മലയാളം

വിശുദ്ധ ദർശനം

2023 ഏപ്രിൽ 26
ഉയിർപ്പുകാലത്തിലെ മൂന്നാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“പുത്രനെ കാണുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഹിതം; അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും.” യോഹന്നാൻ 6:40

നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ? നിസ്സംശയമായും ഉത്തരം “ഉണ്ട്” എന്നായിരിക്കും. എന്നാൽ, നമ്മുടെ കർത്താവിലുള്ള വിശ്വാസം ഓരോ ദിവസവും കൂടുതൽ ആഴപ്പെടേണ്ട ഒന്നാണ്. അതിനാൽ, നിങ്ങൾക്ക് യേശുവിൽ വിശ്വാസമുണ്ടെങ്കിൽത്തന്നെ, നിങ്ങളുടെ വിശ്വാസം ഇനിയും വേണ്ടത്ര ആഴപ്പെട്ടിട്ടില്ലെന്നും നിങ്ങൾക്ക് സമ്മതിക്കാനാകും. “ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണം” തുടരുന്ന ഈ സുവിശേഷഭാഗത്തിൽ, രണ്ടു കാര്യങ്ങൾ ചെയ്യാൻ യേശു നമ്മെ വിളിക്കുന്നു. ഒന്നാമതായി, നാം അവിടുത്തെ കാണണം. രണ്ടാമതായി, നാം വിശ്വസിക്കണം. ആദ്യത്തേതിൽനിന്ന് നമുക്ക് തുടങ്ങാം.

യേശു ആദ്യമായി ജനക്കൂട്ടത്തോട് ഈ വാക്കുകൾ പറഞ്ഞപ്പോൾ, അവിടുത്തെ ശാരീരിക സാന്നിധ്യം അവർ തീർച്ചയായും കണ്ടിരുന്നു. എന്നാൽ അവരിൽ പലരും ബാഹ്യരൂപത്തിനപ്പുറം കണ്ടില്ല. അവർ അവിടുത്തെ അത്ഭുതങ്ങൾ കണ്ടു, അവിടുത്തെ പ്രബോധനം കേട്ടു; എന്നാൽ നിത്യപിതാവിന്റെ പുത്രനും ലോകത്തിന്റെ രക്ഷകനുമായ യേശുവിന്റെ ആഴമേറിയ യാഥാർഥ്യം കണ്ടവർ വളരെ ചുരുക്കമായിരുന്നു.

നമ്മുടെ കർത്താവിലും അവിടുന്ന് ആരാണെന്നതിന്റെ പൂർണതയിലും വിശ്വസിക്കണമെങ്കിൽ, നിങ്ങൾ അവിടുത്തെ ആദ്യം കാണണം. നമ്മുടെ കർത്താവിനെക്കുറിച്ചുള്ള ഈ “വിശുദ്ധ ദർശനം” വളർത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് പരിശുദ്ധ കുർബാനയിൽ അവിടുത്തെ ഉറ്റുനോക്കുന്നതാണ്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോഴോ ദിവ്യകാരുണ്യ ആരാധനയിൽ സമയം ചെലവഴിക്കുമ്പോഴോ പരിശുദ്ധ കുർബാനയിലേക്ക് നോക്കുന്ന നിങ്ങൾ എന്താണ് കാണുന്നത്? നിത്യപുത്രനെ നിങ്ങൾ കാണുന്നുണ്ടോ? അവിടുത്തെ പരിശുദ്ധ ദൈവത്വം നിങ്ങൾ കാണുന്നുണ്ടോ? നിങ്ങളുടെ ദൈവവും സകലത്തിന്റെയും കർത്താവുമായവനെ നിങ്ങൾ കാണുന്നുണ്ടോ?

പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന നമ്മുടെ കർത്താവിന്റെ മുമ്പിൽ നിൽക്കുമ്പോഴോ മുട്ടുകുത്തുമ്പോഴോ നമ്മുടെ ശ്രദ്ധ എളുപ്പത്തിൽ ചിതറിപ്പോകാം. നമ്മുടെ മനസ്സ് ദൈനംദിനജീവിതത്തിലെ മറ്റു പല കാര്യങ്ങളിലേക്കും അലഞ്ഞുതിരിയാൻ അനുവദിക്കുന്നതും, നമുക്കു സന്നിഹിതനായിരിക്കുന്ന നിത്യനായ ദൈവപുത്രനെ കാണാതെ പോകുന്നതും എളുപ്പമാണ്.

നമ്മുടെ കർത്താവിനെ നിങ്ങൾ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ വിശ്വാസം കൂടുതൽ ആഴപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ കാഴ്ചയിൽനിന്ന് ആരംഭിക്കുക. പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന യേശുവിനെ നിങ്ങൾ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ചിന്തിച്ചുകൊണ്ട് തുടങ്ങുക. ഇന്ന് വിശുദ്ധ കുർബാനയിലോ ദിവ്യകാരുണ്യ ആരാധനയിലോ അവിടുത്തോടൊപ്പമായിരിക്കാൻ നിങ്ങൾക്ക് അനുഗ്രഹം ലഭിക്കുന്നുവെങ്കിൽ, അവിടുത്തെ കാണുന്ന രീതി പരിശോധിക്കുക. അവിടുത്തെ ഉറ്റുനോക്കുക. അവിടുത്തെ ദിവ്യസാന്നിധ്യത്തിൽ ബോധപൂർവം വിശ്വാസം പ്രകടിപ്പിക്കുക. അവിടുത്തെ ദൈവത്വവും മഹത്വവും വിശുദ്ധിയും പരിശുദ്ധ സാന്നിധ്യവും അംഗീകരിക്കുക. ബാഹ്യരൂപത്തിനപ്പുറം നോക്കാനും അവിടുത്തെ മഹത്വം മറയ്ക്കുന്ന തിരശ്ശീല ഉയർത്താനും നിങ്ങൾക്ക് കഴിയുമെങ്കിൽ, ദർശനത്തിന്റെ ഈ വിശുദ്ധ ദാനം അഗാധമായ വിശ്വാസമെന്ന ദാനത്തിലേക്കും നിങ്ങളെ നയിക്കും.

എപ്പോഴും സന്നിഹിതനായിരിക്കുന്ന എന്റെ കർത്താവേ, പരിശുദ്ധ കുർബാനയിൽ അങ്ങ് എന്റെ അടുക്കലേക്കു വരുന്നതിന് ഞാൻ അങ്ങയോട് അഗാധമായി നന്ദി പറയുന്നു. അങ്ങയുടെ ദിവ്യസാന്നിധ്യത്തിനും മഹത്വത്തിനും ഞാൻ അങ്ങയോട് നന്ദി പറയുന്നു. അപ്പത്തിന്റെയും വീഞ്ഞിന്റെയും ബാഹ്യരൂപമാകുന്ന തിരശ്ശീലയ്ക്കപ്പുറം കാണാൻ എന്നെ സഹായിക്കണമേ; അങ്ങനെ അങ്ങയുടെ ദൈവത്വം കൂടുതൽ വ്യക്തമായി കാണാൻ എനിക്കു കഴിയട്ടെ. പ്രിയ കർത്താവേ, അങ്ങയുടെ ദിവ്യസാന്നിധ്യം ഞാൻ കാണുമ്പോൾ, കൂടുതൽ ഉറപ്പോടും വിശ്വാസത്തോടുംകൂടെ അങ്ങയിലുള്ള എന്റെ വിശ്വാസം ഏറ്റുപറയാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: പ്രസംഗിക്കുന്ന ക്രിസ്തു (ലാ പെറ്റീറ്റ് തോംബ്), രചന: റെംബ്രാന്റ്, വിക്കിമീഡിയ കോമൺസ് വഴി