2023 മേയ് 16
ഉയിർപ്പുകാലം ആറാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഇപ്പോൾ ഞാൻ എന്നെ അയച്ചവന്റെ അടുത്തേക്കു പോകുന്നു. എന്നാൽ നിങ്ങളിൽ ആരും എന്നോട്, ‘നീ എവിടേക്കു പോകുന്നു?’ എന്നു ചോദിക്കുന്നില്ല. ഞാൻ ഇതു നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയങ്ങൾ ദുഃഖംകൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഞാൻ പോകുന്നതു നിങ്ങൾക്കു നല്ലതാണ്. കാരണം, ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. എന്നാൽ ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കും.” യോഹന്നാൻ 16:5–7
പരിശുദ്ധാത്മാവിനെ അയയ്ക്കാനായി താൻ പിതാവിന്റെ അടുത്തേക്കു പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യേശു ശിഷ്യന്മാരോടു പ്രവചനാത്മകമായി സംസാരിക്കുന്നതു തുടരുന്നു. താൻ അവരോടു പറഞ്ഞ കാര്യങ്ങൾ നിമിത്തം അവരുടെ ഹൃദയങ്ങൾ “ദുഃഖം”കൊണ്ടു നിറഞ്ഞിരിക്കുന്നുവെന്ന് യേശു ചൂണ്ടിക്കാണിക്കുന്നു എന്നതാണ് ഈ ഭാഗത്തിലെ ശ്രദ്ധേയമായ കാര്യം. അവർ ഉടൻ അനുഭവിക്കാൻ പോകുന്നത് എന്താണെന്ന് അവർക്കു മനസ്സിലാകാത്തതും, യേശുവുമായുള്ള തങ്ങളുടെ ബന്ധത്തിനു മാറ്റം വരണമെന്ന് അവർ ആഗ്രഹിക്കാത്തതുമാണ് അവരുടെ ഹൃദയങ്ങളിലെ ഈ ദുഃഖത്തിനു കാരണമെന്ന് വ്യക്തമാണ്.
നമ്മുടെ ജീവിതത്തിലുടനീളം നമ്മുടെ കർത്താവ് നമ്മെ മാറ്റത്തിനായി വിളിക്കും. ചിലപ്പോൾ, നമുക്കു പരിചിതവും സുഖകരവുമായവയിൽനിന്ന് അവിടുന്ന് നമ്മെ അകറ്റി, പുതിയ ഒന്നിലേക്കു വിളിക്കുന്നു. ഇതു ഭയപ്പെടുത്തുന്നതാകാം; നമുക്കും “ദുഃഖ”ത്തിനു കാരണമാകാം. ഇതു മനസ്സിലാക്കാൻ സഹായകമാകുന്ന വിധത്തിൽ, മുകളിലെ വചനഭാഗം നമുക്കു വിശദമായി പരിചിന്തിക്കാം.
യേശു തന്റെ മരണത്തിനു മുമ്പ് പല അവസരങ്ങളിലും, താൻ പിതാവിന്റെ അടുക്കലേക്കു പോകുമെന്നും അതുവരെ ഉണ്ടായിരുന്നതുപോലെ ഇനി അവരോടൊപ്പം ഉണ്ടായിരിക്കുകയില്ലെന്നും തന്റെ ശിഷ്യന്മാർക്ക്, പ്രത്യേകിച്ച് പന്ത്രണ്ടുപേർക്ക്, ക്രമേണ വെളിപ്പെടുത്തിത്തുടങ്ങിയിരുന്നു എന്നത് ഓർക്കുക. തന്നോടും പിതാവിനോടും പരിശുദ്ധാത്മാവിനോടുമുള്ള അവരുടെ ബന്ധത്തിന് അവരുടെ ജീവിതത്തിൽ വൈകാതെ പുതിയ അർഥം കൈവരുമെന്ന് പന്ത്രണ്ടുപേരും മനസ്സിലാക്കിത്തുടങ്ങണമെന്നായിരുന്നു യേശുവിന്റെ ആഗ്രഹം. എന്നാൽ ഇത് പുതിയൊരു കാര്യവും അവർ പരിചയിച്ചുപോന്നതിൽനിന്നുള്ള ഒരു മാറ്റവുമായിരുന്നതിനാൽ, തങ്ങളെ കാത്തിരുന്ന സന്തോഷത്തെക്കാൾ നഷ്ടത്തോടൊപ്പം വരുന്ന ദുഃഖത്തിലായിരുന്നു അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇതേ അനുഭവം പലപ്പോഴും നമ്മുടെയെല്ലാം ജീവിതത്തിലും ഉണ്ടാകാം. ജീവിതത്തിലുടനീളം വലിയ മാറ്റങ്ങൾ പതിവായി ഉണ്ടാകണമെന്നില്ലെങ്കിലും, ജീവിതത്തിലെ പല ഘട്ടങ്ങളിലും മിക്കവർക്കും മാറ്റങ്ങൾ അനുഭവപ്പെടും. ആ മാറ്റം ദൈവഹിതത്തിന് അനുസൃതമായിരിക്കുമ്പോൾ, പ്രത്യാശയോടും വലിയ പ്രതീക്ഷയോടുംകൂടെ അതിനെ സ്വീകരിക്കണം.
ഉദാഹരണത്തിന്, വിവാഹം കഴിക്കുക, മക്കളുണ്ടാകുക, സന്യാസജീവിതത്തിലേക്കു പ്രവേശിക്കുക തുടങ്ങിയ ജീവിതവിളിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ എല്ലായ്പ്പോഴും അനേകം മാറ്റങ്ങൾ കൊണ്ടുവരുന്നു. എന്നാൽ ഏറെ നന്മയ്ക്കായി ദൈവത്തിന് ഉപയോഗിക്കാനാകുന്ന മാറ്റങ്ങളാണവ. അതുപോലെ, പ്രിയപ്പെട്ട ഒരാളുടെ മരണം, പുതിയൊരു സമൂഹത്തിലേക്കുള്ള താമസംമാറ്റം, പുതിയ ജോലിയോ വിദ്യാലയമോ, പുതിയ ബന്ധങ്ങളുടെ രൂപീകരണം തുടങ്ങിയവ പ്രയാസകരമായിരിക്കാമെങ്കിലും ഫലപ്രദവുമാകാം. മുകളിലെ സുവിശേഷഭാഗം പരിശുദ്ധാത്മാവിന്റെ വർഷണത്തിലൂടെ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചാണ് പ്രത്യേകം പരാമർശിക്കുന്നത്. അതിനാൽ, നമ്മുടെ ജീവിതത്തിൽ പുതിയൊരു മാറ്റമുണ്ടാകുമ്പോഴെല്ലാം, നമുക്കു സങ്കൽപ്പിക്കാൻപോലും കഴിയാത്ത വിധങ്ങളിൽ ആ പുതിയ സാഹചര്യത്തിലേക്കു കടന്നുവരാൻ കാത്തുകൊണ്ട് പരിശുദ്ധാത്മാവ് അവിടെയുണ്ടെന്ന കാര്യം പരിചിന്തിക്കുന്നത് സഹായകമായിരിക്കും. അതുകൊണ്ട്, ഏതെങ്കിലും നഷ്ടത്തിന്റെ ദുഃഖമോ ജീവിതത്തിലെ പുതിയൊരു ഉദ്യമത്തിന്റെ പ്രയാസമോ ചിലപ്പോഴൊക്കെ നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, ശിഷ്യന്മാരും സമാനമായ ഒരനുഭവത്തിലൂടെ കടന്നുപോയെന്നു മനസ്സിലാക്കുക. എന്നാൽ ഒടുവിൽ, “ഞാൻ പോകുന്നതു നിങ്ങൾക്കു നല്ലതാണ്” എന്ന യേശുവിന്റെ വാക്കുകൾ സത്യമായി ഭവിച്ചു. യേശു മരിക്കുന്നതും തുടർന്ന് തങ്ങളുടെ കൺമുമ്പിൽനിന്ന് സ്വർഗാരോഹണം ചെയ്യുന്നതും കാണാൻ അവർ ആഗ്രഹിച്ചില്ലെങ്കിലും, ഇത് അവരുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു. അതുപോലെ, ജീവിതത്തിൽ നാം നേരിടുന്ന മാറ്റങ്ങൾ ദൈവത്തിന്റെ ദിവ്യപദ്ധതിയുടെ ഭാഗമാകുമ്പോൾ, നല്ല കാര്യങ്ങൾ നമ്മെ കാത്തിരിക്കുന്നുവെന്ന് നമുക്ക് ഉറപ്പിക്കാം.
നിങ്ങളുടെ ജീവിതത്തിലെ ഒരു മാറ്റവുമായി ബന്ധപ്പെട്ട് നമ്മുടെ കർത്താവ് നിങ്ങളോട് ആവശ്യപ്പെടുന്ന ഏതൊരു കാര്യത്തെക്കുറിച്ചും ഇന്ന് പരിചിന്തിക്കുക. അവിടുന്ന് ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ നിങ്ങൾ തുറന്ന മനസ്സുള്ളവരും ഒരുക്കമുള്ളവരും സന്നദ്ധരുമാണോ? അതോ ഏതെങ്കിലും മാറ്റത്തെക്കുറിച്ചുള്ള ചിന്ത നിങ്ങളിൽ ഭയമോ ദുഃഖമോ ഉളവാക്കുന്നുണ്ടോ? നമ്മുടെ കർത്താവ് നിങ്ങളോട് ആവശ്യപ്പെടുന്ന എന്തും സ്വീകരിക്കാൻ തുറന്ന മനസ്സുള്ളവരായിരിക്കുക. അവിടുത്തെ വിശുദ്ധഹിതം പൂർണമായി സ്വീകരിക്കുക എന്നതാണ് ജീവിതത്തിലെ യഥാർഥ സന്തോഷത്തിലേക്കുള്ള ഏക മാർഗമെന്ന് അറിയുക.
എന്റെ പ്രിയ ഈശോയേ, അങ്ങയുടെ മരണത്തിനും ഉത്ഥാനത്തിനും ശേഷം ശിഷ്യന്മാർക്കു ലഭിക്കാനിരുന്ന കൃപയുടെ പുതിയ ജീവിതത്തിനായി അങ്ങ് അവരെ ഒരുക്കി. ഭയവും അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, അങ്ങ് അവരെ വിളിച്ച പുതിയ ജീവിതം അവർ സ്വീകരിച്ചു; അവരിലൂടെ അങ്ങ് അത്ഭുതകരമായ കാര്യങ്ങൾ പ്രവർത്തിച്ചു. എന്റെ ജീവിതവിളിയും എന്റെ ജീവിതത്തിൽ അങ്ങ് ആഗ്രഹിക്കുന്ന ഏതൊരു മാറ്റവും പൂർണമായി സ്വീകരിക്കാൻ എന്റെ ഹൃദയം തുറക്കണമേ. എന്റെ കർത്താവേ, ഞാൻ അങ്ങയോട് “അതെ” എന്നു പറയുന്നു. പരിശുദ്ധാത്മാവിലൂടെ അങ്ങ് എന്നിൽ ശക്തമായി പ്രവർത്തിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



