കുന്നത് എന്തിനെയാണ്? ഇത്രയും രഹസ്യാത്മകമായ ഒരു വിധത്തിൽ തന്റെ ദിവ്യപുത്രനെ ജനിപ്പിക്കാൻ പിതാവായ ദൈവം തിരഞ്ഞെടുത്തെങ്കിൽ, ജീവിതത്തിൽ സമാനമായ രഹസ്യങ്ങളെ സ്വീകരിക്കാൻ ദൈവം നമ്മെ വിളിക്കുമ്പോൾ നാം ആശ്ചര്യപ്പെടേണ്ടതില്ല. വിശ്വാസത്താൽ നടക്കുക. വിശുദ്ധ യൗസേപ്പിൽനിന്നു പ്രചോദനം സ്വീകരിക്കുക. ദൈവം നിങ്ങളോട് ആവശ്യപ്പെടുന്ന കാര്യത്തിന് “അതെ” എന്നു പറയുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾക്കു നടക്കാൻ കഴിയുന്ന ഏറ്റവും മഹത്വപൂർണമായ പാതയിലൂടെ നിങ്ങൾ നടന്നുതുടങ്ങുന്നതായി കണ്ടെത്തും.
അത്യന്തം മഹത്വപൂർണനായ വിശുദ്ധ യൗസേപ്പേ, അങ്ങ് യഥാർഥ നീതിയും സത്യനിഷ്ഠയുമുള്ള മനുഷ്യനായിരുന്നു. ദൈവപ്രചോദിതമായ വിശ്വാസദാനത്തോട് അങ്ങ് തുറവുള്ളവനായിരുന്നു; ഏറ്റവും വലിയ രഹസ്യങ്ങളെ അഭിമുഖീകരിച്ചപ്പോൾ ആ വിശ്വാസത്താൽ നടക്കാൻ അങ്ങ് തീരുമാനിച്ചു. അങ്ങയിൽനിന്നു പഠിക്കാനും അങ്ങ് നയിച്ച ജീവിതം അനുകരിക്കാൻ പ്രചോദനം നേടാനും എനിക്കു കഴിയേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കണമേ. വിശുദ്ധ യൗസേപ്പേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കൂടുതൽ ഞായറാഴ്ച വീഡിയോ വിചിന്തനങ്ങൾ
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
താഴെ കൊടുത്തിരിക്കുന്ന വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന പ്രാർത്ഥന, പരമ്പരാഗതമായി വിശുദ്ധ അന്ത്രയോസിന്റെ തിരുനാളായ നവംബർ 30 മുതൽ ക്രിസ്മസിന്റെ തലേദിവസം വരെ ദിവസവും 15 തവണ ചൊല്ലിവരുന്നു.
ആഗമനകാലത്തിനായുള്ള ഞങ്ങളുടെ എല്ലാ വിഭവങ്ങളും കാണുക
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആഗമനകാലത്തിനായുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




