ഫെബ്രുവരി 28, 2023
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “പ്രാർഥിക്കുമ്പോൾ വിജാതീയരെപ്പോലെ വ്യർഥമായി വാക്കുകൾ ഉരുവിടരുത്. ഏറെ വാക്കുകൾ പറയുന്നതുകൊണ്ട് തങ്ങളുടെ പ്രാർഥന കേൾക്കപ്പെടുമെന്നാണ് അവർ കരുതുന്നത്. നിങ്ങൾ അവരെപ്പോലെയാകരുത്. മത്തായി 6:7–8
യേശു ചിലപ്പോഴൊക്കെ തനിയെ മാറിപ്പോയി രാത്രി മുഴുവൻ പ്രാർഥനയിൽ ചെലവഴിച്ചിരുന്നത് ഓർക്കുക. സ്വന്തം മാതൃകയിലൂടെ നമുക്കു പാഠം നൽകിയതിനാൽ, ദീർഘനേരം ആത്മാർഥമായി പ്രാർഥിക്കുന്നതിനെ യേശു അനുകൂലിക്കുന്നുവെന്നത് വ്യക്തമാണ്. എന്നാൽ നമ്മുടെ കർത്താവ് രാത്രി മുഴുവൻ ചെയ്തതും, ഏറെ വാക്കുകൾകൊണ്ട് വ്യർഥമായി പ്രാർഥനകൾ “ഉരുവിടുന്ന” വിജാതീയരുടെ രീതിയും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. വിജാതീയരുടെ പ്രാർഥനാരീതിയെ വിമർശിച്ചശേഷം, നമ്മുടെ വ്യക്തിപരമായ പ്രാർഥനയ്ക്ക് മാതൃകയായി യേശു ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന നൽകുന്നു.
‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന ആരംഭിക്കുന്നത് ദൈവത്തെ ആഴമായ വ്യക്തിബന്ധത്തോടെ അഭിസംബോധന ചെയ്തുകൊണ്ടാണ്. അതായത്, ദൈവം സർവശക്തനായ ഒരു പ്രപഞ്ചസത്ത മാത്രമല്ല. അവിടുന്നുമായുള്ള ബന്ധം വ്യക്തിപരവും കുടുംബപരവുമാണ്—അവിടുന്ന് നമ്മുടെ പിതാവാണ്. പിതാവിന്റെ വിശുദ്ധിയും പൂജ്യതയും പ്രഘോഷിച്ചുകൊണ്ട് അവിടുത്തെ ബഹുമാനിക്കാൻ നമ്മെ പഠിപ്പിച്ചുകൊണ്ട് യേശു പ്രാർഥന തുടരുന്നു. ജീവിതത്തിലെ എല്ലാ വിശുദ്ധിയുടെയും ഉറവിടമായ പരിശുദ്ധൻ ദൈവവും ദൈവം മാത്രവുമാണ്. പിതാവിന്റെ വിശുദ്ധി നാം അംഗീകരിക്കുമ്പോൾ, അവിടുത്തെ രാജാവായും അംഗീകരിക്കുകയും നമ്മുടെ ജീവിതത്തിലും ലോകത്തിലും അവിടുത്തെ രാജാധിപത്യം പുലരാൻ ആഗ്രഹിക്കുകയും വേണം. അവിടുത്തെ പരിപൂർണമായ തിരുമനസ്സ് “സ്വർഗത്തിലെപ്പോലെ ഭൂമിയിലും” നിറവേറുമ്പോൾ മാത്രമേ ഇതു സാധ്യമാകൂ. നമ്മുടെ പാപങ്ങളുടെ ക്ഷമയും എല്ലാ തിന്മകളിൽനിന്നുമുള്ള സംരക്ഷണവും ഉൾപ്പെടെ, നമ്മുടെ അനുദിന ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതിന്റെ ഉറവിടം ദൈവമാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ഈ പരിപൂർണ പ്രാർഥന അവസാനിക്കുന്നത്.
ഈ പരിപൂർണ പ്രാർഥന പൂർത്തിയാക്കിയശേഷം, ഇതും മറ്റെല്ലാ പ്രാർഥനകളും ഏതു മനോഭാവത്തോടെ അർപ്പിക്കണമെന്നു യേശു വ്യക്തമാക്കുന്നു. അവിടുന്നു പറയുന്നു: “മനുഷ്യരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. എന്നാൽ നിങ്ങൾ മനുഷ്യരോടു ക്ഷമിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പിതാവും നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കുകയില്ല.” നമ്മെ മാറ്റാനും സ്വർഗസ്ഥനായ പിതാവിനോട് കൂടുതൽ സദൃശരാക്കാനും പ്രാർഥനയെ നാം അനുവദിച്ചാൽ മാത്രമേ അതു ഫലപ്രദമാകൂ. അതിനാൽ, ക്ഷമയ്ക്കായുള്ള നമ്മുടെ പ്രാർഥന ഫലപ്രദമാകണമെങ്കിൽ, നാം പ്രാർഥിക്കുന്നത് ജീവിതത്തിൽ പ്രാവർത്തികമാക്കണം. ദൈവം നമ്മോടു ക്ഷമിക്കേണ്ടതിന് നാമും മറ്റുള്ളവരോടു ക്ഷമിക്കണം.
‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന ഈ പരിപൂർണ പ്രാർഥനയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഈ പ്രാർഥന ഏറെ പരിചിതമായിത്തീരുന്നതിനാൽ അതിന്റെ യഥാർഥ അർഥം ശ്രദ്ധിക്കാതെ കടന്നുപോകാം എന്നതാണ് ഒരു പ്രലോഭനം. അങ്ങനെ സംഭവിച്ചാൽ, വെറുതെ വാക്കുകൾ ഉരുവിടുന്ന വിജാതീയരെപ്പോലെയാണ് നാം അതു പ്രാർഥിക്കുന്നതെന്നു നമുക്കു മനസ്സിലാകും. എന്നാൽ ഓരോ വാക്കും എളിമയോടും ആത്മാർഥതയോടുംകൂടെ മനസ്സിലാക്കി, അതിന്റെ അർഥം ഉൾക്കൊണ്ടു പ്രാർഥിച്ചാൽ, നമ്മുടെ പ്രാർഥന കർത്താവിന്റെ പ്രാർഥനയോട് കൂടുതൽ സദൃശമാകുമെന്ന് നമുക്ക് ഉറപ്പിക്കാം. ഈ പ്രാർഥനയിലെ ഓരോ വാക്കും, ഓരോന്നായി, വളരെ സാവധാനം ധ്യാനിക്കണമെന്ന് ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് ശുപാർശ ചെയ്യുന്നു. ഇന്ന് ഈ വിധത്തിൽ പ്രാർഥിക്കാൻ ശ്രമിക്കുക. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന വെറും വാക്കുകൾ ഉരുവിടുന്നതിൽനിന്ന് സ്വർഗസ്ഥനായ പിതാവുമായുള്ള യഥാർഥ സംഭാഷണമായി മാറാൻ അനുവദിക്കുക.
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമേ. അന്നന്നു വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ; തിന്മയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. ആമ്മേൻ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നൊരു സ്നേഹനോട്ടം
ധ്യാനചിന്ത നാല് – ആത്മീയ സൗഹൃദം
(നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ ചൊവ്വാഴ്ച)
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





