2026 മാർച്ച് 19
മറിയത്തിന്റെ ഭർത്താവായ വിശുദ്ധ യൗസേപ്പിന്റെ മഹോത്സവം
ഇന്നത്തെ വായനകൾ

അവളുടെ ഭർത്താവായ യൗസേപ്പ് നീതിമാനായിരുന്നതിനാലും അവളെ അപമാനത്തിന് ഇരയാക്കാൻ ആഗ്രഹിക്കാതിരുന്നതിനാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇങ്ങനെ ഉദ്ദേശിച്ചിരിക്കെ, ഇതാ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: “ദാവീദിന്റെ പുത്രനായ യൗസേപ്പേ, നിന്റെ ഭാര്യയായ മറിയത്തെ നിന്റെ വീട്ടിലേക്കു സ്വീകരിക്കാൻ ഭയപ്പെടേണ്ട…” മത്തായി 1:19–20
യഹൂദ പാരമ്പര്യത്തിൽ, നീതി എന്നതുകൊണ്ട് അർത്ഥമാക്കിയിരുന്നത് ദൈവത്തിന്റെ ഉടമ്പടിയോട് പൂർണമായും അനുരൂപമായി ജീവിക്കുക എന്നതായിരുന്നു. മോശയുടെ നിയമം പാലിക്കുക മാത്രമല്ല, നിയമദാതാവായ ദൈവത്തിൽ വിശ്വസിക്കുക എന്നതും ഇതിൽ ഉൾപ്പെട്ടിരുന്നു. നിയമത്തിന്റെ ബാഹ്യമായ അനുഷ്ഠാനംകൊണ്ടുമാത്രമല്ല, ദൈവത്തിലുള്ള വിശ്വാസംകൊണ്ടാണ് ഒരാൾ നീതിമാനാകുന്നത്. “അബ്രാം കർത്താവിൽ വിശ്വസിച്ചു; കർത്താവ് അത് അവന് നീതിയായി കണക്കാക്കി” (ഉൽപത്തി 15:6) എന്നത് ഓർക്കുക. അബ്രാഹം നീതിമാനായിരുന്നതിന്റെ കാരണം വിശുദ്ധ പൗലോസ് വിശദീകരിക്കുന്നു: “അവിശ്വാസംമൂലം അവൻ ദൈവത്തിന്റെ വാഗ്ദാനത്തെ സംശയിച്ചില്ല; മറിച്ച്, വിശ്വാസത്താൽ ശക്തിപ്രാപിച്ച് ദൈവത്തിനു മഹത്വം നൽകി. വാഗ്ദാനം ചെയ്തതു നിറവേറ്റാൻ ദൈവത്തിനു കഴിയുമെന്ന് അവന് പൂർണബോധ്യമുണ്ടായിരുന്നു” (റോമാ 4:20–21). നോഹയും നീതിമാനായി വിശേഷിപ്പിക്കപ്പെട്ടു; കാരണം, “നോഹ ദൈവത്തോടുകൂടെ നടന്നു” (ഉൽപത്തി 6:9).
വിശുദ്ധ ഗ്രന്ഥം നീതിമാൻ എന്നു വിശേഷിപ്പിക്കുന്ന മറ്റൊരാളെ നാം ഇന്ന് ആദരിക്കുന്നു: വിശുദ്ധ യൗസേപ്പിനെ. അദ്ദേഹത്തെ നീതിമാൻ എന്നു വിളിക്കുന്നതിലൂടെ, വിശ്വാസത്താൽ ജീവിച്ച പഴയനിയമത്തിലെ ഈ അടിസ്ഥാനപ്രാധാന്യമുള്ള വ്യക്തികളോടൊപ്പം സുവിശേഷം അദ്ദേഹത്തെ ചേർത്തുനിർത്തുന്നു. എന്നാൽ, അദ്ദേഹത്തിന്റെ വിശ്വാസം സാക്ഷ്യം വഹിച്ചത് പഴയനിയമ ഉടമ്പടിക്കല്ല, മിശിഹായ്ക്കാണ് എന്നതിനാൽ, അവരെല്ലാവരെക്കാളും ഉന്നതനായി യൗസേപ്പിനെ അത് ഉയർത്തുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തിൽ നഷ്ടങ്ങൾ സഹിക്കേണ്ടിവന്നപ്പോഴും, തന്റെ അമലോത്ഭവയായ ജീവിതപങ്കാളിയെയും ഉണ്ണിമിശിഹായെയും പരിപാലിക്കാനും സംരക്ഷിക്കാനുമുള്ള ദൈവവിളിയോട് അദ്ദേഹം പുലർത്തിയ വിശ്വസ്തത പ്രചോദനമേകുന്ന ഒരു സാക്ഷ്യമാണ്. നീതി ആത്യന്തികമായി പ്രകടമാകുന്നത് ത്യാഗപൂർണമായ സ്നേഹത്തിലും ദൈവത്തിലുള്ള ആശ്രയത്തിലുമാണെന്ന് അത് നമുക്കു കാണിച്ചുതരുന്നു—ലോകരക്ഷകനെ ലോകത്തിലേക്കു കൊണ്ടുവരുന്ന ആശ്രയത്തിൽ.
യൗസേപ്പിന്റെ നീതി വാക്കുകളിലല്ല, പ്രവൃത്തികളിലാണ് പ്രകടമാകുന്നത്. സ്വപ്നത്തിൽ ദൈവത്തിന്റെ ദൂതൻ പറയുന്നതു കേട്ട്, പൂർണമായ ആശ്രയത്തോടെ അദ്ദേഹം പ്രതികരിക്കുന്നു: മറിയത്തെ തന്റെ വീട്ടിലേക്കു സ്വീകരിക്കുകയും മനുഷ്യാവതാരരഹസ്യത്തിൽ തനിക്കുള്ള പങ്ക് ഏറ്റെടുക്കുകയും ചെയ്യുന്നു. ദൂതൻ വെളിപ്പെടുത്തിയതും ചെയ്യാൻ ആവശ്യപ്പെട്ടതും മനുഷ്യബുദ്ധിയെ അമ്പരപ്പിക്കുന്നതായിരുന്നു എന്ന വസ്തുതയിലാണ് യൗസേപ്പിന്റെ വിശ്വാസം പ്രത്യേകമായി പ്രകടമാകുന്നത്. തന്റെ ജീവിതപങ്കാളി “പരിശുദ്ധാത്മാവിനാൽ” ഗർഭം ധരിച്ചുവെന്നും അവളുടെ ശിശു “തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും” (മത്തായി 1:21) എന്നും വിശ്വസിക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. യൗസേപ്പിന്റെ പ്രതികരണം വിശ്വാസവും ധൈര്യവും ഉദാരമനസ്കതയും പ്രകടമാക്കി: “യൗസേപ്പ് ഉറക്കത്തിൽനിന്ന് ഉണർന്നപ്പോൾ, കർത്താവിന്റെ ദൂതൻ കൽപിച്ചതുപോലെ പ്രവർത്തിച്ച് തന്റെ ഭാര്യയെ വീട്ടിലേക്കു സ്വീകരിച്ചു” (മത്തായി 1:24).
ദൈവത്തോട് നാമെല്ലാവരും നൽകേണ്ട പ്രത്യുത്തരത്തിന്റെ മാതൃകയാണ് യൗസേപ്പ്. ചിന്തിക്കാൻപോലും കഴിയാത്ത ഒരു കാര്യം ദൈവം ആവശ്യപ്പെട്ടപ്പോൾ വിശ്വാസം പരീക്ഷിക്കപ്പെട്ട അബ്രാഹത്തെപ്പോലെ, യൗസേപ്പും വിശ്വാസത്താൽ നയിക്കപ്പെട്ടു; ദൈവജ്ഞാനത്തിന്റെ രഹസ്യത്താൽ അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തിന്റെ മാനുഷിക യുക്തിയെ പ്രകാശിപ്പിക്കുകയും നയിക്കുകയും ചെയ്തു. ദൈവത്തിന്റെ പദ്ധതി നമ്മുടെ ഗ്രഹണശക്തിക്ക് അതീതമാകുമ്പോൾ, യൗസേപ്പിനെപ്പോലെ ദൈവത്തിൽ ആശ്രയിക്കാൻ നാമും പലപ്പോഴും വിളിക്കപ്പെടുന്നു. അത് നമ്മുടെ ദൈവവിളിയുമായി ബന്ധപ്പെട്ടതാകട്ടെ, ഒരു പരീക്ഷണമാകട്ടെ, ജീവിതത്തിലെ അപ്രതീക്ഷിതമായൊരു വഴിത്തിരിവാകട്ടെ, ദൈവത്തിന്റെ കണ്ണുകളാൽ കാണാൻ വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നുവെന്ന് യൗസേപ്പിന്റെ മാതൃക പഠിപ്പിക്കുന്നു. ആശ്രയത്തോടും അനുസരണത്തോടുംകൂടെ പ്രതികരിക്കാൻ അത് നമ്മുടെ യുക്തിയെ നയിക്കുന്നു. അദ്ദേഹത്തെ അനുകരിക്കാൻ ധൈര്യം വേണം. എന്നാൽ, യൗസേപ്പിനെപ്പോലെ നാമും ദൈവം നമ്മോടു പറയുന്നതു കേൾക്കണം: “ഭയപ്പെടേണ്ട.” കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കാൻ ധൈര്യവും വിശ്വസ്തതയും ദൃഢനിശ്ചയവും ആവശ്യമാണ്.
പരിശുദ്ധ കന്യകാമറിയത്തിന്റെ ഭർത്താവെന്ന നിലയിലുള്ള യൗസേപ്പിന്റെ ദൈവവിളിയെ ഇന്നത്തെ മഹോത്സവം പ്രത്യേകമായി എടുത്തുകാണിക്കുന്നു. അദ്ദേഹം ഒരു തച്ചനായിരുന്നെങ്കിലും, ദൈവം നൽകിയ ഉത്തരവാദിത്വങ്ങൾ പ്രധാനമായും നിറവേറ്റിയത് തന്റെ ഭാര്യയെയും ശിശുവിനെയും പരിപാലിച്ചുകൊണ്ടാണ്. അവരുടെ ആവശ്യങ്ങൾ നിറവേറ്റിയും അവരെ സംരക്ഷിച്ചും അദ്ദേഹം അതു ചെയ്തു. ഹേറോദേസിന്റെ ക്രോധത്തിൽനിന്നു രക്ഷപ്പെടാൻ ഈജിപ്തിലേക്കും, പിന്നീട് സ്വന്തം നാടായ ബേത്‌ലഹേമിൽനിന്ന് അകലെയുള്ള നസറത്തിലേക്കും അദ്ദേഹം പലായനം ചെയ്തു. ദൈവഹിതത്തോടുള്ള അദ്ദേഹത്തിന്റെ വിശ്വസ്തത, പ്രത്യേകിച്ച് മറിയത്തെ ഭാര്യയായി സ്വീകരിച്ചത്, അദ്ദേഹത്തിന്റെ ബന്ധുക്കളിലും പരിചയക്കാരിലും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉളവാക്കിയിരിക്കാം. എങ്കിലും, മനുഷ്യരുടെ അഭിപ്രായങ്ങളെക്കാൾ ദൈവത്തോടുള്ള അനുസരണം തിരഞ്ഞെടുത്തുകൊണ്ട്, ലോകദൃഷ്ടിയിലുള്ള ഈ അപമാനം യൗസേപ്പ് സൗമനസ്യത്തോടെ സ്വീകരിച്ചു. അദ്ദേഹത്തിന് ദൈവഹിതത്തിനായിരുന്നു ഒന്നാം സ്ഥാനം; പ്രവൃത്തികളിലൂടെ പ്രകടമായ അദ്ദേഹത്തിന്റെ വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ നീതിയുടെ ഉറവിടം.
ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്ന ദൈവവിളിയെയും ദൗത്യത്തെയും കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ വിളിയോ ജീവിതസാഹചര്യങ്ങളോ എന്തുതന്നെയായാലും, പരിശോധനകളും പരീക്ഷണങ്ങളും എപ്പോഴും ഉണ്ടാകും. പരീക്ഷണങ്ങൾ ഒഴിവാക്കുന്നതിലല്ല നമ്മുടെ നീതിയുടെ യഥാർഥ പരിശോധന, മറിച്ച് ദൈവത്തിലുള്ള വിശ്വാസത്തോടും ആശ്രയത്തോടുംകൂടെ നാം അവയെ എങ്ങനെ നേരിടുന്നു എന്നതിലാണ്. വിശുദ്ധ യൗസേപ്പും പരിശുദ്ധ കന്യകാമറിയവും ഉണ്ണിമിശിഹായും ഈ ലോകത്തിലെ കഷ്ടപ്പാടുകൾ നേരിടാൻ സ്വർഗസ്ഥനായ പിതാവ് അനുവദിച്ചെങ്കിൽ, നമുക്കും അതുതന്നെ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. ആ പരീക്ഷണങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് വിശുദ്ധ യൗസേപ്പ് ഇന്ന് നമ്മെ പഠിപ്പിക്കുന്നു. നിങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയോ പരാതിപ്പെടുകയോ ചെയ്യുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കുക. ദൈവത്തിന്റെ രഹസ്യാത്മകമായ ഹിതം അന്വേഷിക്കുകയും പൂർണഹൃദയത്തോടെ അത് അനുസരിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധ യൗസേപ്പിനെ അനുകരിക്കുക.
വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തിന്റെ നിഗൂഢമായ പദ്ധതിയിൽ വിശ്വസിക്കുകയും അചഞ്ചലമായ വിശ്വാസത്തോടെ അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തതിനാൽ അങ്ങ് നീതിമാനായിരുന്നു. എന്റെ ജീവിതവിളിയിൽ അങ്ങയുടെ മാതൃക അനുകരിക്കുവാൻ എനിക്കുവേണ്ടി പ്രാർഥിക്കണമേ. എന്റെ കടമകളിൽനിന്ന് ഞാൻ ഒരിക്കലും ഒഴിഞ്ഞുമാറാതെ, ധൈര്യത്തോടും വിനയത്തോടും ദൈവതിരുവിലുള്ള ആശ്രയത്തോടുംകൂടെ അവ ഏറ്റെടുക്കുമാറാകട്ടെ. വിശുദ്ധ യൗസേപ്പിതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇരുപത്തിയാറാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
കൂടുതൽ വായനയ്ക്ക് – പരിശുദ്ധ കന്യകാമറിയത്തിന്റെ ഭർത്താവായ വിശുദ്ധ യൗസേപ്പ്—മഹോത്സവം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള വിവിധ തിരഞ്ഞെടുപ്പുകൾ





